Tuesday, October 30, 2007

കവിത: നിരീക്ഷണങ്ങള്‍ - പരാജിതന്റെ കമന്റ്.

എന്റെ കാഴ്ച്ചപ്പാടില്‍ വന്ന പല ന്യൂനതകള്‍ക്കും കവിതയെ നിര്‍വ്വചിക്കാനുള്ള ശ്രമത്തിനും മറുപടിയായി വന്ന പരാജിതന്റെ കമന്റ് വാലും തലയും കണ്ടിച്ച് ഒരു പോസ്റ്റായി ഇടുന്നു. മുന്‍പത്തെ പോസ്റ്റുമായി ചേര്‍ത്തുവായിക്കാന്‍ താല്പര്യം.
=====

ഇക്കാര്യത്തിലൊക്കെ അന്തിമവാക്കെന്നൊന്ന് ഇല്ലെന്ന് ആര്‍ക്കും പറയാവുന്നതല്ലേ മാഷേ? അതല്ലേ കാലാകാലം ആളുകള്‍ ഇതൊക്കെ തന്നെ പറഞ്ഞു നേരം പോക്കുന്നതും.

കല എന്നത്‌, (അതില്‍ ചിത്രകലയും സിനിമയും സാഹിത്യവുമൊക്കെ പെടുമല്ലോ) അതാതു കാലത്തെ നിര്‍വ്വചനങ്ങളെ അതിജീവിച്ച്‌ മുന്നോട്ടുപോകുമായിരുന്നില്ലെങ്കില്‍ അതിന്‌ നിലനില്‌പേ ഉണ്ടാകുമായിരുന്നില്ല. നിര്‍വ്വചനങ്ങളും അവയുമായി ബന്ധപ്പെട്ട ഭാവുകത്വശീലങ്ങളും കാലഹരണപ്പെടും. കല മുന്നോട്ട്‌ പോകുകയും ചെയ്യും. ഈ മുന്നോട്ടുപോക്കില്‍ സുപ്രധാനമായ റോളുണ്ട്‌ കലാകാരന്‍ (കവിയും) അവനവന്റെ കലയുടെ രൂപത്തില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്ക്‌.

വൃത്തത്തിലോ താളത്തിലോ എഴുതപ്പെട്ടാല്‍ മാത്രമേ കവിതയാകുകയുള്ളുവെന്നും അത്തരം കൃതികള്‍ക്ക്‌ ഒരു പടി പിന്നിലാണ്‌ ഗദ്യകവിതകളുടെ (?) സ്ഥാനമെന്നുമൊക്കെ കരുതുന്നത്‌ കാലഹരണപ്പെട്ട കാഴ്ചപ്പാടുകളാണ്‌. ഒരാള്‍ വായിക്കുന്ന കവിത അയാളുടെ ഓര്‍മ്മയില്‍ എത്ര കാലം നില നില്‌ക്കുമെന്നതാണോ കവിതയുടെ മഹത്വമളക്കാനുള്ള മാനദണ്ഡം? അങ്ങനെയെങ്കില്‍ ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും മഹത്തായ കവിത
"എല്ലാ നാളും മന്നില്‍ നടപ്പതി-
ലില്ലൊരു കുതുകം നിരുപിച്ചാല്‍
മാനത്തൊന്നു പറക്കാതിങ്ങനെ
ഞാനമരുന്നത്‌ ശരിയാണോ.."
എന്നിങ്ങനെ പോകുന്ന ഒരു കവിതയായിരിക്കണം! കവിത നന്നാകാന്‍ അതു ഈണത്തില്‍ പാടാന്‍ പറ്റുന്നത്‌ പോയിട്ട്‌ ഒരു നാടകഡയലോഗ്‌ ലൈനില്‍ ഉരുവിടാന്‍ പറ്റേണ്ട കാര്യം പോലുമില്ല. (പല തരികിട കവിതകളും ഈണത്തില്‍ ചൊല്ലി ആളെ പറ്റിക്കാം! അത്‌ പലരും തെളിയിച്ചിട്ടുണ്ട്‌.)

അതു പോട്ടെ, കല കാലാതീതമാണെന്നുള്ള കാഴ്ചപ്പാട്‌ തന്നെ ഏതാണ്ട്‌ കാലഹരണപ്പെട്ടു. തന്റെ എഴുത്ത്‌ അനശ്വരതയിലേക്കുള്ള ടിക്കറ്റായി കരുതുന്നില്ല കൊള്ളാവുന്ന ഉത്തരാധുനിക എഴുത്തുകാരന്‍.
"ചത്തടിയട്ടേ കീടകോടികള്‍ക്കൊപ്പം ഞാനും
ഒറ്റനക്ഷത്രം പോലെ നീയുണര്‍ന്നിരിക്കുക."
എന്ന് ഒരു വായനക്കാരന്റെ നേര്‍ക്കും ആശംസ നേരുന്നില്ല പുതിയ എഴുത്തുകാര്‍. ഇതിലും മികച്ച (അഥവാ ഇതില്‍ നിന്നും വ്യത്യസ്തമായ) ഒരു വീക്ഷണം ഭാവിതലമുറ മുന്നോട്ട്‌ വച്ചെന്നിരിക്കാം. അങ്ങനെ വേണം താനും.

കവിതയില്‍ നല്ല കവിതയും ചീത്ത കവിതയുമെന്ന് വേര്‍തിരിച്ചു കാണാന്‍ ഒരു വായനക്കാരനെ സഹായിക്കുന്നത്‌ അവനവന്റെ സെന്‍സിബിലിറ്റി തന്നെ. പക്ഷേ, ആ സെന്‍സിബിലിറ്റി വൃത്തം, താളം, ഭാഷാശുദ്ധി തുടങ്ങിയ ചില ഉപാധികളില്‍ കുടുങ്ങിക്കിടക്കുന്നതാവരുത്‌. ഇക്കാര്യത്തില്‍ ഒരെളുപ്പവഴി പറഞ്ഞു തന്നിട്ടുള്ളത്‌ കമലാദാസാണ്‌. "കവിത നമുക്ക്‌ വേണ്ടി പാകപ്പെടുകയല്ല, മറിച്ച്‌ നമ്മള്‍ കവിതയ്ക്കു വേണ്ടി പാകപ്പെടുകയാണ്‌ വേണ്ടതെ"ന്ന ലൈനില്‍.

10 comments:

Priya Unnikrishnan said...

സെന്‍സിബിലിറ്റി വൃത്തം, താളം, ഭാഷാശുദ്ധി തുടങ്ങിയ ചില ഉപാധികളില്
‍കുടുങ്ങിക്കിടക്കുന്നതാവരു ത്‌.

perfect!!!

G.manu said...

kavitha kavitha aayal mathi mashey.. vrithom thalOm nirbhandhamallallo....

സന്തോഷ് said...

പരാജിതനെ നിര്‍ബന്ധിപ്പിച്ച് ഇത് അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ ഇടുന്നതായിരുന്നു ഉചിതം എന്നൊരു തോന്നല്‍ (താങ്കളുടെ ഉദ്ദേശശുദ്ധിയില്‍ തെല്ലും ആശങ്കയില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു).

പിന്നെ, ഭാഷാശുദ്ധി പോലും വേണ്ട എന്ന ഉപാധിയോട് യോജിക്കാന്‍ പറ്റുന്നില്ല.

Manu said...

സന്തോഷേട്ടാ ഭാഷാശുദ്ധിയെ സംബന്ധിച്ച പരമ്പരാഗത സങ്കല്പങ്ങള്‍ തെറ്റിച്ചല്ലെ കാവാലവും മറ്റും നാടന്‍പാട്ടിലെ എലമെന്റ്സ് -ഫൊര്‍ എക്സാമ്പ്‌ള്‍ (ഇംഗ്ലീഷ് മനഃപൂര്‍വം)-കവിയില്‍ കൊണ്ടുവന്നത്? പരാജിതന്‍ അതായിരിക്കണം ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. പിന്നെയൊരുപക്ഷേ സാഹചര്യത്തെയും അര്‍ത്ഥത്തെയും ബലികഴിക്കാത്ത അന്യഭാഷാവാക്കുകളും. ഒ എന്‍ വിയുടെ ഒരു കവിതയുടെ തലക്കെട്ട് സായനോരാ എന്ന ജപ്പാനീസ് വാക്കും മറ്റൊന്നിന്റേത് സോജാ രാജകുമാരീ എന്ന ഗാനവും ആണ്..

ചിത്രകാരന്‍chithrakaran said...

നിങ്ങളുടെ ബുദ്ധിയില്‍ ഒരു ഇഞ്ചിമിഠായി രൂപംകൊള്ളുംബോള്‍ അതിനെ വാക്കുകളില്‍ പൊതിഞ്ഞ് ബുദ്ധിയില്‍ നിന്നും പുറത്തെടുത്ത് കടലാസിന്റെ തൊട്ടിലിലോ,ബ്ലൊഗിന്റെ കടലോരത്തോ പ്രസവിച്ചു കിടത്തുക.
സൃഷ്ടിയുടെ മഹത്വം മനസ്സിലാക്കി സമ്മാനങ്ങളുമായി രാജക്കന്മാരോ,പ്രശസ്തിയുടെ പങ്കിനുവേണ്ടി ചോണനുറുംബുകളോ കുട്ടിയെ കാണാന്‍ വരും.ആരും വാരാതിരിക്കില്ല.ഉറപ്പ് !!!
സൌന്ദര്യമൊക്കെ വരുന്നവരുടെ കാഴ്ച്ചപോലിരിക്കും.

വെള്ളെഴുത്ത് said...

കാലാതീതസങ്കല്‍പ്പത്തിന്‍ കൊടുത്ത ചവിട്ടും ഉദാഹരണവും എനിക്കു നന്നേ ഇഷ്ടപ്പെട്ടു..പക്ഷേ കൃതികളുടെ കാലാന്തരയാത്രയ്ക്ക് ഒരു പുരുഷായുസ്സില്‍ നിലനില്‍ക്കുന്നത് എന്നല്ലാതെയും അര്‍ത്ഥമുണ്ട്. മാറിയകാലത്തിന്റെയും അഭിരുചികളെ തൃപ്തമാക്കുന്ന ഘടനയാണത്.വരാന്‍ പോകുന്ന കാലത്തിന്റെ ചോദനകളെ ആവിസ്കരിച്ചതുമാകാമത്.അങ്ങനെയായിരിക്കും എന്റെ കൃതിയെന്നു കണക്കാക്കാന്‍ എല്ലാവര്‍ക്കും അവകാശമുള്ളതുകൊണ്ട് സങ്കല്‍പ്പംതേഞ്ഞുപോയെന്നു മാത്രം..

സന്തോഷ് said...

നന്ദി, മനൂ.

സനാതനന്‍ said...

എനിക്കും ചിലതു പറയാനുണ്ട്.അതിവിടെയിട്ടു

http://sanathanavayana.blogspot.com/2007/11/blog-post.html

parajithan said...

ദുര്യോധനന്റെ ആര്‍‌ജ്ജവത്തിന് ഒരു നമസ്കാരം.

സന്തോഷേ, മനുഷ്യരെ തെറ്റിദ്ധരിപ്പിക്കരുത്. :)
“ഭാഷാശുദ്ധി പോലും വേണ്ട” എന്നൊരു ഉപാധി ഞാന്‍ വച്ചിട്ടില്ലല്ലോ. ഉപാധികളുടെ അര്‍‌ത്ഥരാഹിത്യത്തെപ്പറ്റി, അല്ലെങ്കില്‍ പരിമിതികളെപ്പറ്റി, സൂചിപ്പിച്ചെന്നേയുള്ളൂ.

ഒരു കവിതയില്‍ അന്യഭാഷാപദങ്ങള്‍ വരുന്നതില്‍ യാതൊരു തെറ്റുമില്ല. എഴുത്തുകാരന്‍ ലക്ഷ്യമിടുന്ന വായനക്കാര്‍‌ക്ക് ആ പ്രയോഗങ്ങളുടെ സാംഗത്യം മനസ്സിലായാല്‍ മാത്രം മതി. ഒരു സാഹിത്യകൃതിയും ‘എല്ലാ വാ‍യനക്കാരെയും’ ലക്ഷ്യമിടുന്നുമില്ല. ഇംഗ്ലീഷ് മാത്രമല്ല, തമിഴ് വാക്കോ സംസ്കൃതം വാക്കോ ഒക്കെ മലയാളത്തിലെഴുതുന്ന കവിതയില്‍ ഉപയോഗിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. (പലരും വിദഗ്ദമായി ഉപയോഗിച്ചിട്ടുമുണ്ട്.) പടിഞ്ഞാറന്‍ സാഹിത്യത്തിലുള്ള മാസ്റ്റര്‍ പീസുകളില്‍ പോലും അന്യഭാഷാപദങ്ങള്‍ ഉണ്ടെന്നത് സൌകര്യപൂര്‍‌വ്വം മറക്കേണ്ട സംഗതിയാണോ?

ഭാഷാശുദ്ധി എന്നത് ചിലര്‍‌ക്ക് ഒരു ഒബ്‌സെഷനാണ്. പേജ് എന്നെഴുതിക്കണ്ടാല്‍
“എന്തു കൊണ്ട് ‘താള്‍’ എന്നോ ‘പുറം’ എന്നോ എഴുതിയില്ല?”
എന്നു ചോദിക്കും അവര്‍. അവരെ ആര്‍‌ക്കും സഹായിക്കാന്‍ കഴിയില്ല.

parajithan said...

നല്ലെഴുത്തെഴുതുന്ന വെള്ളെഴുത്തേ,
കല അനശ്വരതയുടെ കുപ്പായമൂരി വയ്ക്കുന്ന സീനാണ് ഇപ്പോള്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നതെന്നാണ് ഞാന്‍ ശരിക്കും കരുതുന്നത്. ഒരു കൃതി ദീര്‍‌ഘകാലം സ്മരിക്കപ്പെട്ടേക്കാം. പക്ഷേ കലയുടെ ലക്ഷ്യം അതല്ല എന്നു കരുതുന്നതാണ് അനശ്വരതയെ നിരാകരിക്കല്‍. എത്രകാലം വായിക്കപ്പെടുമെന്ന ചോദ്യത്തെ അവഗണിച്ചു കൊണ്ട് എഴുതാന്‍ ശ്രമിക്കുന്നവനാണ് പുതിയ കാലത്തിലെ എഴുത്തുകാരന്‍. അപ്പോള്‍ “എഴുതണോ വേണ്ടയോ?” എന്ന പഴയ ചോദ്യത്തിനും അര്‍‌ത്ഥവ്യതിയാനം വരുന്നു. നശ്വരതയുടെ കൂത്തരങ്ങായി നിലകൊള്ളുന്ന ഒരു ലോകത്തിരുന്ന് അനശ്വരതയെ സ്വപ്നം കാണുന്ന എഴുത്തുകാരന് വെറും സ്വപ്നജീവിയുടെ വിലയേയുള്ളു.