Monday, December 31, 2007

2007-ലെ പൂ‍ക്കള്‍ - പേരയ്ക്കയുടെ വഴികാട്ടി

പേര് പേരയ്ക്കയുടെ പല പോസ്റ്റുകളും ഈ വര്‍ഷം ശ്രദ്ധേയമായി. ഡിസൈനിങ്ങിനെക്കുറിച്ച് ആധികാരികമായി മലയാളത്തില്‍ ഇതിനുമുന്‍പ് ലേഖനങ്ങള്‍ കണ്ടിട്ടില്ല. ലെമണ്‍ ഡിസൈന്‍ എന്ന ബ്ലോഗില്‍ പേരയ്ക്ക എഴുതിയ ലേഖനങ്ങള്‍ ബ്ലോഗിലും പുതുമയായിരുന്നു.

എന്നാല്‍ പേരയ്ക്കയുടെ ഏറ്റവും മികച്ച പോസ്റ്റായി എനിക്കു തോന്നുന്നത് വര്‍ഷാന്ത്യം വന്ന വഴികാട്ടി എന്ന ചിത്രമാണ്. പേരയ്ക്കയെ കൈപിടിച്ചു നടത്തുന്ന മകള്‍. മകളുടെ കുഞ്ഞിക്കാലടികളിലും അല്‍ഭുതമൂറുന്ന മുഖത്തും തെളിയുന്ന വെളിച്ചം പേരയ്ക്കയുടെ ജീവിതത്തിന്റെ വെളിച്ചമാവുന്നു. ജീവിതത്തിന്റെ ചൂടില്‍ വരണ്ടുപോയ ഞരമ്പുകളില്‍ മകളുടെ വിരല്‍ത്തുമ്പിന്റെ സ്പര്‍ശം തൂവത്സ്പര്‍ശമാവുന്നു. ഒരു പുഞ്ചിരിയോടെയല്ലാതെ ഈ ഫോട്ടോ കാണുവാന്‍ ആര്‍ക്കും കഴിയില്ല എന്ന് ഉറപ്പ്.

ഫോട്ടോയുടെ മനോഹരമായ പശ്ചാത്തലം കാണുമ്പോള്‍ ബാംഗ്ലൂര്‍ കബേണ്‍ പാര്‍ക്കിനെ ഓര്‍മ്മവരുന്നു. ഫോട്ടോയ്ക്ക് അടിക്കുറിപ്പായുള്ള വരികള്‍ ചിത്രത്തെ പൂര്‍ണ്ണമാക്കുന്നു.

“മഞ്ഞ ഇലകള്‍ പൊഴിയുന്നത്
മരം അറിയുന്നത് പോലെ
രക്തപ്രസാദമുള്ള എന്റെ സ്മരണകള്‍
ഒടുവില്‍ വര്‍ത്തമാനത്തിന്റെ
വരള്‍ച്ചയില്‍ ഉണങ്ങി വീഴുന്നത്
ഞാനറിയുന്നു.“

ഫോട്ടോയും പേരയ്ക്കയുടെ കുറിപ്പും ഇവിടെ കാണുക.

2007-ലെ പൂക്കള്‍ - ആഴ്ചക്കുറിപ്പുകളും (അഗ്രജന്‍) ഒരു സൂപ്പര്‍സ്റ്റാറും

ബ്ലോഗെഴുത്തിന്റെ ജനകീയാടിത്തറ എന്ന് പറഞ്ഞുപഴകിയ കാര്യം ആവര്‍ത്തിക്കുന്നില്ല. നിത്യജീവിതത്തിന്റെ സാധാരണകാഴ്ചകളും സാധാരണക്കാരന്റെ കാഴ്ചപ്പാടുകളും ആണ് ബ്ലോഗിന്റെ ജീവധാര എന്ന് പറയണം. (കവികളായിരിക്കണം എണ്ണത്തില്‍ കൂടുതല്‍... അഭിപ്രായം പറയാതിരിക്കുകയാണ് മെച്ചം.) വാര്‍ത്തയല്ലാത്തത് വാക്കുകളാവുന്ന ഇടമാണിത്.

ബ്ലോഗില്‍ സ്വച്ഛമായ ജീവിത നിരിക്ഷണങ്ങള്‍ ഒരുപാടുണ്ട്. പേരെടുത്തുപറഞ്ഞാല്‍ പലരോടും നീതികാണിച്ചില്ല എന്ന് കുറ്റബോധം തോന്നിയേക്കും പിന്നീട്. എഴുത്തിന്റെ നൈരന്തര്യം കൊണ്ടും ലാളിത്യം കൊണ്ടും അവലോകനത്തിന്റെ നിഷ്പക്ഷതകൊണ്ടും ഏറെ ശ്രദ്ധേയമായ അഗ്രജന്റെ ആഴ്ചക്കുറിപ്പുകള്‍ മലയാളം ബ്ലോഗിലെ ഒരു അപൂര്‍വതയാണ്. ജേര്‍ണല്‍ എന്നനിലയില്‍ ബ്ലോഗിന്റ്റെ സാധ്യതകള്‍ ഏറ്റവും നന്നായി ഉപയോഗിച്ചിരികുന്നത് ഇവിടെയാണെന്ന് കരുതുന്നു.

ഡ്രൈവിംഗിനിടയില്‍ കണ്ട ഒരു അനുഭവത്തില്‍ നിന്നും പൊതുവേ കര്‍ക്കശസ്വഭാവിയും എന്നാല്‍ സ്നേഹവാനുമായ സ്വപിതാവിനെക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്നും ജീവിതപാഠങ്ങള്‍ ഓര്‍ത്തെടുക്കുന്ന ഇരുപത്തിയാറാം കുറിപ്പ് നല്ല ഒരു ഉദാഹരണമാണ്.


പക്ഷെ ആഴ്ചക്കുറിപ്പുകളിലെ സൂപ്പര്‍സ്റ്റാര്‍ അഗ്രജന്‍ എന്ന എഴുത്തുകാരന്‍ അല്ല എന്ന് ബൂ‍ലോഗത്തിനു ബോധ്യപ്പെട്ടു വൈകാതെ. പാച്ചുവിന്റെ ലോകം എന്ന വാലറ്റം ഇല്ലാതെ വന്നകുറിപ്പുകളില്‍ വായനക്കാരുടെ പ്രതികരണം വായിച്ചാല്‍ ഉപ്പായ്ക്ക് പൊന്നു മോളോട് കുശുമ്പ് തോന്നിയാല്‍ പോലും കുറ്റം പറയാനാവില്ല.

മുന്‍പുപറഞ്ഞ ഇരുപത്തിയാറാം കുറിപ്പിലെ പാച്ചുവിന്റെ ലോകം ഇങ്ങനെ:

ഡ്രസ്സില്‍ ഒരല്പം വെള്ളമായാല്‍ ആ ഡ്രസ്സ് എത്രയും പെട്ടെന്ന് മാറ്റിയെങ്കിലെ പാച്ചുവിന് സമാധാനമാവൂ.
രാത്രി ഭക്ഷണം കഴിഞ്ഞ് കൈ കഴുകി വന്നപ്പോഴും പാച്ചുവിന്‍റെ ആവശ്യം അത് തന്നെയായിരുന്നു...
‘ഉമ്മാ പാച്ചൂന് ഡ്രസ്സ് മാറ്റി ത്താ...’
‘മോളെ അതിനിതിലെവിടെ വെള്ളം...’ ഞാനിടപ്പെട്ടു.
‘ഇതാപ്പാ... വെള്ളം...’ പാച്ചു നനഞ്ഞ ഭാഗം കാണിച്ചു തന്നു.
‘എവിടെ ഉപ്പാക്ക് കാണാനില്ല... ഇത് നനഞ്ഞിട്ടൊന്നുമില്ല...’ ചെറിയൊരു നനവ്, ഞാനത് കാണാത്തത് പോലെ തള്ളി വിട്ടു.
പാച്ചു പെട്ടെന്ന് അപ്പുറത്തേക്ക് ഓടിപ്പോയി...
തിരിച്ച് വന്നത് എന്‍റെ കണ്ണടയും കൊണ്ടായിരുന്നു... അതെന്‍റെ മുഖത്ത് വെച്ച് തന്ന് പാച്ചു പറഞ്ഞു...
‘നോക്ക്പ്പാ... വെള്ളം...’
ഞാന്‍ പെട്ടെന്ന് തന്നെ വെള്ളമുണ്ടെന്ന് സമ്മതിച്ചു...
അല്ലെങ്കിലൊരു പക്ഷെ ‘ഉപ്പാ ഈ കണ്ണട മാറ്റ്...’ എന്നുകൂടെ പാച്ചു പറഞ്ഞാലോ!


അഗ്രുവിന്റെയും പാച്ചുവിന്റെയും ലോകം ഇവിടെ വായിക്കുക.

Saturday, December 29, 2007

2007-ലെ പൂക്കള്‍ - മിന്നൂസും ഹാനയും പിന്നെ...

ബ്ലോഗ് എന്ന മാധ്യമത്തിന്റെ അനിതരസാധാരണമായ സാധ്യതകളില്‍ ഒന്ന് മുഖ്യധാരയില്‍ എളുപ്പത്തില്‍ എഴുത്തിനു വഴങ്ങാത്തതു പലതും ഇവിടെ എഴുത്തിനുവിഷയം ആകും എന്നതാണ് എന്ന് തോന്നിയിട്ടുണ്ട്. കൊച്ചുകൊച്ചു കുടുംബവിശേഷങ്ങള്‍ (അമ്മയുടെ അസുഖത്തെപ്പറ്റിയും അച്ഛന്റെ സ്നേഹത്തെപ്പറ്റിയും ഒക്കെ കുട്ടികള്‍ എഴുതുന്ന ബ്ലോഗുകള്‍ കണ്ടു)എളുപ്പത്തില്‍ ഉള്ള പാചകക്കുറിപ്പുകള്‍ (സൂര്യഗായത്രി ഇഞ്ചിമാങ്ങ മോഡല്‍ അല്ല - അതൊക്കെ മുഖ്യധാരയിലും വരും: ഉണ്ടാപ്രി മോഡല്‍)ചമ്മലുകള്‍ അങ്ങനെ പലതും ഇവിടെ വിഷയമാവുന്നു.

ബ്ലോഗിലെ ആദ്യ സന്ദര്‍ശനത്തിനു ശേഷം വീണ്ടും മടങ്ങിവരാന്‍ എന്നെ പ്രേരിപ്പിച്ച ബ്ലോഗ് ആയിരുന്നു കുട്ട്യേടത്തി ഹാനമോളെക്കുറിച്ച് എഴുതുന്ന വിശേഷങ്ങള്‍. കുറച്ചു കുറിപ്പുകളേ ഉള്ളെങ്കിലും റ്റെന്‍ഷന്‍ ഒക്കെ തോന്നുന്ന സമയങ്ങളില്‍ ഞാന്‍ വീണ്ടും വീണ്ടും ഹാനമോളുടെ വിശേഷങ്ങള്‍ വായിച്ചു. ഒരമ്മക്ക് അവരുടെ കുഞ്ഞിനെക്ക്കുറിച്ച് എഴുതാനാവുന്നതിനെക്കാള്‍ മഹനീയമായ വാക്കുകള്‍ ഒരു സാഹിത്യത്തിലും ഉണ്ടാവില്ല എന്ന് തോന്നി.

പിന്നീടാണ് സുര്യോദയം എന്ന ബ്ലോഗര്‍ മകള്‍ മിന്നൂസിന്റെ വികൃതികളെപ്പറ്റി എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചത്. ചിത്രങ്ങള്‍ പോലെ മുന്നില്‍ തെളിയുന്ന കുഞ്ഞുകുഞ്ഞു കുസൃതികള്‍: അവ പ്രഗത്ഭനായ ഒരു കാര്‍ട്ടൂണിസ്റ്റിന്റെ വര പോലെ നമ്മുടെ അറിവുകളെയും അഹങ്കാരങ്ങളെയും പരിഹസിക്കുന്നു.

ഉദാഹരണത്തിന് (ഉദാഹരണം മാത്രം) വീണ്ടും ചില ചോദ്യങ്ങള്‍ എന്ന പോസ്റ്റ് കാണൂ:

സന്ധ്യാസമയത്ത്‌ ആകാശത്ത്‌ നോക്കിക്കൊണ്ട്‌ മിന്നുവിന്റെ ഒരു ചോദ്യം..

"ആകാശത്തിന്റെ അമ്മയെവിടെ?"

"ആകാശത്തിന്റേ???..." എന്നൊരു അതിശയോക്തികലര്‍ന്ന് ഒരു മറുചോദ്യം ചോദിച്ച്‌ ഞാന്‍ നിശബ്ദനായി.

ഉടനെ അടുത്ത ചോദ്യം.. "അമ്പിളിമാമന്റെ ഒരു കശണം പൊട്ടിപ്പോയോ?? ആ കശണം എവിടെ??"


ഹാനമോള്‍
ചോദിച്ചു ചോദിച്ചു പോകുന്നത് ഇങ്ങനെ


" മോളേ.. ബെഡ്റൂമിള്‍ പോയി നമ്മടെ ഹാരിമോന്റെ ഒരുടുപ്പിങ്ങെടുത്തോണ്ടു വന്നേ .."

" ബെഡ്റൂം ??? വാട്ടീസേ ബെട്റൂം " ? (ബെഡ്‌റൂമെന്നാദ്യമായി കേട്ട മാതിരി )..

" ബെഡ് ഇട്ടിരിക്കണ റൂം അല്ലേടി കള്ളിപ്പെണ്ണേ ബെട്റൂം " ?

" വാട്ടീസേ ബെഡ് "?

" ബെഡ്.......മ്മ്ഹ്. നമ്മളു സ്ലീപ് ചെയ്യണതെവിടെയാ.. അതല്ലേ ബെഡ് "

" വാട്ടീസ് സ്ലീപ് " ?

" സ്ലീപ്പെന്നു പറഞ്ഞാല്‍... നമ്മളു കണ്ണൊക്കെ അടച്ചു റെസ്റ്റ് ചെയ്യുന്നതല്ലേ സ്ലീപ് ?

" റെസ്റ്റ്..? വാട്ട് യൂ റ്റോക്കിങ്ങ് എബൗട്ട് " ?


ബ്ലോഗ് കവികള്‍ എല്ലാം കൂടി കുത്തിവയ്ക്കുന്ന ദുരന്തബോധം അധികമാവുന്നു എന്ന് തോന്നുമ്പോള്‍ ഈ കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ... ലോകത്ത് ഒരുപാട് പ്രകാശം ബാക്കിയുണ്ടെന്ന് മനസ്സിലാവും.

അതിലും ശരിയായില്ലെങ്കില്‍ ബഹുവ്രീഹിയുടെ അമ്മുക്കുട്ടി പാടിയ ഈ പാട്ടു കേള്‍ക്കൂ. ഇനിയും നിങ്ങള്‍ക്ക് ഉത്സാഹം വരുന്നില്ലെങ്കില്‍ sorry, I don't have much hope about you!!

Wednesday, December 26, 2007

2007-ലെ പൂ‍ക്കള്‍ - എണ്ണയെയും പിണ്ണാക്കിനെയും പറ്റി ലാപുട പറയുന്നത്

നോട്ടത്തിന്റെ ആഴവും വരികളിലെ ദര്‍ശനസാന്ദ്രതയുമാണ് ലാപുടയെ വേറിട്ടൊരു കവി ആക്കുന്നത്. 25-ഓളം കവിതകള്‍ ഈ വര്‍ഷം ബ്ലോഗിനു നല്‍കിയ ഈ കവിയുടെ ഒരു കവിത മാത്രമായി തെരഞ്ഞെടുക്കുക പ്രയാസമുള്ള കാര്യമാണ്. ദ്വന്ദങ്ങളുടെ വഴുക്കലില്‍ പ്രപഞ്ചത്തിന്റെ അമ്പരപ്പിക്കുന്ന അര്‍ത്ഥങ്ങള്‍ തിരയുന്ന വഴുക്ക്; ജീവിതത്തില്‍ നിന്ന് കവിതയിലേക്ക് യാത്രയാകുന്ന വാക്കിന്റെ ഉള്ളുചികയുന്ന വിരുന്ന്; മൃഗകാമനകളെ ശിക്ഷണത്തിലും കരുതലിലും ഒതുക്കിനിറുത്താന്‍ ജാഗ്രതകൊള്ളുന്ന മൃഗശാല ഇവയില്‍ നിന്നൊക്കെയാണ് തെരഞ്ഞെടുപ്പ്.

എങ്കിലും എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു എന്ന രചന സൂക്ഷ്മമായ രാഷ്ട്രീയം കൊണ്ടും ജീവിതത്തിന്റെ മറ്റുതലങ്ങളിലേക്ക് തുറക്കുന്ന അര്‍ത്ഥങ്ങളുടെ ആയിരം വാതില്‍ കൊണ്ടും പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. (കവിതയിലെ ഏറ്റവും പ്രകടമായ രാഷ്ട്രീയത്തിനു വിരുദ്ധദിശയിലേക്ക് കമന്റുകള്‍ മിക്കതും പോയതിന്റെ കാരണവും ഈ വാതിലുകള്‍ തന്നെ ആവണം)

ജീവിതത്തിന്റ്റെ തിളങ്ങുന്ന വശത്തൊക്കെ കുഴഞ്ഞുനില്‍ക്കൂന്ന എണ്ണയെക്കുറിച്ച് ഒതുക്കത്തില്‍ ഊറ്റം കൊണ്ടിട്ട് തന്റെവഴിയില്‍ ആത്മാംശം തിരയുന്ന വായനക്കാരനെ പുറംകൈ കൊണ്ടുതല്ലുകയാണ് പിണ്ണാക്ക്.

ചതഞ്ഞ് പിരിഞ്ഞ്
ഉള്ളുചോര്‍ന്ന്
ഇങ്ങനെയൊക്കെയായി
എന്നുപറയുമ്പോഴേക്കും
അതില്‍ക്കേറി
തന്റെയൊന്നും
ഉണക്ക ജീവിതത്തെ
സങ്കല്‍പ്പിച്ചു കളയരുത്.


ഉള്ളു മറ്റെന്തിനോ/മറ്റാര്‍ക്കോ വേണ്ടി നല്‍കുന്നതാണ് സ്നേഹം; അതു തന്നെയാണ് വിപ്ലവം. അപ്പോള്‍ ബലിയുടെ പഴംകഥകള്‍ ആത്മരതിക്കുള്ള അടഞ്ഞ അറകള്‍ ആകുന്നതെങ്ങനെയോ...


പിണ്ണാക്കിനു പറയാനുള്ളത് ഇവിടെ വായിക്കുക

Tuesday, December 25, 2007

2007-ലെ പൂ‍ക്കള്‍ - വിഷ്ണുപ്രസാദിന്റെ ‘ശൂലം’ എന്ന കവിത

ചില രചനകള്‍ ചിലനേരത്ത് സംഭവിച്ചുപോകുന്നതാവണം. പക്ഷേ മായികമായ എന്തോ ഒന്ന് അവയെ കാലത്തിന്റെ വലക്കെട്ടിനപ്പുറത്തേക്ക് എടുത്തെറിയും. കാലത്തിനും ദേശത്തിനും ഒരുപക്ഷേ ഭാഷക്കുമപ്പുറം അവ മനുഷ്യനോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കും.

കവി വിഷ്ണുപ്രസാദിന്റെ ശൂലം എന്ന കവിത സവിശേഷമാ‍യ ഒരു രാഷ്ട്രീയപശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണെന്ന് വ്യക്തം.

ഒരു ശൂലം ചിരിച്ചു തുടങ്ങി.
ഒരു പാലത്തെ ഓര്‍ത്താണത്രേ
അതിന്റെ ചിരി...


ദൈവത്തിന്റെ പാലം രക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ് എന്ന നിരീക്ഷണത്തിലൂടെ ശൂലത്തിന്റെ ഈ ചിരിയെ കവി കുറെക്കൂടി വിശാലമായ കാന്‍‌വാസില്‍ എത്തിക്കുന്നു

ദൈവമേ,
ഞങ്ങള്‍ വെറും അണ്ണാരക്കണ്ണന്മാര്‍.
നിന്റെ പാലത്തിനെ
രക്ഷിക്കാന്‍ നിനക്ക് കെല്‍പ്പില്ലെങ്കിലും
ഞങ്ങളാലാവുന്നത് ഞങ്ങള്‍
ചെയ്യുന്നു...


പാലമുറയ്ക്കാന്‍ മനുഷ്യക്കുരുതികൊടുക്കുക എന്ന പുരാതനവും ദേശാതീതവുമായ ആചാരത്തിലൂടെ ശൂലത്തിന്റെ വക്രിച്ച ചിരി എല്ലാ ഊടുവരമ്പുകളിലൂടെയും കുരുതിക്കുള്ള ഉടല്‍ തിരഞ്ഞുവരുന്നു..

പിന്നെ പുതിയപാലങ്ങള്‍ ഉണ്ടാവുകയും...

രാഷ്ട്രീയ ജാഗ്രത എങ്ങനെ കാലാതീതവര്‍ത്തിയായ കലയായി മാറുന്നു എന്നതിനു പാഠമാണീ കവിത. 2007-ല്‍ ബ്ലോഗ് കണ്ട ഏറ്റവും ശക്തമായ രചനകളിലൊന്ന് ഇവിടെ വായിക്കുക

Monday, December 24, 2007

2007-ലെ പൂ‍ക്കള്‍ - സിജിയുടെ ഇര എന്ന കഥ

എഴുതാ‍നെടുക്കുന്ന വിഷയങ്ങളുടെ സൂക്ഷ്മവശങ്ങളിലേക്ക് സിജി കയറിപ്പോകുന്ന രീതി അതീവ സുന്ദരമാണ്. ആധുനികതയുടെ ജാടകള്‍ ഇല്ലാത്ത കറതീര്‍ന്ന കഥന വൈഭവമാണീ എഴുത്തുകാരിയുടെ കൈമുതല്‍.

അരക്ഷിതത്വം നമ്മുടെ ജീവിതത്തിന്റ്റെ മുഖമുദ്രയാവുകയാണ്. ഈ അരക്ഷിതാവസ്ഥയുടെ ആ‍ക്കം കുട്ടുന്നതില്‍ ഒരു പ്രധാനപങ്കു വഹിച്ച ഘടകം ഫോര്‍ത്ത് എസ്റ്റേറ്റ് എന്നു വിളിക്കപ്പെടുന്ന മാധ്യമങ്ങളുടെ കച്ചവടവല്‍ക്കരണമാണ്. ജനജീവിതത്തിന്റെ കാവല്‍നായ്ക്കള്‍ക്കിടയിലാണോ അതോ ഇരക്കുമീതെ താഴ്ന്നുപറക്കുന്ന കഴുകന്മാരുടെ ഇടയിലാണോ മാധ്യമങ്ങളുടെ സ്ഥാനം എന്ന് അര്‍ത്ഥഗര്‍ഭമായ മൌനത്തിലൂടെ ചോദിക്കുന്നു ഈ കഥാകാരി ഇര എന്ന കഥയില്‍.

വാരികയുടെ ഓഫീസിലെത്തിയപ്പോള്‍ത്തന്നെ തങ്കമ്മയെകണ്ടു,ഫയലില്‍ കുറെ കടലാസുമായി എതിരേ നടന്നു വരുന്നു.
'എന്താ സുനി ഇന്നലെ പോയ കേസെന്തായി'.?
അവള്‍ ഒന്നു ചിരിക്കുക മാത്രം ചൈയ്തു.
'പെങ്കൊച്ചിനു വയറ്റിലുണ്ടായിരുന്നോ'?
അവള്‍ ഒന്നും മിണ്ടിയില്ല.
'പെങ്കൊച്ചുങ്ങള്‍ക്കൊക്കെ ആത്മഹത്യ ഒരു ഫാഷനല്ലെ. സുനിയെഴുതുന്ന ലേഖനത്തിലേക്ക്‌ മാറ്ററിനൊരു പഞ്ഞോമുണ്ടാകില്ല'


ഏറെ പുതുമകള്‍ ഇല്ലാത്ത ഒരു വിഷയം അസാധാരണമായ കയ്യൊതുക്കത്തോടെ ഹൃദയസ്പര്‍ശിയായി കൈകാര്യം ചെയ്തിരിക്കുന്ന ഈ കഥയുടെ പൂര്‍ണരൂപം ഇവിടെ

Sunday, December 23, 2007

2007-ലെ പൂ‍ക്കള്‍ - രാജീവ് ചേലനാട്ടും സഹയാത്രികയും

മികച്ച സാമൂഹികപ്രതിബദ്ധത ഉള്ള ബ്ലോഗര്‍ എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന ഒരുപിടി പേരുകള്‍ ഉണ്ട്. അതില്‍ ഒരിക്കലും പിന്നിലാവില്ല ശ്രീ. രാജീവ് ചേലനാട്ട്.

ഈ ഒരു വിഭാഗത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഞാന്‍ ശ്രീ രാജീവിനെ ഓര്‍ക്കാന്‍ മറ്റൊരുകാരണം കൂടി ഉണ്ട്. ശ്രീ.റാം മോഹന്‍ പാലിയത്ത് ഒരിക്കല്‍ പരാതിപ്പെട്ടതോര്‍ക്കുന്നു മലയാളം ബ്ലോഗ് ആത്മാലാപമായി ചുരുങ്ങുന്നു എന്ന്. മലയാളിയുടെ പ്രാദേശികവും പ്രവാസജീവിതപരവുമായ ‘സ്വന്തം’ വിഷയങ്ങളല്ലാതെ വിശാലമായ ലോകത്തേക്കുതുറക്കുന്ന ഒരു വാതായനമാവാന്‍ മലയാളം ബ്ലോഗിംഗിനു കഴിയുന്നില്ല എന്നായിരുന്നു ആ വിമര്‍ശനത്തിന്റെ പൊരുള്‍. ഈ വിമര്‍ശനത്തിനുവഴങ്ങാത്ത അപൂര്‍വം ബ്ലോഗുകളില്‍ ഒന്നാണ് ശ്രീ ചേലനാട്ടിന്റേത്.

മറ്റൊരു സവിശേഷത കൂടി ഉണ്ട് ഈ ബ്ലോഗിന്. മറ്റുഭാഷകളില്‍ ബ്ലോഗിലോ പത്രങ്ങളിലോ‍ പ്രസിദ്ധീകരിക്കപ്പെട്ട ശ്രദ്ധേയമായ കുറെയേറെ ലേഖനങ്ങളുടെ പരിഭാഷയാണ് ശ്രീ.രാജീവ് മലയാളത്തിലേക്ക് സമീപകാലത്ത് കൊണ്ടുവന്നിട്ടുള്ളത്. അമേരിക്കന്‍ സാമ്രാജ്യത്വം, നന്ദിഗ്രാം പ്രശ്നം, അഭയാര്‍ത്ഥികളുടെയും ആദിവാസികളുടെയും പ്രശ്നങ്ങള്‍ ഇങ്ങനെ നിരവധിവിഷയങ്ങളില്‍ ഈടുറ്റ നിരീക്ഷണങ്ങള്‍ പ്രഗല്‍ഭ എഴുത്തുകാരുടേതായി ഈ ബ്ലോഗില്‍ വന്നിട്ടുണ്ട്.

ഈ പരിഭാഷകളുടെ കൂട്ടത്തില്‍ യുദ്ധക്കെടുതികളില്‍ നീറുന്ന ബാഗ്ദാദില്‍ നിന്ന് സിറിയയിലേക്ക് പലായനം ചെയ്യേണ്ടിവന്ന അജ്ഞാതയായൊരു പെണ്‍കുട്ടി അവളുടെ ബ്ലോഗില്‍ എഴുതിയ അനുഭവക്കുറിപ്പ് ഹൃദയസ്പര്‍ശിയായി.


അതിര്‍ത്തി കടന്നതിനു ശേഷമുള്ള ആദ്യനിമിഷങ്ങളില്‍ വല്ലാത്തൊരു ശ്വാസംമുട്ടലായിരുന്നു. ആശ്വാസവും, ദു:ഖവും ഒരുപോലെ ഞങ്ങളെ പൊതിഞ്ഞു. എങ്ങിനെയാണ്‌, ഇത്ര കുറച്ചു കിലോമീറ്ററുകളും, ഏതാണ്ട്‌ ഇരുപതുമിനുട്ട്‌ ദൂരം വരുന്ന യാത്രയും, മരണത്തെയും ജീവിതത്തെയും ഈ മട്ടില്‍ വേര്‍തിരിക്കുന്നത്‌?

ആര്‍ക്കും കാണാനോ സ്പര്‍ശിക്കാനോ സാധിക്കാത്ത ഈ അതിരുകള്‍ എങ്ങിനെയാണ്‌ കാര്‍ ബോംബുകള്‍ക്കും, ആത്മഹത്യാ സ്ക്വാഡുകള്‍ക്കും, ഒളിപ്പോരാളികള്‍ക്കും..പിന്നെ ശാന്തിക്കും, സുരക്ഷിതത്വത്തിനും ഇടയില്‍ ഇങ്ങിനെ നില്‍ക്കുന്നത്‌. ഇപ്പോഴും എനിക്കത്‌ വിശ്വസിക്കാനേ സാധിക്കുന്നില്ല. ഇവിടെയിരുന്ന് ഇതെഴുതുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു, എന്തുകൊണ്ടാണ്‌ സ്ഫോടനങ്ങള്‍ കേള്‍ക്കാന്‍ എനിക്ക്‌ സാധിക്കാത്തതെന്ന്.

വിമാനങ്ങള്‍ തലക്കുമീതെ വായുവേഗത്തില്‍ പറക്കുമ്പോള്‍ എന്തുകൊണ്ടാണ്‌ ജനല്‍ചില്ലകള്‍ പ്രകമ്പനം കൊള്ളാത്തത്‌? ആയുധധാരികളായ ആളുകള്‍ വാതില്‍ തകര്‍ത്ത്‌ വീട്ടിലേക്കും, ഞങ്ങളുടെ ജീവിതത്തിലേക്കും ഏതുനിമിഷവും വന്നേക്കുമെന്ന ആശങ്കയെ എന്നില്‍നിന്ന് അകറ്റാന്‍ ഞാന്‍ ഇപ്പോഴും ശ്രമിക്കുന്നു. റോഡ്‌ തടസ്സങ്ങളും, ഹമ്മറുകളും, മുഖ്‌താദയുടെ ചിത്രങ്ങളും, മറ്റും ഇല്ലാത്ത തെരുവുകള്‍ കാണാന്‍ എന്റെ കണ്ണുകളെ ഞാന്‍ പരിശീലിപ്പിക്കുന്നു.

എങ്ങിനെയാണ്‌ അവയൊക്കെ കേവലമൊരു ഹ്രസ്വമായ കാര്‍ യാത്രയുടെ അപ്പുറത്തായിതീര്‍ന്നത്‌?


ബൂലോഗത്തിലെ ഒരു സഹയാത്രിക വീടൊഴിഞ്ഞുപോകുന്നു എന്ന ആദ്യലേഖനവും ഇതിന്റെ തുടര്‍ച്ചയായ അതിരുകളില്ലാത്ത ബ്ലോഗര്‍മാര്‍ എന്ന ലേഖനവും നിങ്ങളുടെ ശ്രദ്ധക്കും പുനര്‍വായനക്കുമായി സമര്‍പ്പിക്കുന്നു.

Saturday, December 22, 2007

2007-ലെ പൂ‍ക്കള്‍ - സിമിയുടെ കടല്‍ എന്ന കഥ

സ്വന്തം സുഹൃത്തിനെക്കുറിച്ച് ഇത്തരം ഒരു കുറിപ്പിടുന്നതിന്റെ ചെറിയൊരു ശങ്കയോടെയും എന്നാല്‍ സന്തോഷത്തോടെയുമാണ് ഇതെഴുതുന്നത്.

കുറ്റബോധം, പൂതന, തുടങ്ങിയ കഥകളിലൂടെയും പൂത്തുമ്പി, സൂപ്പ് തുടങ്ങിയ കുറുംകഥകളിലൂടെയും ബൂലോകകഥാരംഗം സജീവമാക്കി നിലനിര്‍ത്തിയ ഈ കഥാകാരനെ ഇത്തരം ഒരു പരമ്പരയില്‍ നിന്ന് ഇതെഴുതുന്ന ആളിന്റെ സുഹൃത്തായതുകൊണ്ടുമാത്രം ഒഴിവാക്കാനാവില്ല എന്നാണെന്റെ ബോധ്യം.

സിമിയുടെ കഥാകഥനത്തില്‍ തന്നെ വഴിത്തിരിവായ കഥ എന്ന് ഞാന്‍ വിലയിരുത്തുന്ന രചന കടല്‍ ആണ്.

യാഥാര്‍‌ത്ഥ്യത്തിനും ഫാന്റസിക്കും ഇടയിലുള്ള ജീവിതത്തിന്റെ മായികഭൂമിയിലേക്ക് പലതവണ നമ്മെ കൊണ്ടുപോയിട്ടുണ്ട് സിമി എന്ന മാന്ത്രികന്‍. അത്തരം കഥകളില്‍ ആദ്യത്തേതാണ് ഈ രചന.പ്രണയം അതിന്റെ സകലവന്യതയോടും കൂടി പ്രകൃതിഭാവമായി മാറുന്ന ഈ കഥാഭാഗം നോക്കൂ.


കടലിന്റെ ഇരമ്പം കനത്തുവന്നു. വേലിയേറ്റത്തില്‍ കടലിന്റെ തിരകള്‍ കരയിലേക്ക് ആഞ്ഞടിച്ചു. പൊട്ടിയ തറയില്‍ക്കിടന്നു കുലുങ്ങിയ വള്ളിക്കട്ടിലിന്റെ അടക്കിപ്പിടിച്ച ഞരക്കങ്ങള്‍ കടലിന്റെ പ്രഛണ്ഡമായ ഇരമ്പത്തില്‍ കേള്‍ക്കാതെയായി. അവളുടെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളികളില്‍ തണുത്ത കടല്‍ക്കാറ്റേറ്റ് ഉപ്പുകനത്തു. ഒരു വലിയ തിര ആകാശം മുട്ടെ പൊങ്ങി കരയിലേക്ക് അടിച്ചുകയറി. തിര പതഞ്ഞുപിന്‍‌വാങ്ങിയപ്പോള്‍ കടല്‍ക്കരയില്‍ മഴപോലെ മത്സ്യങ്ങള്‍ പെയ്തു. ആ‍കാശത്തുനിന്നും വലിയ ശബ്ദത്തില്‍ ഇടിവെട്ടി. മേഘങ്ങള്‍ പിളര്‍ന്ന് അണപൊട്ടിയപോലെ മഴ താഴേയ്ക്കുവീണു. ഞരക്കത്തിന്റെ ആക്കത്തില്‍ കട്ടില്‍ക്കാല്‍ തകര്‍ന്ന് അവളും അവനും നിലത്തേയ്ക്കുവീണു. കെട്ടിമറിഞ്ഞ് ഉന്മാദത്തോടെ മേരി അവന്റെ കവിളും ചുണ്ടും കടിച്ചുമുറിച്ചു. അവളുടെ കയ്യിറുക്കങ്ങളില്‍ കിടന്ന് അവന്റെ വാരിയെല്ലുകള്‍ നുറുങ്ങി. ശ്വാസത്തിന്റെ ഗതിവേഗം കനത്തു. പിടയ്ക്കുന്ന കാലുകളിലേതോ തട്ടി മണ്ണെണ്ണവിളക്ക് നിലത്തുവീണുപൊട്ടി, മണ്ണെണ്ണ നിലത്തുപടര്‍ന്ന് ഒരു വട്ടത്തില്‍ നിന്നു കത്തി, ഒന്ന് ആളിയിട്ട് അണഞ്ഞുപോയി. അവന്റെ മുതുകത്ത് അവളുടെ നഖങ്ങള്‍ നീറുന്ന ചുവന്നവരകള്‍ നീളത്തില്‍ വരച്ചു. മഴ കൂട്ടത്തോടെ ഓലമേഞ്ഞ വീടുകള്‍ക്കുമുകളില്‍ കല്ലുപെറുക്കിയിട്ടു. കടല്‍ ഉഗ്രവാശിയോടെ കരയിലേക്ക് അടിച്ചുകയറി, നിരത്തിയിട്ടിരുന്ന കൂരന്‍ വള്ളങ്ങളെ ലാഘവത്തോടെ നക്കിയെടുത്ത്, ഒന്നുചവച്ച്, വള്ളങ്ങളുടെ തകര്‍ന്ന എല്ലിന്‍‌കൂടുകളെ കരയിലേക്കുതുപ്പി. മേരിയുടെ തടിച്ച ചുണ്ടുകള്‍ക്കുള്ളില്‍ ചാള്‍സിന്റെ ചുണ്ടുകള്‍ മൌനം പൂണ്ടു. അവളുടെ ആവേശാഹ്ലാദങ്ങളില്‍ സപ്തനാഡികളും തളര്‍ന്ന് നനഞ്ഞുവിടര്‍ന്ന മുടിയ്ക്കും വള്ളിപോലെ പടര്‍ന്ന കൈകള്‍ക്കും ഉയര്‍ന്നുതാണ ശരീരത്തിനുമുള്ളില്‍ ചാള്‍സ് തളര്‍ന്നുകിടന്നു.....


പ്രണയത്തിന്റെ മുന്നില്‍ നിസ്സഹായരാകുന്ന മനുഷ്യമനസ്സുകളുടെ വിഭ്രമങ്ങള്‍ മായക്കടലായിരമ്പുന്നത് ഇവിടെ.

Friday, December 21, 2007

2007-ലെ പൂ‍ക്കള്‍- പ്രണയത്തിന്റെ തെമ്മാടിക്കുഴിയില്‍ നിന്ന്: ദേവസേനയുടെ കവിത

പ്രണയത്തിന്റെ തെമ്മാടിക്കുഴിയില്‍ നിന്ന് എന്നത് ഒരുപക്ഷേ ദേവസേനയുടെ കവിതകളുടെ മുഴുവന്‍ ഒതുക്കമുള്ള ആമുഖമായേക്കും. തിരസ്കൃതമോ അപ്രാപ്യമോ ആയ പ്രണയത്തിന്റെ മൃതബിന്ദുവില്‍ നിന്നു കവിത ചുറ്റിത്തിരിയുന്നതുകൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത് എന്നുമാത്രം. കാല്പനികതയുടെ പട്ടില്‍ പൊതിഞ്ഞുനിറുത്തിയ പ്രണയസങ്കല്‍പ്പങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ ശരീരബോധം വായനയിലെ യാഥാസ്ഥിതികരെ അലോസരപ്പെടുത്തിക്കൊണ്ട് കവിതയുടെ മഴനനഞ്ഞ് നില്‍ക്കുന്നുണ്ട് ഈ കവിയുടെ വരികളില്‍.

വരികളില്‍ നിറയുന്ന വിക്ഷോഭമാകട്ടെ എഴുത്തിനുവേണ്ടി അണിയുന്ന പുറം‌പൂച്ചല്ല എന്ന് അടുത്തറിയുന്ന ഒരു സഹയാത്രികന്റെ സാക്ഷ്യം

പ്രണയിനിയും വധുവും കൂടുംബിനിയും അമ്മയും ഒക്കെയായി സ്ത്രീത്വത്തിന്റെ ആത്മാവിനെ വചനം ധരിപ്പിക്കുന്ന ഈ കവിയുടെ മിനുസം വന്ന്‍ മൂര്‍ച്ചപോയിട്ടില്ലാത്ത വരികളുടെ അപ്രതിരോധ്യമായ ശക്തികാണുക:

എപ്പോഴെങ്കിലും
അവന്റെ കിടപ്പറയിലേക്ക്‌
ഒളിഞ്ഞു നോക്കണമെന്ന ത്വരയുണ്ടായി
എങ്ങനെയാണവളെ ചുംബിക്കുന്നത്‌
എങ്ങനെയാണവര്‍ ഇണ ചേരുന്നത്‌

എത്രയായാലും,
വട്ടച്ചീപ്പുകൊണ്ടെന്റെ മുടിയീരിത്തന്നയത്ര,
കാല്‍വിരലിലെ ഞൊട്ടയിട്ടുതന്നയത്ര,
ആത്മാര്‍ത്ഥത വരില്ല അതൊന്നിനും, തീര്‍ച്ച!!


തണുത്ത ദാമ്പത്യത്തിന്റെ ജലപാതത്തിനു താഴെ കലഹവും കോലാഹലവും ജ്വരബാധയുമായി വെളിപ്പെടുന്ന പ്രണയത്തിന്റെ തീവ്രഭാവങ്ങള്‍ ഇവിടെ വായിക്കുക

Thursday, December 20, 2007

2007-ലെ പൂ‍ക്കള്‍ - കഥയുടെയും ഭാഷയുടെയും പരിണാമം -- നമതു വാഴ്വും കാലം

സാഹിത്യത്തെക്കുറിച്ച് ഗൌരവമുള്ള നിരീക്ഷണങ്ങള്‍ ബ്ലോഗില്‍ അപൂര്‍വതയാണ്. കവിതയുടെ സൌന്ദര്യശാസ്ത്രത്തെക്കൂറിച്ചൊക്കെ ഉള്ളചര്‍ച്ചകള്‍ വൃത്തത്തെയും ഭാഷാശുദ്ധിയെയും സംബന്ധിച്ച ഒബ്സെഷനുകള്‍ക്കപ്പുറം വളരാന്‍ അനുവദിച്ചിട്ടില്ല പാരാമ്പര്യവാദികളും പുരോഗമനവാദികളും (പ്രാദേശിക പരിമിതികളില്‍ നിന്ന് ഏറെയൊന്നും രക്ഷപെടാന്‍ ആകാത്ത പ്രിന്റഡ് മീഡിയപോലും ദശാബ്ദങ്ങള്‍ മുന്‍പ് ചവച്ചുതുപ്പിയതുതന്നെ ആവര്‍ത്തിക്കുകയാണ് ഗോളാന്തരമലയാണ്മയുടെ പതാകവാഹകര്‍ ആകേണ്ട ബ്ലോഗിംഗ് സമൂഹം). കഥയെക്കുറിച്ച് ഗൌരവമുള്ള നിരീക്ഷണങ്ങള്‍ ചില കമന്റുകളില്‍ മാത്രമേ കാണാന്‍ സാധിച്ചിട്ടുള്ളൂ. ജീവിതാനുഭവങ്ങള്‍ വെറുതെ കുറിക്കുന്നതിനുപോലും കഥ എന്ന് ലേബല്‍ ഒട്ടിക്കുന്നതാണ് ശീലമെന്നിരിക്കെ ചുരുക്കമായെങ്കിലും വരുന്ന നല്ല നിരീ‍ക്ഷണങ്ങള്‍ ബുദ്ധിജീവി ജാഡ എന്ന മുന്‍‌വിധിയില്‍ അവഗണിക്കപ്പെടുന്നു.


ഈ സാഹചര്യത്തിലാണ് വളരെ ഹൃസ്വമാണെങ്കിലും -- ഒരുപക്ഷേ വിഷയത്തിന്റെ വലിപ്പം വച്ചുനോക്കുമ്പോള്‍ അപര്യാപ്തതക്കടുത്തുവരുന്ന വിധം ഹൃസ്വം -- ലളിതവും കഥപോലെ ഹൃദ്യവുമായ ശൈലിയില്‍ എഴുതപ്പെട്ട കഥയുടെയും ഭാഷയുടെയും പരിണാമം( ഭാഗം 1; ഭാഗം 2; ഭാഗം 3 : മൂന്നു ഭാഗങ്ങളും ചേര്‍ന്നാലും ഒരു ആവറേജ് ബ്ലോഗ്പോസ്റ്റിനെക്കാള്‍ അധികം ദൈര്‍ഘ്യം ഇല്ല)എന്ന ലേഖനം ശ്രദ്ധേയമാകുന്നത്. കഥയും കാലവും തമ്മിലുള്ളപാരസ്പര്യം ആണ് പ്രതിപാദ്യം.

നമ്മുടെ കാലത്തിന്റെ സവിശേഷതകളിലേക്ക് ലക്ഷ്യഭേദിയായ സൂക്ഷ്മനിരീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമാണ് നമതു വാഴ്വും കാലം എന്ന ബ്ലോഗ്. അവിടെ നിന്ന് ഈ ലേഖനം തന്നെ തെരഞ്ഞെടുക്കുന്നത് ഈ വിഷയത്തിലുള്ള നിരീക്ഷണങ്ങള്‍ ബ്ലോഗില്‍ അപൂര്‍വതയാണെന്ന കാരണം കൊണ്ടുമാത്രമാണ്. ലേഖനത്തിന്റെ സൂക്ഷ്മതയും നിരീക്ഷണങ്ങളുടെ സം‌വാദസാധ്യതയും അര്‍ഹിക്കുന്ന പ്രതികരണം ആ കുറിപ്പുകള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല.

“കഥ പാടിപ്പതിയുന്ന ഫോക് ലോറിന്‍റെ അല്ലെങ്കില്‍ നാടന്‍പാട്ടിന്‍റെയോ കേട്ടുകേള്‍വികളുടെയോ രൂപം വെടിഞ്ഞ് ഇംഗ്ലീഷ് ഭാഷാ സാഹിത്യ രൂപരേഖയ്ക്കനുസരിച്ച് നിയതമായ സാഹിത്യനിയമങ്ങള്‍ക്ക് വിഷയീഭവിക്കുന്നതിനു മുന്‍പും കഥയുടെ ഒരു സമ്പന്ന പൈതൃകം കൊണ്ട് നമ്മള്‍ ധന്യരായിരുന്നു. പിന്നീടെന്നോ സമാഹരിക്കപ്പെട്ട ഐതിഹ്യമാലയും വടക്കന്‍ പാട്ടുകളും മാപ്പിളശീലുകളും സമാഹരിക്കപ്പെടാതെ പോയ മറ്റനേകം നാടന്‍ ശീലുകളും ഈ പൈതൃകത്തിന്‍റെ സാക്ഷ്യമാണ്. നിയതമായ രൂപമില്ലാത്തതും സൃഷ്ടാവില്ലാത്തതും പറയുന്ന വ്യക്തിയുടെ മനോധര്‍മ്മത്തിനനുസരിച്ച് രൂപമാറ്റം സംഭവിക്കുന്നതുമായിരുന്ന അന്നത്തെ കഥയക്ക് ഇന്നത്തെ കഥയുമായുള്ള അന്തരത്തെ അതിന്‍റെ വികാസത്തിന്‍റെ കാലാനുസൃതമായ വിന്യാസത്തെ മലയാളകഥാ ചരിത്രമെന്ന് വിളിക്കാമെന്നു തോന്നുന്നു. ...”

എന്ന ആമുഖത്തോടെ ആരംഭിക്കുന്ന ഒന്നാം ഭാഗം ഇവിടെ വായിക്കുക.

Wednesday, December 19, 2007

2007-ലെ പൂ‍ക്കള്‍ - മരങ്കൊത്തി എന്ന കവിത

അനിലന്‍ എന്ന കവിക്ക് ബ്ലോഗില്‍ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല.
മരിച്ചവരുടെയും അല്ലാത്തവരുടെയും ഭാ‍ഷയില്‍ വിരഹനോവുകള്‍ കുറിക്കുകയും വെയിലുകൊണ്ട് ജനലില്‍ സൌമ്യമായി പീലിയുഴിയുന്ന ദൈവവുമായി പീലിത്തുമ്പിന്റെ സൌമ്യതയോടെ തന്നെ കലഹിക്കുകയും ശലഭജീവിതത്തില്‍ ജീവരഹസ്യത്തിന്റെ താക്കോല്‍ തിരയുകയും ചെയ്ത ഈ കവി ഈ വര്‍ഷം നമ്മെ ഏറ്റവും നോവിച്ചതും വിസ്മയിപ്പിച്ചതും മരങ്കൊത്തി എന്ന രാജശില്പത്തിലൂടെയാണ്**.

“പണിക്കു വരാത്തെതെന്തേ?
എന്റെ മാവിന്‍ പലകകള്‍
വെയിലേറ്റു വളയുന്നു
ഓലവാതില്‍ മാറ്റണം
ഉറക്കം വരുന്നില്ല രാത്രിയില്‍“


എന്ന് രാഘവന്റെ പെണ്ണ് പരിഭവിക്കുന്നതും

പനിമകളേ പനിമതീ
മധുരമുള്ള മരുന്ന്
വാങ്ങിവരാമച്ഛന്‍


എന്ന വാക്കിന്റെ കീറപ്പായില്‍ മകള്‍ തപംകൊണ്ടുകിടക്കുന്നതും മറക്കെ,

പാണന്റെ വിരലും കോലും
ചെണ്ടയില്‍ ചെത്തിപ്പണിതു
മേളഗോപുരങ്ങള്‍


ഉയരുന്ന പൂരപ്പറമ്പില്‍, ഉത്സവമേളത്തിനും ഉന്മാദത്തിനുമിടയ്ക്ക്

‘മരങ്കൊത്തി’യുടെ ജീവിതം പണിതീരാത്ത ഉരുവായി വെളിപ്പെടുന്നത്
ഇവിടെ വായിക്കുക.



******************************

** ഇരിങ്ങലിന്റെ മരങ്കൊത്തി: ഒരു രാജശില്പം എന്ന കുറിപ്പ് വായിക്കുന്നവര്‍ അതിനു താഴെ കവിയും വായനക്കാ‍രും ചേര്‍ന്നു നടത്തിയ സംവാ‍ദം കൂടി വായിക്കാതെ പോകരുത്. പൂരംനാളില്‍ തൃശ്ശൂരൂപോയിട്ട് ശ്രീകോവിലില്‍ തൊഴുതുപോരുന്നതുപോലെ ആയിപ്പോകും. :)

Tuesday, December 18, 2007

2007-ലെ പൂ‍ക്കള്‍ - Contact എന്ന പോട്ടം.

വാത്സല്യം നിറഞ്ഞ ഒരു പോട്ടത്തെ ഞാന്‍ പൂങ്കുലയിലേയ്ക്കു ചേര്‍ക്കുന്നു. ഒരു പിതാവിന്റെ കൈകളില്‍ വാത്സല്യസ്പര്‍ശമായ് തുളുമ്പുന്ന ഈ നിഷ്കളങ്കസ്നേഹത്തിനെ, തങ്കക്കുടത്തിനെ അധികം വാക്കുകള്‍ കൊണ്ട് വിശദീകരിച്ചു ഭംഗികളയുന്നില്ല. ബ്ലോഗിലെ പോട്ടം പിടിക്കുന്ന അണ്ണന്റെ 2007-ലെ മനോഹരമാ‍യ പോട്ടം ഇവിടെ കാണുക.

2007-ലെ പൂക്കള്‍ - നക്ഷത്ര പെണ്‍കുട്ടിയുടെ വിലാപം

മലയാളം ബ്ലോഗിലെ പ്രമുഖ കഥാകാരന്മാരില്‍ ഒരാളാണ് ബാജി ഓടംവലി. ലളിതമായ ശൈലിയില്‍ എഴുതിയ, സാധാരണക്കാര്‍ക്കു മനസിലാവുന്ന കഥകളാണ് ബാജിയുടേത്. എന്നാല്‍ കഥകളെല്ലാം ഉന്നം തെറ്റാതെ വായനക്കാരന്റെ ഹൃദയത്തില്‍ തറയ്ക്കുകയും ചെയ്യുന്നു. ബാജിയുടെ നക്ഷത്രപ്പെണ്‍കുട്ടിയുടെ വിലാപം എന്ന കവിതയെയാണ് ഈ വര്‍ഷത്തെ പൂക്കളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

.....

തൂക്കുമരത്തിലേക്കു പോകുന്ന
നിന്നെ നോക്കി ഒരു നക്ഷത്രം പറയുന്നു
നീയെനിക്കായൊന്നു പുഞ്ചിരിക്കുമെങ്കില്‍
ഞാന്‍ മറക്കാം... എല്ലാം മറക്കാം... ക്ഷമിക്കാം...

.....

കവിത പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

Monday, December 17, 2007

2007-ലെ പൂക്കള്‍ - ഇരട്ടക്കൊലപാതകം.

മലയാളം ബ്ലോഗിങ്ങിലെ കഥാസാഹിത്യ രചനകളില്‍ സജീവസാന്നിദ്ധ്യമാണ് പെരിങ്ങോടന്‍. അസാധാരണമായ വിഷയം കൊണ്ടും ശൈലീവ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായ പെരിങ്ങോടന്റെ രചനയാണ് ഇരട്ടക്കൊലപാതകം എന്ന കഥ.

.....


ഒരു രാത്രി മുഴുവന്‍ ഒറ്റയ്ക്കു മരിച്ചു കിടന്നതാണ്. അതിന്റെ സഹതാപമുണ്ടോ നോക്കൂ... എന്തൊരു ഏകാന്തതയായിരുന്നു! നിനക്കൊന്നും മനസ്സിലാവില്ലെടോ

....

‘പൊക്കിളിന്ന് മോള്‌ലിക്ക് ഒരു നാലിഞ്ച് വര കീറിക്കോ. പട്ടികള്‍ക്ക് പട്ടിണിയാണ്.’

ഒരു ഞെരമ്പ് അവിടെയാണ് പൊടിച്ചത്. കരിഞ്ഞ് പോയെങ്കിലും ഒരു ഞരമ്പിപ്പോഴും അവിടെയാണ് തുടിക്കുന്നത്.

....

കഥ പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

Sunday, December 16, 2007

2007-ലെ പൂക്കള്‍ - സ്വപ്നശലഭം

മയൂര എഴുതിയ സ്വപ്നം പോലെ ഒരു കഥയാണ് സ്വപ്നശലഭം. അധികം വലിപ്പമില്ലാത്ത ഈ രചന വായിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും പെട്ടെന്ന് ഫാന്റസിയുടെ ലോകത്തിലേയ്ക്കു വഴുതിവീണ അനുഭവമാണ് വായനക്കാരനു.

.............

പുറത്തിറങ്ങിയതും കാറ്റതിശക്തമായി വീശാന്‍ തുടങ്ങി, നിലാവു കൂടിയത് പോലെ. റോഡിന്റെ രണ്ടരികിലുമായി നിന്ന മരങ്ങളില്‍ നിന്നും അടര്‍ന്നു വീണുകിടന്നയിലകള്‍ കാറ്റത്ത് അപ്പുപ്പന്താടി പോലെ പറന്നുയരുന്നു. പെട്ടെന്നവയ്ക്കെല്ലാം ചിറകുമുളച്ച് അനേകായിരം ചിത്രശലഭമായി പറന്നുയരാന്‍ തുടങ്ങി. ഒരേ നിറത്തില്‍, നീലയില്‍ കറുത്ത വരയുള്ളവ. ആകാശത്തവയെല്ലം ചേര്‍ന്ന് എന്തോ സന്ദേശം കോറിയിടുന്നത് പോലെ തോന്നി. എത്ര നോക്കിയിട്ടും പരിമിതമായ കാഴ്ചയില്‍ അതെന്തെന്നു മനസിലായില്ല.

............

സ്വപ്നശലഭം പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

2007-ലെ പൂക്കള്‍ - വെള്ളെഴുത്തിന്റെ വനവും മൃഗശാലയും

രണ്ടാം ക്ലാസില്‍ പഠിച്ച മുതലയുടെയും കുരങ്ങന്റെയും കഥ അന്ന് കേട്ടുമറന്നു. എങ്കിലും തലച്ചോറിലെ ഏതോ ഞരമ്പുകളിലലിഞ്ഞ് ആ കഥയും ഉറങ്ങിക്കിടന്നു. ഇവിടെയിതാ, കഥയ്ക്കുള്ളിലെ കഥകള്‍ പറഞ്ഞ് വെള്ളെഴുത്ത് വായനക്കാരനെ ചിന്തിപ്പിക്കുന്നു, അതിശയിപ്പിക്കുന്നു. പ്രൊഫൈലില്‍ വെള്ളേഴുത്ത് ചോദിക്കുന്നതുപോലെ, “അല്പം ചിന്തിച്ചാലെന്ത്?“.

....


അന്യാപദേശത്തെമാറ്റി നിര്‍ത്തിയാല്‍ ആദ്യം നമ്മുടെ കണ്ണെത്തുക കുരങ്ങന്റെ ഹൃദയം മരത്തിലാണെന്ന് വിശ്വസിച്ച മുതലച്ചാരുടെ മണ്ടത്തരത്തിലാണ്. ഏതു കൊച്ചുകുട്ടിയ്ക്കുമറിയാം ഹൃദയം അങ്ങനെ മരത്തിലോ മച്ചകത്തോ കെട്ടിത്തൂക്കിയിടാന്‍ പറ്റുന്ന സാധനമല്ലെന്ന്. അതുകൊണ്ട് ചിരിച്ച് ചിരിച്ച് നമ്മള്‍ കുന്തം മറിഞ്ഞു. പക്ഷേ മുതല അത്ര വിഡ്ഢിയായിരുന്നോ? അയാള്‍ സുഹൃത്തിനെ വിശ്വസിക്കുകമാത്രമല്ലേ ചെയ്തത്? കുരങ്ങന്റെ ഹൃദയത്തിന് അത്തിപ്പഴവുമായി ഒരു സമീകരണമുണ്ട്. അത്തിപ്പഴത്തിന്റെ സ്വാദാണ് അതു സ്ഥിരം തിന്നുന്ന കുരങ്ങന്റെ ഹൃദയത്തിന് എത്രയിരട്ടി രുചിയായിരിക്കും എന്ന് മുതലപത്നിയെക്കൊണ്ട് ചിന്തിപ്പിച്ച ഘടകം. അതു ലഭിക്കാനാണ് അവള്‍ ആധി പിടിച്ചത്. അത്തിപ്പഴം മരത്തില്‍ തൂങ്ങി നില്‍ക്കുന്നതു കണ്ടു പരിചയമുള്ള മുതലയ്ക്ക് മര്‍ക്കടഹൃദയം അവയ്ക്കിടയിലെവിടെയോ ഉണ്ടെന്ന് വിശ്വസിക്കാന്‍ സുഹൃത്തിന്റെ വാക്കിന്റെ ബലം മാത്രം മതി. സത്യത്തില്‍ അയാള്‍ ശുദ്ധനാണ്. ചങ്ങാത്തത്തിന്റെ നൈര്‍മ്മല്യത്തില്‍ അവസാനം വരെയും അയാള്‍ വിശ്വസിച്ചു. അയാളെ ചതിച്ചത് കുരങ്ങനാണ്.

.....

ലേഖനം പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

Saturday, December 15, 2007

2007-ലെ പൂ‍ക്കള്‍ - സുല്ലിന്റെ അമ്മയലാറം

ഒരു അമ്മയോട് മുതിര്‍ന്ന ആണ്മക്കള്‍ സ്നേഹം പ്രകടിപ്പിക്കുന്നത് അപൂര്‍വ്വമാണെന്നു തോന്നാറുണ്ട്. പിന്നിട്ട വഴികളിലേയ്ക്കു തിരിഞ്ഞു നോക്കുന്നവരും വിരളം. ഒരമ്മയോടുള്ള മകന്റെ സ്നേഹവും കൃതജ്ഞതയും ഹൃദയഹാരിയായി സുല്‍ അവതരിപ്പിച്ചിരിക്കുന്നു അമ്മയലാറം എന്ന കവിതയില്‍.

...

ഓരോനിമിഷവും
എത്ര കൃത്യമായ്‌
സൌമ്യ സൂക്ഷ്മമായ്‌.

എന്റെ നെഞ്ഞിലെ പൊന്നലാറം
ജീവന്റെ സ്പന്ദനാനന്ദം.

...

കവിത പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

2007-ലെ പൂക്കള്‍ - ഏറ് എന്ന ചെറുകഥ.

2007-ല്‍ ബ്ലോഗില്‍ വന്ന ചെറുകഥകളില്‍ ഏറ്റവും ശ്രദ്ധേയമായവയുടെ കൂട്ടത്തിലാണ് മനു എഴുതിയ ഏറ് എന്ന ചെറുകഥ കഥ വായിച്ചു നിറുത്തുമ്പോള്‍ വായനക്കാരുടെ കാതില്‍ ഒരു ഏറിന്റെ മൂളല്‍ കമ്പിക്കുന്നു. ശ്രദ്ധിച്ചു വായിക്കുന്ന വായനക്കാരന്‍ ഏറുകൊണ്ട് ഇരിക്കുന്നു.

......

ഷിബുവിന്റെ മുഖത്തിനു തീരെ തെളിച്ചമില്ല. “എന്തുപറ്റിയെടാ അളിയാ?”

“അമ്മക്ക്‌ പനിയാണ്‌”. അലസമായ മറുപടി. കള്ളമാണ്‌. കുന്നിന്റെ ഏറ്റവും മുകളിലുള്ള അവരുടെ വീട്ടില്‍ നിന്നും ഇന്നലെ രാവേറെചെന്നിട്ടും അവന്റെ അച്ഛന്റെ അട്ടഹാസവും അമ്മയുടെ നിലവിളിയും കേട്ടിരുന്നു.

“നിന്റെ അച്ഛന്‍ തിരികെപ്പോയോ?”. അയാള്‍ക്ക്‌ ദൂരെയാണ്‌ ജോലി. മാസത്തില്‍ രണ്ടോ മൂന്നോ തവണതിരിച്ചെത്തും. അന്നു കുന്നിന്മുകളിലെ ചെറിയ വീടുകളില്‍ വെളിച്ചമണയാന്‍ വൈകും.

ഷിബുവിന്റെ മരവിച്ച നോട്ടം കണ്ട്‌ പേടിയാവുന്നു. “ഉം.. ഇനി വരില്ല.”


........

കഥ പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക

Thursday, December 13, 2007

2007-ലെ പൂ‍ക്കള്‍ - സാര്‍ത്ഥവാഹക സംഘത്തോടൊപ്പം

ഇത്തിരിവെട്ടം എഴുതിയ ലേഖന പരമ്പരയായ "സാര്‍ത്ഥവാഹക സംഘത്തോടൊപ്പം" നബി തിരുമേനിയുടെ ജീവിതം സാധാരണക്കാര്‍ക്കു മനസിലാവുന്ന രീതിയില്‍, ഹൃദ്യമായ ഭാഷയില്‍ പകര്‍ത്തിയിരിക്കുന്നു. മലയാളത്തില്‍ ഇത്തരം ഒരു സംരംഭം ആദ്യമാ‍യാണ് എന്നുതോന്നുന്നു. വായിച്ചിരിക്കേണ്ട കൃതി.

..........

ആയിരത്തി നനൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രചിക്കപ്പെട്ട കവിത... മരുഭൂമിയുടെ വിജനതയെ സജീവമാക്കുന്നു. വിരഹത്തിന്റെ തീവ്രത ഗര്‍ഭം ധരിച്ച വാക്കുകള്‍... വരികളില്‍ തെളിയുന്ന പ്രേയസിയുടെ മനസ്സും അവള്‍ക്കായി തുടിക്കുന്ന ഹൃദയത്തിലെ അടങ്ങാത്ത പ്രണയവും... വിരഹവും... പാടികൊണ്ടിരിക്കേ സഖിയുടെ സ്ഥാനത്ത്‌ പ്രവാചകരാവുന്നു... അവരോടുള്ള ഇഷ്ടം കവിയുടെ ഹൃദയത്തെ ചൂട്ട്‌ നീറ്റുന്നു... വരികളായി ആ വൃദ്ധന്റെ പരുക്കന്‍ സ്വരം ഇഴ നെയ്യുമ്പോള്‍ ശരിക്കും ശരീരം പെരുത്തു... കണ്ണുകളില്‍ നിറഞ്ഞ സ്നേഹം പതുക്കെ കവിളുകളില്‍ ചാലുകളായി. കവിത കഴിഞ്ഞപ്പോള്‍ പ്രവാചക തിരുമേനി (സ) തന്റെ മേല്‍മുണ്ടെടുത്ത്‌ കഅബിന് സമ്മാനമായി നല്‍കി... കഅബിന്‌ ലഭിച്ച ഏറ്റവും മൂല്ല്യം കൂടിയ പൊന്നാട.

..........

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം എന്ന ലേഖന പരമ്പരയുടെ ആദ്യഭാഗം ഇവിടെ വായിക്കാം.

2007-ലെ പൂ‍ക്കള്‍ - അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍

മലയാളം ബ്ലോഗില്‍ കവിതയ്ക്ക് ഇപ്പോള്‍ വസന്തമാണ്. പൂക്കള്‍ കൊണ്ടും നിറങ്ങള്‍ കൊണ്ടും തീര്‍ക്കുന്ന വസന്തമല്ല, ആത്മാവില്‍ പോറുന്ന വരികള്‍ കൊണ്ടും മസ്തിഷ്കം തിളയ്ക്കുന്ന വാക്കുകള്‍ കൊണ്ടും കൂടിയാണ് ഈ വസന്തം. വസന്തശില്പികളിലൊരാളായ പ്രമോദിന്റെ 2007-ലെ രചനകളില്‍ പ്രധാനമാണ് അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ ‍ ആറുവര്‍ഷങ്ങള്‍.

......

അവസാനം വണ്ടി കിട്ടി,
ശാരദയുടെ വയറ്റില്‍ നിന്നും
ഞാന്‍ വെളിച്ചത്തേക്ക്.

......

എന്റെ ഉള്ളില്‍
വിപ്ലവം എന്ന സ്വപ്നം.
കയ്യിലൊരു പേന
കണ്ടതെല്ലാം കവിത.

കവിത പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക.

Wednesday, December 12, 2007

2007-ലെ പൂ‍ക്കള്‍ - ഐസിബീന്റെ ചട്ടിപ്പത്തിരി

മൂന്നാം പൂവ്: കോയിക്കോട്ടെ ഐസാന്റെ ബ്ലോഗില്‍ നിന്ന്. പാചകക്കുറിപ്പാന്നു വിചാരിച്ച് വായിച്ചുവന്നപ്പൊ അതാ ഇതുവരെ കണ്ടിട്ടില്ലാത്ത എന്തോ ഒന്ന്.

“കോയിക്കോടന്‍ പലഹാരങ്ങളുടെ ലാജാവാകുന്നു ചട്ടിപ്പത്തിരി. ഏതു പിയാപ്ലയും വീട്ടില്‍ കേറുമ്പം അമ്മായി ചായക്ക് കടി വെളമ്പുമ്പം അവ്വലു സ്ഥാനത്ത് ചട്ടിപ്പത്തിരി ഇണ്ടാകും. നല്ല കുഫു ഒത്ത ചട്ടിപ്പത്തിരി ഇണ്ടാക്കാന്‍ പഠിച്ചാല്‍ ഒരു ഒത്ത ബീടര് ആവാനുള്ള പൈതി പരിവാടി കയിഞ്ഞ്“.

....

തുടര്‍ന്നു ബായിക്കി.. ബ്ബടെ.

Tuesday, December 11, 2007

2007-ലെ പൂ‍ക്കള്‍ - മനുവിന്റെ ഇന്ദു ചൂടാമണി

രണ്ടാം പൂവ്: ഒരു പഴയ പഞ്ചാരയുടെ മധുരമുള്ള പരലുകള്‍ പറ്റിപ്പിടിച്ചിരിക്കുന്ന സുന്ദരമായ ഒരോര്‍മ്മക്കുറിപ്പ്, ബ്രിജ് വിഹാരം മനുവിന്റെ (മനു ഗോപാലിന്റെ) ഇന്ദു ചൂടാമണിയില്‍ നിന്നും ...


സന്ധ്യ ഇളംകറുപ്പു കച്ച അണിഞ്ഞുതുടങ്ങി.. ഇളം കാറ്റ്‌ ഇന്ദുവിന്‍റെ മുടികളെ തൊട്ടുകളിയാക്കി പറന്നു.
ജിമുക്ക ഇളക്കത്തില്‍ കുസൃതിക്കണ്ണുകള്‍ പറ്റിപ്പിടിച്ചിരിന്നു..പറിഞ്ഞു പോകാതെ..


....

എവിടെ നിന്നോ ഒരു നനുത്ത ചാറ്റല്‍ മഴ...

കോന്നിപ്പാലത്തെത്തി.

അച്ചന്‍കോവിലാറ്‍ ഇരുണ്ടൊഴുകുന്നു..

ആറ്റുവഞ്ചികള്‍ ഉലഞ്ഞുലഞ്ഞു വെള്ളത്തിലേക്ക്‌ പൂക്കളിറിത്തിടുന്നു...

"ഇന്ദൂ... നിന്നെ ഞാനങ്ങു പ്രണയിച്ചാലോ എന്ന് ആലോചിക്കുവാ. വാട്ടീസ്‌ യുവര്‍ ഒപീനിയന്‍... "

"നല്ല ഒപീനിയന്‍..പ്രണയിച്ചോ.. അതിനാരുടേം സമ്മതം വേണ്ടല്ലോ.. "

"അല്ല... ഈ വണ്‍വേ ട്രാഫിക്കില്‍ എനിക്ക്‌ താല്‍പര്യം പണ്ടുതൊട്ടേയില്ല.... ഞങ്ങള്‍ കൊച്ചുപുത്തന്‍വീട്ടുകാര്‍ ഭയങ്കര സ്റ്റ്രയിറ്റ്‌ ഫോര്‍വേഡ്‌ ആള്‍ക്കാരാ അസ്‌ യു മേ അവയര്‍.... "


....


"അതല്ലേ ഇന്ദൂ...ഈ ജീവിതത്തിന്‍റെ കെമിസ്ട്രി.. എല്ലാരോടും മിണ്ടി..എല്ലാത്തിനേം സ്നേഹിച്ച്‌..അങ്ങനെ അങ്ങനെ.. കനകാംബരത്തോടും, കര്‍പ്പൂരച്ചെടിയോടും, എന്തിനു കനകമ്മച്ചേച്ചിയോടും കുശലം പറഞ്ഞ്‌.. അങ്ങനെ അങ്ങനെ നടക്കുക... സപ്പോസ്‌, പതിനായിരം വര്‍ഷങ്ങള്‍ക്കു ശേഷം ആരെങ്കിലും എന്‍റെ ഫോസില്‍ കുഴിച്ചെടുക്കുന്നു എന്നു വക്കുക... അന്ന് അതെടുക്കുന്ന ആളോടും എന്‍റെ എല്ലിന്‍ കഷണം ചോദിക്കും.. സുഖമാണോ മാഷേ..... "

"മനൂ...." അതുവരെ കേള്‍ക്കാത്ത ഒരു ടോണ്‍ ആ വിളിയില്‍ ഞാന്‍ കേട്ടു.

"എന്തേ.... "

"ഒന്നുമില്ല.... "


പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍ ഇവിടെ വായിക്കുക

Monday, December 10, 2007

2007-ലെ പൂ‍ക്കള്‍ - കുഴൂരിന്റെ തിരഞ്ഞെടുത്ത കവിത

പൂവ് 1: കുഴൂര്‍ വിത്സണ്‍ എഴുതിയ ഈ ദൈവത്തിന്റെ ഒരു കാര്യം എന്ന കവിത.

............


അദ്യം മരിച്ചാല്
‍നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു

..........

കഴിഞ്ഞ ജന്മത്തില്‍
ക്രിസ്തുമസ്സിന്റെ നാലു നാള്‍ മുന്‍പു
ഒരു വ്യാഴാഴ്ച്ക വൈകുന്നേരം
5.41നു നീയെന്നോട്‌ പറഞ്ഞ
രണ്ടു വരി എനിക്കോര്‍മ്മ വന്നു

അതു പറയാതെ ഞാന്‍ ചിരിച്ചു

നീയെനിക്കു ഒരുമ്മ തന്നു

കുഴൂര്‍ വിത്സണ്‍ എഴുതിയ കവിതയുടെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കുക.

Tuesday, October 30, 2007

കവിത: നിരീക്ഷണങ്ങള്‍ - പരാജിതന്റെ കമന്റ്.

എന്റെ കാഴ്ച്ചപ്പാടില്‍ വന്ന പല ന്യൂനതകള്‍ക്കും കവിതയെ നിര്‍വ്വചിക്കാനുള്ള ശ്രമത്തിനും മറുപടിയായി വന്ന പരാജിതന്റെ കമന്റ് വാലും തലയും കണ്ടിച്ച് ഒരു പോസ്റ്റായി ഇടുന്നു. മുന്‍പത്തെ പോസ്റ്റുമായി ചേര്‍ത്തുവായിക്കാന്‍ താല്പര്യം.
=====

ഇക്കാര്യത്തിലൊക്കെ അന്തിമവാക്കെന്നൊന്ന് ഇല്ലെന്ന് ആര്‍ക്കും പറയാവുന്നതല്ലേ മാഷേ? അതല്ലേ കാലാകാലം ആളുകള്‍ ഇതൊക്കെ തന്നെ പറഞ്ഞു നേരം പോക്കുന്നതും.

കല എന്നത്‌, (അതില്‍ ചിത്രകലയും സിനിമയും സാഹിത്യവുമൊക്കെ പെടുമല്ലോ) അതാതു കാലത്തെ നിര്‍വ്വചനങ്ങളെ അതിജീവിച്ച്‌ മുന്നോട്ടുപോകുമായിരുന്നില്ലെങ്കില്‍ അതിന്‌ നിലനില്‌പേ ഉണ്ടാകുമായിരുന്നില്ല. നിര്‍വ്വചനങ്ങളും അവയുമായി ബന്ധപ്പെട്ട ഭാവുകത്വശീലങ്ങളും കാലഹരണപ്പെടും. കല മുന്നോട്ട്‌ പോകുകയും ചെയ്യും. ഈ മുന്നോട്ടുപോക്കില്‍ സുപ്രധാനമായ റോളുണ്ട്‌ കലാകാരന്‍ (കവിയും) അവനവന്റെ കലയുടെ രൂപത്തില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക്‌.

വൃത്തത്തിലോ താളത്തിലോ എഴുതപ്പെട്ടാല്‍ മാത്രമേ കവിതയാകുകയുള്ളുവെന്നും അത്തരം കൃതികള്‍ക്ക്‌ ഒരു പടി പിന്നിലാണ്‌ ഗദ്യകവിതകളുടെ (?) സ്ഥാനമെന്നുമൊക്കെ കരുതുന്നത്‌ കാലഹരണപ്പെട്ട കാഴ്ചപ്പാടുകളാണ്‌. ഒരാള്‍ വായിക്കുന്ന കവിത അയാളുടെ ഓര്‍മ്മയില്‍ എത്ര കാലം നില നില്‌ക്കുമെന്നതാണോ കവിതയുടെ മഹത്വമളക്കാനുള്ള മാനദണ്ഡം? അങ്ങനെയെങ്കില്‍ ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും മഹത്തായ കവിത
"എല്ലാ നാളും മന്നില്‍ നടപ്പതി-
ലില്ലൊരു കുതുകം നിരുപിച്ചാല്‍
മാനത്തൊന്നു പറക്കാതിങ്ങനെ
ഞാനമരുന്നത്‌ ശരിയാണോ.."
എന്നിങ്ങനെ പോകുന്ന ഒരു കവിതയായിരിക്കണം! കവിത നന്നാകാന്‍ അതു ഈണത്തില്‍ പാടാന്‍ പറ്റുന്നത്‌ പോയിട്ട്‌ ഒരു നാടകഡയലോഗ്‌ ലൈനില്‍ ഉരുവിടാന്‍ പറ്റേണ്ട കാര്യം പോലുമില്ല. (പല തരികിട കവിതകളും ഈണത്തില്‍ ചൊല്ലി ആളെ പറ്റിക്കാം! അത്‌ പലരും തെളിയിച്ചിട്ടുണ്ട്‌.)

അതു പോട്ടെ, കല കാലാതീതമാണെന്നുള്ള കാഴ്ചപ്പാട്‌ തന്നെ ഏതാണ്ട്‌ കാലഹരണപ്പെട്ടു. തന്റെ എഴുത്ത്‌ അനശ്വരതയിലേക്കുള്ള ടിക്കറ്റായി കരുതുന്നില്ല കൊള്ളാവുന്ന ഉത്തരാധുനിക എഴുത്തുകാരന്‍.
"ചത്തടിയട്ടേ കീടകോടികള്‍ക്കൊപ്പം ഞാനും
ഒറ്റനക്ഷത്രം പോലെ നീയുണര്‍ന്നിരിക്കുക."
എന്ന് ഒരു വായനക്കാരന്റെ നേര്‍ക്കും ആശംസ നേരുന്നില്ല പുതിയ എഴുത്തുകാര്‍. ഇതിലും മികച്ച (അഥവാ ഇതില്‍ നിന്നും വ്യത്യസ്തമായ) ഒരു വീക്ഷണം ഭാവിതലമുറ മുന്നോട്ട്‌ വച്ചെന്നിരിക്കാം. അങ്ങനെ വേണം താനും.

കവിതയില്‍ നല്ല കവിതയും ചീത്ത കവിതയുമെന്ന് വേര്‍തിരിച്ചു കാണാന്‍ ഒരു വായനക്കാരനെ സഹായിക്കുന്നത്‌ അവനവന്റെ സെന്‍സിബിലിറ്റി തന്നെ. പക്ഷേ, ആ സെന്‍സിബിലിറ്റി വൃത്തം, താളം, ഭാഷാശുദ്ധി തുടങ്ങിയ ചില ഉപാധികളില്‍ കുടുങ്ങിക്കിടക്കുന്നതാവരുത്‌. ഇക്കാര്യത്തില്‍ ഒരെളുപ്പവഴി പറഞ്ഞു തന്നിട്ടുള്ളത്‌ കമലാദാസാണ്‌. "കവിത നമുക്ക്‌ വേണ്ടി പാകപ്പെടുകയല്ല, മറിച്ച്‌ നമ്മള്‍ കവിതയ്ക്കു വേണ്ടി പാകപ്പെടുകയാണ്‌ വേണ്ടതെ"ന്ന ലൈനില്‍.

Monday, October 29, 2007

ഇമ്പവും താളവുമില്ലാത്ത ഉത്തരാധുനിക കവിത




മലയാളത്തിലെ ആധുനിക കവിതകളെ നോക്കിക്കാണുമ്പോള്‍ പ്രധാനമായും മൂന്നുകാര്യങ്ങളാണ് തോന്നുക

1) വൃത്തങ്ങളുടെ നിരാസം
2) പഴയ തലമുറയുടെ കവിതകളോടുള്ള പുച്ഛം
3) താളബോധത്തെക്കാള്‍ അര്‍ത്ഥത്തിനുള്ള പ്രാധാന്യം

ഇവിടെ കവിതയുടെയും കഥയുടെയും ഓര്‍മ്മക്കുറിപ്പുകളുടെയും ചിന്താശകലങ്ങളുടെയും അകലം ചുരുങ്ങി മങ്ങിയ വരകളാവുന്നു. പലപ്പൊഴും കവിതയെ ഗദ്യത്തില്‍ നിന്നും വേര്‍തിരിക്കുന്ന അതിരുകള്‍‍ പുകപിടിച്ച് കാണാനാവാതാവുന്നു. ഇവിടെയാണ് എന്താണു കവിത, കവിതയെ മറ്റു സാഹിത്യ ശാഖകളില്‍ നിന്നും എന്താണ് വ്യത്യസ്തമാക്കുന്നത് എന്ന ചോദ്യം വരുന്നത്.

“ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്നതാണ് കവിത”

==പ്രകൃതിയിലെ കവിത==
പ്രകൃതിയുടെ ഒരു പ്രത്യേകത താളാത്മകതയാണ്. ഒരു കൊച്ചു കുഞ്ഞിനെയെടുക്കൂ. കരയുമ്പോള്‍ വാരിയെടുത്ത് തോളില്‍ കിടത്തി താളത്തില്‍ കുഞ്ഞിന്റെ ചുമലില്‍ തട്ടിക്കൊടുക്കു. കുഞ്ഞിന്റെ കരച്ചില്‍ കുറുകി ഒരു പരിഭവമായി, പിന്നീട് അതും അലിഞ്ഞ് ഉറക്കമായി മാറുന്നതു കാണാം. താളമില്ലാതെ തട്ടിനൊക്കൂ - മാതാപിതാക്കള്‍ വിവരമറിയും.

ഒരു കുഞ്ഞിനെ ഉറക്കാന്‍ കളിപ്പാട്ടങ്ങള്‍ കിലുക്കിനോക്കൂ. താളത്തില്‍ കിലുക്കുമ്പോഴാവും കുഞ്ഞ് സാകൂതം നോക്കുക. താളബോധം പ്രകൃതിയില്‍ നിന്നാണ്. പരമ്പരാഗതമാണ്. കുയില്‍ കൂവുന്നതിലും കാക്ക കാറുന്നതിലും ചീവീട് കരയുന്നതിലും താളമുണ്ട്. ഒരു മുറമെടുത്ത് അരി പാറ്റുന്നതില്‍ താളമുണ്ട്.

എഴുത്തില്‍ താളബോധം നിലനിര്‍ത്താന്‍ രൂപീകരിച്ച ഉപകരണങ്ങള്‍ മാത്രമാണ് വൃത്തങ്ങള്‍ (metre). വൃത്തങ്ങളില്ലാതെയും കവിതയെഴുതാം. കേരളത്തിലെ നാടോടിപ്പാട്ടുകള്‍, ആദിവാസികളുടെ പാട്ടുകള്‍, പാണന്‍പാട്ടുകള്‍, പുള്ളുവന്‍പാട്ടുകള്‍ ശ്രദ്ധിക്കുക. മഹത്തായ കവിതകളാണ് അവ. അവയില്‍ താളബോധമുണ്ട്. ഇമ്പമുണ്ട്. മനുഷ്യന്റെ പ്രാകൃത സമൂഹങ്ങളില്‍ പോലും താളമുണ്ട്. ആദിവാസി നൃത്തസംഗീത രൂപങ്ങള്‍ ശ്രദ്ധിക്കുക. ആ താളബോധത്തില്‍ ആശയങ്ങള്‍ ഉരുക്കിച്ചേര്‍ക്കുമ്പോഴാണ് കവിത ജനിക്കുന്നത്. താളം പ്രകൃതിയില്‍ നിന്നാണ്. താളം മനുഷ്യനില്‍ അന്തര്‍ലീനമാണ്. ഒരേ ആവൃത്തിയില്‍ കവിതയുമായി മനുഷ്യമനസ്സ് സ്പന്ദിക്കുമ്പോഴാണ് കവിത ഉദാത്തമാവുന്നത്, കവിത മനുഷ്യമനസ്സില്‍ തങ്ങിനില്‍ക്കുന്നത്.

കടമ്മനിട്ടയുടെ കുറത്തിയും ചുള്ളിക്കാടിന്റെ മനുഷ്യന്റെ കൈകള്‍ എന്ന കവിതയും ഇവിടെ ഉദാഹരണങ്ങളായി ഓര്‍മ്മവരുന്നു.

ആശയങ്ങളെ പകര്‍ത്തിയെഴുതി വാക്യങ്ങളെ മുറിച്ചുവെച്ച് അവ വായനക്കാരന്റെ മനസ്സില്‍ ഒരു ആഘാതം ഉണ്ടാക്കുന്ന വിധത്തില്‍ രചിച്ച്‍ അവയെ ആധുനിക കവിത എന്ന് നാം പലപ്പൊഴും വിളിക്കുന്നു. ഈ കവിതകള്‍ നിലനില്‍ക്കാനുള്ള സാദ്ധ്യത കുറവാണ്. താളബോധമില്ലായ്മ, ഒരേ ആവൃത്തിയില്‍ സ്പന്ദിക്കുവാനുള്ള കഴിവില്ലായ്മ (inability to resonate) - ഇതൊക്കെ കവിതയെ പ്രതികൂലമായി ബാധിക്കും.

കഥകളും കവിതകളും തമ്മിലുള്ള വ്യത്യാസവും ഇവിടെയാണുള്ളത്. കവിത - അതിന്റെ താളക്രമം കൊണ്ട് അനുവാചക ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്നു. പല വരികളും ഒന്നോ രണ്ടോ തവണ കേട്ടതിനു ശേഷം / വായിച്ചതിനു ശേഷം വര്‍ഷങ്ങളോളം നിങ്ങളുടെ ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്നതു കാണാം. വിദ്യാലയത്തില്‍ വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പേ പഠിച്ച പല കവിതകളും ഇന്നും ഭാഗികമായെങ്കിലും ആവര്‍ത്തിക്കാന്‍ കഴിയുന്ന പലരെയും, ഞാനുള്‍പ്പെടെ - ഞാന്‍ കണ്ടിട്ടുണ്ട്. കഥകള്‍ക്കും മറ്റ് സാഹിത്യ രൂപങ്ങള്‍ക്കും ഈ ശേഷി ഇല്ല. കവിതയുടെ താളബോധമാണ് കവിതയ്ക്ക് ഈ ദീര്‍ഘായുസ്സ് (longitivity) കൊടുക്കുന്നത്. പണ്ടുവായിച്ച കഥകളെക്കുറിച്ച് ചോദിച്ചാല്‍ ചിലപ്പോള്‍ കഥയുടെ ആശയം / പ്രമേയം ഓര്‍ത്തെടുക്കാന്‍ സാധിക്കും. എന്നാല്‍ ഒന്നോ രണ്ടോ വരികള്‍ ഓര്‍ത്തെടുക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടും. കവിതയെ കഥയെക്കാളും ഉപന്യാസത്തെക്കാളും ഒരു തട്ട് മുകളിലേയ്ക്ക് ഉയര്‍ത്തുന്നത് ഈ താളക്രമമാണ്. ഇതുകൊണ്ടാണ് നാടകാന്തം കവിത്വം എന്നുപറഞ്ഞ് കവിതയെ മറ്റുസാഹിത്യരൂപങ്ങളെക്കാള്‍ ഒരുതട്ട് മുകളില്‍ പ്രതിഷ്ടിക്കുന്നത്. ഇതാണ് ഇന്ന് ഉത്തരാധുനികതയില്‍ നഷ്ടപ്പെടുന്നതും.

വൃത്തങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും അവയുടേതായ ദോഷങ്ങളുമുണ്ട്. വൃത്തങ്ങളും അലങ്കാരങ്ങളും മലയാള കവിതയില്‍ കടന്നുവന്നതിന്റെ പ്രധാന ദോഷം വൃത്തമൊപ്പിക്കാന്‍ വാക്കുകളുടെ ഒഴിയാത്ത ഒരാവനാഴി വേണ്ടിവരുന്നു എന്നതാണ്. ഇതിനായി പലപ്പൊഴും സംസ്കൃതത്തില്‍ നിന്നും വാക്കുകള്‍ കടമെടുക്കേണ്ടി വരികയും പല പുതിയ വാക്കുകളും നിര്‍മ്മിക്കേണ്ടി വരികയും ചെയ്യുന്നു. ഇതിന്റെ പ്രധാന ദോഷം കവിത എഴുതാന്‍ അഗാധമായ പാണ്ഠിത്യം, പ്രത്യേകിച്ച് സംസ്കൃത പ്രാവീണ്യം, വേണ്ടി വരുന്നു എന്നതാണ്. പാണ്ഠിത്യം, പ്രത്യേകിച്ച് സംസ്കൃത പ്രാവീണ്യം, മേല്‍ജാതികളുടെ പൈതൃകമായിരുന കാലഘട്ടങ്ങളില്‍ കവിത ചില സമുദായങ്ങളില്‍ മാത്രം ഒതുങ്ങിനിന്നത് സ്വാഭാവികം. എന്നാല്‍ കവിതയ്ക്ക് കഥയില്‍ നിന്നോ ഉപന്യാസത്തില്‍ നിന്നോ വ്യത്യസ്തമായി ഒരു വേറിട്ട വ്യക്തിത്വം, താളാത്മകമായ ഒരു ചട്ടക്കൂട്, നല്‍കുവാന്‍ വൃത്തങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും കഴിഞ്ഞു.

എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. വിവരസാങ്കേതികവിദ്യയുടെ പ്രധാന ഗുണം വിവരങ്ങളുടെ സാര്‍വ്വികമായ ലഭ്യതയാണ്. എങ്കിലും വൃത്തമൊപ്പിച്ച് കവിതയെഴുതണമെന്നില്ല. എന്നാല്‍ താളമൊപ്പിച്ച് എഴുതണം. താളമില്ലാതെയും എന്തും കുറിച്ചുവെച്ചൂടേ എന്ന് ചോദിക്കാം - ആവാം, എന്നല്‍ അതിനെ കവിത എന്നു വിളിക്കരുത് എന്നേയുള്ളൂ. ചിന്താശകലങ്ങള്‍ എന്നോ നവ ചിന്ത എന്നോ കൊളാഷ് എന്നോ അല്ലെങ്കില്‍ ഇതുവരെ ഇല്ലാത്ത അതിനൂതനമായ ഒരു പദം കൊണ്ടോ അതിനെ വിശേഷിപ്പിച്ചുകൊള്ളൂ. എന്നാല്‍ അവള്‍ക്ക് കവിതയെന്ന് പേരിടരുത്.

ഉത്തരാധുനികത എന്നപേരില്‍ എഴുതിക്കൂട്ടുന്നതില്‍ താളബോധമില്ലായ്മയുടെ, സൌന്ദര്യദര്‍ശനമില്ലായ്മയുടെ, ആയിരം ഉദാഹരണങ്ങള്‍ - ബ്ലോഗിലും പുറത്തും - അനായാസം ചൂണ്ടിക്കാണിക്കാം.

==പഴയ തലമുറയുടെ സൃഷ്ടികളുടെ നിരാസം==

പഴയകവിത - ചില സമുദായങ്ങളില്‍ തങ്ങിനിന്നു എന്നുപറഞ്ഞെങ്കിലും അവ കാലം എന്ന അരിപ്പയിലൂടെ കടന്നുപോയതാണ്. പാലാ നാരായണന്‍‌നായരുടെ പ്രാധാന്യമല്ല വള്ളത്തോളിന്. കാലം എപ്പൊഴും നല്ലതിനെ അടുത്ത തലമുറയിലേയ്ക്ക് കടത്തിവിടുകയും ചീത്തയെ അരിച്ചുകളയുകയും ചെയ്യുന്നു. സാഹിത്യത്തിലും കലയിലും സൌന്ദര്യശാസ്ത്രത്തിലുമെങ്കിലും ഈ നിയമം ബാധകമാണ്. പഴയതിനെ പാടേ നിരാകരിച്ചുകൊണ്ടല്ല പുതിയ കവിത വരേണ്ടത്. പഴമയിലെ നന്മയെ പൊക്കിള്‍ക്കൊടിയിലൂടെ ആവോളം സ്വാംശീകരിച്ചുകൊണ്ടുവേണം പുതിയ കവിത ജനിക്കേണ്ടത്. പഴയ കവിതയുടെ മുലപ്പാല്‍ നുകര്‍ന്നുകൊണ്ടുവേണം പുതിയ കവിത വളരേണ്ടത്. പഴയ കവിതയുടെ ഉന്നതശിഖരങ്ങളില്‍ കയറിനിന്നുകൊണ്ടാവണം പുതിയ കവിത കൂവേണ്ടത്. ചുരുങ്ങിയപക്ഷം പഴയവയെ തിരുത്തുമ്പോള്‍ - തച്ചുടയ്ക്കരുത്, തിരുത്തുകയേ ആകാവൂ - അവയെ നന്നായി മനസ്സിലാക്കി തിരുത്താന്‍ ശ്രമിക്കൂ. ഒരു കൊടുങ്കാട് ചുട്ടെരിച്ച് പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കരുത്. തറവാട് പൊളിച്ചടുക്കിയല്ല പുതിയ സൌധങ്ങള്‍ പണിയേണ്ടത്. പഴയ തലമുറയുടെ കവിതകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യവും ആദരവും കൊടുക്കൂ. modernization (നവീകരണം) എന്നത് ലോകത്തില്‍ കലയില്‍ മാത്രമല്ല, ശാസ്ത്രം, സംസ്കാരം, ജീവിതരീതി തുടങ്ങി എല്ലാ തുറകളിലും നടക്കുന്ന ഒരു പ്രക്രിയയാണ്. അത് പഴയകാര്യങ്ങളെ കൂടുതല്‍ നന്നാക്കാനുള്ള ഒരു മുന്നോട്ടുള്ള കാല്‍‌വെപ്പ് (improvement) ആണെന്നുകാണാം. ഒരിക്കലും തച്ചുടയ്ക്കലും പുനര്‍നിര്‍മ്മാണവും അല്ല.

==ദ്രാവിഡ കവിത, ആഫ്രിക്കന്‍ കവിത, നവകവിത==

കവിതയും മറ്റു കലാരൂപങ്ങളെപ്പോലെ കാലഘട്ടത്തിന്റെയും സാമൂഹിക പരിതസ്ഥിതിയുടെയും സൃഷ്ടിയാണ്. ഏതൊരു കലാരൂപവും പോലെ കവിതയും കവി കാണുന്നതും കേള്‍ക്കുന്നതുമായ ലോകത്തോടുള്ള കവിയുടെ സംവാദമാണ്. താന്‍ അനുഭവിക്കുന്ന ലോകത്തോടുള്ള, പരിതസ്ഥിതികളോടുള്ള, കവിയുടെ കിന്നാ‍രങ്ങളും കുറുകലുകളും പരിഭവങ്ങളും വേദനകളും നിലവിളികളും കുസൃതികളും പ്രണയങ്ങളുമാണ്. മുന്‍പത്തെ കാലഘട്ടത്തില്‍ കവികള്‍ പ്രതികരിച്ചത് പാരതന്ത്ര്യത്തോടും സാമൂഹിക ഉച്ചനീചത്വത്തോടും അടിമത്തത്തോടും വര്‍ണ്ണവിവേചനത്തോടും വിശപ്പിനോടും ദൈവശാസ്ത്രത്തോടുമാണെങ്കില്‍ ഇന്നത്തെ പരിതസ്ഥിതി ഒരു കലാകാരനു കാഴ്ച്ചവയ്ക്കുന്ന പരിതസ്ഥിതികളും പ്രതിസന്ധികളും ചോദ്യങ്ങളും വിഭിന്നമാവാം. സംവേദനശേഷി നഷ്ടപ്പെട്ട് ഉറഞ്ഞുപോയ മനുഷ്യമനസ്സ്; സ്നേഹം എന്ന വികാരം മരിച്ച് ലൈംഗീകത, ഉപകാരലബ്ധി, ഉപയുക്തത, തുടങ്ങിയ പല വികാരങ്ങളായി പകുത്തുപോയത്; മെഴുകുപോലെ മനസ്സിനെയും സമൂഹത്തെയാകെയും വളയ്ക്കുന്ന സ്ഥാപിത താല്പര്യങ്ങള്‍; ചീയുന്ന രാഷ്ട്രീയം; തുടങ്ങി സമൂഹത്തിന്റെ വ്യഥകള്‍ എന്തുമാവാം. ഇവിടെ കവിതയ്ക്ക് ഓരോ കാലഘട്ടവും ഓരോ സംസ്കൃതിയും അതിന്റേതായ വിഷയങ്ങള്‍ പ്രദാനം ചെയ്യുന്നു. ആഫ്രിക്കന്‍ കവിതയും ദ്രാവിഡകവിതയും ജാപ്പനീസ് കവിതയും ഇതുകൊണ്ടുതന്നെ വ്യത്യസ്തമാവും.

എന്നാല്‍ ആഫ്രിക്കയിലെയും ആസ്ത്രേലിയയിലെയും കേരളത്തിലെയും ജനങ്ങളെ ബന്ധിക്കുന്ന ഒന്നുണ്ട് - മാനവികത. പെറ്റുവീണയുടനെ കരയണം എന്നുപഠിപ്പിച്ച മാനവികത. ഇരുട്ടിനെ ഭയപ്പെടണം, ഇടയ്ക്കൊക്കെ ചിരിക്കണം, പ്രണയിക്കണം, എന്നുപഠിപ്പിച്ച മാനവികത. വഴിയില്‍ ഒരു അപകടം കാണുമ്പോള്‍ ഞെട്ടുന്ന, ഓരോ മരണവാര്‍ത്തയിലും അസ്വസ്ഥമാവുന്ന, എപ്പൊഴെങ്കിലും ഒരു തെറ്റുചെയ്യുമ്പോള്‍ കുറ്റബോധമായി കുത്തുന്ന, അപരനോട് കരുണാര്‍ദ്രമാവുന്ന മാനവികത. ഇതിനു സാമൂഹികമായ വേലിക്കെട്ടുകളില്ല. കാലത്തിന്റെ അതിരുകളുമില്ല. പ്രകൃതിയില്‍ പരിണാമം വളരെ പതുക്കെ നടക്കുന്ന ഒരു പ്രക്രിയയാണ്. ഈ മാനവികതയില്‍ മാറ്റങ്ങള്‍ വരാന്‍ കാലങ്ങളെടുക്കും. അതുകൊണ്ടുതന്നെ ആഫ്രിക്കന്‍ കവിതയും ജാപ്പനീസ് കവിതയും ഒക്കെ - അറിയാതെയെങ്കിലും ഈ മാനവികതയെ പ്രകാറിപ്പിക്കുമ്പോള്‍ - അനശ്വരമാവുകയും ചെയ്യും. ചില സൃഷ്ടികള്‍ അങ്ങനെയാണ് - മാനവികതയിലെ ചില ഭാവങ്ങളുമായി ഒരേ ആവൃത്തിയില്‍ സ്പന്ദിക്കും. ആ സ്പന്ദനം, ആ ഇമ്പം - കലാദേശങ്ങളെ കടന്ന് അനശ്വരവും സാര്‍വ്വലൌകീകമാവുകയും ചെയ്യും.

==സംഗ്രഹം==
ഈ കുറിപ്പില്‍ രണ്ടോ മൂ‍ന്നോ ആശയങ്ങളെ പ്രതിപാദിക്കാന്‍ ശ്രമിച്ചു. പ്രധാനമായും
1) കവിതയ്ക്ക് താളം വേണം, ഇമ്പം വേണം. താളബോധമില്ലാതെ എഴുതുന്നത് കവിതയല്ല.
2) പഴയ കവിതകളുടെ നിരാസം നന്നല്ല.
3) സൃഷ്ടികള്‍ ചില പ്രത്യേക ആവൃത്തികളില്‍ കാലദേശാതിവര്‍ത്തികളാവുന്നു.

ഇതേ സന്ദേശവുമായി ഞാന്‍ വിട്ടുപോയ പല ആശയങ്ങളും അനംഗാരിയുടെ പോസ്റ്റില്‍ ഉണ്ട്. അതും കൂടി വായിക്കുവാന്‍ താല്പര്യം.

Friday, October 19, 2007

ബ്ലോഗിലെ പക്ഷപാതം - എന്ത് പക്ഷപാതം?

സാബു പ്രയാറിന്റെ രണ്ട് ലേഖനങ്ങളാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയ ബ്ലോഗെഴുത്തുകാര്‍ക്ക് ഉണ്ടായേക്കാവുന്ന ചില തെറ്റിദ്ധാരണകള്‍ തിരുത്താനാണ് ഈ പോസ്റ്റ്.

ഈയുള്ളവന്‍ ബ്ലോഗ് തുടങ്ങിയിട്ട് ഇന്നേയ്ക്ക് 19 ദിവസങ്ങള്‍ ആവുന്നു.
പോസ്റ്റിടുന്ന ദിവസങ്ങളില്‍ നൂറോളം വായനക്കാര്‍. ചില ദിവസങ്ങളില്‍ നൂറ്റിമുപ്പതോളം. വാരഫലങ്ങള്‍ ദുര്യോധനനെക്കുറിച്ച് എഴുതി. കുറെപ്പേര്‍ വിമര്‍ശിച്ചു. 12 ദിവസം ട്രാക്ക് ചെയ്തപ്പോള്‍ മാത്രം 700-ഓളം വായനക്കാര്‍. വിമര്‍ശനത്തില്‍ നിന്നും പല കാര്യങ്ങളും പഠിച്ചു. പ്രോത്സാഹനത്തില്‍ നിന്നും ഊര്‍ജ്ജം നുകര്‍ന്നു. ചിലപ്പോഴൊക്കെ ബ്ലോഗ് പൂട്ടിപ്പോവാന്‍ തോന്നി. ചിലപ്പോഴൊക്കെ വളരെ സന്തോഷം തോന്നി.

എന്ത് പക്ഷപാതം? എനിക്കു മനസിലാവുന്നില്ല.

പഴയ എഴുത്തുകാരുടെ നല്ല രചനകളും മോശം രചനകളും ഉണ്ട്. രചനകള്‍ മോശമായാല്‍ കമന്റുകള്‍ കുറയും. നന്നായാല്‍ കമന്റുകള്‍ കൂടും. ഇതൊക്കെ സ്വാഭാവികമാണ്. നൂറ്റമ്പതോളം രചനകള്‍ എഴുതിയ ബെര്‍ളിയുടെ പുതിയ പോസ്റ്റിലെ കമന്റുകളുടെ എണ്ണം നോക്കൂ.

ഞാന്‍ ചിന്തയുടെ ബ്ലോഗ് റോള്‍ നോക്കിയാണ് ബ്ലോഗ് വായിക്കുന്നത്. സമയം പരിമിതമായതുകൊണ്ട് മുന്‍പ് നല്ല കഥകള്‍ / കവിതകള്‍ എഴുതുന്നു എന്നുതോന്നുന്ന ആള്‍ക്കാരുടെ കൃതികള്‍ തിരഞ്ഞു വായിക്കുന്നു. അറിയാത്ത ആള്‍ക്കാരുടെ കൃതികള്‍ മിക്കപ്പൊഴും നോക്കാറില്ല. ഇടയ്ക്കു മാത്രം കണ്ടിട്ടില്ലാത്ത പേരുകളും നോക്കുന്നു. കൂടുതലും മുന്‍പ് കണ്ടിട്ടുള്ള പേരുകള്‍ ആണ് നോക്കുക. എങ്കിലും ഒരാളുടെ ഒരു കൃതി വളരെ നന്നായി എന്നുതോന്നിയാല്‍ പിന്നീടു വരുന്ന കൃതികളും വായിക്കുന്നു. ചിലര്‍ പറഞ്ഞറിഞ്ഞ് നല്ല കൃതികള്‍ വായിക്കുന്നു. ചിലപ്പോള്‍ എന്റെ പോസ്റ്റില്‍ ഇടുന്ന കമന്റുകള്‍ വായിച്ച് അതിശയിച്ചുതന്നെ ചിലരുടെ ബ്ലോഗിലേയ്ക്കു പോവുന്നു. (ഉദാ: മുടിയനായ പുത്രന്‍, പേര് പേരക്ക, കുഞ്ഞന്‍) ഇതെല്ലാം മനുഷ്യ മനശാസ്ത്രമല്ലേ? സോഷ്യോളജിയിലെ നിയമങ്ങള്‍ അല്ലേ? എന്റെ ബ്ലോഗില്‍ കമന്റിടുന്ന പലരുടെയും രചനകള്‍ വായിക്കുന്നു. ചിലപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും പുറം ചൊറിയുന്നു, പ്രോത്സാഹിപ്പിക്കുന്നു. പോക്കറ്റുകള്‍ ഉണ്ടാവുന്നത് സോഷ്യോളജിയുടെ ഭാഗമാണ്. ബിംബങ്ങള്‍ ഉണ്ടാവുന്നതും സോഷ്യോളജിയുടെ ഭാഗമാണ്. പത്രത്തില്‍ പിണറായി വിജയന്റെ കമന്റ് ഒന്നാം പേജിലും രാജേഷിന്റെ കമന്റ് അകത്തെ പേജിലും വരുന്നതില്‍ രാജേഷ് പക്ഷപാതം ആരോപിക്കാന്‍ പാടില്ല. നാളെ രാജേഷും വളര്‍ന്ന് പിണറായി ആയേക്കാം - കഴിവുള്ളവനാണെങ്കില്‍. ബ്ലോഗ് സമൂഹമാണ്. ഒരു സാമൂഹിക സംവേദന പ്രക്രിയയാണ്. സമൂഹത്തിന്റെ നിയമങ്ങള്‍ എല്ലാം തന്നെ ബ്ലോഗിലും ബാധകമാണ്. ഇതില്‍ സോഷ്യലിസം കൊണ്ടുവരാന്‍ പറ്റില്ല. അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല.

പുതിയ എഴുത്തുകാര്‍ ക്ഷമകാണിക്കൂ, നിരന്തരം നല്ല രചനകള്‍ എഴുതൂ എന്നാണ് എനിക്കു പറയാനുള്ളത്. രചനകള്‍ നല്ലതാണെങ്കില്‍ എന്തായാലും വായനക്കാര്‍ തേടിയെത്തും. വജ്രങ്ങള്‍ ഏതു ചപ്പുചവറുകളുടെ ഇടയിലും തിളങ്ങും. ഇതാ ഒരു ഉദാഹരണം. ഇപ്പോള്‍ പഴമക്കാര്‍ എന്നുതോന്നുന്ന പലരും പണ്ട് പുതുമക്കാര്‍ ആയിരുന്നു. ഇനി ഒരുപാടു നാള്‍ നന്നായി എഴുതിയിട്ടും ആരും വായിക്കുന്നില്ല, തിരിഞ്ഞുനോക്കുന്നില്ല എന്നു തോന്നുന്നെങ്കില്‍ അനുവാചകനു വായിക്കുന്നവ ഇഷ്ടപ്പെടുന്നില്ല എന്നുതന്നെ കണക്കുകൂട്ടിയാല്‍ മതി.

പുതിയ ബ്ലോഗ് എഴുത്തുകാരോട് ഇത്രയുമേ പറയാനുള്ളൂ
1) ക്ഷമ കാണിക്കുക.
2) എഴുത്തില്‍ ആത്മാര്‍ത്ഥത കാണിക്കുക. നിലവാരം പുലര്‍ത്തുക.

സ്വയം എഴുതിയ രചനകള്‍ വളരെ നന്നായി എന്നു തോന്നുകയാണെങ്കില്‍, വായിക്കുമ്പോള്‍ സന്തോഷം തോന്നുകയാണെങ്കില്‍, മറ്റുള്ളവര്‍ക്കും ഇന്നല്ലെങ്കില്‍ നാളെ അത് തോന്നിക്കൊള്ളും. അല്‍പ്പം സമയം കൊടുക്കൂ. താഴെ തീപൂട്ടുമ്പോള്‍ തന്നെ കലത്തില്‍ വെള്ളം തിളയ്ക്കണം എന്നു വാശിപിടിക്കരുത്. തീയ്ക്ക് ചൂടുണ്ടെങ്കില്‍ വെള്ളം തിളച്ചോളും.

==പ്രതിഭയ്ക്ക് കുറുക്കുവഴികളില്ല==
വിശ്വസാഹിത്യത്തിലെ പ്രതിഭകളെ നോക്കൂ. അവരുടെ കൃതികള്‍ വജ്രം പോലെ തിളങ്ങുന്നത് മിക്കപ്പൊഴും നിരന്തരമായ വായനയുടെ ഫലമാണ്. ലോകത്തിലെ ഏറ്റവും നല്ല കവി ആവണം, ഏറ്റവും നല്ല കൃതികള്‍ എഴുതണം എന്ന് ആഗ്രഹിച്ച ആളാണ് ജോണ്‍ മില്‍ട്ടണ്‍. അരണ്ട വെളിച്ചത്തിലും തിരിയും പന്തവും കത്തിച്ചുവെച്ച് രാവും പകലും വായിച്ചുവായിച്ച് മില്‍ട്ടന്റെ കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. ആ വേദനയില്‍ മില്‍ട്ടണ്‍ പാരഡൈസ് ലോസ്റ്റ് എഴുതി.

ചിന്തയുടേ ഉദ്ദീപ്തതകൊണ്ടുമാത്രം എഴുത്തു നന്നാക്കുന്നവരും ഉണ്ട്. ആനന്ദിന്റെ കൃതികള്‍ നോക്കുക. ഗഹനമായ ചിന്തകള്‍ എല്ലാ ഗ്രന്ഥങ്ങളിലും കാണാം. പലപ്പൊഴും ഒരു പ്രഭാഷണത്തിന്റെ സ്വഭാവം വരുന്നെങ്കിലും. എയ്ന്‍ റാന്റെ കൃതികള്‍ ജനങ്ങള്‍ വായിക്കുന്നതും ചിന്തയുടെ വൈവിദ്ധ്യം കൊണ്ടാണ്. (എയ്ന്‍ റാനെക്കുറിച്ച് എനിക്ക് വലിയ അഭിപ്രായം ഇല്ല)

അനുഭവങ്ങള്‍ കൊണ്ട്, ജീവിതം ഒരു തീച്ചൂളയായ്ത്തന്നെ അനുഭവിച്ച് എഴുതുന്നവരും ഉണ്ട്. ബഷീര്‍ - ഇന്ത്യമുഴുവന്‍ ചുറ്റിസഞ്ചരിച്ചു. പട്ടിണികിടന്നു. വേദനകള്‍ അറിഞ്ഞുതന്നെ എഴുതി. അനുഭവം ഇല്ലാത്തവന്‍ എഴുതരുത് എന്ന് ബഷീര്‍ സധൈര്യം പറഞ്ഞു.

മറ്റ് സുകുമാര കലകളെപ്പോലെ സാഹിത്യവും ഒട്ടൊക്കെ സാധനയാണ്. പരിശ്രമത്തിനു കുറുക്കുവഴികളില്ല. വായന, അനുഭവങ്ങള്‍, ചിന്തകളുടെ ആഴം, അവ പ്രതിഫലിപ്പിക്കാനുള്ള കഴിവ്, തുടങ്ങിയവയ്ക്ക് കുറുക്കുവഴികളില്ല. എങ്കിലും ഒരു പാട്ടും പഠിക്കാതെ തന്നെ എസ്.പി. ബാലസുബ്രമണ്യം മഹാനായ പാട്ടുകാരനായി. ശാസ്ത്രീയസംഗീതം കലര്‍ന്ന പാട്ടുകള്‍ പാടുന്നു. എല്ലാത്തിലും പോലെ, ഇവിടെയും നിയമങ്ങളും നിയമങ്ങള്‍ക്ക് അപവാദങ്ങളും ഉണ്ട്.

(ജാമ്യം: ഇത് ബ്ലോഗില്‍ കഥയെഴുതുന്നവരെ കുറിച്ചാണ്. കവിത / രാഷ്ട്രീയം / വിവാദങ്ങള്‍ തുടങ്ങിയവ എഴുതുന്നവര്‍ക്ക് ഇതെല്ലാം ബാധകമാവണമെന്നില്ല).

Wednesday, October 17, 2007

അനോണി ആന്റണി, സുരേഷ് ഐക്കര, രാമനുണ്ണി - വിമര്‍ശനം

ആഴമുള്ള ചിന്തകളെ നിത്യജീവിതത്തിലെ സരസ സംഭവങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്ലോഗുകളാണ് അനോണി ആന്റണിയുടെ ബ്ലോഗ് പോസ്റ്റുകള്‍. ബ്ലോഗില്‍ ചിന്തകള്‍ മഞ്ചാടിക്കുരുപോലെ വാരി വിതറുന്ന മറ്റൊരു ബ്ലോഗറാണ് സുരേഷ് ഐക്കര. പഴമയുടെ നറുമണമുള്ള ചെറിയ നര്‍മ്മകഥകള്‍ കൊണ്ട് ബ്ലോഗ് ജീവിതം സന്തുഷ്ടമാക്കുന്നു ശ്രീ. രാമനുണ്ണി മാഷ്.

ഇവിടെ മൂന്നുപേരെയും ഞാന്‍ കൂട്ടിക്കെട്ടിയത് ഒരു കാര്യത്തില്‍ ഉള്ള എതിര്‍പ്പുകൊണ്ടാണ്. മൂന്നുപേരുടെയും രചനകള്‍ ശ്രദ്ധിച്ചാല്‍ ആദ്യം തോന്നുന്നത് - എന്തേ പോസ്റ്റുകള്‍ക്ക് / കഥകള്‍ക്ക് വലിപ്പം കുറഞ്ഞുപോവുന്നു എന്നതാണ്. ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കുട്ടിക്കഥകള്‍ മതിയാവാം. എങ്കിലും ആശയങ്ങള്‍ അനുവാചക ഹൃദയത്തില്‍ തങ്ങിനില്‍ക്കണമെങ്കില്‍, ഒട്ടെങ്കിലും സ്ഥായിയായ ഒരു അനുഭവം ഉണ്ടാക്കണം എങ്കില്‍, കഥകളുടെ വലിപ്പവും ഒരു പ്രധാന ഘടകമാണ്. ഒരു കഥയുടെ പശ്ചാത്തലം അനുവാചക ഹൃദയത്തില്‍ സൃഷ്ടിക്കുവാനും ആ പശ്ചാത്തലത്തിലേയ്ക്ക് കഥാപാത്രങ്ങളെ ഇറക്കുവാനും കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുവാനും ഒക്കെ അല്‍പ്പമെങ്കിലും സ്ഥലം വേണം. മാധവിക്കുട്ടി, സി.വി. ശ്രീരാമന്‍, പത്മരാജന്‍, തുടങ്ങിയവരുടെ രചനകള്‍ നോക്കിയാല്‍ ഇവയിലും നമ്മള്‍ ഓര്‍ത്തിരിക്കുന്ന കഥകള്‍ അല്‍പ്പം വലിപ്പമുള്ള കഥകള്‍ തന്നെ എന്നുകാണാം. മാധവിക്കുട്ടിയുടെ “രുഗ്മിണിക്കൊരു പാവക്കുട്ടി” എന്ന കഥ - ഏകദേശം മുപ്പതു പേജോളം വരും ആ കഥ. അതിനെ ചുരുക്കി അരപ്പേജില്‍ എഴുതിയാല്‍ അതൊരിക്കലും വായനക്കാരനോട് സംവദിക്കില്ല. ആരെങ്കിലും :-) എന്ന് കമന്റിട്ടു പോവുകയേ ഉള്ളൂ. പത്മരാജന്റെ കുഞ്ഞ്, ആലപ്പുഴ, തുടങ്ങിയ കഥകളും കാണുക. ടോള്‍സ്റ്റോയിയുടെ ചെറുകഥകള്‍ നോക്കുക. ഗോഗോളിന്റെ കഥകള്‍ നോക്കുക. വിശ്വസാഹിത്യത്തിലെ അറിയപ്പെടുന്ന ഒട്ടുമിക്ക ചെറുകഥകളും നോക്കുക. എല്ലാ കഥകള്‍ക്കും സാമാന്യ വലിപ്പം കാണാം. മിഴിവുറ്റ ഒരു ചിത്രം വരയ്ക്കുന്നതിനു വലിയ കാന്‍‌വാസ് ആവശ്യമായതുപോലെ തന്നെ മിഴിവുറ്റ കഥകള്‍ക്ക് അതിന്റേതായ വിസ്തൃതിയും ആവശ്യമാണ്. കഥാപാത്രങ്ങള്‍ക്ക് ശ്വസിക്കാന്‍ അല്പം സ്ഥലം ആവശ്യമാണ്.

സുരേഷ് ഐക്കരയുടെ പോസ്റ്റുകളില്‍ പലതും കൂട്ടിക്കെട്ടിയാല്‍ തന്നെ - മുത്തുകള്‍ പെറുക്കി നൂലിട്ടു കൊരുക്കുന്നതുപോലെ നല്ല കഥകള്‍ മെനഞ്ഞുണ്ടാക്കാവുന്നതാണ്. ആ മാലകള്‍ ഏതെങ്കിലും നല്ല കഥാപാത്രങ്ങളുടെ കഴുത്തില്‍ തൂക്കിയാല്‍ മതി. കഥാപാത്രങ്ങള്‍ പോവുന്ന വഴികളിലെ മരങ്ങളില്‍ തൂക്കിയാല്‍ മതി. നല്ല കഥകള്‍ താനേ വന്നുകൊള്ളും. സുരേഷ് ഐക്കര ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നല്ല രചനകള്‍ എഴുതുന്നു എന്ന് കേട്ടറിഞ്ഞു. അവയില്‍ ചിലതെങ്കിലും ഇവിടെയും തൂക്കിയിടൂ. ബ്ലോഗിലും അവ വെളിച്ചം വിതറട്ടെ. ചെറുതെങ്കിലും ഉദ്ബുദ്ധരായ ഒരു കൂട്ടം വായനക്കാര്‍ ബ്ലോഗിലുണ്ട്.

എല്ലാ പോസ്റ്റുകളും വലുതാക്കണം എന്നല്ല എന്റെ അഭിപ്രായം. ഇപ്പോള്‍ തുടരുന്ന ചെറുകഥകള്‍ നിറുത്തണം എന്നുമല്ല. ഇപ്പോള്‍ എഴുതുന്നവ പലതും ചെറുതെങ്കിലും സുന്ദരം തന്നെ. എന്നാല്‍ ഇടയ്ക്കെങ്കിലും രണ്ടോ മൂന്നോ വലിയ കഥകള്‍ ബ്ലോഗില്‍ എഴുതണം എന്നാണ് ഉദ്യേശിക്കുന്നത്. അനോണി ആന്റണിയുടെ റൊമാന്റിക്ക് സറോഗസി ട്രീറ്റ്മെന്റ് എന്ന കഥ ഇതിനു ഒരു നല്ല ശ്രമമാണ്. നല്ല കഥ.

രാമനുണ്ണി മാഷിനോടുള്ള ഒരു പ്രധാന പരാതി മാഷ ഫലിതങ്ങള്‍ മാത്രമേ എഴുതുന്നുള്ളൂ എന്നതാണ്. മാഷിന്റെ വിരല്‍ത്തുമ്പുകളില്‍ ഇനിയും നൂറായിരം കഥകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതെല്ലാം ഇങ്ങോട്ടു പോരട്ടെ. ഫലിതത്തിന്റെ കല്ലില്‍ മാഷിന്റെ സാഹിത്യശക്തിയെ തളച്ചിടേണ്ടതില്ല. ഫലിതങ്ങളും കുട്ടിക്കഥകളും തുടരുമ്പോള്‍ തന്നെ അല്‍പ്പം സമയം കുറച്ച് വലിയ കഥകള്‍ക്കും ആയി ചിലവഴിക്കൂ.

ഇങ്ങനെ കുറ്റങ്ങള്‍ മാത്രം പറയുമ്പൊഴും രാമനുണ്ണി മാഷിന്റെ അനുകൂലന സിദ്ധാന്തം, ആരാണ് ഗുരു തുടങ്ങിയ കഥകള്‍ കാണാതിരിക്കാന്‍ പറ്റില്ല. മനോഹരമായ കഥകള്‍. അതുപോലെ തന്നെ ശക്തമായ രചനകളാ‍ണ് അനോണി ആന്റണിയുടെ മാസ്ലോവിയന്‍ സൗന്ദര്യശാസ്ത്രം തുടങ്ങിയ കഥകള്‍. ഇങ്ങനെ വരികള്‍ക്കും ആശയങ്ങള്‍ക്കും വലിപ്പമുള്ള കഥകള്‍ ഇനിയും അനോണി ആന്റണിയില്‍ നിന്നും രാമനുണ്ണി മാഷില്‍ നിന്നും സുരേഷ് ഐക്കരയില്‍ നിന്നും പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും.

Friday, October 12, 2007

ഏറനാടന്‍, റാല്‍മിനോവ് - ഒരാസ്വാദനം.

ഏറനാടന്‍ ചരിതങ്ങള്‍ വായിച്ചുതുടങ്ങി. ഒരു ഗ്രാമത്തിന്റെ ചാരുതയാര്‍ന്ന കഥകള്‍. പല സൃഷ്ടികളും മനോഹരമാണ്. താന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഏറനാടന്‍ ബൂലോകത്തു വിളമ്പുന്നു. തന്റെ നാടിന്റെ സ്പന്ദനങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു.

ഏറനാടന്‍ ചരിതങ്ങളുടെ ഒരു പ്രത്യേകത എന്നു തോന്നിയത് ഇവ ഒരു തിരക്കഥയ്ക്ക് അടുത്തുനില്‍ക്കുന്നു എന്നതാണ്. എന്നാല്‍ തിരക്കഥയിലോട്ട് എത്തുന്നുമില്ല. കഥയ്ക്കും തിരക്കഥയ്ക്കും ഇടയിലാണ് ഏറനാടന്‍ ചരിതങ്ങളുടെ സ്ഥാനം. ഇതും നല്ലതാണ് - പല നാടക തിരക്കഥകളും ഞാന്‍ നോവലുകളെക്കാളും ആസ്വദിച്ചു വായിച്ചിട്ടുണ്ട്. പത്മരാജന്റെയും എം.ടി.യുടെയും തിരക്കഥകള്‍ വിറ്റഴിയുന്ന പുസ്തകങ്ങളുമാണ്. ഓരോരുത്തരുടെയും ആസ്വാദനം വെവ്വേറെ ആവാം. എങ്കിലും എന്റെ വായനയില്‍ തോന്നിയ ചില കാര്യങ്ങള്‍ കുറിക്കുന്നു.

*സൂക്ഷ്മത: ഗ്രാമത്തെയോ വീടിനെയോ പകര്‍ത്തുമ്പോള്‍ ഒരു തിരക്കഥയിലെന്നപോലെ ചില കാര്യങ്ങളെ സൂക്ഷ്മമായി വിവരിക്കുന്നത് കഥയ്ക്കു മിഴിവേകും. ഉദാഹരണത്തിനു: കഥാപാത്രം സിനിമാ പോസ്റ്റര്‍ വലിച്ചുകീറുന്നതു പറയുമ്പോള്‍ ഏതു സിനിമാ പോസ്റ്റര്‍ എന്നും കൂടി പറഞ്ഞുനോക്കൂ. ആ പോസ്റ്ററില്‍ കഥാപാത്രങ്ങള്‍ എന്തൊക്കെ ചെയ്യുന്നു (കെട്ടിപ്പിടിച്ചു നില്‍ക്കുന്നുണ്ടോ? നായികയുടെ ചുണ്ട് തുടുത്തിട്ടാണോ?) എന്നും പറഞ്ഞുനോക്കൂ. നിറങ്ങളെയും വര്‍ണ്ണിക്കൂ.

അതുപോലെതന്നെ സലീം വീടുതുറക്കുമ്പോള്‍ വാതില്‍ കിരുകിരാ എന്നു കരഞ്ഞു എന്നുപറയുന്നു. സലീം മുറിക്കുള്ളില്‍ എത്തുമ്പോള്‍ ശ്രദ്ധയില്‍ പതിഞ്ഞ എന്തെങ്കിലും വര്‍ണ്ണിക്കൂ (സൂചികള്‍ അനങ്ങാത്ത പൊടിപിടിച്ച, തവിട്ടുനിറമുള്ള ഒരു പഴയ പെന്‍ഡുലം ക്ലോക്ക്? കരിവീട്ടിയുടെ കട്ടില്‍? പാതികുടിച്ച വക്കുപൊട്ടിയ ചായഗ്ലാസ്?)

ഏറനാടന്‍ വായനക്കാരനെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളുടെ നടുവിലേയ്ക്കാണ്. കഥയിലേക്കിറങ്ങാന്‍ വായനക്കാരനെ ഇത്തരം ഒന്നോ രണ്ടോ കാര്യങ്ങള്‍ സഹായിക്കും. എന്നാല്‍ ഒരുപാട് ആവുകയാണെങ്കില്‍ കഥ സ്ഥൂലമായി പോവുകയും ചെയ്യും. ഒരു ഛായാഗ്രാഹകന്റെ സൂത്രങ്ങള്‍ കഥകളിലും ഏറനാടനു പരീക്ഷിക്കാവുന്നതേ ഉള്ളൂ.

ഏറനാടനു കഥകള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ചെയ്യാവുന്ന ഒരു കാര്യം കഥ എഴുതിക്കഴിഞ്ഞ് ആര്‍ക്കെങ്കിലും വായിച്ചുകൊടുക്കുക എന്നതാണ്. ഇങ്ങനെ ഉറക്കെ വായിക്കുമ്പോള്‍ കഥയില്‍ മുഴച്ചുനില്‍ക്കുന്ന പല ഭാഗങ്ങളെയും തിരിച്ചറിയാന്‍ കഴിയും. വര്‍ണ്ണനകള്‍ വായനക്കാര്‍ക്ക് മനസിലാവാന്‍ ദുഷ്:കരമാണെങ്കില്‍ അതും അറിയാന്‍ കഴിയും. അതുപോലെ അപൂര്‍ണ്ണവാക്യങ്ങള്‍ കേള്‍വിക്കാരനില്‍ എന്ത് പ്രതികരണം ആണ് ഉണ്ടാക്കുന്നത് എന്നും പറയാന്‍ കഴിയും.

==റാല്‍മിനോവ്==

ഒരു കഥ വായിച്ചുതുടങ്ങി ഒരാളുടെ ബ്ലോഗിലുള്ള എല്ലാ കഥകളും വായിക്കുക എന്നത് സാധാരണ സംഭവിക്കുന്നതല്ല. എങ്കിലും റാല്‍മിനോവിന്റെ ബ്ലോഗില്‍ എത്തിയപ്പോള്‍ അതാണ് സംഭവിച്ചത്. ഒറ്റയിരിപ്പിനു ബ്ലോഗിലെ എല്ലാ കഥകളും വായിച്ചു. സുന്ദരമായ കുട്ടിക്കഥകള്‍. കഥാരചനയുടെ ശൈലിയെക്കാള്‍ റാല്‍മിനോവ് ആശയങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നു കാണാം. ചിരിപ്പിക്കുന്നവയും ചിന്തിപ്പിക്കുന്നവയും മാത്രമല്ല, ചിലപ്പോള്‍ കടിക്കുന്നവയും ആണ് റാല്‍മിനോവിന്റെ കഥകള്‍. റാല്‍മിനോവ് എഴുതിയിരിക്കുന്നത് എന്റെ കഥയല്ലേ? എന്ന് വായനക്കാരനെക്കൊണ്ട് (ചുരുങ്ങിയപക്ഷം എന്നെക്കൊണ്ട്) ചിന്തിപ്പിക്കാന്‍ കഴിയുന്നത് റാല്‍മിനോവിന്റെ വിജയമാണ്. റാല്‍മിനോവിന്റെ ഭീരുക്കളായ കഥാനായകന്മാരില്‍ പലപ്പൊഴും ഒരു കണ്ണാടിയിലെന്നപോലെ ഞാന്‍ എന്നെയും കണ്ടെന്നു പറഞ്ഞാല്‍ മതിയല്ലോ. പുതുമുഖങ്ങളില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരാളാണ് റാല്‍മിനോവ്.

ബ്ലോഗ് മുഴുവന്‍ ഒറ്റയിരുപ്പില്‍ വായിക്കാന്‍ പറ്റിയത് കഥകളുടെ വലിപ്പക്കുറവുകൊണ്ടാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ
*ഒന്നു രണ്ട് കഥകളെങ്കിലും വലിയവയും എഴുതിനോക്കൂ. റാല്‍മിനോവിന്റെ ശൈലി നല്ലതാണ്
*കഥകളില്‍ ചിത്രങ്ങളും ചേര്‍ക്കാമോ? പെയിന്റില്‍ പോറിയ ചിത്രങ്ങളോ അല്ലെങ്കില്‍ ഫോട്ടോകളോ.
*കദ വേണ്ട. കഥമതി. കദനം കഥനം ചെയ്തെന്നുപറഞ്ഞ് കഥ കദയാകുമോ? അതു തിരുത്തണം.

റാല്‍മിനോവിനും ഏറനാടനും അഭിവാദനങ്ങള്‍. ഇനിയും ഇനിയും രചനകള്‍ ബൂലോകം നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

Wednesday, October 10, 2007

സുജിത്ത്, വിത്സണ്‍, ബ്ലോഗ് - നാലു ചോദ്യങ്ങള്‍.

കുഴൂര്‍ വിത്സണ്‍ പ്രിന്റ് മീഡിയയെക്കാള്‍ ബ്ലോഗ് കൂടുതല്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നു എന്ന് കേട്ടപ്പോള്‍ ആദ്യം സന്തോഷം തോന്നി. അച്ചടി മാദ്ധ്യമങ്ങള്‍ ഗള്‍ഫില്‍ കിട്ടാന്‍ പ്രയാസമായതുകൊണ്ടാവാം, ഇന്റര്‍നെറ്റിനു മുന്‍പില്‍ ഇരുപത്തിനാലു മണിക്കൂറും കലിയുഗത്തില്‍ ഇരിക്കുന്നതുകൊണ്ടാവാം, എനിക്കാ സന്തോഷം തോന്നിയത്. എങ്കിലും ബില്‍ വാട്ടേഴ്സണുമായി വായനക്കാര്‍ കത്തുവഴി നടത്തിയ ഒരു സം‌വാദത്തിലെ വരി ഓര്‍മ്മവന്നു.

Q: Many young cartoonists are using the Internet to display their work instead of, or in concert with, print media because there are few barriers to entry and the medium provides the freedom to experiment with form, content, and color. Given your concerns over the state of newspaper comics, what do you think of this development?

A: To be honest, I don't keep up with this. The Internet may well provide a new outlet for cartoonists, but I imagine it's very hard to stand out from the sea of garbage, attract a large audience, or make money. Newspapers are still the major leagues for comic strips . . . but I wouldn't care to bet how long they'll stay that way.

ഇവിടെ രണ്ടു കാര്യങ്ങളാണ് പ്രസക്തം. ഇന്റര്‍നെറ്റ് - മലയാളം ബ്ലോഗില്‍ ഇന്ന് ഏറിയാല്‍ രണ്ടായിരം വായനക്കാര്‍ വരും. അച്ചടി മാദ്ധ്യമങ്ങള്‍ വായിക്കുന്ന, എന്നാല്‍ അഭിപ്രായം ഒന്നും എഴുതാത്ത, ലക്ഷക്കണക്കിനു വായനക്കാരെക്കാരെ വെച്ചുനോക്കുമ്പോള്‍ ഇതു തൂലോം കുറവാണ്.

1) ഇന്റര്‍നെറ്റ് - കണ്ട അണ്ടനും അടകോടനും ദുര്യോധനനും എല്ലാം തങ്ങള്‍ക്ക് തോന്നുന്നത് ശരി എന്നരീതിയില്‍ ഇന്റര്‍നെറ്റില്‍ പടച്ചുവിടുന്നു. ബ്ലോഗ് അഗ്രഗേറ്ററുകള്‍ ഇതെല്ലാം വാരിയെടുത്ത് വായനക്കാര്‍ക്കു നല്‍കുന്നു. എന്നാല്‍ ഇനി അഥവാ എഴുത്തുകാരുടെ എണ്ണം വളരെ കൂടുമ്പോള്‍ - ബ്ലോഗ് അഗ്രഗേറ്ററുകളുടെ പ്രയോജനം കുറഞ്ഞുവരും. കവിതകള്‍ക്കു മാത്രമായി, അല്ലെങ്കില്‍ മലയാളം ആധുനിക കവിതകള്‍ക്കു മാത്രമായി ഒരു ബ്ലോഗ് അഗ്രഗേറ്റര്‍ ഉണ്ടെന്ന് ഇരിക്കട്ടെ. എങ്കിലും കവിതയുടെ ഗുണം കൊണ്ട് ഈ കൂട്ടത്തില്‍ എങ്ങനെയാണ് ശ്രദ്ധിക്കപ്പെടുക എന്ന് എനിക്കു സംശയം ഉണ്ട്. ഇന്റര്‍നെറ്റ് ഒരു വലിയ കൊടുകാടാണ്. പുലികള്‍ എങ്ങനെ പൂച്ചകളില്‍ നിന്നും വേറിട്ടുനില്‍ക്കും? എത്ര ഉച്ചത്തില്‍ അലറും?

2) ഇതില്‍ നിന്നും എങ്ങനെ പൈസ ഉണ്ടാക്കും എന്ന ചോദ്യം - പ്രതിഫലം മറ്റൊരു ജോലിയും കൂടെ ഉള്ള എഴുത്തുകാര്‍ക്ക് പ്രശ്നം ആവില്ല. വണ്‍ സ്വാലോ ഇതിനെക്കുറിച്ച് കൂടുതല്‍ എഴുതിയിട്ടുണ്ട്. ബ്ലോഗില്‍ ഇടാന്‍ പറ്റുന്ന പരസ്യങ്ങളില്‍ നിന്ന് എത്ര പൈസ ഉണ്ടാക്കും എന്ന് എനിക്ക് അറിയില്ല.

3) ഇനിയാണ് സുജിത്തിനും മറ്റ് കാര്‍ട്ടൂണിസ്റ്റുകള്‍ക്കും കവികള്‍ക്കുമൊക്കെ പ്രസക്തമായ, കൂടുതല്‍ പ്രസക്തമായ ചോദ്യം: medium provides the freedom to experiment with form, content, and color. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് നിങ്ങള്‍ ഇതുവരെ എന്തുചെയ്തു? അച്ചടി മാദ്ധ്യമത്തില്‍ എഴുതാന്‍ സാധിക്കാത്ത, അല്ലെങ്കില്‍ വരയ്ക്കാന്‍ സാധിക്കാത്ത എന്തെങ്കിലും ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് ചെയ്തോ? സ്വതന്ത്രമായ പരീക്ഷണങ്ങള്‍ക്കുള്ള വേദിയാണ് ഇന്റര്‍നെറ്റ് എന്നിരിക്കെ അതിന്റെ സാദ്ധ്യതകള്‍ എത്രമാത്രം പ്രയോജനപ്പെടുത്തുന്നു.

4) സുജിത്ത് വരച്ച് സുജിത്തിനു ഇഷ്ടപ്പെടാതെ, അല്ലെങ്കില്‍ പത്രാധിപര്‍ക്കു ഇഷ്ടപ്പെടാതെ, ചുരുട്ടിക്കൂട്ടി കളഞ്ഞ പല കാര്‍ട്ടൂണുകളും ഉണ്ടാവാം. വായനക്കാര്‍ക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് ആലോചിക്കാതെ ഇവ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാറുണ്ടോ? അതിനെക്കാളേറെ, ഒരു കാര്‍ട്ടൂണിസ്റ്റ് സാധാരണയായി നല്ല ഒരു ചിത്രകാരനും ആയിരിക്കും. സുജിത്തിന്റെ പെയിന്റിങ്ങുകള്‍, പെന്‍സില്‍ സ്കെച്ചുകള്‍, ഒന്നും ഇതുവരെ ബ്ലോഗില്‍ കണ്ടില്ല. അച്ചടി മാദ്ധ്യമം വരയ്ക്കാനുള്ള സ്ഥലത്തിനു പരിമിതികള്‍ നിശ്ചയിക്കുന്നു. വര വരുന്ന ചതുരത്തിന്റെ വലിപ്പം ഏറെക്കുറെ നിശ്ചിതമാണ്. ബ്ലോഗിലാണെങ്കില്‍, നിറപ്പകിട്ടുള്ള കാര്‍ട്ടൂണുകള്‍ വന്നാലും കുഴപ്പമില്ല. 1600 * 1200 പിക്സല്‍ വലിപ്പമുള്ള കാര്‍ട്ടൂണുകല്‍ വരച്ചാലും വായനക്കാര്‍ ഡൌണ്‍ലോഡ് ചെയ്തു കാണും. ആനിമേഷന്‍ കാര്‍ട്ടൂണുകള്‍ വരച്ചാല്‍ വളരെ സന്തോഷം - ഇത് അച്ചടി മാദ്ധ്യമങ്ങളില്‍ വരില്ല. കഥാപാത്രങ്ങള്‍ ഡയലോഗുകള്‍ ചെറിയ വട്ടങ്ങളില്‍ എഴുതുന്നതിനു പകരം അവര്‍ സംസാരിക്കുന്നത് - സുജിത്തിന്റെയോ ഏതെങ്കിലും കൂട്ടുകാരുടെയോ ശബ്ദത്തില്‍ സംസാരിക്കുന്നത് - എന്റെ കമ്പ്യൂട്ടര്‍ സ്പീക്കറില്‍ കൂടി കേള്‍ക്കുന്നത് എങ്ങനെയിരിക്കും? കാര്‍ട്ടൂണ്‍ മൂന്നോ നാലോ ചിത്രങ്ങളുള്ള ഒരു ആനിമേറ്റഡ് ജിഫ് (.gif) ഇമേജ് ആയാല്‍ എങ്ങനെയായിരിക്കും? കാര്‍ട്ടൂണ്‍ പതുക്കെ മറ്റൊരു ചിത്രമായി രൂപാന്തരപ്പെട്ടാല്‍ (transformed ആയാല്‍) എങ്ങനെ ഇരിക്കും? വായനക്കാരന്‍ ക്ലിക്ക് ചെയ്യുന്നതു പോലെ കാര്‍ട്ടൂണ്‍ പലവഴികളിലും നീങ്ങിയാല്‍ എങ്ങനെയിരിക്കും? സുജിത്തിന്റെ പാമ്പും കോണിയും എന്ന കാര്‍ട്ടൂണ്‍ വായനക്കാരനു കളിക്കാന്‍ കഴിയുന്ന ഒരു ഗെയിം ആയാലോ? ഒരു കാര്‍ട്ടൂണ്‍ വീഡിയോ ആയാലോ? കാര്‍ട്ടൂണും റിയല്‍ ലൈഫ് ചിത്രങ്ങളും ആയി ഉള്ള ഒരു കൊളാഷ് ആയാലോ? ഇന്റര്‍നെറ്റിന്റെ ചുരുക്കം സാദ്ധ്യതകള്‍ മാത്രമേ ഞാന്‍ ഇവിടെ പറയുന്നുള്ളൂ - ഇതിലും കൂടുതല്‍ - സംവാദനത്തിനുള്ള ഒരു മാദ്ധ്യമം എന്ന നിലയില്‍ ഇന്റര്‍നെറ്റിനു ചെയ്യാന്‍ കഴിയും.

ഈ പറഞ്ഞതില്‍ എല്ലാം പ്രാവര്‍ത്തികം ആവണമെന്നില്ല. സാങ്കേതിക പരിജ്ഞാനം, ശ്രമം, സമയം, തുടങ്ങിയവ ഒക്കെ ഇതില്‍ പലതിനും വേണ്ടിവരും. എന്നാല്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ സുജിത്തിന്റെയും മറ്റു കാര്‍ട്ടൂണിസ്റ്റുകളുടെയും പെയിന്റിങ്ങുകള്‍, രേഖാചിത്രങ്ങള്‍, മറ്റു പരീക്ഷണങ്ങള്‍ - സാധാരണയായി അച്ചടി മാദ്ധ്യമത്തില്‍ വരാത്തതെന്തും - ഇവയൊക്കെ കാണാന്‍ താല്‍പ്പര്യമുണ്ട്.

വിത്സാ: ധീര പരീക്ഷണങ്ങള്‍ താങ്കളില്‍ നിന്നും ബൂലോകം (ചുരുങ്ങിയപക്ഷം ഞാന്‍) പ്രതീക്ഷിക്കുന്നു. വായനക്കാരനെ ഓര്‍ത്ത് എല്ലാ പരീക്ഷണങ്ങളില്‍ നിന്നും മാറിനില്‍ക്കേണ്ടതില്ല. സര്‍ഗ്ഗാത്മകതയ്ക്ക് അതിര്‍‌വരമ്പുകളില്ല. ബ്ലോഗിനു ഒരു സം‌വേദന മാദ്ധ്യമം എന്നനിലയില്‍ അതിര്‍‌വരമ്പുകളുണ്ട്. പക്ഷേ അവ അച്ചടിമാദ്ധ്യമങ്ങളെക്കാള്‍ വിശാലമാണ്. ആ വേലികളെ എത്രമാത്രം തള്ളി വലുതാക്കാമോ, അത്രയും നല്ലത്.

ഇതേ ചോദ്യങ്ങള്‍ ബ്ലോഗില്‍ എഴുതുന്ന, വരയ്ക്കുന്ന, എല്ലാവര്‍ക്കും ബാധകമാണ്.

ഇന്റര്‍നെറ്റിനെ ഒരു സംവേദന മാദ്ധ്യമം എന്നതുപോലെ ഒരു പരീക്ഷണശാലയായും ഉപയോഗിക്കൂ. ആ പരീക്ഷണങ്ങളില്‍ സൌന്ദര്യശാസ്ത്രം (aesthetics) ഉള്ളിടത്തോളം കാലം വായനക്കാര്‍ നിങ്ങളുടെ കൂടെയുണ്ടാവും.

Monday, October 8, 2007

സതീഷ് മാക്കോത്തിന്റെ കഥകള്‍ - ഒരു പഠനം

കഥകളില്‍ കട്ടിയുള്ള വിഷയങ്ങളും ലളിതമാ‍യ വിഷയങ്ങളും അവതരിപ്പിക്കുന്നതിന്റെ വ്യത്യാസം ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞു. നവരസങ്ങള്‍ (ശൃംഗാരം, ഹാസ്യം, ബീഭത്സം, രൌദ്രം, ശാന്തം, വീരം, ഭയം, കരുണ, അത്ഭുതം) എല്ലാ കലകളിലും ബാധകമാണ്; ചെറുകഥകളിലും. ചില ഭാവങ്ങള്‍ കഥകളില്‍ അവതരിപ്പിക്കാന്‍ എളുപ്പമാണ്. പ്രത്യേകിച്ചും കഥ വായിക്കുന്ന ആളുകള്‍ മുതിര്‍ന്നവരാണെങ്കില്‍. ബീഭത്സം, രൌദ്രം, ഭയം, ശൃംഗാരം - എന്നിവ പ്രത്യേകിച്ചും എളുപ്പമാണ്. ട്രെയിന്‍ ഇടിച്ച് മരിച്ചുകിടക്കുന്ന ഒരാള്‍. ചോര. അല്ലെങ്കില്‍ ഏതെങ്കിലും ഒരു അപകടം. ലൈംഗീകത. ഇങ്ങനെ ഉള്ള വിഷയങ്ങളെക്കുറിച്ച് പറയാന്‍ വര്‍ണ്ണനകള്‍ ഒന്നും വേണ്ട. അധികം വര്‍ണ്ണനകള്‍ ഇല്ലാതെ കഥകളെ പെട്ടെന്നു ഫലിപ്പിക്കാം. (മനുഷ്യന്റെ മനസ്സില്‍ ചില കാര്യങ്ങള്‍ക്ക് ചുരുങ്ങിയ വാക്കുകളിലൂടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയും. ചില ഭാവങ്ങളുടെ - രസങ്ങളുടെ - വികാരദ്യോതനപാടവം മറ്റുള്ളവയെക്കാള്‍ കൂടിയിരിക്കും. ഇതിന്റെ കാരണങ്ങള്‍ മനശ്ശാസ്ത്രപരമാണ്).

ഇതേ കാര്യം ചലച്ചിത്രങ്ങളിലും കാണാം. തമിഴ് ചലച്ചിത്രങ്ങള്‍, അല്ലെങ്കില്‍ പുതിയ മലയാള ചലച്ചിത്ര രംഗങ്ങള്‍ നോക്കുക. ആട്ടവും പാട്ടും - പ്രണയരംഗങ്ങള്‍ - ലൈംഗീകത (ശൃംഗാരം) എന്ന വികാരം പ്രതിഫലിപ്പിക്കാന്‍ എളുപ്പമായതുകൊണ്ട് എല്ലാ ചലച്ചിത്രങ്ങളിലും വിവിധരീതികളില്‍ അവതരിപ്പിക്കുന്നു. ഈ ചലച്ചിത്രത്തിലെ ഗാന രംഗത്തിന്റെ സംവിധാനം കൊള്ളാം, അല്ലെങ്കില്‍ മറ്റേ ചിത്രത്തിലേതു കൊള്ളില്ല എന്നുപറയാന്‍ പ്രയാസമാണ്. കാരണം ഒരു പ്രണയരംഗം - അതു നല്ലതോ ചീത്തയോ ആവട്ടെ - പ്രേക്ഷകന്റെ മനസ്സില്‍ ഉണ്ടാക്കുന്ന വികാരങ്ങളുടെ ശക്തി തന്നെ. അതുപോലെതന്നെയാണ് രൌദ്രരസവും. സംഘട്ടന രംഗങ്ങളിലും ഇതേ ഇഫക്ട് കാണാം. ഇതിനു അപവാദങ്ങളും ഉണ്ട്. ഭരതന്റെ പ്രയാണം എന്ന ചിത്രത്തില്‍ 60-ഓളം വയസ്സ് പ്രായമുള്ള പൂജാരി (കൊട്ടാരക്കര ശ്രീധരന്‍ നായര്‍) മകളെക്കാള്‍ പ്രായം കുറഞ്ഞ തന്റെ ഭാര്യയെ ഓര്‍ത്ത് ദേവിയെ ചന്ദനം ചാര്‍ത്തുന്ന രംഗം - ഇരുണ്ട ശ്രീകോവിലില്‍ ദേവീവിഗ്രഹത്തിന്റെ വടിവുകളിലൂടെ കൈകള്‍ ചന്ദനം ചാര്‍ത്തി ഇഴയുമ്പോള്‍ ശ്രീകോവില്‍ മണിയറയിലേയ്ക്ക് പരിണാമം ചെയ്യുന്നത്, കൈകള്‍ യുവതിയായ ഭാര്യയുടെ ശരീരത്തിലൂടെ പുളയുന്നത് - ഇതേ ശൃംഗാരത്തെ അതിമനോഹരമായി ചിത്രീകരിക്കുന്നു. (ഞാന്‍ ചിത്രം കണ്ടിട്ടില്ല; കടപ്പാട് - വിക്കിപീഡിയ). പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. താഴ്വാരത്തിലെ അവസാന സംഘട്ടന രംഗം: തോട്ടകള്‍ പൊട്ടുന്നതും ശവം കൊത്തിത്തിന്നാന്‍ കഴുകന്മാര്‍ നിരന്നിരിക്കുന്നതും - സംഘട്ടനത്തിലും വരാനിരിക്കുന്ന മരണത്തെ മനോഹരമായി, ഭീതിദമായി ചിത്രീകരിക്കുന്നു. എങ്കിലും പൊതുവേ ചില വികാരങ്ങളെ എല്ലാ കലാകാരന്മാര്‍ക്കും എടുത്തു പെരുമാറാം. നന്നായില്ലെങ്കിലും മോശം ആവില്ല. ബ്ലോഗില്‍ ആരും വന്ന് കഥ മോശം ആയി എന്ന് കമന്റ് എഴുതില്ല.

സതീഷ് മാക്കോത്തിന്റെ കഥകള്‍: ഒരു കഥാപാത്രത്തിലൂടെ കഥകള്‍ അവതരിപ്പിക്കുക, ആ കഥാപാത്രത്തിന്റെ കണ്ണിലൂടെ കാണുന്ന ലോകത്തെ അവതരിപ്പിക്കുക എന്നത് ചാരുതയാര്‍ന്ന ശൈലിയാണ്. സതീഷ് മാക്കോത്ത് അപ്പുക്കുട്ടന്‍ എന്ന കൊച്ചുകുട്ടിയുടെ കണ്ണിലൂടെ കാണുന്ന ലോകത്തെ ചില കഥകളില്‍ അവതരിപ്പിക്കുന്നു. ചില കഥകള്‍ അപ്പുക്കുട്ടന്‍ പ്രധാന കഥാപാത്രം അല്ല. എങ്കിലും ഞാന്‍ അപ്പുക്കുട്ടന്റെ കഥകളെക്കുറിച്ച് പറഞ്ഞുതുടങ്ങട്ടെ.

കുട്ടികളുടെ കണ്ണിലൂടെ കഥ അവതരിപ്പിക്കുക എന്നത് ഒരു കഴിവുതന്നെയാണ്. ഇത് ശരിയായി ഫലിപ്പിക്കുന്നത് പ്രയാസമുള്ള ഒരു കലയുമാണ്. കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ബില്‍ വാട്ടേഴ്സണെക്കുറിച്ച് പറഞ്ഞു. ഒരു കൊച്ചു കുഞ്ഞിന്റെ ലോകവീക്ഷണം, അല്ലെങ്കില്‍ പതിനാലു വയസ്സില്‍ താഴെയുള്ള ഒരു ശരാശരി ബാലന്റെ ലോകവീക്ഷണം, ഒരു മുതിര്‍ന്ന ആളിന്റെ ലോകവീക്ഷണത്തില്‍ നിന്നും വ്യത്യസ്ഥമാണ്. ലോകത്തിന്റെ നന്മയെയും തിന്മയെയും തെല്ലൊരമ്പരപ്പോടെയായിരിക്കും അവന്‍ / അവള്‍ കാണുക. ഇവിടെ അതിതീവ്രമായ വികാരപ്രകടനങ്ങള്‍ക്ക് അധികം സ്ഥാനമില്ല. കൊച്ചു സന്തോഷങ്ങള്‍, കൊച്ചു ദു:ഖങ്ങള്‍. കൊച്ചുകൊച്ച് അത്ഭുതങ്ങള്‍. ഇതില്‍ പ്രയാസം - കൊച്ചുകുട്ടിക്ക് നവരസങ്ങളില്‍ തോന്നുന്ന വികാരങ്ങളും കൂടുതല്‍ ശാന്തം, അത്ഭുതം, കരുണ, വീരം തുടങ്ങിയ രസങ്ങളാണ്. ഇവിടെയാണ് അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തിലൂടെ സതീഷ് മാക്കോത്ത് വിജയിക്കുന്നത്. അപ്പുക്കുട്ടനെക്കുറിച്ച് എഴുതിയ രണ്ടോ മൂന്നോ കഥകള്‍ വായിച്ചു. എല്ലാം മനോഹരം. കഥകള്‍ വായനക്കാരന്‍ വായിച്ച് അവയുടെ സൌന്ദര്യം കാണുവാന്‍ താല്പര്യപ്പെടുന്നു. എങ്കിലും എന്ത് കൂടുതല്‍ നന്നാക്കാം എന്നുപറഞ്ഞുതുടങ്ങട്ടെ.

ആര്‍.കെ. നാരായണ്‍: സ്വാമി എന്ന കുട്ടിയുടെ കണ്ണുകളിലൂടെ അവന്‍ കണ്ട ലോകം, ആ ലോകത്തിലെ കൊച്ചുകൊച്ച് അനുഭവങ്ങള്‍ - ഹൃദ്യമായി അവതരിപ്പിച്ചു. ഇവിടെ ആര്‍.കെ. നാരായണ്‍ കാണുന്ന ലോകം മുഴുവന്‍ സ്വാമിയുടെ കണ്ണുകളിലൂടെയാണ്. മറ്റ് വലിയ കഥാപാത്രങ്ങള്‍ അവിടെ ചിന്തിക്കുന്നില്ല. അവരുടെ പ്രവര്‍ത്തികളേ സ്വാമി കാണുന്നുള്ളൂ - അവര്‍ എന്ത് ചിന്തിക്കുന്നു എന്ന് സ്വാമി കാണുന്നില്ല. അവരുടെ മുഖത്തെ ഭാവങ്ങളേ കാണുന്നുള്ളൂ - വിചാരങ്ങള്‍ കാണുന്നില്ല. മറ്റൊരു ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ആയി അല്ല ആര്‍.കെ. നാരായണെ ലോകം വീക്ഷിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിലെ തന്നെ ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ എഴുത്തുകാരില്‍ ഒരാളാണ്. പലതവണ അദ്ദേഹത്തിന്റെ പേര് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിനു നിര്‍ദ്ദേശിക്കപ്പെട്ടു. മാല്‍ഗുഡി എന്ന ചെറിയ ലോകത്തെ, അവിടത്തെ ചെറിയ സംഭവങ്ങളെ, തെല്ലൊരല്‍ഭുതത്തോടെ കാണുന്ന, അനുഭവിക്കുന്ന, കുട്ടിയുടെ കഥകള്‍.

ഇവിടെ സതീഷ് മാക്കോത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യം കഥകളില്‍ അപ്പുക്കുട്ടന്റെ കണ്ണിലൂടെ കാര്യങ്ങള്‍ പറയുമ്പോള്‍ അവന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമേ പറയാവൂ എന്നതാണ്. അച്ഛന്‍ എന്തുചിന്തിച്ചു എന്ന് അപ്പുക്കുട്ടന്‍ എഴുതരുത്. അച്ഛന്‍ എന്തുപറഞ്ഞു - അപ്പുക്കുട്ടന്‍ എന്തു കേട്ടു, എന്ന് എഴുതാം. ഇവയില്‍ തന്നെ കട്ടിയുള്ള വാക്കുകള്‍ വരാന്‍ പാടില്ല. അച്ഛനോ ചേച്ചിയോ കട്ടിയുള്ള വാക്കുകള്‍ പറഞ്ഞാലും അപ്പുക്കുട്ടനു അത് ലളിതമായ വാക്കുകളിലൂടെയേ അവതരിപ്പിക്കാന്‍ കഴിയൂ. അതുപോലെതന്നെ അച്ഛനു അതികഠിനമായ വിഷാദം ഉണ്ടെങ്കിലും കുട്ടിക്ക് ആ വിഷാദത്തെ അതേ തീവ്രതയില്‍ തോന്നില്ല. അച്ഛനു വീണ്ടും വയറുവേദന വന്നു എന്നേ തോന്നാവൂ. ചുരുക്കത്തില്‍ കഥയ്ക്ക്, കഥയില്‍ പറയുന്ന കാര്യങ്ങള്‍ക്ക്, കുട്ടിയുടെ കണ്ണുകള്‍ എന്ന ജനാല നിര്‍മ്മിക്കണം. ഈ ജനാലയില്‍ കൂടെ കാണുന്ന കാര്യങ്ങളേ പറയാവൂ. മറ്റുകാര്യങ്ങള്‍ പറയരുത്. (ഇത് വേണ്ടാത്ത ഒരു കാരാഗൃഹമായി തോന്നാം - എന്നാല്‍ മനോഹരമായ ഒരു വേലിയാണ് ഇത്. കുട്ടിയുടെ കണ്ണിലൂടെ പറയുമ്പോള്‍ തന്നെ വായനക്കാരുടെ മനസ്സില്‍ അതിനനുസരിച്ച വികാരങ്ങള്‍ ഓടിയെത്തിക്കൊള്ളും). ഒരു മരണത്തെ, വേദനയെ, പ്രതിപാദിക്കുമ്പോള്‍ പോലും അതിനെ കുട്ടി എങ്ങനെ കാണുന്നു എന്നേ കഥാകൃത്ത് പറയാവൂ.

ദര്‍ശനം എന്ന മൂന്നുഭാഗങ്ങള്‍ ആയി ഉള്ള കഥവായിച്ചു. മനോഹരമായി എഴുതിയിരിക്കുന്നു. അപ്പുക്കുട്ടന്റെ കണ്ണിലൂടെ തന്നെ. എങ്കിലും കഥയുടെ തലക്കെട്ട് ശരിയായില്ല. ഒരു കൊച്ചുകുട്ടി കാണുന്ന കഥയ്ക്ക് ദര്‍ശനം എന്ന് പേരുകൊടുക്കരുത്. കൊച്ചുകുട്ടിക്കും കൂടി പറയാന്‍ പറ്റുന്ന തലക്കെട്ട് ആവണം. അതുപോലെതന്നെ ജ്യോത്സ്യനായ അപ്പൂപ്പനും അമ്പലത്തറയില്‍ ഇരുന്ന് അകത്തേയ്ക്കു വരാത്ത അമ്മൂമ്മയും ഒന്ന് കണ്ടെങ്കില്‍ നന്നായിരുന്നു എന്നും തോന്നി.

മൃദുലവികാരങ്ങള്‍ എന്ന നിയമത്തിനു അപവാദങ്ങളും ഇതിനുണ്ട്. അറബ് ലോകത്തെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന നാജി അല്‍-അലി പലസ്തീന്‍ സംഘര്‍ഷവും അറബ് രാജ്യങ്ങളിലും ലോകരാഷ്ട്രങ്ങളിലും പലസ്തീന്‍ പ്രശ്നത്തോടുള്ള സമീപനവും ഹന്ധാല എന്ന കൊച്ചുകുഞ്ഞിന്റെ കണ്ണുകളിലൂടെ പ്രതിഫലിപ്പിച്ചു. ചെരുപ്പിടാത്ത, കീറവസ്ത്രങ്ങള്‍ ധരിച്ച, മൂകസാക്ഷിയായ ബാലന്‍. ദശാബ്ദങ്ങളായി രണഭൂമിയായി തുടരുന്ന പലസ്തീനിനെ അവതരിപ്പിക്കുന്നതിനു ഇത് ശക്തമായ ഒരു സം‌വേദനമാര്‍ഗ്ഗം ആയിരുന്നു. ഇവിടെ കുട്ടി ഒരു മൂകസാക്ഷിയാണ് - കാഴ്ച്ച വായനക്കാരന്റെ മനസ്സില്‍ ആണ്.

വില്യം ഫോക്നര്‍ - ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കന്‍ നോവലിസ്റ്റ് ത്രയത്തിലെ (ഹെമിങ്ങ്‌വേ, ഫോക്നര്‍, സ്റ്റെയിന്‍ബെക്ക്) ഒരാളായ വില്യം ഫോക്നറുടെ പ്രശസ്തമായ ഒരു കൃതിയാണ് സൌണ്ട് ആന്റ് ദ് ഫ്യൂറി (ശബ്ദവും ക്രോധവും). ഈ കഥമുഴുവന്‍ ബുദ്ധിമാന്ദ്യമുള്ള, ബെഞ്ചി എന്ന കുട്ടിയുടെ (സ്വല്പം മുതിര്‍ന്നയാള്‍, കൊച്ചുകുട്ടിയുടെ മനസ്സ്) കണ്ണിലൂടെ പറഞ്ഞിരിക്കുന്നു. ചിന്തകള്‍ അതേപടി പകര്‍ത്തിയിരിക്കുന്നു. ബോധധാര (സ്ട്രീം ഓഫ് കോണ്‍ഷ്യസ്നെസ്സ്) എന്ന ശൈലി ഉപയോഗിച്ചെഴുതിയ ഈ നോവല്‍ ആദ്യവായനയില്‍ മനസിലാവുകയില്ല. ആര്‍.കെ. നാരായണന്റെ ശൈലിക്ക് നേരെ വിപരീതമാണ് ഇത്.

പഥേര്‍ പാഞ്ചാലി - ബിപൂതിഭൂഷണ്‍ ബന്ദോപാഥ്യയ് എഴുതിയ ഈ കഥയും കൂടുതലും അപ്പു എന്ന ഒരു ബാലന്റെ കണ്ണിലൂടെ പറയുന്നു എങ്കിലും പലപ്പോഴും വീക്ഷണകോണുകള്‍ മാറുന്നതു കാണാം. ഇടയ്ക്ക് കഥാകൃത്ത് കഥപറയുന്നു, ഇടയ്ക്ക് കുട്ടിയുടെ വീക്ഷണം, അങ്ങനെ. ഇതിനുള്ള സ്ഥലം, വിസ്തൃതി, ഒരു നോവലില്‍ ഉണ്ട്. ഒരു നോവല്‍ വാ‍യനക്കാരന്‍ ഒറ്റയിരിപ്പിനു സാധാരണ വായിക്കാറില്ല. എങ്കിലും ഒരു സാമാന്യ നിയമം എന്നനിലയില്‍ ഒരു ചെറുകഥ ഒറ്റയിരിപ്പിനു വായിക്കാന്‍ പറ്റണം. ഇവിടെ വീക്ഷണകോണുകള്‍ (പെഴ്സ്പെക്ടീവ്സ്) മാറ്റുന്നത് വായനക്കാരനെ കുഴക്കും. ഏതെങ്കിലും ഒരാളുടെ - ഒന്നുകില്‍ കഥാപാത്രത്തിന്റെ, അല്ലെങ്കില്‍ കഥാകൃത്തിന്റെ, വീക്ഷണകോണിലൂടെ കഥപറയുന്നതാവും വായനക്കാരനു സാധാരണഗതിയില്‍ സഹായകം (വായനക്കാരന്റെ മനസ്സ് ഒരു വീക്ഷണകോണില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് മാറ്റേണ്ടിവരുന്നില്ല). ഇതിനു അപവാദങ്ങള്‍ ഇല്ലെന്നല്ല - ഇരുമ്പഴികളെപ്പോലെയുള്ള നിയമങ്ങള്‍ ഒന്നും കഥാരചനയില്‍ ഇല്ല - ഇത് ഒരു സാമാന്യ നിയമം മാത്രം.

ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ കഥകളുടെ മേന്മയും ഞാന്‍ മറക്കുന്നില്ല. വായനക്കാരനില്‍ ആര്‍ദ്രവികാരങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുന്ന കഥകളാണ് സതീഷിന്റേത്. രചനാശൈലി ചാരുതയാര്‍ന്നതാണ്. അപ്പുക്കുട്ടന്‍ എന്ന ഒറ്റക്കഥാപാത്രം അല്ല സതീഷിന്റെ കഥകളില്‍ ഉള്ളതെന്നു കാണാം. എനിക്ക് ഇഷ്ടപ്പെട്ട കഥകള്‍ അപ്പുക്കുട്ടന്റെ കഥകളാണ്. എങ്കിലും മാല്‍‌ഗുഡി ഡേയ്സ് എഴുതിയ ആര്‍.കെ. നാരായണന്റെ തന്നെ മുതിര്‍ന്നവര്‍ക്കുള്ള കഥയായ ഗൈഡ് -ഉം എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു പുസ്തകമാണ്.

സതീഷിനു ഭാവുകങ്ങള്‍ - ഇനിയും ഒരുപാട് നല്ല കഥകള്‍ സതീഷില്‍ നിന്നും പ്രതീക്ഷിക്കുന്നു.

-----




- ഹന്ധാല (നാജി അല്‍-അലി ഒരു അജ്ഞാത തോക്കുധാരിയുടെ വെടിയേറ്റ് ബ്രിട്ടണില്‍വെച്ച് കൊല്ലപ്പെട്ടു).



- കാല്‍‌വിന്‍ ആന്റ് ഹോബ്സ് (ബില്‍ വാട്ടേഴ്സണ്‍)

Sunday, October 7, 2007

ഇഞ്ചിപ്പെണ്ണിന്റെ ബ്രേവ് ഗേള്‍സ്, കുറുമാന്‍, വിശാലന്‍ - ഒരു പഠനം

ബൂലോകത്ത് വായിച്ച കഥകളില്‍ ഇഷ്ടപ്പെട്ടവ പലതും ഉണ്ട്. മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥകളും ധാ‍രാളം. ഇതില്‍ എടുത്തുപറയാവുന്ന ഒന്നായിരുന്നു ഇഞ്ചിപ്പെണ്ണ് എഴുതിയ ബ്രേവ് ഗേള്‍സ് എന്ന കഥ.

ഒരു കഥ എഴുതുമ്പോള്‍ കഥാകൃത്ത് പല വിചാരങ്ങളോടെ ആവാം എഴുതുന്നത്. മനസ്സില്‍ വിങ്ങിനില്‍ക്കുന്ന ഒരു ആശയത്തെ അനിര്‍ഗ്ഗളമായി കടലാസിലേയ്ക്ക് / ബ്ലോഗിലേയ്ക്കു പകര്‍ത്തുന്നവര്‍ ഉണ്ട്. ആത്മപ്രകാശനം എന്ന രീതിയില്‍ എഴുതുന്നവരുണ്ട്. എഴുത്തിലെ സന്തോഷം അനുഭവിക്കാന്‍ മാത്രം എഴുതുന്നവരുണ്ട്. വായനക്കാരനെ മനസ്സില്‍ കണ്ട് എഴുതുന്നവരുണ്ട്. അയ്യായിരത്തോളം കവിതകള്‍ എഴുതി അവയെല്ലാം സ്വന്തം ഭാര്യയ്ക്കു പോലും വായിക്കാന്‍ കൊടുക്കാതെ പെട്ടിയില്‍ പൂട്ടിവെച്ചിരിക്കുന്ന അമ്മാവനെക്കുറിച്ച് ഒരു സുഹൃത്ത് എന്നോടു പറയുകയുണ്ടായി. തന്റെ കഥകള്‍ ഒന്നും തന്നെ പ്രസിദ്ധീകരിക്കാതെ മരണശേഷം എല്ലാം കത്തിച്ചുകളയണം എന്ന് സുഹൃത്തിന്റെ പറഞ്ഞേല്‍പ്പിച്ചിട്ട് മരിച്ച കാഫ്കയെയും നമുക്കറിയാം. എങ്കിലും എന്തൊക്കെ ലക്ഷ്യങ്ങളായാലും കഥ നടക്കുന്നത് വായനക്കാരന്റെ മനസ്സില്‍ ആണ്. കഥാകൃത്തിന്റെ ലക്ഷ്യം അതായാലും ഇല്ലെങ്കിലും കഥയുടെ കാന്‍‌വാസ് വായനക്കാരന്റെ മനസ്സു തന്നെയാണ്. ഇവിടെ കഥയുടെ വലിപ്പം, ആശയങ്ങളുടെ കാഠിന്യവും മൂര്‍ച്ചയും, ഇതൊക്കെ രണ്ടാമതേ വരുന്നുള്ളൂ.

റോശാക്കുട്ടിയെ കാണാന്‍ അമ്മുകുട്ടിക്ക് പോണം.

ഈ വരിയും തുടര്‍ന്നുള്ള വരികളും വായിക്കുമ്പോള്‍ എന്റെ മനസ്സില്‍ തെളിയുന്ന ചിത്രങ്ങള്‍ നാലോ ആറോ വയസ്സുള്ള രണ്ട് കസിന്‍സ്, രണ്ട് കൊച്ചുകുട്ടികള്‍. അതില്‍ ഒരാള്‍ ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞ് കാണാന്‍ പോണം എന്ന് ചിണുങ്ങുന്ന ഒരു റോശാക്കുട്ടി. (ശ്രദ്ധിക്കുക: റോസാക്കുട്ടിയല്ല, റോശാക്കുട്ടി - കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്ന, അവരുടെ ഭാഷയില്‍ സംസാരിക്കുന്ന ഒരമ്മയെയും അമ്മയുടെ വാത്സല്യത്തെയും വായനക്കാരനു ഈ ഒരു വാക്കില്‍ തന്നെ കാണാം. റോശാക്കുട്ടീ എന്നുവിളിക്കുന്ന അമ്മയുടെ വിളി ഇവിടെ കേള്‍ക്കുക).

വലിയ കണ്ണടയുള്ള ഡോക്ടര്‍ വയറ്റുമ്മേ മുറിച്ചു. എന്നിട്ട് അമ്മേടെ കയ്യിലുള്ളത്തെ തയ്യല്‍മെഷീന്‍ കൊണ്ട് തയ്ച്ചു.: കുഞ്ഞിനു മനസിലാവുന്ന ഭാഷ. ഡോക്ടര്‍ തുന്നിക്കെട്ടിയത് ഒരു ചെറിയ സംഭവമായി കുഞ്ഞിനു ഇതു കേള്‍ക്കുമ്പോള്‍ തോന്നും. പേടിക്കാനൊന്നുമില്ല. അമ്മ ഇടയ്ക്കിടയ്ക്കു തയ്ക്കുന്നതല്ലേ. ഡോക്ടര്‍ ഭയങ്കരനാണ്. ഡോക്ടറെ പേടിക്കണം. വലിയ കണ്ണടയുള്ള ഡോക്ടര്‍. പക്ഷേ ഓപ്പറേഷന്‍ - ഒരു സിമ്പിള്‍ കാര്യം.

റോസാക്കുട്ടിക്ക് എന്തിനാ ഓറഞ്ചസ് കൊടുക്കുന്നതെന്ന് കുഞ്ഞിനു സംശയമുണ്ടാവാം. മോള്‍ക്ക് പണ്ടു റോശാക്കുട്ടിയും കൊണ്ടുത്തന്നതല്ലേ എന്നുചോദിക്കുമ്പോള്‍ കുഞ്ഞിന്റെ സംശയം തീരുന്നു. അതിലളിതമായ ഒരു ഗുണപാഠം കുഞ്ഞിനു അമ്മ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. "കര്‍മ്മണ്യേ വാധികാരസ്തേ, മാ ഭലേഷു കഥാചനാ" എന്നൊക്കെ പറഞ്ഞുകൊടുക്കുന്നതിലും എത്രയോ എളുപ്പമായ കാര്യം :-)

റോശാക്കുട്ടിക്ക് നിറയെ ഉമ്മ കൊടുക്കണം എന്നുപറയുമ്പൊഴും കഥയില്‍ മാതൃവാത്സല്യവും സ്നേഹവും തുളുമ്പുന്നു. കഥാന്ത്യമാണ് ഏറ്റവും നല്ലത്. ഓപ്പറേഷന്‍ വലിയ കാര്യമല്ലെങ്കിലും കുഞ്ഞിനു പേടി - റോശാക്കുട്ടി കരയുവോന്നു. ഇല്ല. റോശാക്കുട്ടി ബ്രേവ് ഗേള്‍ ആണ്. ബ്രേവ് ഗേള്‍സ് കരയില്ല. റോശാക്കുട്ടിക്ക് ഉമ്മകൊടുക്കുമ്പോള്‍ അമ്മുക്കുട്ടിയും കരയില്ല. കാര്യം അമ്മുക്കുട്ടിയും ബ്രേവ് ഗേളാണ്. ഇവിടെ ആരാണ് കരയാന്‍ പോവുന്നത്? ആരു കരയും എന്നാണ് അമ്മയ്ക്കു പേടി? മോളുടെ പേടിമാറ്റുമ്പൊഴും രണ്ടു കൊച്ചുകസിന്‍സിന്റെ സ്നേഹം കണ്ട്, ഇതില്‍ ഒരാള്‍ കരഞ്ഞുപോയാല്‍, കരയുന്നത് അമ്മതന്നെയായിരിക്കും. അമ്മ ബ്രേവ് ആണോ? ഇഞ്ചിപ്പെണ്ണ് കഥയില്‍ ഉത്തരം പറയുന്നില്ല.

എങ്കിലും മകളേ കരയരുത്. മോള്‍ കരയില്ല. മോള്‍ ബ്രേവ് ആണ്. ഇവിടെ കടമ്മനിട്ടയുടെ കോഴി ഓര്‍മ്മവരുന്നു. സുജിത്തിന്റെ കാര്‍ട്ടൂണില്‍ നിന്നാണ് ഞാന്‍ ഈ കവിത വായിച്ചത്. മാത്രമല്ല,ഇനി വരാനുള്ള ഭീകരതകളെ നേരിടാന്‍, ജീവിതത്തിന്റെ വേദനകളെ നേരിടാന്‍, കുഞ്ഞിനെ തയ്യാറാക്കുന്ന അമ്മക്കോഴി. ഇവിടെ ഒരു ലളിതമായ തത്വത്തില്‍ മോളോട് ധൈര്യമായി ഇരിക്കാന്‍ പറയുന്ന അമ്മ. കരയരുത്. നല്ല കുട്ടികള്‍ കരയില്ല. ബ്രേവ് ഗേള്‍സ് കരയില്ല.

കഥയില്‍ ഉടനീളം ഇംഗ്ലീഷ് വാക്കുകളുടെ ഉപയോഗം ശ്രദ്ധിക്കുക. കുഞ്ഞ് ഇംഗ്ലീഷ് മീഡിയം നേഴ്സറിയില്‍ ആവാം പഠിക്കുന്നത്. കുഞ്ഞിന്റെ ഭാഷ അവിടെ കേള്‍ക്കുന്ന ഇംഗ്ലീഷും വീട്ടില്‍ കേള്‍ക്കുന്ന മലയാളവും ടി.വി.യില്‍ കാണുന്ന ഇംഗ്ലീഷും എല്ലാം ഇടകലര്‍ന്ന ഒരു ഭാഷ ആവുന്നത് സാധാരണമാണ്. ഈ കഥ വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടവര്‍ക്ക് എന്തുകൊണ്ടാവാം ഇത് ഇഷ്ടപ്പെട്ടത്? ഓരോരുത്തരും അവരില്‍ ഒരു കുഞ്ഞിനെക്കണ്ടുവോ? ആരാണ്, ഒരു സ്ത്രീയില്‍ നിന്ന് ഒരു അമ്മയെയും സഹോദരിയെയും കാമുകിയെയും ഭാര്യയും കൂട്ടുകാരിയെയും സഹയാത്രികയെയും ചാരിനില്‍ക്കാന്‍ ഉറപ്പുള്ള ഒരു വൃക്ഷത്തെയും ആ വടവൃക്ഷത്തിന്റെ തണലിനെയും പ്രതീക്ഷിക്കാത്തത്?

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ റോട്ടറി ക്ലബ്ബിന്റെ ഏതോ പരിപാടിയില്‍ കേട്ട പ്രസംഗം ഓര്‍മ്മവരുന്നു. കിടപ്പുമുറിയില്‍ രാത്രി എന്തോ ഒച്ചകേട്ട് ഒരു പാമ്പിനെ കണ്ടെന്നു വിചാരിക്കുക. പല ആളുകള്‍ക്കും ഈ കാഴ്ച്ച പല വികാരങ്ങളാവും നല്‍കുക. ചിലര്‍ക്ക് ഇതുകാണുമ്പോള്‍ പേടിച്ച് നിലവിളിക്കാനാവും തോന്നുക. മറ്റുചിലര്‍ക്ക് പാമ്പിനെ കാണുമ്പോള്‍ ഒരു വടിയെടുത്ത് തല്ലിക്കൊല്ലാനാവും തോന്നുക. ഒരു പ്രകൃതിസ്നേഹിക്ക് / ഫോട്ടോഗ്രാഫര്‍ക്ക് പാമ്പിനോടുതോന്നുന്ന വികാരം അതിന്റെ ഒരു ചിത്രം എടുക്കാനാവും. ഒരു ചിത്രകാരനു പാമ്പിനെ കാണുമ്പോള്‍ അതിന്റെ സൌന്ദര്യം ആസ്വദിക്കാനാവും തോന്നുക. ഒരേ കാഴ്ച്ച പലരിലും നല്‍കുന്ന വീക്ഷണകോണുകള്‍ പലതാണ്.

ഇതേ തത്വം ഈ കഥയിലും പ്രാവര്‍ത്തികമാണ്. കഥ നടക്കുന്നത് വായനക്കാരന്റെ മനസ്സില്‍ ആണ്. റോശാക്കുട്ടിയും അമ്മുക്കുട്ടിയും അമ്മയും ഒക്കെ വായനക്കാരന്റെ മനസ്സില്‍ ആണ്.

എനിക്ക് ഇഷ്ടമുള്ള കാര്‍ട്ടൂണുകളില്‍ ഒന്ന് - ഏറ്റവും ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ എന്നുതന്നെ പറയാം - ബില്‍ വാട്ടേഴ്സണ്‍ വരച്ച കാല്‍‌വിന്‍ ആന്റ് ഹോബ്സ് ആണ്. കാല്‍‌വിന്‍ എന്ന കൊച്ചുകുട്ടിയും ഹോബ്ബ്സ് എന്ന കടുവയും ചേര്‍ന്നുള്ള കുട്ടിത്തങ്ങള്‍, വലിയ ചിന്തകള്‍, ചെറിയ സാഹചര്യങ്ങളിലെ സാഹസികതകള്‍. ഇതില്‍ ഹോബ്സ് ബാക്കി എല്ലാവരുടെയും കണ്ണില്‍ പഞ്ഞിനിറച്ച ഒരു പാവയാണ്. മറ്റുള്ളവര്‍ ഹോബ്സിനെ അങ്ങനെയേ കാണുന്നുള്ളൂ. കാല്‍‌വിന്‍ കാണുമ്പോള്‍ മാത്രം ഹോബ്സ് സംസാരിക്കുന്ന, കൂടെ കളിക്കുന്ന, ഒരു ജീവനുള്ള കടുവയാണ്. ഇതിനു ബില്‍ വാട്ടേഴ്സണ്‍ നല്‍കുന്ന വിശദീകരണം ഇതാണ്: ലോകം അങ്ങനെയാണ്. ഒരേ വസ്തുവിനെ രണ്ടുപേര്‍ കാണുന്നത് ഒരിക്കലും ഒരേപോലെ ആയിരിക്കില്ല. ഞാന്‍ ഒരു വസ്തുവിനെ കാണുമ്പോള്‍ ഉള്ള വികാരങ്ങളായിരിക്കില്ല, മറ്റൊരാള്‍ ഇതേ വസ്തുവിനെ കാണുമ്പോള്‍ ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ ഹോബ്സ് മറ്റുള്ളവര്‍ക്ക് ഒരു പാവയും കാല്‍‌വിനു ജീവനുള്ള ഒരു കടുവയും ആവുന്നത് തികച്ചും സ്വാഭാവികമാണ്.

നല്ല കഥ.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ചെറിയ സാഹചര്യങ്ങളില്‍ നിന്നും കഥപറയുന്നതാണ്. ഒരു കഥ രചിക്കണമെങ്കില്‍ വലിയ വിഷയങ്ങള്‍ ആവശ്യമില്ല. ജീവിതത്തിലെ ചെറിയചെറിയ സംഭവങ്ങളില്‍ അല്‍പ്പം ഭാവനകലര്‍ത്തിയാല്‍ തന്നെ, നല്ല വര്‍ണ്ണനകളും കൂടി ചേര്‍ക്കുമ്പൊള്‍ തന്നെ, നല്ല കഥകള്‍ ജനിക്കുകയായി. ചെറിയ അനുഭവങ്ങളില്‍ നിന്നുള്ള കഥ, വലിയ അനുഭവങ്ങളില്‍ നിന്നുള്ള കഥ - എന്നിവയ്ക്ക് ബ്ലോഗിലെ ഏറ്റവും പ്രശസ്തമായ ഉദാഹരണങ്ങളാണ് വിശാലമനസ്കന്റെ ബ്ലോഗും കുറുമാന്റെ യാത്രാവിവരണവും. വിശാലമനസ്കന്‍ - ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ എടുത്ത് മനോഹരമായി പറഞ്ഞിരിക്കുന്നു. കുറുമാന്‍ - ജീവിതത്തിലെ ചില വലിയ സംഭവങ്ങള്‍ എടുത്ത് മനോഹരമായി പറഞ്ഞിരിക്കുന്നു. രണ്ടും മനോഹരമായ രചനകള്‍.

ഇവിടെ എനിക്കു തോന്നുന്നത് - വിശാലമനസ്കനു ഇങ്ങനത്തെ ആയിരം കുറിപ്പുകള്‍ എഴുതാനും ഇനിയും കഴിയും എന്നാണ്. കാര്യം ജീവിതം അങ്ങനെയാണ് - ദിവസവും പുതിയ പുതിയ അനുഭവങ്ങള്‍ തന്നുകൊണ്ടിരിക്കുന്നു. മിക്കപ്പൊഴും ചെറുതായ, നല്ലതോ ചീത്തയോ ആയ, അനുഭവങ്ങളെ ജീവിതം കോരിച്ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. അവയെ കാണാന്‍ ഉള്ള കണ്ണുണ്ടായാല്‍ മതി, കഥ പിറക്കുകയായി.

കുറുമാന്‍ - വലിയ കഥകള്‍ എഴുതി ഫലിപ്പിച്ചതുപോലെ ഇനി ചെറിയ സംഭവങ്ങളെയും എഴുതി ഫലിപ്പിക്കുന്നത് എനിക്കു കാണണം. ഇത് കുറുമാനു ദുര്യോധനന്റെ വക വെല്ലുവിളിയാണ്. ജീവിതത്തില്‍ നിന്നും നിറപ്പകിട്ടാര്‍ന്ന രചനകള്‍ കുറുമാനില്‍ നിന്നും ഇനിയും ഇനിയും വരണം. (കഥയോ കവിതയോ ലേഖനമോ ചിത്രമോ ഒരു ഫോട്ടോയോ ചെണ്ടകൊട്ടോ - അത് ഏതുരൂപത്തിലും ആവട്ടെ)

==കഥയെഴുത്തിലെ പാഠം: നല്ല വര്‍ണ്ണനകള്‍==
നല്ല വര്‍ണ്ണനകള്‍ എല്ലാ കഥയിലും വേണമെന്നില്ല. ബഷീറിന്റെ ശബ്ദങ്ങള്‍ - ബഷീറിന്റെ പുസ്തകങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശബ്ദങ്ങള്‍ ആണ്. അനുരാഗത്തിന്റെ ദിനങ്ങളും ന്റുപ്പുപ്പായ്ക്കൊരാനെണ്ടാരുന്നും ഒക്കെ അതു കഴിഞ്ഞേ വരുന്നുള്ളൂ - ഈ കഥയില്‍ വര്‍ണ്ണനകള്‍ ഒന്നും തന്നെ ഇല്ലെന്നു കാണാം. എങ്കിലും മിക്ക കഥകളിലും വായനക്കാരനെ നടത്തുന്നത് വര്‍ണ്ണനകളാണ്.

ചലച്ചിത്രങ്ങളിലെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമാണ് കഥകളില്‍ വര്‍ണ്ണനകള്‍ കൊണ്ടുണ്ടാവുന്നത്. പശ്ചാത്തലസംഗീതം ഇല്ലെങ്കിലും ചലച്ചിത്രമുണ്ട്. വര്‍ണ്ണനകള്‍ ഇല്ലെങ്കിലും കഥയുണ്ട്. പല അവാര്‍ഡ് ചിത്രങ്ങളിലും പശ്ചാത്തലസംഗീതം ഉണ്ടാവാറില്ല. എങ്കിലും പശ്ചാത്തലസംഗീതം ഉള്ള ചിത്രം തന്നെയാണ് നമ്മളില്‍ പലര്‍ക്കും ഇഷ്ടം.

തന്റെ സുഹൃത്തായിരുന്ന ഫിറ്റ്സ്ഗെറാള്‍ഡിന്റെ കഥകള്‍ മങ്ങുന്നതിനെക്കുറിച്ച് ഹെമിങ്ങ്‌വേ പറഞ്ഞതു ശ്രദ്ധിക്കുക.

"His talent was as natural as the pattern that was made by the dust on a butterfly's wings. At one time he understood it no more than the butterfly did and he did not know when it was brushed or marred. Later he became conscious of his damaged wings and their construction and he learned to think and could not fly any more because the love of flight was gone and he could only remember when it had been effortless"

(ഒരു ചിത്രശലഭം പറക്കുമ്പോള്‍ ത്തിന്റെ ചിറകില്‍ നിന്നുള്ള പൂമ്പൊടി നിര്‍മ്മിക്കുന്ന പാറ്റേണ്‍ പോലെ അനുസ്യൂതമാണ് ഫിറ്റ്സ്ഗെറാള്‍ഡിന്റെ ശൈലി. ഒരു സമയത്ത് ചിത്രശലഭം അതിന്റെ ചിറകുകള്‍ ഉരയുന്നതോ മുറിയുന്നതോ മനസ്സിലാക്കാത്തതുപോലെ ഫിറ്റ്സ്ഗെറാള്‍ഡും തന്റെ രചനയെ മനസിലാക്കിയില്ല. പിന്നീട് അദ്ദേഹം തന്റെ മുറിവേറ്റ ചിറകുകളെയും അവയുടെ രൂപഘടനയെയും മനസിലാക്കി. അദ്ദേഹം ചിന്തിക്കുവാന്‍ പഠിച്ചു. പിന്നെ അദ്ദേഹത്തിനു പറക്കുവാന്‍ കഴിഞ്ഞില്ല, കാരണം പറക്കലിനോടുള്ള പ്രണയം അസ്തമിച്ചിരുന്നു. പറക്കല്‍ എത്ര അനായാസമായിരുന്നു എന്ന് ചിന്തിച്ച് നെടുവീര്‍പ്പിടാന്‍ മാത്രമേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ)

- എങ്കിലും ഇതിനു കുറുക്കുവഴികളില്ല.

കുറുമാനും വിശാലമനസ്കനും ഇഞ്ചിപ്പെണ്ണിനും എല്ലാ ഭാവുകങ്ങളും.

Thursday, October 4, 2007

മനുവിന്റെ യക്ഷി - ഒരു പഠനം

==കഥ എഴുത്തിലെ സൂത്രം 1) - കഥകള്‍ക്ക് ശക്തമാ‍യ തുടക്കം നല്‍കുക==

ഒരു കഥയുടെ ആദ്യവരികള്‍ വളരെ പ്രധാനമാണ്. ഈ വരികള്‍ വായനക്കാരനെ പിടിച്ചിരുത്തണം. ബാക്കി കഥ മുഴുവന്‍ വായിപ്പിക്കണം. പ്രത്യേകിച്ചും വായനക്കാരന്‍ കഥാകൃത്തിന്റെ കൃതികള്‍ വായിക്കുന്നത് ആദ്യമായാണെങ്കില്‍. ഇതിനു ഉപോദ്ബലകമായി മൂന്നുനാല് ഇഷ്ടകൃതികളുടെ ആദ്യവരികള്‍ ഉദ്ധരിക്കട്ടെ.

1) “Lolita, light of my life, fire of my loins. My sin, my soul. Lo-lee-ta: the tip of the tongue taking a trip of three steps down the palate to tap, at three, on the teeth. Lo. Lee. Ta.“ (വ്ലാദിമിര്‍ നബക്കോവ്, ലോലിത) - ലോലിത എന്ന പന്ത്രണ്ടുവയസ്സുകാരിയെ പ്രണയിക്കുന്ന മുപ്പത്തേഴുവയസ്സ് പ്രായമുള്ള പീഡോഫൈലിന്റെ കഥ നബക്കോവ് ഈ പുസ്തകത്തില്‍ പറയുന്നു. ആദ്യവാക്യങ്ങളുടെ ശക്തി ശരിക്കറിയണമെങ്കില്‍ നിറുത്തി നിറുത്തി ഉറക്കെ വായിച്ചുനോക്കുക. ഇതിന്റെ റെക്കോഡിങ്ങ് താല്‍പ്പര്യമുള്ളവര്‍ക്ക് ഇവിടെ കേള്‍ക്കാം.

2) IT WAS INEVITABLE: the scent of bitter almonds always reminded him of the fate of unrequited love. - ലവ് ഇന്‍ ദ് റ്റൈം ഓഫ് കോളറ: ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ്. ഈ പുസ്തകത്തിന്റെ പ്രമേയം പ്രണയത്തിന്റെ, ലൈംഗീകതയുടെ, ആഘോഷം ആണ്.

3) ഏകദേശം മുന്നൂറ് പറക്ക് നെല്‍കൃഷിയുള്ള കൊടകര പാടത്ത്, എന്റെ പിതാശ്രീ, ആള്‍ക്ക് സ്ത്രീധനമായിക്കിട്ടിയ മുന്നൂറ്റമ്പത് രൂപകൊണ്ട് ആരുടെ കയ്യീ‍ന്നാണാവോ ഒരു മൂന്നുപറ നിലം വാങ്ങി. പറയുമ്പോള്‍ ഒരു തോര്‍ത്തുമുണ്ടിന്റെ വലിപ്പേ നമ്മുടെ കണ്ടത്തിനുള്ളൂ. പക്ഷേ, സൈനൈഡ് എന്തിനാ അഞ്ചുകിലോ? - (ഇത് ആരെഴുതി, എപ്പൊ എഴുതി എന്നൊക്കെ അറിയാത്ത ബ്ലോഗേഴ്സിനു ദുബൈ വഴി വന്നാല്‍ ഫ്രീ സൈനൈഡ്).

4) It is a truth universally acknowledged, that a single man in possession of a good fortune must be in want of a wife (ജെയിന്‍ ആസ്റ്റിന്‍, പ്രൈഡ് ആന്റ് പ്രിജുഡിസ്) - പ്രണയം, ഈഗോ, മുന്‍‌വിധി, അഭിമാനം, ഇതൊക്കെ ആണ് പ്രമേയം. ഡാര്‍സി എന്ന വിവാഹപ്രായമായ പണക്കാരന്‍ അഞ്ച് സഹോദരിമാര്‍ ഉള്ള വീടിനു അയല്‍ക്കാരനായി വരുന്ന കഥ.

5) Maman died today. Or yesterday maybe, I don't know. I got a telegram from home: "Mother deceased. Funeral tomorrow. Faithfully yours.". That doesn't mean anything. Maybe it was yesterday (ആല്‍ബര്‍ട്ട് കാമ്യു, ദ് സ്ട്രേഞ്ചര്‍) - നിരര്‍ത്ഥകതയെക്കുറിച്ച് ഒരു വളരെ നല്ല പുസ്തകം. നിരര്‍ത്ഥകതയെപ്പറ്റി കൂടുതല്‍ വഴിയേ പറയാം.

ഒരു നല്ല തുടക്കത്തിനു മറ്റ് മലയാള സാഹിത്യത്തിലും അല്ലാതെയും പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. (വിവരണത്തിന്റെ സ്ഥൂലതകൊണ്ട് ചുരുക്കുന്നു. എങ്കിലും ഒരു നല്ല തുടക്കത്തിന്റ് ആവശ്യകത, ശക്തമായ വരികള്‍ കൊണ്ട് വായനക്കാരനെ പിടിച്ചിരുത്തേണ്ടതിന്റെ, ബാക്കി വായിക്കാന്‍ പ്രേരിപ്പിക്കേണ്ടതിന്റെ ആവശ്യകത, ആവോളം വ്യക്തമാക്കി എന്നു കരുതുന്നു. ഇവിടെ മനു യക്ഷി എന്ന കഥ തുടങ്ങുന്നത് എങ്ങനെ എന്നു കാണുക.

“പ്രസാദം തരിക! ശബ്ദം പുറത്തുകേട്ടുവോ എന്തോ. കേട്ടെങ്കില്‍ കേള്‍ക്കട്ടെ. ഇനിയും ആ കണ്ണുകളുടെ കനല്‍ചൂടില്‍ നില്‍ക്കാന്‍ വയ്യ.

നെയ്‌വിളക്കിന്റെ തെളിച്ചത്തില്‍ തുള്ളിവിറക്കുന്ന ഇരുട്ടില്‍നിന്ന് നടവാതില്‍ക്കലെ പുലര്‍വെളിച്ചത്തിലേക്ക്‌ നീണ്ട്‌ പ്രസാദമിറ്റിക്കുന്ന കറുത്തചരടുജപിച്ചുകെട്ടിയ, നിറയെരോമങ്ങളുള്ള കൈകളില്‍ വിറകലര്‍ത്തുന്നത്‌ ക്ഷോഭമോ മോഹമോ? അറിയണമെന്നില്ല.“

- നല്ല തുടക്കം.

==യക്ഷി==

മനു കഥ പറയുന്നത് ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ക്കൂടിയാണ്. ക്ഷേത്രത്തിലെ പൂജാരിയുടെ കണ്ണുകള്‍ പെണ്‍കുട്ടിയെ ചൂഴുന്നതിലുള്ള അസ്വസ്ഥത, അതിന്റെ കൂടെ അവളുടെ സൌന്ദര്യത്തില്‍ അവള്‍ക്കുള്ള അരക്ഷിതാ‍വസ്ഥയും, ആ സൌന്ദര്യത്തിനുമേല്‍ പിന്നാലെ വരാന്‍ പോവുന്ന ആക്രമണങ്ങളും മനു ഈ വരികളിലൂടെ മുന്‍‌കൂട്ടിപ്പറയുന്നു. നല്ല തുടക്കം.

മനുവിന്റെ ഭാഷ ശക്തമാണ്. സുന്ദരമായ, അര്‍ത്ഥവത്തായ ഉപമകള്‍. പൂജാരിയെ സര്‍പ്പവുമായി ഉപമിക്കുന്നതു കാണുക.

“ജീവിതത്തില്‍ അഴുക്ക്‌ ആവശ്യത്തിനില്ലാഞ്ഞിട്ടാണോ ദേവീ നിന്റെ തൃക്കോവിലിലും വജ്രമെരിയുന്ന കണ്ണുകൊണ്ട്‌, ഓരാതിരിക്കെ ചുണ്ടുനനയ്ക്കുന്ന നാവുകൊണ്ട്‌, ഉടല്‍തീണ്ടി രുചിയും ഗന്ധവും തേടുന്ന സര്‍പ്പം?

കറുത്തരോമങ്ങളുള്ള വയറിനുകുറുകേനീണ്ട്‌ നെഞ്ചിലേക്കിഴയുന്ന പൂണൂല്‍ കാവിലെ ചൂരല്‍പടര്‍പ്പിലേക്ക്‌ ഇഴഞ്ഞുപോകെ നിര്‍മമായ വിരക്തികൊണ്ട്‌ മോഹിപ്പിക്കുന്ന നാഗത്താന്മാരെപ്പോലെയാണെന്ന് മുന്‍പെന്നോ തോന്നിയിരുന്നു.“

- പൂജാരിയിലെ വഴുക്കുന്ന അഴുക്കും പുളയുന്ന കാമവും കണ്ണുകള്‍ കൊണ്ടും നാവുകൊണ്ടും പൂജാരി നടത്തുന്ന കടന്നുകയറ്റവും ഈ വരികളില്‍ തിളങ്ങുന്നു. അതോടൊപ്പം വായനക്കാരന്‍ പൂജാരിയെ വെറുക്കുകയും ചെയ്യുന്നു.

പിന്നാലെ പടിഞ്ഞാറേയ്ക്കലെ ദേവകിയേട്ടത്തിയും പൂജാരിയുമായി ക്ഷേത്രത്തിനുള്ളിലെ ക്രീഡകള്‍ മനു പരാമര്‍ശിക്കുന്നു. അതിനും പിന്നാലെ, വായനക്കാരനു ഒരു ഷോക്ക് നല്‍കിക്കൊണ്ട്, ഈ പെണ്‍കുട്ടിയുടെ അമ്മയും ചെറിയച്ഛനുമായി ഉള്ള ക്രീഢയും മനു പരാമര്‍ശിക്കുന്നു. (ഇതേ ഷോക്ക് ട്രീറ്റ്മെന്റ് വായനക്കാരനു ഏറ് എന്ന കഥയിലും മനു നല്‍കുന്നു).

“രാത്രികളില്‍ മുകളിലെ കിടക്കമുറിയില്‍ നിന്ന് കേള്‍ക്കാറുണ്ട്‌ അമ്മയുടെ ഞരങ്ങലും മൂളലും. ചെറിയച്ഛന്റെ ശിവതാണ്ഡവമാണ്‌. പ്രഭാതങ്ങളില്‍ പടിയിറങ്ങിവരുമ്പോള്‍ മുഖത്ത്‌ അമ്മയെ മെരുക്കിയെടുത്തതിന്റെ അഹന്ത കത്തുന്നതു കാണാം. മനംപുരട്ടും.“

- മനുവിന്റെ മറ്റ് പ്രധാന കഥകളും ശ്രദ്ധിച്ചാല്‍ വിഷയങ്ങളിലെ സാമ്യം കാണാം. മനു തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ കേരളത്തിലെ ഗോപ്യമായ, എന്നാല്‍ സര്‍വ്വവ്യാപിയായ ലൈംഗീകത, അതിന്റെ ഗുപ്തതയില്‍ പറ്റിനില്‍ക്കുന്ന കുറ്റബോധം, ഇത് വ്യക്തികളുടെ ജീവിതത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും വരുത്തുന്ന സ്വാധീനം എന്നിവയാണെന്നു കാണാം. ഏറ് എന്ന കഥയും ഇവിടെ ശ്രദ്ധിക്കുക.

കേരളത്തിന്റെ ലൈംഗീകതയോടുള്ള സമീപനം വളരെ യാഥാസ്ഥിതികമാണ്. ഇതിനു നല്ല വശങ്ങളും ചീത്തവശങ്ങളും ഉണ്ട്. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും മക്കളായി ഉള്ള ഒരു കൂട്ടുകാരന്‍ പറയുകയുണ്ടായി, ആണ്‍കുട്ടി വലുതായി മറ്റ് പെണ്‍കുട്ടികളുമായി എന്തെങ്കിലും ബന്ധമുണ്ടായി എന്ന് അറിഞ്ഞാല്‍ കുഴപ്പമില്ല, താങ്ങാം. എന്നാല്‍ മകള്‍ക്ക് അങ്ങനെ എന്തെങ്കിലും സംഭവിച്ചു എന്നറിഞ്ഞാല്‍.. അത് താങ്ങാന്‍ വളരെ വിഷമമായിരിക്കും. ഇത് കേരളത്തിന്റെ മനസ്സാക്ഷിയാണ്. ഇതില്‍ തെറ്റും ശരിയുമില്ല. നമ്മള്‍ ഇങ്ങനെയാണ്. ഇവിടെ ലാറ്റിന്‍ അമേരിക്കയില്‍ ലൈംഗീകതയെ ഒരു ആഘോഷമായി കൊണ്ടാടുന്ന, കഥാപാത്രങ്ങള്‍ക്ക് ഒരു കുറ്റബോധവും ഇല്ലാത്ത, മാര്‍ക്കേസിന്റെ ലവ് ഇന്‍ ദ് റ്റൈം ഓഫ് കോളറ എന്ന പുസ്തകം ശ്രദ്ധിക്കുക.

ഈ കുറ്റബോധം, അസ്വസ്ഥത, നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ലൈംഗീകത ഒരു വ്യക്തിയിലെ ഏറ്റവും ശക്തമായ വികാരങ്ങളില്‍ ഒന്നാണ്. വിശപ്പും ദാഹവും പോലെ. അതിന്റെ ബഹിര്‍സ്ഭുരണങ്ങള്‍ കേരളം പോലുള്ള ഒരു സമൂഹത്തില്‍ കുറ്റബോധത്തിന്റെയും ഭവിഷ്യത്തുകളുടെയും അലകള്‍ സൃഷ്ടിക്കുന്നു. അതാണ് മനുവിന്റെ കഥകളിലെ പഠനവിഷയവും.

യക്ഷി എന്ന കഥയില്‍ പാവമായ, കൌമാരത്തിന്റെ ആശകള്‍ മുളയ്ക്കുന്ന, ഉണ്ണി എന്ന കാമുകനെ പരിചയപ്പെടുത്തുന്നു. കേന്ദ്രകഥാപാത്രത്തിനു-നായികയ്ക്ക് പേരില്ല. (പേരിന്റെ ആവശ്യമില്ല). അമ്മ എന്തിനോവേണ്ടി ചെറിയച്ഛനുമൊത്ത് ദിവസവും ശയിക്കുന്നു.

“അമ്മയ്ക്കും ഭയമുണ്ടെന്ന് തോന്നുന്നു. ഉടല്‍ ഉണര്‍ന്ന പുത്രിയെ സ്വന്തം പുരുഷന്റെകണ്ണില്‍ നിന്ന് കാക്കാനല്ലേ എല്ലാവൈകുന്നേരവും തൈലം തേച്ചുകുളിച്ച്‌ പൂചൂടിയൊരുങ്ങുന്നത്‌? താണ്ഡവതാളത്തിനു താഴെയമരുമ്പോഴും നിലവിളികള്‍ ഞരക്കങ്ങളായി കാക്കുന്നത്‌?

പാവം. ഇപ്പോള്‍ സര്‍പ്പക്കാവിലും ഭഗവതിക്ഷേത്രത്തിലുമുള്ള പോക്കുപോലും നിന്നിരിക്കുന്നു. വൈകുമ്പോള്‍ തെറിതിക്കുമാത്രം ഒരു വിളക്ക്‌.“

- ഇവിടെ അമ്മ യക്ഷി എന്ന ബിംബം ആവുന്നു. വിളക്കുവെക്കുന്നത് അമ്മയ്ക്കുവേണ്ടി തന്നെയാണ്. യക്ഷി പൂചൂടി ഒരുങ്ങുന്നത് കാമപൂര്‍ത്തിക്കാവാം. മകളെ സംരക്ഷിക്കുന്നതിനാവാം. യക്ഷിക്ക് വേറെ ഗതിയില്ല എന്നതാണ് സത്യം. യക്ഷി ഒരേസമയം അമ്മയും കാമുകിയുമാവുന്നു. രക്ഷകയും ഇരയും ആവുന്നു. ഞരക്കങ്ങളും നിലവിളികളും ആവുന്നു - ഇവ ഒന്നാണെന്ന് മനു കഥയില്‍ പറഞ്ഞെങ്കിലും ഒരു വായനക്കാരന്റെ കണ്ണില്‍ ഇവ രണ്ടാവാനാണ് സാദ്ധ്യത. യക്ഷിയുടെ കാമത്തില്‍ കുറ്റബോധം നിറയുന്നു. പ്രകൃതി ചോദനകളാല്‍ യക്ഷി കാമരൂപിണിയായി ഞരങ്ങുന്നു. കുറ്റബോധത്താല്‍ യക്ഷി നിലവിളിക്കുന്നു.

“പ്രണയിനിയായ ഭവത്രേയി യക്ഷിയാകുമ്പോള്‍ അവളെന്തേ വിരക്തയായ പുരുഷവിദ്വേഷി ആകുന്നതിനുപകരം രതിതല്പരയായ കാമിനിയാകുന്നു എന്നൊരുചോദ്യം മനസ്സില്‍ വന്നത്‌ ചോദിച്ചില്ല. രതിയുടെ വശ്യഗന്ധം പൂക്കുന്ന ചെമ്പകക്കൊമ്പില്‍ നിന്ന് മരണത്തിലേക്ക്‌ പറന്നുപോകുന്ന പുരുഷനോട്‌ അസൂയ തോന്നിയോ?“

- ഇതേ ചോദ്യം മനുവിന്റെ ഏറ് എന്ന കഥയിലും ഉണ്ട്. ഗുപത്മായ, വിലക്കപ്പെട്ട കാമത്തിന്റെ; പുരുഷവിദ്വേഷത്തിലും നൈരാശ്യങ്ങളിലും ഒളിഞ്ഞിരിക്കുന്ന കാമത്തിന്റെ; ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രകാശനം.

==കഥാന്ത്യങ്ങള്‍==
മനു ഈ കഥയ്ക്ക് രണ്ട് കഥാന്ത്യങ്ങള്‍ എഴുതി. ആദ്യം എഴുതിയ കഥാന്ത്യം അധികം ആര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്നത് സത്യം. ഇവിടെ അബദ്ധത്തില്‍ കാമുകനായ ഉണ്ണി കൊല്ലപ്പെടുന്നതും മരണത്തോടടുക്കുമ്പോള്‍ കഥാനായിക അവനു കാമപൂര്‍ത്തിനല്‍കുന്നതും ആയിരുന്നു കഥാന്ത്യം. മനുവിന്റെ ബ്ലോഗില്‍ കമന്റിട്ട ഭൂരിപക്ഷം വായനക്കാര്‍ക്കും കഥാന്ത്യം ഇഷ്ടപ്പെടാത്തത് അതിലെ നിരര്‍ത്ഥകത കൊണ്ടാവാം. അല്ലെങ്കില്‍ പ്രത്യക്ഷത്തിലുള്ള അസംഭവ്യതകൊണ്ടാവാം. ദുഷ്ടനായ ചെറിയച്ഛന്‍ മരിക്കണം എന്നാവുമല്ലോ വായനക്കാര്‍ ആഗ്രഹിക്കുന്നത്.

പ്രകൃതി പക്ഷേ അങ്ങനെയാണ്. സാന്മാര്‍ഗ്ഗിക നിയമങ്ങള്‍ പ്രകൃതി അനുസരിക്കാറില്ല. പ്രകൃതിയുടെ നിയമങ്ങള്‍ നിരര്‍ത്ഥകമാണ് - ചുരുങ്ങിയപക്ഷം ഈ ജീവിതത്തിലെങ്കിലും. പ്രകൃതിയുടെ നിരര്‍ത്ഥകതയെ പുരപ്പുറത്തുകയറിനിന്ന് വിളിച്ചുപറഞ്ഞ എഴുത്തുകാരനായിരുന്നു ആല്‍ബര്‍ട്ട് കാമ്യു. ദ് സ്ട്രേഞ്ചര്‍, ദ് പ്ലേഗ്, തുടങ്ങിയ പുസ്തകങ്ങള്‍ ഈ തത്വത്തിനു നല്ല ഉദാഹരണം ആണ്. രാഷ്ട്രീയത്തിലും ജീവിതത്തിലും ഒക്കെ ധാരാളമായി ഈ വിരോധാഭാസങ്ങള്‍ കാണാം. അടുത്ത ജന്മത്തില്‍ അവനോട് ദൈവം ചോദിക്കും, അല്ലെങ്കില്‍ അവന്‍ നരകത്തില്‍ പോവും, എന്നൊക്കെ നമ്മള്‍ ഇതിനെ അര്‍ത്ഥവല്‍ക്കരിക്കാന്‍ നോക്കുന്നു. ഇത്തരം അര്‍ത്ഥങ്ങള്‍ ഈ ജീവിതത്തില്‍ തിരക്കരുത് എന്ന്‍ നാറാണത്തുഭ്രാന്തന്റെ കഥ നമ്മോടു പറയുന്നു.

രണ്ടാമത്തെ കഥാന്ത്യം മലയാള സിനിമയിലെ ദു:ഖപര്യവസായിയായ അന്ത്യമാണ്. ചെറിയച്ഛന്‍ നായികയെ ആക്രമിക്കാന്‍ നോക്കുന്നു. അമ്മ എവീടെനിന്നോ വന്ന് ചെറിയച്ഛനെ കൊല്ലുന്നു. ഉണ്ണി ഓടിവരുന്നു. - ഇത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഇതിനു ഉള്ള ന്യൂനതകള്‍ പലതാണ്. നിരര്‍ത്ഥകതയ്ക്ക് ഒരു സൌന്ദര്യമുണ്ട്. പ്രകൃതിയുടെ വന്യമായ അനിശ്ചിതാവസ്ഥയുടെ സൌന്ദര്യമാണ് അത്. ആ സൌന്ദര്യം ഈ കഥാന്ത്യത്തില്‍ പോയി.

ആന്റണ്‍ ചെഖോവ്: ലോകത്തിലെ ഏറ്റവും നല്ല ചെറുകഥാകൃത്തുകളില്‍ ഒരാളായി ആന്റണ്‍ ചെഖോവ് കരുതപ്പെടുന്നു. ചിന്താധാര (Stream of Conciousness) എന്ന രചനാശൈലിയുടെ ആദ്യ ഉപയോക്താക്കളില്‍ ഒരാളായിരുന്നു ചെഖോവ്. (പിന്നീട് ജെയിംസ് ജോയ്സ്, വിര്‍ജ്ജിനിയ വുള്‍ഫ്, വില്യം ഫോക്നര്‍ തുടങ്ങിയവര്‍ ഈ ശൈലിയെ ഫലപ്രദമായി ഉപയോഗിച്ചു). ആന്റണ്‍ ചെഖോവ് സാന്മാര്‍ഗ്ഗികതയുടെ അന്തിമവിജയം എന്ന ആശയത്തെ തന്റെ കഥകളിലൂടെയും അല്ലാതെയും എതിര്‍ത്തു. സാന്മാര്‍ഗ്ഗികതയുടെ അന്തിമവിജയം എന്ന ആശയം വിക്ടോറിയന്‍ സാന്മാര്‍ഗ്ഗിതയുടേതാണ്. ഇതിനെ ശക്തമായി എതിര്‍ത്ത മറ്റൊരു വിശ്വപ്രസിദ്ധ കലാകാരനായിരുന്നു ഹെന്രിക്ക് ഇബ്സന്‍

==ഏറ്==

പല വായനക്കാര്‍ക്കും ചെവിയുടെ അടുത്തുകൂടി മൂളിക്കൊണ്ട് കടന്നുപോയ, ഒരു ശക്തമായ കഥയായിരുന്നു ഏറ്. വിഷയങ്ങളിലെ സാമ്യം ശ്രദ്ധിക്കുക. ശക്തമായ അവതരണത്തിലൂടെ ഈ കഥയും നമ്മളെ പിടിച്ചിരുത്തുന്നു. ഇത്രയും എഴുതിയതിന്റെ സ്ഥൂലതകൊണ്ട് ഞാന്‍ അതിലേയ്ക്കു കടക്കുന്നില്ല.

==സൂത്രം 2) കഥകള്‍ എപ്പോള്‍ എഴുതുന്നു എന്നത്==

മനുവിന്റെ മറ്റു പല കഥകളും ഈ രണ്ടു കഥകളോളം ശക്തമായില്ല. ഒരു കാരണമായി എനിക്കു തോന്നിയത് ഇതാണ്. എഴുതാന്‍ കഴിവുള്ള ഒരു എഴുത്തുകാരന്, കഥയുടെ വികാരം പ്രതിഫലിപ്പിക്കാന്‍, കഥ എപ്പോള്‍ എഴുതുന്നു എന്നതും പ്രധാനമാണ്.

ജീവശാസ്ത്രപരമായി ദിവസത്തിന്റെ രാവിലെ മിക്കവാറും എല്ലാവര്‍ക്കും സന്തോഷപ്രദം, ഉന്മേഷപ്രദം ആയിരിക്കും. ഒരു ഉറക്കം കഴിഞ്ഞ് തലച്ചോറിലേയ്ക്ക് ശുദ്ധരക്തം ഇരച്ചെത്തുന്നു. അവയവങ്ങള്‍ വിശ്രമിച്ച് ഉഷാറായിരിക്കുന്നു. ഈ സമയം സന്തോഷപ്രദമായ, ഹാസ്യാത്മകമായ, പ്രസാദാത്മകമായ രചനകള്‍ക്ക് നല്ലതാണ്.

വൈകിട്ട്: ശാന്തമായ കഥകള്‍ എഴുതാന്‍ നല്ലതാണ്. ബഷീര്‍ തന്റെ മാംഗോസ്റ്റീന്‍ മരത്തണലില്‍ ഇരുന്ന് വിശ്വസാഹിത്യം കാച്ചിയത് വൈകുന്നേരങ്ങളില്‍ ആയിരുന്നിരിക്കണം.

രാത്രി: പലപ്പോഴും രാത്രിയില്‍‍ ആണ് തല ചൂടായി ഇരിക്കുക. ഒരു ദിവസത്തിന്റെ അദ്ധ്വാനത്തിനുശേഷം ശരീരം വിശ്രമം ആശിക്കുന്നതാവാം. വിഷാദങ്ങള്‍ പതിന്മടങ്ങ് വലുതാവുക രാത്രികളിലാണ്. ദു:ഖച്ഛായയുള്ള കഥകള്‍ എഴുതാന്‍ ഈ സമയം നല്ലതാണ്. പക്ഷേ മനസ്സ് കലുഷിതമായിരിക്കുന്ന ഏതവസരവും ഇത്തരം കഥകള്‍ക്കായി വിനിയോഗിക്കാം.

ഒരു പനി ഉള്ളപ്പോള്‍: അല്‍പ്പം ഭ്രാന്തന്‍ കഥകള്‍ എഴുതാന്‍ ഈ സമയം നല്ലതാണ്. മനസ്സ് കലങ്ങിയിരിക്കും. ഇതിനെ കഥയില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

ചുരുക്കത്തില്‍ കഴിവുള്ള ഒരു കഥാകൃത്തിനു തന്റെ മനോനില കഥാപാത്രങ്ങളിലും കഥയിലും പ്രതിഫലിപ്പിക്കാന്‍ സാധിക്കും. ഉചിതമായ മനോനില ഉള്ളപ്പോള്‍ എഴുതണം എന്നേ ഉള്ളൂ. മനോനിലയെ, അന്തരീക്ഷത്തെ, അടിച്ചേല്‍പ്പിക്കാന്‍ മിക്കപ്പോഴും സാധിക്കില്ല. ഏച്ചുകെട്ടുന്നത് മുഴച്ചിരിക്കും.

മനു ദിവസത്തിന്റെ അനുചിതമായ കാലങ്ങളില്‍ ആയിരിക്കാം ബാക്കി കഥകളെ കുറിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

==ഇനി വരുന്ന കഥാകാരന്മാര്‍ക്ക്==

ഒരു കഥയ്ക്ക് ഏറ്റവും പ്രധാനം നല്ല ഒരു കഥാതന്തുവാണ്. സ്റ്റീവ് ജോബ്സ് “It is chiseled in stone at our studio that no amount of technology can ever turn a bad story into a good one“ എന്ന് കാര്‍ട്ടൂണ്‍ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞു. കഥകള്‍ക്കും ഇത് ബാധകമാണ്. “no amount of technique can ever turn a bad story into a good one“. ഇതാണ് ഏറ്റവും പ്രധാന നിയമം.

കഥകള്‍ സാന്മാര്‍ഗ്ഗിക പ്രദീപികകള്‍ ആവണമെന്നില്ല. ഒരു കഥാകാരന്റെ ജോലി സമൂഹത്തെ പഠിപ്പിക്കുക അല്ല. role of an artist is to ask questions, not to answer them എന്ന് ചെഖോവ് പറയുന്നു. സാന്മാര്‍ഗ്ഗികതയുടെ ഒരു നിയമങ്ങളും കഥാകാരനു ബാധകമല്ല. വിജയന്റെ ധര്‍മ്മപുരാണം, ജോയ്സിന്റെ യുളീസിസ് ഒക്കെ വായിക്കുക.

കഥാകൃത്തിന് ബ്ലോഗ് ഒരു പരീക്ഷണശാലയാണ്. കഥകളില്‍ നൂതന സങ്കേതങ്ങള്‍ ഉപയോഗിക്കുവാനുള്ള പരീക്ഷണശാല. ഇന്റര്‍നെറ്റില്‍ നിന്ന് കലയിലെ വിവിധ ശൈലികളെ (genre / techniques) മനസ്സിലാക്കാനും പഠിക്കുവാനും കഴിയുന്ന ഈ കാലത്ത് വിവിധ ശൈലികളെ ബ്ലോഗ് കഥാകാരന്മാര്‍ മലയാള കഥകളില്‍ ഉപയോഗിക്കണം എന്നുതന്നെയാണ് എന്റെ പക്ഷം. ഒരു പരീക്ഷണം എന്ന നിലയിലെങ്കിലും.

Expressionism, Impressionism, Dadaism, Surrealism, Cubism, pop art, stream of conciousness, magical realism, character sketches - ഇതെല്ലാം മലയാള കഥകളിലും ചിത്രകലയിലും വരണം. അടുത്തകാലത്ത് മലയാളം വിക്കിപീഡിയയില്‍ മാജിക്കല്‍ റിയലിസത്തിനു ഒരു ഉദാഹരണം ചോദിച്ചിട്ട് എനിക്ക് മാര്‍ക്കേസിനെയും സല്‍മാന്‍ റുഷ്ദിയെയും ഒക്കെ പിടിക്കേണ്ടിവന്നു. മലയാളത്തില്‍ നിന്നും ഒന്നും കിട്ടിയില്ല.

എന്നാല്‍ ക്ലാസിക്കല്‍ ശൈലിയല്ലാതെ ഒരു പ്രത്യേക ടെക്നിക്കുകളും ഉപയോഗിക്കാത്ത സി.വി. രാമന്‍പിള്ളയുടെയും സ്വന്തമായ ടെക്നിക്കുകള്‍ ഉപയോഗിച്ച ബഷീറിന്റെയും കഥകള്‍ രത്നങ്ങളായി തന്നെ തുടരുന്നു. “അനുഭവങ്ങള്‍ ഇല്ലാതെ കഥ എഴുതരുത്” എന്ന് ബഷീര്‍ പറയുന്നു. എത്ര ടെക്നിക്കുകള്‍ ഉപയോഗിച്ചാല്‍ ഇതുപോലൊരു വരി എഴുതാന്‍ കഴിയും?

“എന്റെ കരളില് വേതന”



(എന്റുപ്പുപ്പായ്ക്കൊരാനേണ്ടാരുന്നു, ബഷീര്‍)