Sunday, September 30, 2007

അഭയം - ഒരു പഠനം.

സിജിയുടെ കഥകള്‍ അടുത്തകാലത്താണ് വായിച്ചുതുടങ്ങുന്നത്. സിജിയുടെ കഥകളില്‍ ഇതിവൃത്തം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായ ഒരു കഥയാണെന്നു പറയാം “അഭയം”

“അന്നയുടെ സ്നേഹം മെഴുകുതിരിവെളിച്ചം പോലെയായിരുന്നുവെനിക്ക്‌.അധികം ആളിക്കത്താതെ ഒരു മെലിഞ്ഞ നൂലില്‍ നിന്നുകൊണ്ട്‌ ദിശതെളിയിക്കുന്ന പ്രകാശം.”- കഥയുടെ ആദ്യത്തെ രണ്ടുവരികളില്‍ നിന്നുതന്നെ കഥ മുഴുവന്‍ വായിക്കാം.

ആളാതെ, മെഴുകുതിരിവെളിച്ചം പോലെ മെല്ലെ പ്രകാശിക്കുന്ന ശാന്തത കഥയില്‍ ഉടനീളം ഉണ്ട്. കഥാകൃത്ത് വളരെവളരെ പ്രതിഭാധനനല്ലെങ്കില്‍ കഥാകൃത്തിന്റെ കഥ എഴുതുന്ന സമയത്തെ മനോനിലയെ കഥ പ്രതിഫലിപ്പിക്കും. കഥാകൃത്തില്‍ നിന്നും കഥ നടക്കുന്ന പശ്ചാത്തലം വളരെ ദൂരെയാണെങ്കിലും ചില മനോനിലകളില്‍ നല്ല കഥ ഒരു കണ്ണാടിയാണ്. സിജിയുടെ പ്രതിഭയില്‍ സംശയിക്കാതെതന്നെ ചുരുങ്ങിയപക്ഷം ഈ കഥ എഴുതിയ മാസങ്ങളിലെ എങ്കിലും സിജിയുടെ ജീവിതത്തിലെ ശാന്തതയാണ് ഈ വരി വായിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നത്. (പെരുമ്പടവത്തിന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ‘ എന്ന കൃതി ഇതുപോലെ മറ്റൊരു പ്രതിഫലനം ആണ്. ബഷീര്‍ പലപ്പൊഴും ഈ നിയമത്തിനു അപവാദം ആണെന്നും കാണാം. മാനസികവിഹ്വലതകള്‍ക്ക് ഇടയില്‍ നിന്നാണ് ബഷീര്‍ പാത്തുമ്മയുടെ ആട് എഴുതിയതെന്നുപറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും?)

കഥ ശാന്തമായി ഒഴുകി നിശബ്ദതയെ ഇഷ്ടപ്പെടുന്ന, പതുങ്ങിയായ കേന്ദ്രകഥാപാത്രത്തെയും അന്ന എന്ന കഥാ‍പാത്രത്തെയും പരിചയപ്പെടുത്തുന്നു. ഇവിടെ അന്നയുടെ വരികളാണ് വായനക്കാരെ ഒന്നുകൂടി അല്‍ഭുതപ്പെടുത്തുന്നത്

'ഗണിതം പഠിച്ച കവിയായിരിക്കും ഒരു ഉത്തമ കവി.അളന്നും തൂക്കിയുമെടുക്കുന്ന വാക്കുകളുടെ കൃത്യത ഒരാളെ ഉത്തമ കവിയാക്കുന്നു'. എന്ന് അന്ന പറയുമ്പോള്‍

കഥയില്‍ കഥയെക്കാളും കവിതയാണ് വായനക്കാരനെ മുന്നോട്ടുനടത്തുന്നത്.

'മൗനം ഒരു മാറാലയാണ്‌; തട്ടിനീക്കിയില്ലെങ്കില്‍ -തന്നെതന്നെ തിന്നൊടുക്കുന്ന ജീര്‍ണ്ണിച്ച വാക്കുകളിഴ പിരിഞ്ഞ മാറാല'..

എന്ന് കൂട്ടുകാരികള്‍ക്കിടയില്‍ മൌനം കടക്കുമ്പോള്‍ അന്ന പറയുന്നു. അന്നയ്ക്കും കേന്ദ്രകഥാപാത്രത്തിനും ഇടയില്‍ വരുന്ന മൌനത്തെ തട്ടിനീക്കുന്നത് സിജി ഈ ഒരു കവിതകൊണ്ടാണ്.

കൂട്ടുകാരികള്‍ സ്വവര്‍ഗ്ഗരതിക്കാര്‍ക്കുള്ള കല്‍പ്പടവില്‍ ഇരിക്കുമ്പൊഴും കൂട്ടുകാരികള്‍ സ്വവര്‍ഗ്ഗരതിക്കാരെന്നുള്ള അര്‍ത്ഥം വരുന്നില്ല. എന്നാല്‍ കഥാന്ത്യത്തില്‍ കൂട്ടുകാരികള്‍ ചുംബിക്കുമ്പോള്‍ അത് ശരീരത്തിന്റെ തലത്തിലുമല്ല - മുന്പ് കൂട്ടുകാരികള്‍ കുളക്കടവില്‍ ഇരുന്നതിന്റെ ഒരു തുടര്‍ച്ച എന്നേ കരുതാന്‍ വായനക്കാ‍രനു കഴിയുന്നുള്ളൂ.

ഓസ്കാര്‍ വില്‍ഡെ “The love that dares not speak its name“ എന്നു വിശേഷിപ്പിച്ച പ്രണയത്തെ സിജിയും പറയാതെപറയുന്നു. ഇതോടൊപ്പം സ്ത്രീയുടെ പ്രണയത്തെക്കുറിച്ചും വികാരങ്ങളെക്കുറിച്ചുമുള്ള ചില പുരുഷ സങ്കല്‍പ്പങ്ങളെങ്കിലും സിജി പൊളിച്ചെഴുതുകയും ചെയ്യുന്നു. ഒരു സ്ത്രീ ഒരു തുണയില്‍ നിന്നും / പ്രണയത്തില്‍ നിന്നും ആഗ്രഹിക്കുന്ന എന്തെല്ലാം കാര്യങ്ങള്‍ ഈ കഥയില്‍ അന്ന എന്ന കഥാപാത്രം മുഖ്യകഥാപാത്രത്തിനു കൊടുക്കുന്നു എന്ന് ശ്രദ്ധിക്കുക. ഇത് പല പുരുഷന്മാര്‍ക്കും ഒരു നല്ല കണ്ണുതുറക്കലും ആവാം. ( സ്ത്രീ ആഗ്രഹിക്കുന്നതെല്ലാം ഇതു മാത്രമാണ് എന്നുഞാന്‍ അര്‍ത്ഥം ആക്കുന്നില്ല) അതുപോലെതന്നെ ചുംബനത്തില്‍ അല്ല ഇവരുടെ ബന്ധം സൌഹൃദത്തില്‍ നിന്നും പ്രണയത്തിലേയ്ക്ക് നീങ്ങുന്നത് - ചുംബനം ഒരു തുടര്‍ച്ചമാത്രം, ആ അവസരത്തില്‍ ചെയ്യാന്‍ പറ്റുന്ന ഏറ്റവും സ്വാഭാവികമാ‍യ കാര്യം മാത്രം - എന്ന് സിജി കാണിക്കുന്നു. കഥാകൃത്തിന്റെ വിജയമാണത്.

കഥയുടെ മേന്മയെക്കുറിച്ചു പറയുമ്പൊഴും ചില കല്ലുകടികള്‍ പറയാതെവയ്യ. സഹമുറിയന്‍ / സഹമുറിയ എന്ന വാക്ക് ബ്ലോഗില്‍ ആരാണ് കണ്ടുപിടിച്ചതെന്നറിയില്ല. ആരായാലും തല്ലണം!. സഹവാസി എന്നോ അല്ലെങ്കില്‍ റൂം മേറ്റ് എന്നുതന്നെയോ സിജി പറഞ്ഞിരുന്നെങ്കില്‍ പാല്‍പ്പായസത്തില്‍ കല്ലുകടിക്കില്ലായിരുന്നു. അക്ഷരത്തെറ്റുകളും തിരുത്താവുന്നതാണ് ( ഇത് കഥയുടെ ആദ്യവായനയില്‍ തടസ്സമായില്ല ).
അന്നേരം ഞങ്ങളുടെ ഇടയിലേക്ക്‌ വലിയൊരു മഴ തുള്ളിയിട്ടു കടന്നു വന്നു.വരാലുകള്‍ മഴയില്‍ ആനന്ദിച്ചുകൊണ്ട്‌ ഉച്ചത്തില്‍ മുകളിലേക്കുവന്നു പുളഞ്ഞു - തുടങ്ങിയ വരികളില്‍ അതിഭാവുകത്വം തുളുമ്പുന്നു. എന്നേരം ഞങ്ങളുടെ ഇടയിലേയ്ക്ക് വലിയൊരു മഴ വന്നു, വരാലുകള്‍ മഴയത്ത് ഉച്ചത്തില്‍ പുളഞ്ഞു, എന്നോ മറ്റോ പറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു എന്നുതോന്നുന്നു. വായനക്കാരന്റെ മനസ്സുകണ്ട് കഥാകൃത്ത് എഴുതുമ്പോള്‍; ആദ്യവരികളില്‍ കവിത കൊണ്ടുവരുന്ന ശാന്തത അല്ല മൌനം കനക്കുമ്പോള്‍ വരേണ്ട വേദനയും പിരിമുറുക്കവും. വരികളുടെ നിര്‍മ്മിതിയില്‍ വ്യത്യാസം ഇവിടെ വേണം. വാ‍യനക്കാരനെ ചിന്തിപ്പിക്കുന്ന വലിയ വാക്യങ്ങള്‍ വായനക്കാരന്റെ വായന / ചിന്തയെ പതുക്കെ കൊണ്ടുപോവുമ്പോള്‍ കുറിയ വാക്യങ്ങള്‍ ചിന്തയെ വേഗതയിലാക്കുന്നു, മനസ്സിനെ കൂര്‍പ്പിക്കുന്നു. ആ പ്രവേഗം കൊണ്ടുവരാന്‍ ചില സ്ഥലങ്ങളില്‍ കൊണ്ടുവരാന്‍ സിജിയ്ക്ക് പറ്റുന്നില്ല. (അമേരിക്കന്‍ എഴുത്തിലും യൂറോപ്യന്‍ സാഹിത്യത്തിലും ഉള്ള ഒരു പ്രധാന വ്യത്യാസം ഇതാണ്. അമേരിക്കന്‍ സാഹിത്യത്തില്‍ കുറുകിയ, ഋജുവായ വാക്യങ്ങളാണ്, യൂറോപ്പില്‍ തിരിച്ചും. ഹെമിങ്ങ്‌വേ, ഫിറ്റ്സ്ഗെറാള്‍ഡ്, നബക്കോവ് തുടങ്ങിയവര്‍ അമേരിക്കന്‍ എഴുത്തിനു നല്ല ഉദാഹരണങ്ങളായിരിക്കും. സാര്‍തൃ, ജെയിംസ് ജോയ്സ് തുടങ്ങിയവരുടെ ശൈലി യൂറോപ്യന്‍ സാഹിത്യത്തിനു ശ്രദ്ധിക്കുക).

കഥാപാത്രങ്ങളുടെ നിര്‍മ്മിതി ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്. കേന്ദ്രകഥാപാത്രം - കണ്ണുനീര്‍, മൌനം, സ്വപ്നാ‍ടക. ( മൃദുവായ, കഥാപാത്രം) അന്ന - തിക്താനുഭവങ്ങള്‍, വിവാഹം കഴിക്കാത്തവള്‍, കരയാത്തവള്‍ ( ദൃഢതയുള്ള കഥാപാത്രം, അതുകൊണ്ടുതന്നെ സംരക്ഷക / ഇരുവരുടെയും ബന്ധത്തിലെ പുരുഷകഥാപാത്രം). രാജു ( വേണ്ടത്ര എഴുതാതെ തന്നെ - പുരുഷമേധാവിത്വം പുലര്‍ത്തുന്ന കഥാപാത്രം, കേന്ദ്രകഥാപാത്രത്തിനെ ഒരുപാടുനാള്‍ പ്രണയിച്ചെങ്കിലും മനസിലാക്കാനോ വേണ്ടതു കൊടുക്കാനോ കഴിയാത്ത ആള്‍). രാജുവിനെ രണ്ടോ മൂന്നോ വാക്കുകളില്‍ ഒതുക്കുന്നതും അന്നയെയും കേന്ദ്ര കഥാപാത്രത്തെയും മാത്രം ചുറ്റി കഥപറയുന്നതും കഥയ്ക്ക് ആവശ്യമായ ഒതുക്കം നല്‍കുന്നു.

കട്ടിയുള്ള ഒരു വിഷയം മൃദുവായി അവതരിപ്പിച്ചതും കഥയുടെ ശാന്തമാ‍യ ഒഴുക്കും സിജിയുടെ വിജയമാണ്. മൊത്തത്തില്‍ ഈ കഥ ഒരു നല്ല വായനാനുഭവം നല്‍കുന്നു.

സിജിക്ക് നന്മകള്‍ നേരുന്നു - ഇനിയും കഥകള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

പൂത്തുമ്പി

പുട്ടുലു രാമറാവു ഒരു നല്ലകുട്ടി ആയിരുന്നു. അവനു ആകെ ഉള്ള ചീത്തശീലം അവന്‍ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കും എന്നതായിരുന്നു. ഒരു ദിവസം അവന്‍ അഞ്ചുനിറമുള്ള ഒരു തുമ്പിയെ പിടിച്ചു. തുമ്പിയെക്കൊണ്ട് ഓരോ ഓരോ ചെറിയ കല്ലുകള്‍ എടുപ്പിച്ച് ജനാലയുടെ കട്ടിളയില്‍ അവന്‍ നിരത്തി വെപ്പിച്ചു. ഒടുവില്‍ തുമ്പിയെക്കൊണ്ട് ഇത്തിരിക്കൂടെ വലിയ കല്ലുകളും എടുപ്പിച്ച് ജനാലയുടെ കട്ടിളയില്‍ വെപ്പിച്ചു. അവന്‍ ചിരിച്ചുകൊണ്ട് തുമ്പിയോട് ചോദിച്ചു. “മണ്ടന്‍ തുമ്പീ, നിനക്ക് കല്ലുകള്‍ എടുക്കാതിരുന്നൂടേ, അല്ലെങ്കില്‍ കല്ലുകള്‍ ഇട്ടുകളഞ്ഞൂടേ? നീ എന്തു മണ്ടനാണ്?”

തുമ്പി അല്പം വിഷാദത്തോടെ ചിരിച്ചു. എന്നിട്ടു പറഞ്ഞു. ഞാന്‍ കല്ലെടുത്തില്ലെങ്കില്‍ നിനക്കു വിഷമമാവൂല്ലേ? അതുകൊണ്ടാണ് ഞാന്‍ കല്ലുകള്‍ എടുക്കുന്നത്.

പുട്ടുലു രാമറാവുവിന് ഇതുകേട്ട് വിഷമം ആയി. അവന്‍ തുമ്പിയെ ജനാലയില്‍ക്കൂടി പറത്തിവിട്ടു. തുമ്പി നന്ദിയോടെ തിരിച്ചുവരുമെന്ന് അവന്‍ ഒരുപാട് ആശിച്ചു. അവന്‍ ജനാലയുടെ ഇരുമ്പുകമ്പിയില്‍ പിടിച്ച് തുമ്പി തിരിച്ചുവരുന്നതും കാത്ത് ഒരുപാടുനേരം നിന്നു. പക്ഷേ തുമ്പി തിരിച്ചുവന്നില്ല.

ജനാലയുടെ പുറത്ത് ആളുകള്‍ ചിരിച്ച് ഉല്ലസിച്ച് നടക്കുന്നുണ്ടായിരുന്നു. പുറത്ത് കടകളില്‍ സാധനങ്ങള്‍ വില്‍ക്കുന്നുണ്ടായിരുന്നു. കുറെപ്പേര്‍ പുറത്ത് അടികൂടുന്നുണ്ടായിരുന്നു. കൊച്ചുകുട്ടികള്‍ പാര്‍ക്കില്‍ കളിക്കുന്നുണ്ടായിരുന്നു. ചിലര്‍ കടല്‍ത്തീരത്തുകിടന്ന് ഉമ്മവെക്കുന്നുണ്ടായിരുന്നു. കടല്‍ ശാന്തമായി ചിരിക്കുന്നുണ്ടായിരുന്നു. ഒരുപാട് പൂമ്പാറ്റകള്‍ പറന്നുനടക്കുന്നുണ്ടായിരുന്നു. ജനാല തുറന്ന് പുറത്തുപോയി അവരുടെ ഇടയില്‍ ഓടിനടക്കണമെന്ന് പുട്ടുലു രാമറാവു ഒരുപാട് ആശിച്ചു. പക്ഷേ ജനാലയുടെ താക്കോല്‍ അവന്റെ കയ്യില്‍ ഇല്ലായിരുന്നു. ജനാലയുടെ താക്കോല്‍ ആരുടെയും കയ്യില്‍ ഇല്ലായിരുന്നു.

എന്നെ തുറന്നുവിടൂ. LET ME OUT!

-സിമി, സെപ്റ്റംബര്‍ 2007