Monday, October 29, 2007
ഇമ്പവും താളവുമില്ലാത്ത ഉത്തരാധുനിക കവിത
മലയാളത്തിലെ ആധുനിക കവിതകളെ നോക്കിക്കാണുമ്പോള്‍ പ്രധാനമായും മൂന്നുകാര്യങ്ങളാണ് തോന്നുക
1) വൃത്തങ്ങളുടെ നിരാസം
2) പഴയ തലമുറയുടെ കവിതകളോടുള്ള പുച്ഛം
3) താളബോധത്തെക്കാള്‍ അര്‍ത്ഥത്തിനുള്ള പ്രാധാന്യം
ഇവിടെ കവിതയുടെയും കഥയുടെയും ഓര്‍മ്മക്കുറിപ്പുകളുടെയും ചിന്താശകലങ്ങളുടെയും അകലം ചുരുങ്ങി മങ്ങിയ വരകളാവുന്നു. പലപ്പൊഴും കവിതയെ ഗദ്യത്തില്‍ നിന്നും വേര്‍തിരിക്കുന്ന അതിരുകള്‍ പുകപിടിച്ച് കാണാനാവാതാവുന്നു. ഇവിടെയാണ് എന്താണു കവിത, കവിതയെ മറ്റു സാഹിത്യ ശാഖകളില്‍ നിന്നും എന്താണ് വ്യത്യസ്തമാക്കുന്നത് എന്ന ചോദ്യം വരുന്നത്.
“ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്നതാണ് കവിത”
==പ്രകൃതിയിലെ കവിത==
പ്രകൃതിയുടെ ഒരു പ്രത്യേകത താളാത്മകതയാണ്. ഒരു കൊച്ചു കുഞ്ഞിനെയെടുക്കൂ. കരയുമ്പോള്‍ വാരിയെടുത്ത് തോളില്‍ കിടത്തി താളത്തില്‍ കുഞ്ഞിന്റെ ചുമലില്‍ തട്ടിക്കൊടുക്കു. കുഞ്ഞിന്റെ കരച്ചില്‍ കുറുകി ഒരു പരിഭവമായി, പിന്നീട് അതും അലിഞ്ഞ് ഉറക്കമായി മാറുന്നതു കാണാം. താളമില്ലാതെ തട്ടിനൊക്കൂ - മാതാപിതാക്കള്‍ വിവരമറിയും.
ഒരു കുഞ്ഞിനെ ഉറക്കാന്‍ കളിപ്പാട്ടങ്ങള്‍ കിലുക്കിനോക്കൂ. താളത്തില്‍ കിലുക്കുമ്പോഴാവും കുഞ്ഞ് സാകൂതം നോക്കുക. താളബോധം പ്രകൃതിയില്‍ നിന്നാണ്. പരമ്പരാഗതമാണ്. കുയില്‍ കൂവുന്നതിലും കാക്ക കാറുന്നതിലും ചീവീട് കരയുന്നതിലും താളമുണ്ട്. ഒരു മുറമെടുത്ത് അരി പാറ്റുന്നതില്‍ താളമുണ്ട്.
എഴുത്തില്‍ താളബോധം നിലനിര്‍ത്താന്‍ രൂപീകരിച്ച ഉപകരണങ്ങള്‍ മാത്രമാണ് വൃത്തങ്ങള്‍ (metre). വൃത്തങ്ങളില്ലാതെയും കവിതയെഴുതാം. കേരളത്തിലെ നാടോടിപ്പാട്ടുകള്‍, ആദിവാസികളുടെ പാട്ടുകള്‍, പാണന്‍പാട്ടുകള്‍, പുള്ളുവന്‍പാട്ടുകള്‍ ശ്രദ്ധിക്കുക. മഹത്തായ കവിതകളാണ് അവ. അവയില്‍ താളബോധമുണ്ട്. ഇമ്പമുണ്ട്. മനുഷ്യന്റെ പ്രാകൃത സമൂഹങ്ങളില്‍ പോലും താളമുണ്ട്. ആദിവാസി നൃത്തസംഗീത രൂപങ്ങള്‍ ശ്രദ്ധിക്കുക. ആ താളബോധത്തില്‍ ആശയങ്ങള്‍ ഉരുക്കിച്ചേര്‍ക്കുമ്പോഴാണ് കവിത ജനിക്കുന്നത്. താളം പ്രകൃതിയില്‍ നിന്നാണ്. താളം മനുഷ്യനില്‍ അന്തര്‍ലീനമാണ്. ഒരേ ആവൃത്തിയില്‍ കവിതയുമായി മനുഷ്യമനസ്സ് സ്പന്ദിക്കുമ്പോഴാണ് കവിത ഉദാത്തമാവുന്നത്, കവിത മനുഷ്യമനസ്സില്‍ തങ്ങിനില്‍ക്കുന്നത്.
കടമ്മനിട്ടയുടെ കുറത്തിയും ചുള്ളിക്കാടിന്റെ മനുഷ്യന്റെ കൈകള്‍ എന്ന കവിതയും ഇവിടെ ഉദാഹരണങ്ങളായി ഓര്‍മ്മവരുന്നു.
ആശയങ്ങളെ പകര്‍ത്തിയെഴുതി വാക്യങ്ങളെ മുറിച്ചുവെച്ച് അവ വായനക്കാരന്റെ മനസ്സില്‍ ഒരു ആഘാതം ഉണ്ടാക്കുന്ന വിധത്തില്‍ രചിച്ച്‍ അവയെ ആധുനിക കവിത എന്ന് നാം പലപ്പൊഴും വിളിക്കുന്നു. ഈ കവിതകള്‍ നിലനില്‍ക്കാനുള്ള സാദ്ധ്യത കുറവാണ്. താളബോധമില്ലായ്മ, ഒരേ ആവൃത്തിയില്‍ സ്പന്ദിക്കുവാനുള്ള കഴിവില്ലായ്മ (inability to resonate) - ഇതൊക്കെ കവിതയെ പ്രതികൂലമായി ബാധിക്കും.
കഥകളും കവിതകളും തമ്മിലുള്ള വ്യത്യാസവും ഇവിടെയാണുള്ളത്. കവിത - അതിന്റെ താളക്രമം കൊണ്ട് അനുവാചക ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്നു. പല വരികളും ഒന്നോ രണ്ടോ തവണ കേട്ടതിനു ശേഷം / വായിച്ചതിനു ശേഷം വര്‍ഷങ്ങളോളം നിങ്ങളുടെ ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്നതു കാണാം. വിദ്യാലയത്തില്‍ വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പേ പഠിച്ച പല കവിതകളും ഇന്നും ഭാഗികമായെങ്കിലും ആവര്‍ത്തിക്കാന്‍ കഴിയുന്ന പലരെയും, ഞാനുള്‍പ്പെടെ - ഞാന്‍ കണ്ടിട്ടുണ്ട്. കഥകള്‍ക്കും മറ്റ് സാഹിത്യ രൂപങ്ങള്‍ക്കും ഈ ശേഷി ഇല്ല. കവിതയുടെ താളബോധമാണ് കവിതയ്ക്ക് ഈ ദീര്‍ഘായുസ്സ് (longitivity) കൊടുക്കുന്നത്. പണ്ടുവായിച്ച കഥകളെക്കുറിച്ച് ചോദിച്ചാല്‍ ചിലപ്പോള്‍ കഥയുടെ ആശയം / പ്രമേയം ഓര്‍ത്തെടുക്കാന്‍ സാധിക്കും. എന്നാല്‍ ഒന്നോ രണ്ടോ വരികള്‍ ഓര്‍ത്തെടുക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടും. കവിതയെ കഥയെക്കാളും ഉപന്യാസത്തെക്കാളും ഒരു തട്ട് മുകളിലേയ്ക്ക് ഉയര്‍ത്തുന്നത് ഈ താളക്രമമാണ്. ഇതുകൊണ്ടാണ് നാടകാന്തം കവിത്വം എന്നുപറഞ്ഞ് കവിതയെ മറ്റുസാഹിത്യരൂപങ്ങളെക്കാള്‍ ഒരുതട്ട് മുകളില്‍ പ്രതിഷ്ടിക്കുന്നത്. ഇതാണ് ഇന്ന് ഉത്തരാധുനികതയില്‍ നഷ്ടപ്പെടുന്നതും.
വൃത്തങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും അവയുടേതായ ദോഷങ്ങളുമുണ്ട്. വൃത്തങ്ങളും അലങ്കാരങ്ങളും മലയാള കവിതയില്‍ കടന്നുവന്നതിന്റെ പ്രധാന ദോഷം വൃത്തമൊപ്പിക്കാന്‍ വാക്കുകളുടെ ഒഴിയാത്ത ഒരാവനാഴി വേണ്ടിവരുന്നു എന്നതാണ്. ഇതിനായി പലപ്പൊഴും സംസ്കൃതത്തില്‍ നിന്നും വാക്കുകള്‍ കടമെടുക്കേണ്ടി വരികയും പല പുതിയ വാക്കുകളും നിര്‍മ്മിക്കേണ്ടി വരികയും ചെയ്യുന്നു. ഇതിന്റെ പ്രധാന ദോഷം കവിത എഴുതാന്‍ അഗാധമായ പാണ്ഠിത്യം, പ്രത്യേകിച്ച് സംസ്കൃത പ്രാവീണ്യം, വേണ്ടി വരുന്നു എന്നതാണ്. പാണ്ഠിത്യം, പ്രത്യേകിച്ച് സംസ്കൃത പ്രാവീണ്യം, മേല്‍ജാതികളുടെ പൈതൃകമായിരുന കാലഘട്ടങ്ങളില്‍ കവിത ചില സമുദായങ്ങളില്‍ മാത്രം ഒതുങ്ങിനിന്നത് സ്വാഭാവികം. എന്നാല്‍ കവിതയ്ക്ക് കഥയില്‍ നിന്നോ ഉപന്യാസത്തില്‍ നിന്നോ വ്യത്യസ്തമായി ഒരു വേറിട്ട വ്യക്തിത്വം, താളാത്മകമായ ഒരു ചട്ടക്കൂട്, നല്‍കുവാന്‍ വൃത്തങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും കഴിഞ്ഞു.
എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. വിവരസാങ്കേതികവിദ്യയുടെ പ്രധാന ഗുണം വിവരങ്ങളുടെ സാര്‍വ്വികമായ ലഭ്യതയാണ്. എങ്കിലും വൃത്തമൊപ്പിച്ച് കവിതയെഴുതണമെന്നില്ല. എന്നാല്‍ താളമൊപ്പിച്ച് എഴുതണം. താളമില്ലാതെയും എന്തും കുറിച്ചുവെച്ചൂടേ എന്ന് ചോദിക്കാം - ആവാം, എന്നല്‍ അതിനെ കവിത എന്നു വിളിക്കരുത് എന്നേയുള്ളൂ. ചിന്താശകലങ്ങള്‍ എന്നോ നവ ചിന്ത എന്നോ കൊളാഷ് എന്നോ അല്ലെങ്കില്‍ ഇതുവരെ ഇല്ലാത്ത അതിനൂതനമായ ഒരു പദം കൊണ്ടോ അതിനെ വിശേഷിപ്പിച്ചുകൊള്ളൂ. എന്നാല്‍ അവള്‍ക്ക് കവിതയെന്ന് പേരിടരുത്.
ഉത്തരാധുനികത എന്നപേരില്‍ എഴുതിക്കൂട്ടുന്നതില്‍ താളബോധമില്ലായ്മയുടെ, സൌന്ദര്യദര്‍ശനമില്ലായ്മയുടെ, ആയിരം ഉദാഹരണങ്ങള്‍ - ബ്ലോഗിലും പുറത്തും - അനായാസം ചൂണ്ടിക്കാണിക്കാം.
==പഴയ തലമുറയുടെ സൃഷ്ടികളുടെ നിരാസം==
പഴയകവിത - ചില സമുദായങ്ങളില്‍ തങ്ങിനിന്നു എന്നുപറഞ്ഞെങ്കിലും അവ കാലം എന്ന അരിപ്പയിലൂടെ കടന്നുപോയതാണ്. പാലാ നാരായണന്‍നായരുടെ പ്രാധാന്യമല്ല വള്ളത്തോളിന്. കാലം എപ്പൊഴും നല്ലതിനെ അടുത്ത തലമുറയിലേയ്ക്ക് കടത്തിവിടുകയും ചീത്തയെ അരിച്ചുകളയുകയും ചെയ്യുന്നു. സാഹിത്യത്തിലും കലയിലും സൌന്ദര്യശാസ്ത്രത്തിലുമെങ്കിലും ഈ നിയമം ബാധകമാണ്. പഴയതിനെ പാടേ നിരാകരിച്ചുകൊണ്ടല്ല പുതിയ കവിത വരേണ്ടത്. പഴമയിലെ നന്മയെ പൊക്കിള്‍ക്കൊടിയിലൂടെ ആവോളം സ്വാംശീകരിച്ചുകൊണ്ടുവേണം പുതിയ കവിത ജനിക്കേണ്ടത്. പഴയ കവിതയുടെ മുലപ്പാല്‍ നുകര്‍ന്നുകൊണ്ടുവേണം പുതിയ കവിത വളരേണ്ടത്. പഴയ കവിതയുടെ ഉന്നതശിഖരങ്ങളില്‍ കയറിനിന്നുകൊണ്ടാവണം പുതിയ കവിത കൂവേണ്ടത്. ചുരുങ്ങിയപക്ഷം പഴയവയെ തിരുത്തുമ്പോള്‍ - തച്ചുടയ്ക്കരുത്, തിരുത്തുകയേ ആകാവൂ - അവയെ നന്നായി മനസ്സിലാക്കി തിരുത്താന്‍ ശ്രമിക്കൂ. ഒരു കൊടുങ്കാട് ചുട്ടെരിച്ച് പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കരുത്. തറവാട് പൊളിച്ചടുക്കിയല്ല പുതിയ സൌധങ്ങള്‍ പണിയേണ്ടത്. പഴയ തലമുറയുടെ കവിതകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യവും ആദരവും കൊടുക്കൂ. modernization (നവീകരണം) എന്നത് ലോകത്തില്‍ കലയില്‍ മാത്രമല്ല, ശാസ്ത്രം, സംസ്കാരം, ജീവിതരീതി തുടങ്ങി എല്ലാ തുറകളിലും നടക്കുന്ന ഒരു പ്രക്രിയയാണ്. അത് പഴയകാര്യങ്ങളെ കൂടുതല്‍ നന്നാക്കാനുള്ള ഒരു മുന്നോട്ടുള്ള കാല്‍വെപ്പ് (improvement) ആണെന്നുകാണാം. ഒരിക്കലും തച്ചുടയ്ക്കലും പുനര്‍നിര്‍മ്മാണവും അല്ല.
==ദ്രാവിഡ കവിത, ആഫ്രിക്കന്‍ കവിത, നവകവിത==
കവിതയും മറ്റു കലാരൂപങ്ങളെപ്പോലെ കാലഘട്ടത്തിന്റെയും സാമൂഹിക പരിതസ്ഥിതിയുടെയും സൃഷ്ടിയാണ്. ഏതൊരു കലാരൂപവും പോലെ കവിതയും കവി കാണുന്നതും കേള്‍ക്കുന്നതുമായ ലോകത്തോടുള്ള കവിയുടെ സംവാദമാണ്. താന്‍ അനുഭവിക്കുന്ന ലോകത്തോടുള്ള, പരിതസ്ഥിതികളോടുള്ള, കവിയുടെ കിന്നാരങ്ങളും കുറുകലുകളും പരിഭവങ്ങളും വേദനകളും നിലവിളികളും കുസൃതികളും പ്രണയങ്ങളുമാണ്. മുന്‍പത്തെ കാലഘട്ടത്തില്‍ കവികള്‍ പ്രതികരിച്ചത് പാരതന്ത്ര്യത്തോടും സാമൂഹിക ഉച്ചനീചത്വത്തോടും അടിമത്തത്തോടും വര്‍ണ്ണവിവേചനത്തോടും വിശപ്പിനോടും ദൈവശാസ്ത്രത്തോടുമാണെങ്കില്‍ ഇന്നത്തെ പരിതസ്ഥിതി ഒരു കലാകാരനു കാഴ്ച്ചവയ്ക്കുന്ന പരിതസ്ഥിതികളും പ്രതിസന്ധികളും ചോദ്യങ്ങളും വിഭിന്നമാവാം. സംവേദനശേഷി നഷ്ടപ്പെട്ട് ഉറഞ്ഞുപോയ മനുഷ്യമനസ്സ്; സ്നേഹം എന്ന വികാരം മരിച്ച് ലൈംഗീകത, ഉപകാരലബ്ധി, ഉപയുക്തത, തുടങ്ങിയ പല വികാരങ്ങളായി പകുത്തുപോയത്; മെഴുകുപോലെ മനസ്സിനെയും സമൂഹത്തെയാകെയും വളയ്ക്കുന്ന സ്ഥാപിത താല്പര്യങ്ങള്‍; ചീയുന്ന രാഷ്ട്രീയം; തുടങ്ങി സമൂഹത്തിന്റെ വ്യഥകള്‍ എന്തുമാവാം. ഇവിടെ കവിതയ്ക്ക് ഓരോ കാലഘട്ടവും ഓരോ സംസ്കൃതിയും അതിന്റേതായ വിഷയങ്ങള്‍ പ്രദാനം ചെയ്യുന്നു. ആഫ്രിക്കന്‍ കവിതയും ദ്രാവിഡകവിതയും ജാപ്പനീസ് കവിതയും ഇതുകൊണ്ടുതന്നെ വ്യത്യസ്തമാവും.
എന്നാല്‍ ആഫ്രിക്കയിലെയും ആസ്ത്രേലിയയിലെയും കേരളത്തിലെയും ജനങ്ങളെ ബന്ധിക്കുന്ന ഒന്നുണ്ട് - മാനവികത. പെറ്റുവീണയുടനെ കരയണം എന്നുപഠിപ്പിച്ച മാനവികത. ഇരുട്ടിനെ ഭയപ്പെടണം, ഇടയ്ക്കൊക്കെ ചിരിക്കണം, പ്രണയിക്കണം, എന്നുപഠിപ്പിച്ച മാനവികത. വഴിയില്‍ ഒരു അപകടം കാണുമ്പോള്‍ ഞെട്ടുന്ന, ഓരോ മരണവാര്‍ത്തയിലും അസ്വസ്ഥമാവുന്ന, എപ്പൊഴെങ്കിലും ഒരു തെറ്റുചെയ്യുമ്പോള്‍ കുറ്റബോധമായി കുത്തുന്ന, അപരനോട് കരുണാര്‍ദ്രമാവുന്ന മാനവികത. ഇതിനു സാമൂഹികമായ വേലിക്കെട്ടുകളില്ല. കാലത്തിന്റെ അതിരുകളുമില്ല. പ്രകൃതിയില്‍ പരിണാമം വളരെ പതുക്കെ നടക്കുന്ന ഒരു പ്രക്രിയയാണ്. ഈ മാനവികതയില്‍ മാറ്റങ്ങള്‍ വരാന്‍ കാലങ്ങളെടുക്കും. അതുകൊണ്ടുതന്നെ ആഫ്രിക്കന്‍ കവിതയും ജാപ്പനീസ് കവിതയും ഒക്കെ - അറിയാതെയെങ്കിലും ഈ മാനവികതയെ പ്രകാറിപ്പിക്കുമ്പോള്‍ - അനശ്വരമാവുകയും ചെയ്യും. ചില സൃഷ്ടികള്‍ അങ്ങനെയാണ് - മാനവികതയിലെ ചില ഭാവങ്ങളുമായി ഒരേ ആവൃത്തിയില്‍ സ്പന്ദിക്കും. ആ സ്പന്ദനം, ആ ഇമ്പം - കലാദേശങ്ങളെ കടന്ന് അനശ്വരവും സാര്‍വ്വലൌകീകമാവുകയും ചെയ്യും.
==സംഗ്രഹം==
ഈ കുറിപ്പില്‍ രണ്ടോ മൂന്നോ ആശയങ്ങളെ പ്രതിപാദിക്കാന്‍ ശ്രമിച്ചു. പ്രധാനമായും
1) കവിതയ്ക്ക് താളം വേണം, ഇമ്പം വേണം. താളബോധമില്ലാതെ എഴുതുന്നത് കവിതയല്ല.
2) പഴയ കവിതകളുടെ നിരാസം നന്നല്ല.
3) സൃഷ്ടികള്‍ ചില പ്രത്യേക ആവൃത്തികളില്‍ കാലദേശാതിവര്‍ത്തികളാവുന്നു.
ഇതേ സന്ദേശവുമായി ഞാന്‍ വിട്ടുപോയ പല ആശയങ്ങളും അനംഗാരിയുടെ പോസ്റ്റില്‍ ഉണ്ട്. അതും കൂടി വായിക്കുവാന്‍ താല്പര്യം.
Subscribe to:
Post Comments (Atom)
20 comments:
pazhaya kavithakalodum kavikalodumulla bahumaanam athyavasyamaayum venam
ennal thaalathekkal arthathinu thanneyaanu munganana vendathu
ente abipraayam
കവിതക്ക് ഒരു ചട്ടക്കൂട് വേണമെന്നു നിര്‍ബന്ധം പിടിക്കുന്നില്ല. പഴയ തലമുറയോടുള്ള പുച്ഛം പുതിയ തലമുറയിലെ കവികള്‍ക്ക് മാത്രമല്ലല്ലോ? പഴയതിനെയെല്ലാം തിരസ്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പുതു തലമുറ പഴയ കവിതകളുടെ നേരെയും പുറം തിരിഞ്ഞ് നില്‍ക്കുന്നതില്‍ തെറ്റ് കാണാന്‍ കഴിയില്ലല്ലോ.
ഒ.എന്‍.വിയും സുഗത കുമാരിയും കുരീപ്പുഴ ശ്രീകുമാറും ഒന്നും വൃത്തത്തിലധിഷ്ടിതമായല്ല കവിതകളെഴുതിയിട്ടുള്ളത്. പക്ഷേ അവരുടെയൊക്കെ കവിതകളിലെ ഒരോ വരിയിലും ഒരോ വാക്കിലും കുത്തിലും കോമയിലും വരെ കവിത്വമുണ്ടായിരുന്നു. താളമുണ്ടായിരുന്നു. വാക്കുകള്‍ക്ക് അനുവാചകന്റെ ഹൃദയത്തിലേക്ക് ചാട്ടുളി പോലെ ആഴ്ന്നിറങ്ങാനുള്ള കരുത്തുണ്ടായിരുന്നു. ഒരു വട്ടം വായിച്ചാല്‍ വീണ്ടും വീണ്ടും കവിതയിലേക്ക് അനുവാചകനെ തളച്ചിടുന്ന മാസ്മരികതയുണ്ടായിരുന്നു.
ഇന്നിന്റെ കവിതയെന്താണ്?
“നീ പോ...
പോവുക നീ.
വരാം...
ഞാനും വരാം.
നമ്മുക്കൊന്നിച്ച് പോകാം.
നീയും ഞാനും ഒന്നിച്ച്,
എന്നിട്ടോ?
നിന്റെ ചിന്ത നിനക്ക്
എന്റെ ചിന്ത എനിക്ക്
അനന്തരം-
അവരുടെ തലച്ചോറ്?”
ഇങ്ങിനെയെഴിതി വെച്ചിട്ട് ഇതിനേയും കവിതയെന്ന് പറഞ്ഞാല്‍ മൂന്ന് നാല് പേജ് ആസ്വാദനം ഇതിനും കിട്ടും. ബൂലോകത്താണ് ഈ പ്രവണത കൂടുതല്‍ കാണുന്നത്. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്.
കവിതയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍ക്കാനം വരുത്തുന്ന ദുരന്തത്തിലേക്ക് ആധുനിക കവിത വഴുതി വീണിരിക്കുന്നു. എറ്റവും ലാഘവത്തോടെ സമീപിക്കാന്‍ കഴിയുന്ന സാഹിത്യ ശാഖയായി പുതു തലമുറ കവിതയെ കാണുന്നു. ഇതിനെ തിരുത്തണമെങ്കില്‍ അവതരിക്കപ്പെടുന്ന കവിതകളുടെ നെല്ലും പതിരും ആധികാരികമായി തന്നെ വേര്‍തിരിക്കാന്‍ നിരൂപകര്‍ക്കും വിമര്‍ശകര്‍ക്കും കഴിയേണ്ടിയിരിക്കുന്നു. ബൂലോകത്തെ പുറം ചൊറികള്‍ കവിതയെ ദയാ വധത്തിന് വിധേയമാക്കുന്നതിന് മുമ്പ് കവിതയെ സ്നേഹിക്കുന്നവര്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു-മലയാള കവിതയെ അകാല ചരമത്തില്‍ നിന്നും രക്ഷ പെടുത്തുവാന്‍.
അഞ്ചല്‍കാരന്റെ അഭിപ്രായത്തിന് ഞാന്‍ കയ്യൊപ്പ് വെച്ചിരിക്കുന്നു.
ബൂലോഗമാണ് ഏറ്റവും മലീമസമായ കവിതകളുടെ ഉറവിടം.എന്നാല്‍ എടുത്തു പറയാവുന്ന നല്ല കവിതകളും ഉണ്ട്.ആര്‍ക്കും കയറി നിരങ്ങാവുന്ന ഒരു പീടികതിണ്ണയാണ് ഇന്ന് കവിതാ വിഭാഗം.കവിതക്ക് വൃത്തം വേണമെന്നോ അല്ലെങ്കില്‍ പദ്യമായിരിക്കണമെന്നോ നിര്‍ബന്ധം പിടിക്കേണ്ടതില്ല. വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന എത്രയോ ഗദ്യ കവിതകള്‍ നമുക്ക് കാണാന്‍ കഴിയും? എന്നാല്‍ ഇപ്പോള്‍ വന്ന് വന്ന് കവിത മലയാളത്തിലും തലക്കെട്ട് ആംഗലേയഭാഷയിലും ആകാമെന്ന് വരെയായിരിക്കുന്നു.അതിന് ഓശാന പാടാന്‍ കുറെ മാന്യമഹാജനങ്ങളും,പിന്നെ കുഴലൂത്ത് കാരും...
“ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്നതാണ് കവിത”
അപ്പോള്‍ ഈണമുള്ളത് മാത്രമാണോ കവിത? സംഗീതത്തെ കുറിച്ച് അന്ധനായ കവി സ്വന്തമായി കൊടുക്കുന്ന ഈണങ്ങള്‍ ഇതില്‍ പെടുമോ?
"ഇവിടെ കവിതയുടെയും കഥയുടെയും ഓര്‍മ്മക്കുറിപ്പുകളുടെയും ചിന്താശകലങ്ങളുടെയും അകലം ചുരുങ്ങി മങ്ങിയ വരകളാവുന്നു"
ഗദ്യമായാലും പദ്യമായാലും കാവ്യഭംഗിയില്‍ എഴുതുന്നത് ഒരു കഴിവല്ലേ,അത് പ്രതിഭയുള്ള ഒരാള്‍ക്കേ കഴിയൂ എന്നാണ് എനിക്കു തോന്നുന്നത്.
സൃഷ്ടികള്‍ കാലദേശങ്ങള്‍ക്ക് അതീതമാകുന്നതെങ്ങനെയെന്ന അഭിപ്രായത്തോട് യോജിക്കുന്നു.
വല്യമ്മായി,
സാഹിത്യം പല രൂപത്തിലുണ്ട്. ഗദ്യമായാലും പദ്യമായാലും സൌന്ദര്യാത്മകമായി എഴുതുന്നത് കഴിവുതന്നെ, പ്രതിഭതന്നെ. എന്നാല്‍ ഭംഗിയുള്ള - കാവ്യഭംഗി എന്നതുകൊണ്ട് ഇതാണ് ഉദ്യേശിച്ചതെന്നു കരുതുന്നു - എല്ലാത്തിനെയും കയറി കവിത എന്നു വിളിക്കുന്നതിനോടാണ് എനിക്ക് എതിര്‍പ്പ്.
ബാംഗ്ലൂരില്‍ എല്ലാ തെരുവുകളിലും വില്‍ക്കുവാന്‍ വെച്ചിരിക്കുന്ന, വിശ്വപ്രസിദ്ധമായ ഒരു പുസ്തകമാണ് notes to myself. മനോഹരമായ ചിന്താശകലങ്ങള്‍. ഓരോ താളിലും മൂന്നോ നാലോ വരികള്‍ മാത്രം. എന്നാല്‍ ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മ ഗ്രന്ഥകര്‍ത്താവ് ഇതിനെ നോട്ട്സ് - കുറിപ്പുകള്‍ - എന്നാണു വിളിക്കുന്നത്, കവിത എന്നല്ല.
അന്ധഗായകന്‍ ചിട്ടപ്പെടുത്തുന്ന ഈണങ്ങള്‍ - അവയ്ക്ക് അര്‍ത്ഥങ്ങള്‍ കൂടെ കൊടുക്കുമ്പോഴാണ് കവിതയാവുന്നത്. എല്ലാ സംഗീതവും കവിതയല്ല. എന്നാല്‍ അര്‍ത്ഥങ്ങള്‍ മാത്രമാവുമ്പൊഴോ? ബൌദ്ധികമായ തലത്തില്‍ മാത്രം നില്‍ക്കുമ്പൊഴോ? അപ്പൊഴും കവിതയല്ല. ചുരുക്കത്തില്‍ എല്ലാത്തിനെയും കവിത എന്നു വിളിക്കരുത്. കാവ്യരചന സാഹിത്യ കൃതികളില്‍ വെച്ച് രചിക്കാന്‍ പ്രയാസമുള്ള, അദ്ധ്വാനം വേണ്ടിവരുന്ന, ഒരു പ്രക്രിയയാണ്. അതുകൊണ്ടുതന്നെയാണ് കാവ്യം മറ്റു സാഹിത്യരൂപങ്ങളെക്കാള്‍ വിഷിഷ്ടം, ഉല്‍കൃഷ്ടം. എന്തു കുറിച്ചാലും അതിനെ വരികള്‍ തിരിച്ച് കവിതയെന്നു വിളിക്കുമ്പോള്‍ ഈ മേന്മയാണ് നഷ്ടപ്പെടുന്നത്.
ചുരുക്കത്തില്‍ - സൌന്ദര്യമുള്ള എല്ലാം സാഹിത്യം തന്നെ, എന്നാല്‍ എല്ലാം കവിതയല്ല. കവിതയ്ക്ക് അര്‍ത്ഥങ്ങള്‍ മാത്രം പോരാ, താളഭംഗിയും വേണം.
സുയോധനാ ,
വളരെ നല്ല പോസ്റ്റ് , ഇതിനൊപ്പം അനംഗാരിയുടെ പോസ്റ്റും വായിച്ചാല്‍ , കപ്പയും ,മീന്‍കറിയും പോലെ തോന്നും :)
സത്യത്തില്‍ 'ഗദ്യ' കവിത എന്ന ഒന്നുണ്ടോ?( അറിവില്ലായ്മയാണേ!)
എഴുത്തുകാരന്‍റ്റെ ഭാഷാ പ്രാവീണ്യത്തിന്‍റ്റെ കുറവു മൂലം ( വൃത്തത്തിലെഴുതി ഈണമുണ്ടാക്കാന്‍) ഉണ്ടാക്കിയ ഒന്നല്ലേ അതെന്നെനിക്കു തോന്നിയിട്ടുണ്ട്.
നിര്‍ഭാഗ്യവശാല്‍ ബൂലോകത്തെഴുതുന്ന മിക്ക കവി(?) കളും ഇവരില്‍ പെടുന്നെന്നാണെഇനുക്കു തോന്നിയിട്ടുള്ളത്.
ആശയം കുറുക്കി എഴുതി വായനക്കാരനിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രം കവിതയായി എന്ന ഒരു ധാരണ (തെറ്റ് ?) യാണിവര്‍ക്കുള്ളതെന്നു തോന്നുന്നു.
താളാത്മകമായി ആശയം കുറിക്കുമ്പോള്‍ മാത്രം കവിത ജനിക്കുന്നു , ഇങ്ങനെ ജനിക്കുന്ന കവിത എഴുത്തുകാരന്‍റ്റെ ആശയം വായനക്കാരനുമായി സംവേദിക്കുമ്പോള്‍ അതിന്‍റ്റെ ആയൂസ് വര്‍ദ്ധിക്കുകയും ചെയ്യുന്നു ഇതാണെന്‍റ്റെ അഭിപ്രായം
കവിതകളില്‍ വ്യത്യസ്ഥ ഭാഷകള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് പറയുകയാണെങ്കില്‍ ,വ്യത്യസ്ഥ ഭാഷകള്‍ തമ്മില്‍ യോചിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഇമ്പം വ്യത്യസ്ഥമാണെന്നാണെനിക്കു തോന്നിയിട്ടുള്ളത്.
ഹിന്ദിയും ഇംഗ്ലീഷും യോചിപ്പിക്കുമ്പോളുള്ള ഇമ്പമല്ല ഇംഗ്ലീഷും മലയാളാവും തമ്മില്‍ യോജിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നത്.
അതുകൊണ്ടുതന്നെ ,
മലയാള കവിതക്ക് ഈണം വരുത്താന്‍ മറ്റൊരു ഭാഷയുടെ സഹായം ആവശ്യമാകുന്ന ഘട്ടത്തില്‍ (കാരണമെന്തുതന്നെയായാലും) അതെടുക്കുന്നതു കൊണ്ട് കുഴപ്പമില്ലെങ്കിലും , മേല്‍റഞ്ഞ ഈ ഇമ്പം ഒരു അടിസ്ഥാനമായെടുക്കുന്നതായിരിക്കും ഉചിതം എന്നു തോന്നുന്നു എനിക്ക്.
സുയോധനനും , അനംഗാരിക്കും അഭിനന്ദനങ്ങള്‍ :)
nireekshanam nannaavunnu
:)
upaasana
കവിതയിലും കൈ കടത്തിയോ ദുര്യോധനാ? എന്തായാലും നന്നായി. ഒരു ഉടച്ചുവാര്‍ക്കലിന് സമയമായിരിക്കുന്നു എന്നൊന്നും ഞാന്‍ പറഞ്ഞ് വഷളാക്കുന്നില്ല.
ചെക്കാ: ഇങ്ങിനെ ഇടക്കോരോ പോസ്റ്റുമിട്ട് ഒളിച്ചിരിക്കാതെ ശക്തമായി ഇടപെടൂ.
വ്യത്യസ്ഥം തെറ്റ്. വ്യത്യസ്തം ശരി.
വണ്‍ സ്വാലോ: ചൂണ്ടിക്കാണിച്ചതിനു നന്ദി. തിരുത്തിയിട്ടുണ്ട്.
ദുര്യോധനന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിപ്പുണ്ട്. അതുകൊണ്ടാണ് ഞാന്‍ മന:പൂര്‍വ്വം ചില ആശയങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കവിത എന്ന ലേബല്‍ ഉപയോഗിക്കാന്‍ മടിച്ച് “തവിക” എന്നിട്ട് എഴുതുന്നത്. കവിതയാണെന്ന് സ്വയം തോന്നുമ്പോള്‍ മാത്രമാണങ്ങനെ ചെയ്യാറ്. പക്ഷെ അതും പാണ്ഡിത്യമുള്ളവരുടെ മുന്നില്‍ അങ്ങനെയാവണമെന്നുമില്ല. കഥ പറയുന്നവന്റെ ഇടക്കുള്ള ചില തോന്നലുകള്‍ മാത്രമായാണു ഞാനങ്ങനെ ചെയ്യാറ്. എന്തായാലും പൊതുവായ് പറഞ്ഞീട്ടുള്ള ആ തത്വത്തെ ഞാന്‍ അംഗീകരിക്കുന്നു
വണ്‍ സ്വാലോ ,
എന്‍റ്റെ കമന്‍റ്റിലും ഈ തെറ്റുണ്ട് , കാണിച്ചുതന്നതിനു നന്ദി , ഇനി ആ കമന്‍റ്റ് തിരുത്തുന്നില്ല , കമന്‍റ്റായതിനാലാണ്‌ട്ടോ :)
ഈ പോസ്റ്റും അനംഗാരിയുടെ പോസ്റ്റും രണ്ടിടത്തും നടക്കുന്ന ചര്‍ച്ചയുമൊക്കെ കണ്ടാല്‍ പ്രിന്റ് മീഡിയക്കാര്‍ ചിരിച്ചൊരു വഴിയാകും. അവരൊക്കെ പത്തിരുപത്തഞ്ചു കൊല്ലം മുമ്പേ കയ്യീന്നു കളഞ്ഞതാണ് ഈ ടോപിക്.
പരാജിതാ, ഇതില്‍ ചിരിക്കാന്‍ മാത്രം കാര്യങ്ങളുണ്ടോ? അച്ചടിമാദ്ധ്യമത്തില്‍ ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ എവിടെത്തി, എന്തെങ്കിലും ആശയസമന്വയം / ഫലങ്ങള്‍ ഉണ്ടായോ എന്ന് അറിയാന്‍ താല്പര്യമുണ്ട്.
പരാജിതാ,
മാങ്ങയാണോ , അണ്ടിയാണോ ആദ്യമുണ്ടായതെന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുന്നു
അയ്യോ ,
ദുരോധനാ , താങ്കള്‍ എനിക്കു മുമ്പെ ചോദ്യം ചോദിച്ചത് ഞാന്‍ കണ്ടില്ല :)
വളരെ നല്ല പോസ്റ്റ്
ദുര്യോധനാ,
ഞാന്‍ ചിരിക്കുന്ന കാര്യമല്ല പറഞ്ഞതെന്നറിയാമല്ലോ. (എനിക്കു കരച്ചിലാ വരുന്നത്.) ഇതിപ്പോ ചോദ്യം ചോദിച്ച് എന്നെയും ചിരിപ്പിച്ചു. ഇക്കാര്യത്തിലൊക്കെ അന്തിമവാക്കെന്നൊന്ന് ഇല്ലെന്ന് ആര്‍ക്കും പറയാവുന്നതല്ലേ മാഷേ? അതല്ലേ കാലാകാലം ആളുകള്‍ ഇതൊക്കെ തന്നെ പറഞ്ഞു നേരം പോക്കുന്നതും.
കല എന്നത്, (അതില്‍ ചിത്രകലയും സിനിമയും സാഹിത്യവുമൊക്കെ പെടുമല്ലോ) അതാതു കാലത്തെ നിര്‍വ്വചനങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകുമായിരുന്നില്ലെങ്കില്‍ അതിന് നിലനില്‌പേ ഉണ്ടാകുമായിരുന്നില്ല. നിര്‍വ്വചനങ്ങളും അവയുമായി ബന്ധപ്പെട്ട ഭാവുകത്വശീലങ്ങളും കാലഹരണപ്പെടും. കല മുന്നോട്ട് പോകുകയും ചെയ്യും. ഈ മുന്നോട്ടുപോക്കില്‍ സുപ്രധാനമായ റോളുണ്ട് കലാകാരന്‍ (കവിയും) അവനവന്റെ കലയുടെ രൂപത്തില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക്.
വൃത്തത്തിലോ താളത്തിലോ എഴുതപ്പെട്ടാല്‍ മാത്രമേ കവിതയാകുകയുള്ളുവെന്നും അത്തരം കൃതികള്‍ക്ക് ഒരു പടി പിന്നിലാണ് ഗദ്യകവിതകളുടെ (?) സ്ഥാനമെന്നുമൊക്കെ കരുതുന്നത് കാലഹരണപ്പെട്ട കാഴ്ചപ്പാടുകളാണ്. ഒരാള്‍ വായിക്കുന്ന കവിത അയാളുടെ ഓര്‍മ്മയില്‍ എത്ര കാലം നില നില്‌ക്കുമെന്നതാണോ കവിതയുടെ മഹത്വമളക്കാനുള്ള മാനദണ്ഡം? അങ്ങനെയെങ്കില്‍ ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും മഹത്തായ കവിത
"എല്ലാ നാളും മന്നില്‍ നടപ്പതി-
ലില്ലൊരു കുതുകം നിരുപിച്ചാല്‍
മാനത്തൊന്നു പറക്കാതിങ്ങനെ
ഞാനമരുന്നത് ശരിയാണോ.."
എന്നിങ്ങനെ പോകുന്ന ഒരു കവിതയായിരിക്കണം! കവിത നന്നാകാന്‍ അതു ഈണത്തില്‍ പാടാന്‍ പറ്റുന്നത് പോയിട്ട് ഒരു നാടകഡയലോഗ് ലൈനില്‍ ഉരുവിടാന്‍ പറ്റേണ്ട കാര്യം പോലുമില്ല. (പല തരികിട കവിതകളും ഈണത്തില്‍ ചൊല്ലി ആളെ പറ്റിക്കാം! അത് പലരും തെളിയിച്ചിട്ടുണ്ട്.)
അതു പോട്ടെ, കല കാലാതീതമാണെന്നുള്ള കാഴ്ചപ്പാട് തന്നെ ഏതാണ്ട് കാലഹരണപ്പെട്ടു. തന്റെ എഴുത്ത് അനശ്വരതയിലേക്കുള്ള ടിക്കറ്റായി കരുതുന്നില്ല കൊള്ളാവുന്ന ഉത്തരാധുനിക എഴുത്തുകാരന്‍.
"ചത്തടിയട്ടേ കീടകോടികള്‍ക്കൊപ്പം ഞാനും
ഒറ്റനക്ഷത്രം പോലെ നീയുണര്‍ന്നിരിക്കുക."
എന്ന് ഒരു വായനക്കാരന്റെ നേര്‍ക്കും ആശംസ നേരുന്നില്ല പുതിയ എഴുത്തുകാര്‍. ഇതിലും മികച്ച (അഥവാ ഇതില്‍ നിന്നും വ്യത്യസ്തമായ) ഒരു വീക്ഷണം ഭാവിതലമുറ മുന്നോട്ട് വച്ചെന്നിരിക്കാം. അങ്ങനെ വേണം താനും.
കവിതയില്‍ നല്ല കവിതയും ചീത്ത കവിതയുമെന്ന് വേര്‍തിരിച്ചു കാണാന്‍ ഒരു വായനക്കാരനെ സഹായിക്കുന്നത് അവനവന്റെ സെന്‍സിബിലിറ്റി തന്നെ. പക്ഷേ, ആ സെന്‍സിബിലിറ്റി വൃത്തം, താളം, ഭാഷാശുദ്ധി തുടങ്ങിയ ചില ഉപാധികളില്‍ കുടുങ്ങിക്കിടക്കുന്നതാവരുത്. ഇക്കാര്യത്തില്‍ ഒരെളുപ്പവഴി പറഞ്ഞു തന്നിട്ടുള്ളത് കമലാദാസാണ്. "കവിത നമുക്ക് വേണ്ടി പാകപ്പെടുകയല്ല, മറിച്ച് നമ്മള്‍ കവിതയ്ക്കു വേണ്ടി പാകപ്പെടുകയാണ് വേണ്ടതെ"ന്ന ലൈനില്‍.
വേറൊന്ന്, പുതിയ കവികള്‍ക്ക് പഴയ കവികളോട് താല്‌പര്യമില്ലെന്നോ മറ്റോ കണ്ടു. അക്കാര്യം ആരാ പറഞ്ഞു തന്നത്, ദുര്യോധനാ? വെറുതേ ഒന്നറിഞ്ഞിരിക്കാന്‍ ചോദിച്ചതാ.
തറവാടീ,
ചിലരെ സംബന്ധിച്ച് ചില ചോദ്യങ്ങള്‍ എപ്പോഴും നില നില്‌ക്കും. ചോദ്യത്തിലെ അസംബന്ധം തിരിച്ചറിയുക എന്നത് മാത്രമാണ് പോംവഴി.
ചില ഗദ്യകവിതകള്‍ മനസ്സില്‍ ഒരു താളം ഉണ്ടാക്കില്ലേ ദുര്യോധനാ? ചൊല്ലുമ്പോഴുള്ള ഈണവും താളവും അല്ല ഉദ്ദേശിക്കുന്നത്. താളം, "ലയം" എന്ന അനുഭവുമായി എപ്പോഴും ബന്ധപ്പെട്ട് കിടക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ചില കവിതകള്‍ മനസ്സില്‍ സൃഷ്ടിക്കുന്ന ആ ലയമാണ് ഉദ്ദേശിക്കുന്നത്.
ഈണത്തിലും താളത്തിലും ചൊല്ലുന്ന കവിതകളെ നല്ലതാവുന്നുവെങ്കില്‍ കവിത ഒരു ശ്രവ്യാനുഭവം ആണെന്ന് വിചാരിക്കേണ്ടി വരുമല്ലോ.
വളരെ ശരിയാണ്., കാരണം മനോഹരമായ ഗദ്യം കവിത പോലെ സുന്ദരമാണ്. അതിൻ്റെ വായന അനുവാചകൻ്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും.
Post a Comment