Friday, October 19, 2007

ബ്ലോഗിലെ പക്ഷപാതം - എന്ത് പക്ഷപാതം?

സാബു പ്രയാറിന്റെ രണ്ട് ലേഖനങ്ങളാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. പുതിയ ബ്ലോഗെഴുത്തുകാര്‍ക്ക് ഉണ്ടായേക്കാവുന്ന ചില തെറ്റിദ്ധാരണകള്‍ തിരുത്താനാണ് ഈ പോസ്റ്റ്.

ഈയുള്ളവന്‍ ബ്ലോഗ് തുടങ്ങിയിട്ട് ഇന്നേയ്ക്ക് 19 ദിവസങ്ങള്‍ ആവുന്നു.
പോസ്റ്റിടുന്ന ദിവസങ്ങളില്‍ നൂറോളം വായനക്കാര്‍. ചില ദിവസങ്ങളില്‍ നൂറ്റിമുപ്പതോളം. വാരഫലങ്ങള്‍ ദുര്യോധനനെക്കുറിച്ച് എഴുതി. കുറെപ്പേര്‍ വിമര്‍ശിച്ചു. 12 ദിവസം ട്രാക്ക് ചെയ്തപ്പോള്‍ മാത്രം 700-ഓളം വായനക്കാര്‍. വിമര്‍ശനത്തില്‍ നിന്നും പല കാര്യങ്ങളും പഠിച്ചു. പ്രോത്സാഹനത്തില്‍ നിന്നും ഊര്‍ജ്ജം നുകര്‍ന്നു. ചിലപ്പോഴൊക്കെ ബ്ലോഗ് പൂട്ടിപ്പോവാന്‍ തോന്നി. ചിലപ്പോഴൊക്കെ വളരെ സന്തോഷം തോന്നി.

എന്ത് പക്ഷപാതം? എനിക്കു മനസിലാവുന്നില്ല.

പഴയ എഴുത്തുകാരുടെ നല്ല രചനകളും മോശം രചനകളും ഉണ്ട്. രചനകള്‍ മോശമായാല്‍ കമന്റുകള്‍ കുറയും. നന്നായാല്‍ കമന്റുകള്‍ കൂടും. ഇതൊക്കെ സ്വാഭാവികമാണ്. നൂറ്റമ്പതോളം രചനകള്‍ എഴുതിയ ബെര്‍ളിയുടെ പുതിയ പോസ്റ്റിലെ കമന്റുകളുടെ എണ്ണം നോക്കൂ.

ഞാന്‍ ചിന്തയുടെ ബ്ലോഗ് റോള്‍ നോക്കിയാണ് ബ്ലോഗ് വായിക്കുന്നത്. സമയം പരിമിതമായതുകൊണ്ട് മുന്‍പ് നല്ല കഥകള്‍ / കവിതകള്‍ എഴുതുന്നു എന്നുതോന്നുന്ന ആള്‍ക്കാരുടെ കൃതികള്‍ തിരഞ്ഞു വായിക്കുന്നു. അറിയാത്ത ആള്‍ക്കാരുടെ കൃതികള്‍ മിക്കപ്പൊഴും നോക്കാറില്ല. ഇടയ്ക്കു മാത്രം കണ്ടിട്ടില്ലാത്ത പേരുകളും നോക്കുന്നു. കൂടുതലും മുന്‍പ് കണ്ടിട്ടുള്ള പേരുകള്‍ ആണ് നോക്കുക. എങ്കിലും ഒരാളുടെ ഒരു കൃതി വളരെ നന്നായി എന്നുതോന്നിയാല്‍ പിന്നീടു വരുന്ന കൃതികളും വായിക്കുന്നു. ചിലര്‍ പറഞ്ഞറിഞ്ഞ് നല്ല കൃതികള്‍ വായിക്കുന്നു. ചിലപ്പോള്‍ എന്റെ പോസ്റ്റില്‍ ഇടുന്ന കമന്റുകള്‍ വായിച്ച് അതിശയിച്ചുതന്നെ ചിലരുടെ ബ്ലോഗിലേയ്ക്കു പോവുന്നു. (ഉദാ: മുടിയനായ പുത്രന്‍, പേര് പേരക്ക, കുഞ്ഞന്‍) ഇതെല്ലാം മനുഷ്യ മനശാസ്ത്രമല്ലേ? സോഷ്യോളജിയിലെ നിയമങ്ങള്‍ അല്ലേ? എന്റെ ബ്ലോഗില്‍ കമന്റിടുന്ന പലരുടെയും രചനകള്‍ വായിക്കുന്നു. ചിലപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും പുറം ചൊറിയുന്നു, പ്രോത്സാഹിപ്പിക്കുന്നു. പോക്കറ്റുകള്‍ ഉണ്ടാവുന്നത് സോഷ്യോളജിയുടെ ഭാഗമാണ്. ബിംബങ്ങള്‍ ഉണ്ടാവുന്നതും സോഷ്യോളജിയുടെ ഭാഗമാണ്. പത്രത്തില്‍ പിണറായി വിജയന്റെ കമന്റ് ഒന്നാം പേജിലും രാജേഷിന്റെ കമന്റ് അകത്തെ പേജിലും വരുന്നതില്‍ രാജേഷ് പക്ഷപാതം ആരോപിക്കാന്‍ പാടില്ല. നാളെ രാജേഷും വളര്‍ന്ന് പിണറായി ആയേക്കാം - കഴിവുള്ളവനാണെങ്കില്‍. ബ്ലോഗ് സമൂഹമാണ്. ഒരു സാമൂഹിക സംവേദന പ്രക്രിയയാണ്. സമൂഹത്തിന്റെ നിയമങ്ങള്‍ എല്ലാം തന്നെ ബ്ലോഗിലും ബാധകമാണ്. ഇതില്‍ സോഷ്യലിസം കൊണ്ടുവരാന്‍ പറ്റില്ല. അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല.

പുതിയ എഴുത്തുകാര്‍ ക്ഷമകാണിക്കൂ, നിരന്തരം നല്ല രചനകള്‍ എഴുതൂ എന്നാണ് എനിക്കു പറയാനുള്ളത്. രചനകള്‍ നല്ലതാണെങ്കില്‍ എന്തായാലും വായനക്കാര്‍ തേടിയെത്തും. വജ്രങ്ങള്‍ ഏതു ചപ്പുചവറുകളുടെ ഇടയിലും തിളങ്ങും. ഇതാ ഒരു ഉദാഹരണം. ഇപ്പോള്‍ പഴമക്കാര്‍ എന്നുതോന്നുന്ന പലരും പണ്ട് പുതുമക്കാര്‍ ആയിരുന്നു. ഇനി ഒരുപാടു നാള്‍ നന്നായി എഴുതിയിട്ടും ആരും വായിക്കുന്നില്ല, തിരിഞ്ഞുനോക്കുന്നില്ല എന്നു തോന്നുന്നെങ്കില്‍ അനുവാചകനു വായിക്കുന്നവ ഇഷ്ടപ്പെടുന്നില്ല എന്നുതന്നെ കണക്കുകൂട്ടിയാല്‍ മതി.

പുതിയ ബ്ലോഗ് എഴുത്തുകാരോട് ഇത്രയുമേ പറയാനുള്ളൂ
1) ക്ഷമ കാണിക്കുക.
2) എഴുത്തില്‍ ആത്മാര്‍ത്ഥത കാണിക്കുക. നിലവാരം പുലര്‍ത്തുക.

സ്വയം എഴുതിയ രചനകള്‍ വളരെ നന്നായി എന്നു തോന്നുകയാണെങ്കില്‍, വായിക്കുമ്പോള്‍ സന്തോഷം തോന്നുകയാണെങ്കില്‍, മറ്റുള്ളവര്‍ക്കും ഇന്നല്ലെങ്കില്‍ നാളെ അത് തോന്നിക്കൊള്ളും. അല്‍പ്പം സമയം കൊടുക്കൂ. താഴെ തീപൂട്ടുമ്പോള്‍ തന്നെ കലത്തില്‍ വെള്ളം തിളയ്ക്കണം എന്നു വാശിപിടിക്കരുത്. തീയ്ക്ക് ചൂടുണ്ടെങ്കില്‍ വെള്ളം തിളച്ചോളും.

==പ്രതിഭയ്ക്ക് കുറുക്കുവഴികളില്ല==
വിശ്വസാഹിത്യത്തിലെ പ്രതിഭകളെ നോക്കൂ. അവരുടെ കൃതികള്‍ വജ്രം പോലെ തിളങ്ങുന്നത് മിക്കപ്പൊഴും നിരന്തരമായ വായനയുടെ ഫലമാണ്. ലോകത്തിലെ ഏറ്റവും നല്ല കവി ആവണം, ഏറ്റവും നല്ല കൃതികള്‍ എഴുതണം എന്ന് ആഗ്രഹിച്ച ആളാണ് ജോണ്‍ മില്‍ട്ടണ്‍. അരണ്ട വെളിച്ചത്തിലും തിരിയും പന്തവും കത്തിച്ചുവെച്ച് രാവും പകലും വായിച്ചുവായിച്ച് മില്‍ട്ടന്റെ കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. ആ വേദനയില്‍ മില്‍ട്ടണ്‍ പാരഡൈസ് ലോസ്റ്റ് എഴുതി.

ചിന്തയുടേ ഉദ്ദീപ്തതകൊണ്ടുമാത്രം എഴുത്തു നന്നാക്കുന്നവരും ഉണ്ട്. ആനന്ദിന്റെ കൃതികള്‍ നോക്കുക. ഗഹനമായ ചിന്തകള്‍ എല്ലാ ഗ്രന്ഥങ്ങളിലും കാണാം. പലപ്പൊഴും ഒരു പ്രഭാഷണത്തിന്റെ സ്വഭാവം വരുന്നെങ്കിലും. എയ്ന്‍ റാന്റെ കൃതികള്‍ ജനങ്ങള്‍ വായിക്കുന്നതും ചിന്തയുടെ വൈവിദ്ധ്യം കൊണ്ടാണ്. (എയ്ന്‍ റാനെക്കുറിച്ച് എനിക്ക് വലിയ അഭിപ്രായം ഇല്ല)

അനുഭവങ്ങള്‍ കൊണ്ട്, ജീവിതം ഒരു തീച്ചൂളയായ്ത്തന്നെ അനുഭവിച്ച് എഴുതുന്നവരും ഉണ്ട്. ബഷീര്‍ - ഇന്ത്യമുഴുവന്‍ ചുറ്റിസഞ്ചരിച്ചു. പട്ടിണികിടന്നു. വേദനകള്‍ അറിഞ്ഞുതന്നെ എഴുതി. അനുഭവം ഇല്ലാത്തവന്‍ എഴുതരുത് എന്ന് ബഷീര്‍ സധൈര്യം പറഞ്ഞു.

മറ്റ് സുകുമാര കലകളെപ്പോലെ സാഹിത്യവും ഒട്ടൊക്കെ സാധനയാണ്. പരിശ്രമത്തിനു കുറുക്കുവഴികളില്ല. വായന, അനുഭവങ്ങള്‍, ചിന്തകളുടെ ആഴം, അവ പ്രതിഫലിപ്പിക്കാനുള്ള കഴിവ്, തുടങ്ങിയവയ്ക്ക് കുറുക്കുവഴികളില്ല. എങ്കിലും ഒരു പാട്ടും പഠിക്കാതെ തന്നെ എസ്.പി. ബാലസുബ്രമണ്യം മഹാനായ പാട്ടുകാരനായി. ശാസ്ത്രീയസംഗീതം കലര്‍ന്ന പാട്ടുകള്‍ പാടുന്നു. എല്ലാത്തിലും പോലെ, ഇവിടെയും നിയമങ്ങളും നിയമങ്ങള്‍ക്ക് അപവാദങ്ങളും ഉണ്ട്.

(ജാമ്യം: ഇത് ബ്ലോഗില്‍ കഥയെഴുതുന്നവരെ കുറിച്ചാണ്. കവിത / രാഷ്ട്രീയം / വിവാദങ്ങള്‍ തുടങ്ങിയവ എഴുതുന്നവര്‍ക്ക് ഇതെല്ലാം ബാധകമാവണമെന്നില്ല).

32 comments:

ശ്രീ said...

കൊള്ളാം... ഇതു നല്ലൊരു വിശദീകരണം തന്നെ. എല്ലാം അടങ്ങിയ ഒരു മറുപടി. സാബു ഭായ് ഇതു കാണുമായിരിക്കുമല്ലോ.
:)

ഗുപ്തന്‍ said...

ദുര്യു.. സാബുവിന്റെ പോസ്റ്റുകള്‍ക്ക് ഉചിതമായ മറുപടി തന്നെ.

എന്റെ അഭിപ്രായം അല്പം കൂടി conditioned ആയിരിക്കും.

1.പുതിയ ബ്ലോഗ്ഗേഴ്സിനു ശ്രദ്ധകിട്ടുന്നില്ല എന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ഇവിടുത്തെ സൂപ്പര്‍ താരങ്ങള്‍ പലരും പ്രായേണ പുതിയവരാണ്. കൊച്ചുത്രേസ്യ... വണ്‍ സ്വാളോ.. വെള്ളെഴുത്ത്.. സിമി എന്ന കഥാകാരന്‍ ഇവരാരും ഒരുപാട് പഴയ ബ്ലോഗേഷ്സ് അല്ല. നല്ല പോസ്റ്റിട്ടാല്‍ വായിക്കാന്‍ ആളുണ്ടാവും

2. സ്വന്തം പോക്കറ്റുകളില്‍ കുരുങ്ങിനിന്നുള്ള ചിലരുടെ കളികള്‍ക്ക് സോഷ്യോളജി എന്ന ഏറ്റവും എളുപ്പമുള്ള ഉത്തരം പൂര്‍ണമായും ഉചിതം എന്ന് തോന്നുന്നില്ല. ഭാഗികമായി ശരിയുണ്ടതില്‍. പക്ഷെ ഇതിലെ അപകടം ബ്ലോഗിലെ മികച്ച വായനക്കാര്‍ (മികച്ച എഴുത്തുകാരന്‍ പോകാന്‍ പറ..മികച്ച വായനക്കാരാണ് പ്രധാനം)ചിലരുടെ വെറും തറപോസ്റ്റുകളെ ആശയപരമായ സാമീപ്യംകൊണ്ടോ പഴയ ബാധ്യതകളുടെ/ക്ലിക്കുകളുടെ പേരിലോ കഥയില്ലാത്ത ആഘോഷമാക്കുമ്പോള്‍ നല്ല എഴുത്ത് എന്ന മാനദണ്ഡം തന്നെ അട്ടിമറിക്കപ്പെടുന്നു. അതിന്റെ പാര്‍ശ്വഫലമാണ് നല്ല പോസ്റ്റുകള്‍ ചിലപ്പോഴെങ്കിലും തമസകരിക്കപ്പെടുന്നത്.

Duryodhanan said...

മനു,

സോഷ്യോളജിയില്‍ രണ്ട് കാര്യങ്ങളുണ്ട്.

1) immediate effect: ചില പോസ്റ്റുകള്‍ / എഴുത്തുകാര്‍ ഒരു ഇമ്മീഡിയറ്റ് ഇഫക്ട് ഉണ്ടാക്കാം. പല തറ പോസ്റ്റുകളും ഇവിടെ കഥയില്ലാത്ത ആഘോഷം ആയേക്കാം.

2) long term effect: പ്രതിഭ - യഥാര്‍ത്ഥ പ്രതിഭയെ കാലം പുറത്തുകൊണ്ടുവരിക തെന്നെ ചെയ്യും. കാലത്തിനു ഒരു neutralizing / soothing / evening out effect ഉണ്ട്.

ബഷീറിന്റെ ആദ്യകാല പുസ്തകങ്ങള്‍ ആരും പ്രസിദ്ധീകരിച്ചില്ല. റോബട്ട് എം. പീര്‍സിഗ് എഴുതിയ സെന്‍ ആന്റ് ദ് ആര്‍ട്ട് ഓഫ് മോട്ടര്‍ സൈക്കിള്‍ മെയിന്റനന്‍സ് എന്ന പുസ്തകം - അമ്പതോളം പ്രസാധകര്‍ തള്ളിക്കളഞ്ഞു. ഈ കൃതി ബെസ്റ്റ് സെല്ലര്‍ ആണ്. ജെ.ഡി. സാലിംഗറുടെ ആദ്യ പുസ്തകമായ കാച്ചര്‍ ഇന്‍ ദ് റൈ - ഇന്നും ബെസ്റ്റ് സെല്ലര്‍ ആണ്. ജെ.ഡി. സാലിങ്കര്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ട് ഇരുപതു വര്‍ഷത്തോളമായി. ഇവരെ ഒക്കെ എത്രകാലം തടഞ്ഞുനിറുത്തും?

ബ്ലോഗില്‍ ആയാലും എവിടെയായാലും പ്രതിഭയ്ക്ക് കുറുക്കുവഴികളില്ല. പ്രതിഭയ്ക്ക് അതിര്‍‌വരമ്പുകളും ഇല്ല.

കൊച്ചുത്രേസ്യ, വണ്‍ സ്വാളോ, വെള്ളെഴുത്ത് തുടങ്ങിയവര്‍ അവരവരുടെ മേഖലകളില്‍ - ശൈലിയില്‍ - വളരെ മികച്ചവരാണ്. നല്ല എഴുത്ത് ഇന്നല്ലെങ്കില്‍ നാളെ ആരെങ്കിലും ചികഞ്ഞ്, ഇതാ നോക്കൂ, ഇതാ ഒരു വൈഢൂര്യം എന്നുപറഞ്ഞുതന്നെ പുറത്തുകൊണ്ടുവരും.

ചേ.ക്കാ: ഞാന്‍ സോഷ്യോളജി പഠിച്ചിട്ടില്ല. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും ഒക്കെത്തന്നെ എന്റെ സോഷ്യോളജി.

ഗുപ്തന്‍ said...

ദുര്യൂ: പ്രതിഭയുള്ളവര്‍ ശ്രദ്ധിക്കപ്പെടും എന്ന് പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ എഴുത്തുകാലത്തിനും താന്‍ എഴുതിയത് വായിക്കപ്പെടുന്നുണ്ട് എന്ന തിരിച്ചറിവിനും ഇടയില്‍ എഴുത്തുകാരന്‍ അനുഭവിക്കുന്ന വ്യാകുലങ്ങള്‍ -പ്രത്യേകിച്ചു അയാള്‍ എഴുത്തിനെ ഗൌരവമായി എടുക്കുന്ന ആളാണെങ്കില്‍- കണ്ടില്ലെന്ന് നടിക്കരുത്.

അത്തരം വ്യാകുലങ്ങള്‍ വിഷ്ണുമാഷിനെ പോലെയുള്ള ഗൌരവബുദ്ധികളായ എഴുത്തുകാരില്‍ നിന്നു പോലും കേട്ടതാണ് നാം. ആ ഒരു കര്യത്തില്‍ വിഷ്ണുമാഷിനെയും സാബു പ്രയാറിനെയും രണ്ടു തട്ടില്‍ കാണരുത്.

മറുവശം നല്ല എഴുത്ത് എന്ന അംഗീകരിക്കപ്പെടേണ്ട മാനദണ്ഡമാണ്. ഒരു കഥയുമില്ലാത്ത രാഷ്ട്രീയ -വൃഥാവ്യായാമങ്ങള്‍ക്ക് കിട്ടുന്ന ശ്രദ്ധപോലും ഉമ്പാച്ചീയെപ്പോലെയുള്ള പ്രതിഭാധനരായ കവികള്‍ക്ക് കിട്ടുന്നില്ല. പൊന്നപ്പന്‍ ദ ഏലിയനും തമസ്ക്കരിക്കപ്പെട്ട നല്ല എഴുത്തുകാരനാണ്. അങ്ങനെ പലരുണ്ട്. ബാലഗോപാലന്മാരെ എണ്ണതേപ്പിക്കാന്‍ നേരം തികഞ്ഞിട്ട് വേണ്ടേ വായിക്കാന്‍ :(

un said...

തേനിനെ തേടി വണ്ടു വരുമെന്ന പോലെ പ്രതിഭയെത്തേടി വായനക്കാരെത്തും എന്നതില്‍ സംശയമില്ല.കമന്റുകള്‍ കിട്ടുന്നോ ഇല്ലയോ എന്നല്ല, ആത്മാര്‍ത്ഥമായ അഭിപ്രായം വായനക്കാരന്‍ അറിയിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ഞാന്‍ കണ്ടിടത്തോളം വായനക്കാരുടെ കമന്റുകള്‍ മിക്കവാറും അന്യോന്യം മുഖസ്തുതി പറയുന്നതിലെതുങ്ങുന്നു. അഥവാ വിമര്‍ശനങ്ങള്‍ ഉണ്ടായാല്‍ തന്നെ അവ പലപ്പോഴും വ്യക്തിഹത്യയിലേക്കും അസഭ്യം പറയലിലേക്കും നീങ്ങുകയും ചെയ്യുന്നു. അതിനെക്കുറിച്ചാണ് നാം ചര്‍ച്ചചെയ്യേണ്ടത്. ഏതായാലും സാബുവിന് ഇനി ദു:ഖം വേണ്ട, സാബുവിനെക്കുറിച്ച് വേറൊരാള്‍ ബ്ലൊഗെഴുതിയല്ലോ?? ഇനി കമന്റൊക്കെ വന്നു തുടങ്ങിക്കോളും. പിന്നെ,പേരും പ്രശസ്തിയുമൊക്കെ വന്നു കഴിഞ്ഞ് പിന്നെ പക്ഷപാതത്തിന്റെ പേരും പറഞ്ഞ് ആരെങ്കിലും വന്നാ വാതുറക്കാന്‍ നിക്കരുത്!!

പ്രയാസി said...

ഞാന്‍ സാബുവിനും കമന്റിയിരുന്നു..
വലിയ കഴിവില്ലാത്തവനായിട്ടു കൂടി എനിക്കും കിട്ടി കുറെ കമന്റു! കമന്റല്ല പ്രധാനം എഴുത്താണു എന്നു പലരും ഉപദേശിച്ചു..എന്തായാലും ജന്മനാ കിട്ടുന്ന ചിലവാസനകള്‍ പിടിച്ചുവാങ്ങാന്‍ കഴിയില്ല..അതു ദൈവം ചിലര്‍ക്കു കൊടുക്കുന്ന വരധാനം..ചിലര്‍ എഴുതുന്നതു വായിച്ചു അത്ഭുതം തോന്നിയിട്ടുണ്ട്! ശ്രദ്ധനേടാന്‍ കോപ്രായങ്ങള്‍ കാണിക്കുന്നവരും ഉണ്ടു! ചില വലിയ പുള്ളികള്‍ക്കു കമന്റാന്‍ തന്നെ പേടിയാ..! ഇവനാരെടെ എനിക്കു കമന്റാനെന്നു ചോദിച്ചാലൊ.!?
ശ്രീ, കുഞ്ഞന്‍, ഇവരെപോലുള്ളവരെ നോക്കൂ..ആരാദ്യം തേങ്ങ ഉടക്കുമെന്ന വാശിയിലാണവര്‍! ഞാന്‍ ഇതു പോലുള്ള ചില നല്ല സുഹൃത്തുക്കളുടെ കൂടെയാണു..ഇവരെപോലുള്ളവരാണു എനിക്കു മാതൃക.. ആരായാലും സമയം ഉണ്ടെങ്കില്‍ ഒരു സ്മൈലി എങ്കിലും എറിഞ്ഞു കൊടുക്കുക..
അതു തുടക്കക്കാരനു വലിയൊരു ആശ്വാസം തന്നെയാണു.
ചില അപ്രസക്തമായ വിശയങ്ങളില്‍ SA ആയി കമന്റുന്നവര്‍ അതു പത്തു പേര്‍ക്കായി വീതിച്ചു കൊടുത്താല്‍ എത്ര നന്നായിരിക്കും.

അങ്ങനെ വരുമ്പോള്‍ സാബു പറഞ്ഞതില്‍ ചെറിയൊരു സത്യം ഇല്ലാതില്ല!
(രാഷ്ടീയം,മതം ഇതു രണ്ടിലുമൊഴിച്ചു എല്ലാവര്‍ക്കും സമയം കിട്ടിയാല്‍ പ്രയാസി കമന്റും..അതെന്റെ അവകാശമാണെന്നു ഞാന്‍ കരുതുന്നു..:))
എന്റെ ചെറിയ അഭിപ്രായം തെറ്റാണെങ്കില്‍ ചേട്ടന്മാര്‍ തിരുത്തുക..

Unknown said...

പലപ്പോഴും പറഞ്ഞ് മടുത്ത ഒരു സംഗതിയാണ് ഇത്. സംഭവാമി യുഗേ യുഗേ എന്ന് പറയുന്നത് പോലെ മൂന്ന് മാസം കൂടുമ്പോള്‍ ഓരോരുത്തര്‍ ആരോപിയ്ക്കുകയും ചെയ്യും.

ബ്ലോഗിലെ വായനയ്ക്കും കമന്റിനും ശ്രദ്ധയ്ക്കും അങ്ങനെ പൊതുവായ മാനദണ്ഡമൊന്നും ഇല്ല. ലോകസാഹിത്യം എഴുതിയിട്ടാലും തൊട്ടപ്പുറത്ത് മോഹന്‍ലാലിന്റെ ഹെയര്‍സ്റ്റൈലിനെ പറ്റി ഒരു പോസ്റ്റ് വന്നാല്‍ അത് അഘോഷിയ്ക്കപ്പെട്ടേയ്ക്കാം. കാരണം പലരും പലത് തേടിയാണ് ബ്ലൊഗില്‍ വരുന്നത്. ചിലര്‍ സീരിയസ് സാഹിത്യം തേടി, ചിലര്‍ സൌഹൃദം, ചിലര്‍ റിലാക്സേഷന്‍ അങ്ങനെ പലതും.

ഗ്രൂപ്പും ബഹളവും പക്ഷപാതവും ഒക്കെ എന്നും ബ്ലോഗില്‍ ഉണ്ടാവും. അതൊക്കെ ബ്ലോഗിങ്ങിന്റെ ഭാഗമാണ്. ഒരാള്‍ കേമപ്പെട്ട ഒരു കവിതയോ കഥയോ എഴുതിയത് കണ്ടാലും ഞാന്‍ തിരിഞ്ഞ് നോക്കാതെ പോയി എന്റെ സുഹൃത്തിന്റെ രാഷ്ട്രീയ പോസ്റ്റില്‍ കമന്റ് വെച്ചു എന്ന് വരാം. അതൊക്കെ തന്നെയാണ് ബ്ലോഗിങ് സുഹൃത്തേ.

എല്ലാവരും പ്രതിഭയേയും സാഹിത്യത്തേയും പ്രോത്സാഹിപ്പിയ്ക്കാന്‍ വരുന്നവരല്ല ബ്ലോഗില്‍ എന്ന് മനസ്സിലാക്കിയാല്‍ പകുതി അസ്വസ്ഥത തീരും.

Ralminov റാല്‍മിനോവ് said...

പണ്ട് പിന്മൊഴീന്നു് പൊറത്താക്കീന്നു് പറഞ്ഞാരുന്നു് നെലോളി. ഇപ്പ ദാ "നിക്കും കമന്റ് വേനം" എന്ന ചിണുങ്ങല്‍.
വക്കാരി പറയുന്നതു് പോലെ പ്രൊഫൈലില്‍ തന്നെ എഴുതി നോക്കൂ, പ്രോത്സാഹിപ്പിക്കാന്‍. അല്ലെങ്കില്‍ വര്‍മമാരെ വിളിക്കൂ. കമന്റ് നിറയ്ക്കൂ.

സുയോധനാ, ഞാന്‍ ബ്ലോഗര്‍മാരെക്കുറിച്ചെഴുതരുതു് എന്നു് തീരുമാനിച്ചിരുന്നതു് കൊണ്ടു് എഴുതാതെ വിട്ടിരുന്നതാണു് (അല്ലെങ്കി ഇയാള്‍ കൊറെ !)
കൊള്ളാം കേട്ട. നേരത്തെ എനിക്കിട്ട് ആസ്വദിച്ചതിനു് ഒരു പ്രതികാരമെല്ലം വേണ്ടേ.

Inji Pennu said...

ഹിഹിഹി! പാവം ദുര്യോ. പുത്യ ആളാണാല്ലേ? ;)
ഇതു പത്തില്‍ ഒരു പുതിയ ബ്ലോഗര്‍ ഇടുന്ന പോസ്റ്റാണ് പക്ഷപതത്തെക്കുറിച്ച്. അങ്ങിനെയാണ് ഞാന്‍ എപ്പളും ആ ബ്ലോഗ് കാണാറുള്ളത്. നല്ല ഐഡിയ ആണ്. എന്റെ ബ്ലോഗിലും ഞാന്‍ ഒരു അഞ്ചാറ് മാസം കൂടുമ്പൊ ഒരു പക്ഷപാത പോസ്റ്റ് ഇടാന്‍ പൂവാണ്.

പണ്ട് മര്യാദക്ക് കമന്റിട്ട് ഉല്ലസിച്ച് നടന്ന ഈ എന്നെ ഓഫ് തൊഴിലാളീന്ന് പഴ്യ ബ്ലോഗേര്‍സ് വിളിച്ചാക്ഷേപിച്ച്...അതിന്റെ പ്രതികാരം പുത്യ ബ്ലോഗേര്‍സ് ആണ് അനുഭവിക്കുന്നത്...കഷ്ടം! ശിവ! ശിവ ! :) (രാവിലെ ചുമ്മാ സില്ലിയാവാന്‍ തോന്നണൂ...)

അതൊന്നും പറയാനല്ല ഇവിടെ വന്നെ. മിസ്റ്റര്‍ ദു ന്റെ കണ്ണുകള്‍ എല്ലായിടത്തും എത്തണകൊണ്ട് ഒരു റീഡര്‍ ലിസ്റ്റ് ഉണ്ടാക്കി ദേ ഈ ബ്ലോഗിന്റെ സൈഡില്‍ പതിപ്പിച്ചാല്‍ ആ റീഡര്‍ ലിസ്റ്റ് ഞാന്‍ സബ്സ്ക്രൈബ് ചെയ്താല്‍ നല്ല പോസ്റ്റൊക്കെ മിസ്സാവില്ല എനിക്കും മറ്റുള്ള ഗൌരവ വായനക്കാര്‍ക്കും. സഹായം വേണമെങ്കില്‍ ചോദിക്കൂ. തരാ‍ാന്‍ റെഡി.

ഗുപ്തന്‍ said...

ഇഞ്ചി പോസ്റ്റ് മനസ്സിലാക്കിയിട്ട് കമന്റുന്നത് നല്ലതായിരിക്കും :)

മയൂര said...

ദുര്യോധനാ[പരന്തു, ലേക്കിന്‍ മഹാഭാരതം മഹാഭാരതം;)], ബ്ലോഗുലോകം മഹാശ്ച‌ര്യം എനിക്കും കിട്ടണം കമന്റ് എന്ന ഭാവം ഭാവിക്കുന്നവര്‍ ദിനമ്പ്രതി കൂടുന്നയീ സമയത് ഇങ്ങിനെ ഒരു പോസ്റ്റ് നന്നായി. ബ്ലോഗര്‍ ഫ്രീയായിട്ടു തരുന്ന ബ്ലോഗില്‍ സ്വന്തം ഇഷ്ടപ്രകാരം എന്ത് വേണമെങ്കിലും എഴുതാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമ്മുണ്ട്. ഗൂഗിള്‍ ബ്ലോഗ് സെര്‍ച്ച്, തനിമലയാളം എന്നിവ പുതിയ പോസ്റ്റുകളെ കാണിച്ചുതരുന്നുമുണ്ട്. ബ്ലോഗ് ഹിറ്റ് റേറ്റ് നോക്കിയാല്‍ എത്ര പേര്‍ വായിച്ചു എന്നും മനസിലാക്കാം(३०० പേര്‍ വന്നുവെങ്കില്‍ അത്രയും പേര്‍ വായിച്ചു എന്നര്‍ഥമില്ല മിക്ക ട്രാക്കറിലും എത്രം സമയം ഒരു വിസിറ്റര്‍ അവിടെ തങ്ങി എന്നു കാണിക്കും २,३ മിനിറ്റ് എങ്കിലും ചിലവഴിച്ചിലെങ്കില്‍ ഒന്നും വായിച്ചിട്ടില്ലാന്നര്‍ഥം)
ഇനി കമന്റ്, കമന്റിന്റെ സങ്കീര്‍ണ്ണതയെ കുറിച്ച് ശ്രീ ദേവന്‍ മാര്‍ച്ചില്‍ ഇട്ട പോസ്റ്റിന്റെ ലിങ്കാണിത്. പല പുതിയ ബ്ലോഗേഴ്സ്സും അവരവരുടെ രീതിയില്‍ വ്യത്യസ്തമായ എഴുത്ത് കൊണ്ട് ശ്രദ്ധേയരാക്കുന്നുമുണ്ട്. പിന്നെ ആക്ച്വലി ഇവിടെ എന്താണ് പ്രശനം;)

ശ്രീഹരി::Sreehari said...

ഡിയര്‍ സുയോധനന്‍ ചേട്ടാ , ഇതു നല്ല ഒരു പോസ്റ്റായി.
ബ്ലോഗ് എന്ന മീഡിയയുടെ ഒരു speciality ആണ് കമന്റുകള്‍. പക്ഷേ പല പോസ്റ്റുകളിലും ഈയുള്ളവന്‍ കമന്റാതെ പോകുന്നത് ഗ്രൂപ്പിസം കൊണ്ടോന്നുമല്ല. സമയക്കുറവ് പിന്നെ മടീ. എന്നിരുന്നാലും വളരെ നന്നായി എന്നു തൊന്നുന്ന പോസ്റ്റുകള്‍ക്ക് ഒരു തേങ്ങ ഉടക്കാറുണ്ട്.( എഴുത്തുകാരെ നോക്കിയല്ല , പോസ്റ്റിന്റെ ഗുണന്‍ലവാരം നോക്കി. പിന്നെ ഒരു കാര്യം creativeബ്ലോഗുകല്‍ക്ക് മാത്രമേ കമന്റാറുള്ളൂ എന്നതാണ്. അറിയിപ്പുകള്‍, സ്വകാര്യങ്ങള്‍, നിരൂപണങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഇവയ്ക് കമന്റ് പൊതുവേ ഇടാറിലാ.) എങ്കിലും പുതിയ ബ്ലോഗ് തുറക്കുമ്പോള്‍ രു സ്വാഗതം ഇടാറുണ്ട്. എനി അതില്ലാത്തോണ്ട് പ്രോല്‍സാഹനക്കുറവ് വേണ്ട എന്നു കരുതി.

ശ്രീ , സഹയാത്രികന്‍ , കുഞ്ഞന്‍, ഇപോള്‍ അടുത്ത കാലത്തായി പ്രയാസി എന്നിവരെല്ലാം സാമാന്യം നന്നായി കാന്റ് മേഖലയില്‍ സ്ജീവമാണ്. ഇവര്‍ ഏതെങ്കിലു ഗ്രൂപ്പിസത്തിന്റെ ഭാഗമായി തോന്നിയിട്ടില്ല. ( ഇങ്ങനെ ഒരുപാട് പേര്‍ വേറെയുമുണ്ട്.

പഴയ ബ്ലോഗേഴ്സ് ഒരുപാടുകാലമായി പരസ്പരം പരിചയമുള്ളവര്‍ ആയിരിക്കും. അതുകൊണ്ട അവര്‍ പരസ്പരം ധാരാളം കമന്റും എന്നാണു താരതമ്യേന പുതിയ ബ്ലോഗറായ ഈയുള്ളവന്‍ തോന്നിയിട്ടുള്ളത്. അതില്‍ അസൂയപ്പെടുന്നതില്‍ കാര്യമില്ല.

ഹിറ്റ് റേറ്റ് നോക്കുന്നതില്‍ ഒരു പരിധി വരെ കാര്യം ഉണ്ട്. ഈയുള്ളവന്‍ അതു മത്രമെ കാര്യമായി എടുക്കാറുള്ളൂ.
കമന്റ് പ്രതീക്ഷിച്ച് എഴുതുന്നതില്‍ യാറ്റ്രു കാര്യവും ഇല്ല. ആത്മസംതൃപ്തിയാണ് പ്രധാനം. നല്ല പോസ്റ്റുകള്‍ക്ക് കമന്റുകള്‍ താനെ വന്നുകൊള്ളൂം
എന്ന്
ഒരു എളിയ ബൂലോഗവാസി

വിഷ്ണു പ്രസാദ് said...

ദുര്യോധനാ,
പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു.

പുതിയ ബ്ലോഗേര്‍സിനോട് ഞാന്‍ എന്തു ചെയ്യുന്നു എന്ന് സ്വയം വിലയിരുത്തുവാന്‍ നോക്കുന്നു:

1)വായിച്ച് നന്ന് എന്ന് എനിക്ക് തോന്നുന്നവയ്ക്ക് ഒരു കമന്റ് വെക്കാന്‍ നോക്കും.സമയപരിമിതി അനുവദിച്ചില്ലെങ്കില്‍ അതുണ്ടാവില്ല.

2)നന്നെന്നു തോന്നുന്നവ എന്റെ റീഡറിലെ ഷെയേഡ് ഐറ്റംസില്‍ ഉള്‍പ്പെടുത്തുന്നു.

3)പ്രതിഭയുണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെങ്കില്‍ ആ ബ്ലോഗ് പരിചയപ്പെടുത്തുന്ന ഒരു പോസ്റ്റ് തന്നെ ഇടുകയും ചെയ്യും

എപ്പോഴും ഈ കാര്യങ്ങള്‍ നടന്നെന്നു വരില്ല.കാരണം സമയം/ഇതര സാഹചര്യ പരിമിതികള്‍.

എനിക്ക് കമന്റില്ലേ എന്ന് കരയുന്ന പുതിയ ബ്ലോഗര്‍മാര്‍ ചെയ്യേണ്ടത്:

1)തങ്ങള്‍ക്കിഷ്ടപ്പെട്ട പോസ്റ്റുകളിലെങ്കിലും കമന്റുക
(ശ്രീ എന്ന ബ്ലോഗര്‍ നല്ലൊരു ഉദാഹരണമാണ്.അയാളുടെ പോസ്റ്റുകളല്ല.എല്ലാ ബ്ലോഗുകളിലുമുള്ള അയാളുടെ സാന്നിദ്ധ്യമാണ് അയാളുടെ ബ്ലോഗ് കാണാന്‍ എന്നെ പ്രേരിപ്പിച്ചത്
2)ശ്രദ്ധേയമായ പോസ്റ്റുകള്‍ തയ്യാറാക്കുക.പോസ്റ്റിന്റെ തലക്കെട്ട് കഴിയുന്നത്ര ആകര്‍ഷകമാക്കുക.
3)പോസ്റ്റുകളിലൂടെയും കമെന്റുകളിലൂ‍ടെയും
എപ്പോഴും ലൈവ് ആയി നില്‍ക്കാന്‍ ശ്രമിക്കുക.
--------------------------------
മനു പറഞ്ഞത്:
ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഞാനും അങ്ങനെ ഒരു പോസ്റ്റിടുകയുണ്ടായിട്ടുണ്ട്.വേണ്ടത്ര വായിക്കപ്പെടുന്നില്ല എന്നൊരു തോന്നല്‍ എനിക്കുണ്ടായിരുന്നു.വായനക്കാരുടെ രുചി പ്രധാനമാണ്.അതുകൊണ്ടു തന്നെ അത്തരം വിലാപത്തില്‍ കഴമ്പില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു.
എല്ലാവര്‍ക്കും എല്ലാ രചനകളും ഇഷ്ടമായിക്കൊള്ളണമെന്നില്ല.താനെഴുതുന്നത് ആരെങ്കിലുമൊക്കെ വായിക്കണമെന്ന് ഏതൊരാളുമാഗ്രഹിക്കും...

കുറച്ച് കാത്തിരിക്കണം.നിങ്ങളുടെ വായനക്കാര്‍ നിങ്ങളെ കണ്ടെത്തും.

(ദുര്യോ,കഥയുടെ കാര്യത്തിലേക്ക് ഇതിനെ പരിമിതപ്പെടുത്തേണ്ടായിരുന്നു.കഥാകൃത്തുക്കള്‍ മാത്രമല്ല കഥ വായിക്കുന്നത്...:)

തറവാടി said...
This comment has been removed by the author.
തറവാടി said...

ദുര്യോ,

കമ‌ന്‍‌റ്റ് ഓപ്ഷന്‍ തുറന്ന ഏതൊരു ബ്ലോഗറും കമന്‍‌റ്റാഗ്രഹിക്കുന്നുണ്ട്.
കിടിലന്‍ , അമറന്‍‌, ഗംഭീരം ,കലക്കി ഗുരോ , തിമര്‍ത്തു തുടങ്ങിയ എണ്ണമറ്റ കമന്‍‌റ്റുകളേക്കാള്‍
ആത്ഥമാര്‍ത്ഥമായ അഭിപ്രായങ്ങള്‍ക്കാണ്‌ അത് വിമര്‍‌ശനമാണെങ്കില്‍‌ പോലും എഴുത്തുകാര്‍ പ്രാധാന്യം കൊടുക്കേണ്ടത്.

ഉപഗ്രൂപ്പുകള്‍ ഏതു സമൂഹത്തിലുമെന്ന പോലെ ബ്ലോഗിലുമുണ്ട് , അതിനപവാദമായിട്ടുള്ളവരുമുണ്ട്.

മനൂ ആ അവസനത്തെ പ്രയോഗം , ബാലഗോപാലന്‍‌മാരെക്കുറിച്ചുള്ള , അതു കലക്കി ;)

SABU PRAYAR ~ സാബു പ്രയാര്‍ said...

പഴയ ബ്ലോഗ് എഴുത്തുകാരെയും, വായനക്കാരെയും വ്യക്തിപരമായി ദ്രോഹിക്കുവാനോ,ക്രൂശിക്കുവാനോ അല്ല ബ്ലോഗിലെ പക്ഷപാതം എന്ന ആ ലേഖനം എഴുതിയത്. എന്റെ ബ്ലോഗ് വായിക്കാത്തിലും, അഭിപ്രായം പറയാത്തതിലും എനിക്കു പരിഭവവും പരാതിയുമില്ല. കാരണം എന്റെ എഴുത്ത് മേത്തരമാണെന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷേ കഴിഞ്ഞ ഒരു മാസമായി ബ്ലോഗിലെ ഞാന്‍ കണ്ട് പരസ്യമായ ഒരു രഹസ്യം ഞാന്‍ വിളിച്ചു പറഞ്ഞെന്നേയുള്ളു. ചില എഴുത്തുകാരെ മാത്രം തിരഞ്ഞു പിടിച്ച് എന്തു ചവറായാലും അവരുടെ ക്യതികള്‍ മാത്രം വായിക്കുകയും, അതിനെ വാനോളം പുകഴ്ത്തുകയും ചെയ്യുന്ന പ്രവണത ശരിയല്ലെന്ന് എനിക്കു തോന്നി. അത് ഒരിക്കലും പുതിയ എഴുത്തുകാര്‍ക്കും, ബ്ലോഗ് സാഹിത്യത്തിനും ആശ്വാസകരമായിരിക്കുമെന്ന് എനിക്ക് തോന്നിയില്ല. അത് ഞാന്‍ വിളിച്ചു പറഞ്ഞു.. അത്രമാത്രം.

ഏറനാടന്‍ said...

ദു.ധ്രി..കുറിക്കു കൊള്ളുന്ന മറുപടിയും വിശദീകരണവും ഉപമയും ഉല്‍പ്രേക്ഷയും ഉദാഹരണങ്ങളും 'ക്ഷ' പിടിച്ചിരിക്കുണു..

ഗുപ്തന്‍ said...

വിഷ്ണുമാഷിന്

എന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നിയോ എന്നൊരു സംശയം. അല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. വായിക്കപ്പെടാനുള്ള ആഗ്രഹം ന്യായമാണെന്നേ ഉദ്ദേശിച്ചുള്ളൂ.

നല്ലവായന പോഷിപ്പിക്കാന്‍ മാഷ് നടത്തുന്ന ശ്രമം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വളരെ മുന്നേ തന്നെ.

Duryodhanan said...

വിഷ്ണുമാഷേ,

ബ്ലോഗിലെ കഥയെഴുത്ത് ആണ് ഞാന്‍ കൂടുതലും തിരഞ്ഞുപിടിച്ച് വായിക്കുന്നതും നിരൂപിക്കാന്‍ ശ്രമിക്കുന്നതും. പുസ്തകങ്ങളില്‍ നിന്നും കവിതകള്‍ അധികം വായിച്ചിട്ടില്ലാത്തതുകൊണ്ടും എല്ലാ മേഖലകളിലും കൈവെക്കുന്നതിലും നല്ലത് ഒരു മേഖല മാത്രം തിരഞ്ഞെടുത്ത് അതില്‍ എന്തെങ്കിലും എഴുതുന്നതാണ് നല്ലതെന്നു തോന്നിയതുകൊണ്ടും ആണ് ഇങ്ങനെ. പക്ഷേ പറഞ്ഞതില്‍ കുറെ കാര്യങ്ങള്‍ എങ്കിലും മിക്കവര്‍ക്കും ബാധകമാവും എന്ന് തോന്നുന്നു.

പേര് പേരക്ക: ബ്ലോഗില്‍ കൂടി അറിഞ്ഞോ അറിയാതെയോ പരസ്പര ബഹുമാനം വളരുമ്പോള്‍ പലര്‍ക്കും ഉണ്ടാവുന്ന ഒരു ശങ്കയാണ് മോശം അഭിപ്രായം / വിമര്‍ശനം പറഞ്ഞാല്‍ തെറ്റിദ്ധരിക്കുമോ എന്ന്. വായിച്ച് ഇഷ്ടപ്പെട്ടില്ലെങ്കില്‍ കമന്റിടാതെ പോവുകയാണ് (ചുരുങ്ങിയപക്ഷം എന്റെ) പതിവ്. ഇത് ഇപ്പോള്‍ തിരുത്താന്‍ നോക്കുന്നും ഉണ്ട്. എങ്കിലും കൊള്ളില്ല എന്ന് എഴുതുന്നതിനെക്കാള്‍ എന്തുകൊണ്ട് രചന നന്നായില്ല, അല്ലെങ്കില്‍ കൂടുതല്‍ എന്ത് നന്നാക്കാം എന്ന് വായനക്കാരന്‍ എഴുതുന്നത്, സാഹിത്യ കൃതിയെ വസ്തുനിഷ്ഠമായി ചര്‍ച്ചചെയ്യുന്നത് - തീര്‍ച്ചയായും എഴുത്തുകാരനു ഗുണം ചെയ്യും. ഇതു ഈ ബ്ലോഗിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. എങ്കിലും വിമര്‍ശനം പലപ്പൊഴും വേദനയുളവാക്കുന്ന ഒന്നാണ്. ഈഗോ വളരെ നേര്‍ത്ത ഒരു പാടയാണ്. ഇതുകൊണ്ടാവാം വായനക്കാരുടെ വിമര്‍ശനോന്മുഖമായ കമന്റുകള്‍ കുറയുന്നത്.

സാബു: പറഞ്ഞതൊക്കെ ശരിയാണ്. ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍, മതത്തില്‍, രാഷ്ട്രീയത്തില്‍, ഓഫീസില്‍ - എവിടെയും കാണാം. ഇതിനെതിരെ ശബ്ദിക്കണ്ടാ എന്നല്ല - ഇത് സമൂഹ മനശാസ്ത്രമാണ്. അഗ്രഗേറ്ററുകളും കമന്റുകളും ഉള്ളിടത്തോളം കാലം ബ്ലോഗും ഒരു സാമൂഹിക സംവേദന മാദ്ധ്യമമാണ്. ഇതിനെ ഒരു പരിധിവരെ അംഗീകരിച്ചേ മതിയാവൂ.

ഹരിശ്രീ (ശ്യാം) said...

ഈ സമയം കൊണ്ട് നമുക്ക് പോയി കുറച്ചു നല്ല എഴുത്തുകളില്‍ (പുതിയതെന്നും പഴയതെന്നും നോക്കാതെ. ) കമന്റ് ഇട്ടുകൂടെ :-)

ദിലീപ് വിശ്വനാഥ് said...

സ്വയം എഴുതിയ രചനകള്‍ വളരെ നന്നായി എന്നു തോന്നുകയാണെങ്കില്‍, വായിക്കുമ്പോള്‍ സന്തോഷം തോന്നുകയാണെങ്കില്‍, മറ്റുള്ളവര്‍ക്കും ഇന്നല്ലെങ്കില്‍ നാളെ അത് തോന്നിക്കൊള്ളും. അല്‍പ്പം സമയം കൊടുക്കൂ. താഴെ തീപൂട്ടുമ്പോള്‍ തന്നെ കലത്തില്‍ വെള്ളം തിളയ്ക്കണം എന്നു വാശിപിടിക്കരുത്. തീയ്ക്ക് ചൂടുണ്ടെങ്കില്‍ വെള്ളം തിളച്ചോളും.

വളരെ പ്രാക്ടിക്കല്‍ ആയിട്ടുള്ള കാഴ്ചപ്പാട്. കൊള്ളാം.

കമന്റിനു പ്രാധാന്യം കൊടുക്കാതെ എഴുതാന്‍ ആണ് എന്റെ ആഹ്വാനം. നിങ്ങളുടെ രചനകള്‍ നല്ലതാണെങ്കില്‍ കമന്റുകള്‍ താനെ വരും.

ഏ.ആര്‍. നജീം said...

അപ്പോ പ്രശ്നങ്ങള്‍ ഒക്കെ പറഞ്ഞു തീര്‍ന്നില്ലെ..? ഇനി യോഗം പിരിച്ചു വിടട്ടെ

സഹയാത്രികന്‍ said...

ദുര്യോ...

ആ രണ്ട് പോസ്റ്റുകളും വായിച്ചതാണ്.. കമന്റിയില്ല... സമയപരിധി...

പക്ഷഭേദമുള്ളവരും ഉണ്ടാകാം..പക്ഷേ എല്ലാരും അങ്ങനെയല്ല എന്ന് മനസ്സിലാക്കണം... പിന്നെ എഴുത്തിന്റെ ശൈലി വായനക്കാരെ ആകര്‍ഷിച്ചാല്‍ അതേ ബ്ലോഗില്‍ വീണ്ടും വരുന്നത് സ്വാഭാവികം മാത്രം... എന്ന് വച്ച് മറ്റു ബ്ലോഗുകളില്‍ പോകില്ല എന്നര്‍ത്ഥമില്ലല്ലോ... പുതിയ ആളെന്നൊ പഴയ ആളെന്നോ അല്ല പ്രശ്നം... പോസ്റ്റിന്റെ ഉള്ളടക്കമാണ്... എല്ലാ പോസ്റ്റുകള്‍ക്കും മറുപടി ഇടാന്‍ ചിലപ്പോള്‍ കഴിഞ്ഞുന്നു വരില്ല... ചിലയിടങ്ങളില്‍ ഒരു പുഞ്ചിരി മാത്രമായി നിര്‍ത്തേണ്ടിയും വരാടുണ്ട്...

മാനസികമായ സന്തോഷം കിട്ടുന്നെങ്കില്‍ എഴുതുക... അല്ലാതെ കമന്റുകളെ ലാക്കാക്കി എഴുതരുത്... സമയവും, സന്ദര്‍ഭവും ഉള്ളവര്‍ വരും വായിക്കും, അഭിപ്രായമറിയിക്കും... വായിച്ചവര്‍ എല്ലാരും അഭിപ്രായമറിയിക്കണമെനും ഇല്ല...

ഞാന്‍ താങ്കളുടെ മറ്റു പോസ്റ്റുകളും വായിക്കറുണ്ട്... കമന്റാറില്ല എന്നുമാത്രം... അത് ആവിഷയത്തില്‍ എനിക്കുള്ള അറിവ് പരിമിതമായതിനാലാവാം...

ദുര്യോ താങ്കളുടേത് ഒരു നല്ല സംരംഭമാണ്... എല്ലാ ആശംസകളും...

സാബുഭായ് എഴുതൂ ഇനിയും എഴുതൂ... പറ്റുന്നവര്‍ വന്ന് വായിച്ച് അഭിപ്രായമറിയിക്കട്ടേ...

ശ്ശൊ... എന്റെ ഒരു കാര്യം...ഇന്നത്തെ സമയം പകുതി ഇവിടെ പോയി... അപ്പൊ കാണാം ..എല്ലാര്‍ക്കും ഹാപ്പി ബ്ലോഗിങ്ങ്.

:)

Duryodhanan said...

സഹു, ഇഞ്ചി: ഈ ബ്ലോഗിലെ കമന്റുകളല്ല, സാബുവിന്റെ പരാതിയായിരുന്നു വിഷയം. ഈ ബ്ലോഗിനു പുഞ്ചിരി കമന്റുകള്‍ വേണ്ടന്നേ.. ഇവിടെ വിശ്വസാഹിത്യ ചര്‍ച്ചകളാണ് സാധാരണ! (ഞെട്ടിയോ?). ഇവിടത്തെ ഓരോ റീഡേഴ്സിനെയും ഞാന്‍ ഗൂഗ്ല് അനലിറ്റിക്സ് വെച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് കമന്റിയില്ലെങ്കിലും ഒരു വിരോധവും ഇല്ല. വന്ന് ഒരുമിനിട്ട് പേജ് തുറന്നുവെച്ചിട്ട് പിന്നെ ക്ലോസ് ചെയ്താല്‍ വായിച്ചു എന്നുവിചാരിച്ച് ദുര്യു കൃതാര്‍ത്ഥനായിക്കൊള്ളാം.

സ്വന്തം
ദു.ധ്രി.

Inji Pennu said...

ദുര്യോധനന്‍: ക്ഷമിക്കൂ. അല്പം ലൈറ്റ് ആയിട്ട് എടുത്തുപോയി ഇത്രേം ഗൌരവമായ വിഷയം. എന്റെ കമന്റും താങ്കള്‍ തെറ്റി വായിച്ചു.(ഞെട്ടണ്ട)

ചില നേരത്ത്.. said...

സമകാലീന സംഭവങ്ങളിലേക്ക് വായനയുടെയും അറിവിന്റെയും അനുഭവങ്ങളുടേയും ചിരാത് കൊളുത്തുമ്പോള്‍ വിളങ്ങുന്ന വെളിച്ചത്തിലേക്കാണ് ഞാനെന്ന വായനക്കാരന്‍ എത്തിപ്പെടുന്നത്. എന്റെ ബ്ലോഗ് വായനയുടെ താല്പര്യം ഇതാണെന്ന് തിരിച്ചറിയുന്ന ചിലര്‍ വഴിയും ഇത്തരം ബ്ലോഗിന്റെ ലിങ്കുകള്‍ കിട്ടാറുണ്ട്. ദേവേട്ടന്‍ ഇതേ വിഷയം സംബന്ധമായി എഴുതിയ ബ്ലോഗില്‍ ആസ്വാദകവൃന്ദത്തിന്റെ മന:ശാസ്ത്രം രൂപീ‍കരിക്കപ്പെടുന്നതിനെ പ്രതിപാദിച്ചിരിക്കുന്നുണ്ട്. സാബു പ്രയാറിന്റെ നിരീ‍ക്ഷണം എന്ത്കൊണ്ടങ്ങനെ സംഭവിക്കുന്നു എന്ന് വിലയിരുത്താതെ എഴുതിയതാണെന്നാണ് എനിക്കനുഭവപ്പെട്ടത്. പക്ഷേ ദുര്യോധനന്റെ നീ‍രീക്ഷണങ്ങള്‍ കൃത്യമായ പാടവത്തോടെയാണെന്ന് നിരീക്ഷിക്കാനാവുന്നുണ്ട്.

ശ്രീഹരി::Sreehari said...
This comment has been removed by the author.
ശ്രീഹരി::Sreehari said...

സുയോധനന് ഐകയദാര്‍ഡ്യം പ്രകടിപ്പിച്ചു കോണ്ട് ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു . നോക്കുക
http://chillujaalakam-hari.blogspot.com/2007/10/blog-post.html

G.MANU said...

blogil pakshakhaatham undavathe nokkuka....

Sanal Kumar Sasidharan said...

ദുര്യോധനന്‍ ഒരു ധനവാന്‍ തന്നെ.സമ്മതിച്ചു നല്ല കുറിപ്പ്.
മനൂ നിങ്ങള്‍ കമെന്റെഴുതിഉം ചിരിപ്പിക്കുകയാണോ :)

salil | drishyan said...

സുയോധനാ,

‘പട്ടുനൂലും വാഴനാരും‘, ‘സുയോധനന്‍/ദുര്യോധനന്‍’ എന്നീ വൈരുധ്യങ്ങളാണ് എന്നെ തന്‍‌റ്റെ ബ്ലോഗിലെത്തിച്ചത്. ‘സാഹിത്യവാരഫലം’ പോലൊന്ന് ബ്ലോഗ്ഗില്‍ കണ്ടപ്പോള്‍ നന്ന് എന്നാണ് തോന്നിയതും.

ബ്ലോഗിന്‍‌റ്റെയും ബ്ലോഗ്ഗറുടെയും പേരിലെ വൈരുധ്യങ്ങള്‍ പോസ്റ്റിലുണ്ടായതില്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. ചിലപ്പോള്‍ സുയോധനനും ചിലപ്പോള്‍ ദുര്യോധനനുമാകും നിരൂപകന്‍. ലഭിക്കുന്ന കഥയുടെ ഇഴകള്‍ പട്ടുനൂലോ വാഴനാരോ എന്നവന്‍ പറയുമ്പോള്‍ ചിലര്‍ക്കു മറിച്ചൊരഭിപ്രായമുണ്ടായേക്കാം. നിരൂപണത്തിലുണ്ടാകേണ്ടത് നിരൂപകന്‍‌റ്റെ അഭിപ്രായങ്ങളാണ്. ഖണ്‌ഡിക്കേണ്ടവര്‍ക്ക് -എഴുത്തുകാരനായാലും വായനക്കാരനായാലും- കമന്‍‌റ്റിലൂടെ അതാകാം.

പിന്നെ കമന്‍‌റ്റിന്‍‌റ്റെ കാര്യങ്ങള്‍. എല്ലാവരുടെയും കാര്യമെനിക്കറിയില്ല-എല്ലാ നല്ല ബ്ലോഗുകളും കാണാന്‍ എനിക്ക് കഴിയാറില്ല. അപ്പോള്‍ വായനയുടെ കാര്യം പറയേണ്ടല്ലോ? അര്‍ഹമാണെന്ന് തോന്നുന്ന പോസ്റ്റുകള്‍ക്ക് കമന്‍‌റ്റ് ചെയ്യുക എന്നാണ് എന്‍‌റ്റെ രീതി - ബ്ലോഗ്ഗര്‍ പുതിയതായാലും ദീര്‍ഘാഭ്യാസമുള്ളവനാ(ളാ)യാലും!

ചേരി തിരിഞ്ഞൊരു കലഹം നമുക്കിടയില്‍ വേണ്ട എന്ന അഭിപ്രായകാരനാണ് ഞാന്‍.

ഒരു തിരുത്ത് - മനുവിന്‍‌റ്റെ ‘യക്ഷി’യുടെ നിരൂപണത്തില്‍, മരിക്കാന്‍ പോകുന്ന കാമുകന്‍ കാമപൂര്‍ത്തിയേകുന്നവളാണ് നായിക എന്നൊരു സൂചന കണ്ടു. അതങ്ങനെ ആണോ എന്ന് എനിക്കൊരു സംശയം തോന്നി. ഇക്കിളികൂട്ടുന്ന ചെറുവാല്യക്കാരന്‍ കാമുകനില്‍ നിന്ന് ,ബീഡിപ്പുകമണവും കറുത്ത രോമങ്ങളുമുള്ള പുരുഷക്കൂട്ടത്തിലൊരാളായ് ഉണ്ണി മാറി എന്ന സംശയം (അതോ തിരിച്ചറിവോ), “പ്രണയിനിയായ ഭവത്രേയി യക്ഷിയാകുമ്പോള്‍ അവളെന്തേ വിരക്തയായ പുരുഷവിദ്വേഷി ആകുന്നതിനുപകരം രതിതല്പരയായ കാമിനിയാകുന്നു“ എന്ന ചോദ്യം ആദ്യമേ മനസ്സിലുള്ള അവളെ ‘യക്ഷി‘യാക്കി രൂപാന്തരപ്പെടുത്തി എന്നാണ് എനിക്ക് തോന്നിയത്. ഉണ്ണിക്ക് പരിക്കേറ്റു എന്ന് മാത്രമേ കഥയില്‍ സൂചന കണ്ടുള്ളൂ. എന്‍‌റ്റെ വായനാപിശകോ എന്നറിയില്ല, ഈ വീക്ഷണമാണ് വായനയില്‍ നിന്നെനിക്ക് ലഭിച്ചത്.

ബ്ലോഗില്‍ മിക്കപ്പോഴും ദര്‍ശിക്കാറുള്ള ‘പക്ഷപാതം‘ (ഭാഷാ-സാഹിത്യ-വിഷയ ഗുണങ്ങള്‍ ഒന്നുമില്ലാത്ത ‘പരിചയക്കാരുടെ’ കൃതികള്‍ ബ്ലോഗോത്തരങ്ങളെന്ന് പറയുന്ന കീഴ്വഴക്കം) സുയോധനന്‍‌റ്റെ ദൃഷ്ടിയിലുണ്ടാവാവില്ല എന്ന പ്രത്യാശയോടെ,

സസ്നേഹം
ദൃശ്യന്‍

ശ്രീവല്ലഭന്‍. said...

ഞാനും ബ്ലോഗിങ്ങില്‍ ഹരി ശ്രീ കുറിച്ചത് ഇക്കഴിഞ്ഞ മാസമായിരുന്നു. ആദ്യം ഇട്ട പോസ്റ്റ് ഒരു മുന്‍കൂര്‍ ജാമ്യം ആയിരുന്നു -ഒരു തുടക്കകാരനനെന്നും മറ്റും....ആരും കാണുമെന്നു കരുതിയില്ലെന്കിലും കുറച്ചു പേര്‍ കമന്റ്സ് ഇട്ടത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി! പിന്നീട് വീണ്ടും എഴുതാന്‍് അത് പ്രചോദനമായി. പോസ്റ്റിലെ 'ചിന്ത ബ്ലോഗ് റോള്' ആദ്യമായി കാണുകയാണ്. വളരെ നന്ദി......