Friday, October 12, 2007

ഏറനാടന്‍, റാല്‍മിനോവ് - ഒരാസ്വാദനം.

ഏറനാടന്‍ ചരിതങ്ങള്‍ വായിച്ചുതുടങ്ങി. ഒരു ഗ്രാമത്തിന്റെ ചാരുതയാര്‍ന്ന കഥകള്‍. പല സൃഷ്ടികളും മനോഹരമാണ്. താന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഏറനാടന്‍ ബൂലോകത്തു വിളമ്പുന്നു. തന്റെ നാടിന്റെ സ്പന്ദനങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു.

ഏറനാടന്‍ ചരിതങ്ങളുടെ ഒരു പ്രത്യേകത എന്നു തോന്നിയത് ഇവ ഒരു തിരക്കഥയ്ക്ക് അടുത്തുനില്‍ക്കുന്നു എന്നതാണ്. എന്നാല്‍ തിരക്കഥയിലോട്ട് എത്തുന്നുമില്ല. കഥയ്ക്കും തിരക്കഥയ്ക്കും ഇടയിലാണ് ഏറനാടന്‍ ചരിതങ്ങളുടെ സ്ഥാനം. ഇതും നല്ലതാണ് - പല നാടക തിരക്കഥകളും ഞാന്‍ നോവലുകളെക്കാളും ആസ്വദിച്ചു വായിച്ചിട്ടുണ്ട്. പത്മരാജന്റെയും എം.ടി.യുടെയും തിരക്കഥകള്‍ വിറ്റഴിയുന്ന പുസ്തകങ്ങളുമാണ്. ഓരോരുത്തരുടെയും ആസ്വാദനം വെവ്വേറെ ആവാം. എങ്കിലും എന്റെ വായനയില്‍ തോന്നിയ ചില കാര്യങ്ങള്‍ കുറിക്കുന്നു.

*സൂക്ഷ്മത: ഗ്രാമത്തെയോ വീടിനെയോ പകര്‍ത്തുമ്പോള്‍ ഒരു തിരക്കഥയിലെന്നപോലെ ചില കാര്യങ്ങളെ സൂക്ഷ്മമായി വിവരിക്കുന്നത് കഥയ്ക്കു മിഴിവേകും. ഉദാഹരണത്തിനു: കഥാപാത്രം സിനിമാ പോസ്റ്റര്‍ വലിച്ചുകീറുന്നതു പറയുമ്പോള്‍ ഏതു സിനിമാ പോസ്റ്റര്‍ എന്നും കൂടി പറഞ്ഞുനോക്കൂ. ആ പോസ്റ്ററില്‍ കഥാപാത്രങ്ങള്‍ എന്തൊക്കെ ചെയ്യുന്നു (കെട്ടിപ്പിടിച്ചു നില്‍ക്കുന്നുണ്ടോ? നായികയുടെ ചുണ്ട് തുടുത്തിട്ടാണോ?) എന്നും പറഞ്ഞുനോക്കൂ. നിറങ്ങളെയും വര്‍ണ്ണിക്കൂ.

അതുപോലെതന്നെ സലീം വീടുതുറക്കുമ്പോള്‍ വാതില്‍ കിരുകിരാ എന്നു കരഞ്ഞു എന്നുപറയുന്നു. സലീം മുറിക്കുള്ളില്‍ എത്തുമ്പോള്‍ ശ്രദ്ധയില്‍ പതിഞ്ഞ എന്തെങ്കിലും വര്‍ണ്ണിക്കൂ (സൂചികള്‍ അനങ്ങാത്ത പൊടിപിടിച്ച, തവിട്ടുനിറമുള്ള ഒരു പഴയ പെന്‍ഡുലം ക്ലോക്ക്? കരിവീട്ടിയുടെ കട്ടില്‍? പാതികുടിച്ച വക്കുപൊട്ടിയ ചായഗ്ലാസ്?)

ഏറനാടന്‍ വായനക്കാരനെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളുടെ നടുവിലേയ്ക്കാണ്. കഥയിലേക്കിറങ്ങാന്‍ വായനക്കാരനെ ഇത്തരം ഒന്നോ രണ്ടോ കാര്യങ്ങള്‍ സഹായിക്കും. എന്നാല്‍ ഒരുപാട് ആവുകയാണെങ്കില്‍ കഥ സ്ഥൂലമായി പോവുകയും ചെയ്യും. ഒരു ഛായാഗ്രാഹകന്റെ സൂത്രങ്ങള്‍ കഥകളിലും ഏറനാടനു പരീക്ഷിക്കാവുന്നതേ ഉള്ളൂ.

ഏറനാടനു കഥകള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ചെയ്യാവുന്ന ഒരു കാര്യം കഥ എഴുതിക്കഴിഞ്ഞ് ആര്‍ക്കെങ്കിലും വായിച്ചുകൊടുക്കുക എന്നതാണ്. ഇങ്ങനെ ഉറക്കെ വായിക്കുമ്പോള്‍ കഥയില്‍ മുഴച്ചുനില്‍ക്കുന്ന പല ഭാഗങ്ങളെയും തിരിച്ചറിയാന്‍ കഴിയും. വര്‍ണ്ണനകള്‍ വായനക്കാര്‍ക്ക് മനസിലാവാന്‍ ദുഷ്:കരമാണെങ്കില്‍ അതും അറിയാന്‍ കഴിയും. അതുപോലെ അപൂര്‍ണ്ണവാക്യങ്ങള്‍ കേള്‍വിക്കാരനില്‍ എന്ത് പ്രതികരണം ആണ് ഉണ്ടാക്കുന്നത് എന്നും പറയാന്‍ കഴിയും.

==റാല്‍മിനോവ്==

ഒരു കഥ വായിച്ചുതുടങ്ങി ഒരാളുടെ ബ്ലോഗിലുള്ള എല്ലാ കഥകളും വായിക്കുക എന്നത് സാധാരണ സംഭവിക്കുന്നതല്ല. എങ്കിലും റാല്‍മിനോവിന്റെ ബ്ലോഗില്‍ എത്തിയപ്പോള്‍ അതാണ് സംഭവിച്ചത്. ഒറ്റയിരിപ്പിനു ബ്ലോഗിലെ എല്ലാ കഥകളും വായിച്ചു. സുന്ദരമായ കുട്ടിക്കഥകള്‍. കഥാരചനയുടെ ശൈലിയെക്കാള്‍ റാല്‍മിനോവ് ആശയങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നു കാണാം. ചിരിപ്പിക്കുന്നവയും ചിന്തിപ്പിക്കുന്നവയും മാത്രമല്ല, ചിലപ്പോള്‍ കടിക്കുന്നവയും ആണ് റാല്‍മിനോവിന്റെ കഥകള്‍. റാല്‍മിനോവ് എഴുതിയിരിക്കുന്നത് എന്റെ കഥയല്ലേ? എന്ന് വായനക്കാരനെക്കൊണ്ട് (ചുരുങ്ങിയപക്ഷം എന്നെക്കൊണ്ട്) ചിന്തിപ്പിക്കാന്‍ കഴിയുന്നത് റാല്‍മിനോവിന്റെ വിജയമാണ്. റാല്‍മിനോവിന്റെ ഭീരുക്കളായ കഥാനായകന്മാരില്‍ പലപ്പൊഴും ഒരു കണ്ണാടിയിലെന്നപോലെ ഞാന്‍ എന്നെയും കണ്ടെന്നു പറഞ്ഞാല്‍ മതിയല്ലോ. പുതുമുഖങ്ങളില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരാളാണ് റാല്‍മിനോവ്.

ബ്ലോഗ് മുഴുവന്‍ ഒറ്റയിരുപ്പില്‍ വായിക്കാന്‍ പറ്റിയത് കഥകളുടെ വലിപ്പക്കുറവുകൊണ്ടാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ
*ഒന്നു രണ്ട് കഥകളെങ്കിലും വലിയവയും എഴുതിനോക്കൂ. റാല്‍മിനോവിന്റെ ശൈലി നല്ലതാണ്
*കഥകളില്‍ ചിത്രങ്ങളും ചേര്‍ക്കാമോ? പെയിന്റില്‍ പോറിയ ചിത്രങ്ങളോ അല്ലെങ്കില്‍ ഫോട്ടോകളോ.
*കദ വേണ്ട. കഥമതി. കദനം കഥനം ചെയ്തെന്നുപറഞ്ഞ് കഥ കദയാകുമോ? അതു തിരുത്തണം.

റാല്‍മിനോവിനും ഏറനാടനും അഭിവാദനങ്ങള്‍. ഇനിയും ഇനിയും രചനകള്‍ ബൂലോകം നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു.

3 comments:

ഏറനാടന്‍ said...

ദ്രു.ധി നന്ദി. എനിക്കൊരു ഉണര്‍വായിതീര്‍ന്നിരിക്കുന്നു താങ്കളുടെ വീക്ഷണവും നിരൂപണവും.. പ്രോല്‍സാഹജനകവുമായി ഞാനിതിനെയെടുക്കുന്നു. താങ്കളുടെ പോസ്റ്റുകളിലൂടെ മറ്റ്‌ ബ്ലോഗരുടെ എഴുത്തുകളേയും പരിചയപ്പെടുവാന്‍ ഈസിയായി.. അഭിനന്ദനങ്ങള്‍..

പേര്.. പേരക്ക!! said...

പ്രിയ ദുര്യോധനാ,
പട്ടുനൂലും വാഴനാരുമെന്ന് എഴുതിയിട്ട് ഇതുവരെ വാഴനാരുകളെക്കുറിച്ചൊന്നും എഴുതിക്കണ്ടില്ലല്ലോ? എഴുതിയവരില്‍ മിക്കവരും എഴുതിത്തെളിഞ്ഞവര്‍..വിശാലമനസ്ക്കന്‍,കുറുമാന്‍,ഇഞ്ചിപ്പെണ്ണ്,ബര്‍ളി തോമസ്,റാമില്‍നോവ് തുടങ്ങിയ ചിര പരിചിതമായ പേരുകള്‍! ഇതൊരുതരം സുഖിപ്പിക്കലല്ലേ? ബൂലോക നിരൂപണങ്ങളും വാരഫലങ്ങളും എല്ലാം നല്ല കഥകളെയും കവിതയേയും കുറിച്ച് മാത്രമെഴുതുന്നു. ചിലര്‍ സ്ഥിരമായി ചപ്പും ചവറും എഴുതിക്കൂട്ടി ബൂലോകം വൃത്തികേടാക്കുന്നു. അവരോടു ഉള്ള സത്യം പറയാന്‍ ഒരുത്തനുമില്ല ഇവിടെ. പകരം ഉഗ്രന്‍,കിടിലം,കലക്കി എന്നൊക്കെ കമന്റെഴുതി അവരെ വഴിതെറ്റിക്കുന്നതല്ലാതെ എത്ര പേര്‍ ആത്മാര്‍ത്ഥമായി അവരെ വിമര്‍ശിക്കുന്നുണ്ട്? ഞാന്‍ ഇവിടെയെത്തിയിട്ട് ഇതുവരെ എന്നെ വിമര്‍ശിച്ചുകൊണ്ട് എനിക്കാകെ കിട്ടിയത് ഒരൊറ്റ കമന്റാണ്.എന്റെ പോസ്റ്റുകള്‍ അത്രയും മഹത്തരമാവാന്‍ ഒരു വഴിയുമില്ല. നല്ലത് നല്ലതെന്നും ചീത്തയെ ചീത്തയെന്നും സത്യസന്ധമായ് പറയുന്നവര്‍ ചുരുക്കം. എത്ര നിരൂപകര്‍ നിലവാരമില്ലാത്ത പൊസ്റ്റുകളെക്കുറിച്ചെഴുതുന്നു?? അഥവാ വിമര്‍ശിച്ചാല്‍ തന്നെ അതും ചിത്രകാരനെപ്പോലുള്ള പ്രശസ്തരെ മാത്രം.(പുതുമുഖങ്ങളെ നിരുത്സാഹ പ്പെടുത്തണമെന്നല്ല ഇതിനര്‍ത്ഥം.) എല്ലാവര്‍ക്കും എല്ലാവരെയും സുഖിപ്പിക്കണം.. കൊലകൊമ്പന്മാരെയായാലോ പിന്നെ പറയുകയേ വേണ്ട..ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പേരും പ്രശസ്തിയും അല്ലേ??

Duryodhanan said...

പേര് പേരക്ക:

പറഞ്ഞത് കാര്യമാണ്. നല്ല രചനകളെ എടുത്തുകാണിച്ച് അവയെ വിമര്‍ശിച്ചതാണ് ഇതുവരെ ചെയ്തത്. മോശം രചനകള്‍ എന്നുതോന്നുന്നവരുടെ പോസ്റ്റുകള്‍ എല്ലാം വായിക്കാറില്ല എന്നതാണ് സത്യം. അടുത്ത പോസ്റ്റുമുതല്‍ ഈ കുറവുകള്‍ പരിഹരിക്കാന്‍ നോക്കാം.

സ്നേഹത്തോടെ,
ദു.ധ്രി.