Thursday, October 4, 2007

ചിത്രകാരന്‍, മുടിയനായ പുത്രന്‍, വണ്‍ സ്വാലോ: ഒരേ ഭാവത്തിന്റെ പഠനം

ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതും അധികം ശ്രദ്ധിക്കാതെ പോയതും ആയ ഒരു കാര്യമാണ് വിനയത്തിന്റെ ആധിക്യവും അവ വരുത്തുന്ന വിനകളും. മലയാളികള്‍ സ്വതവേ സംസാരത്തിലും പ്രവര്‍ത്തിയിലും വളരെ വിനയം പുലര്‍ത്തുന്നു. ആത്മവിശ്വാസക്കുറവ് മലയാളികള്‍ എന്ന സാംസ്കാരിക വിഭാഗത്തിന്റെ ഒരു വലിയ പ്രശ്നമാണ്. അഹങ്കാരം ആകുമോ എന്ന ഭയമാണ് പലപ്പോഴും ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിനും ചങ്കൂറ്റത്തോടെ നില്‍ക്കുന്നതിനും മലയാളികള്‍ക്ക് തടസ്സം ആവുന്നത്. സാഹചര്യങ്ങള്‍ കൊണ്ടാവാം, ജോലി സ്ഥലങ്ങളില്‍ മിണ്ടാതെ, ഒതുങ്ങി ജോലിചെയ്തു പോവുന്നവരാണ് കൂടുതല്‍ മലയാളികളും. അഹങ്കാരം എന്നു തോന്നുന്നതിനെ എല്ലാം അടിച്ചമര്‍ത്തുന്ന ഒരു പ്രവണതയും മലയാളികള്‍ക്കുണ്ട്. ഫാരിസ് എന്ന ബിസിനസ്സുകാരന്‍ - അയാള്‍ നല്ലവനോ ചീത്തയോ എന്ന് മുഖ്യമന്ത്രി അച്യുതാനന്ദന്‍ വിധിച്ചതു പോവട്ടെ - കേരളത്തിന്റെ സാംസ്കാരിക നായകരില്‍ പ്രധാനിയായ സുകുമാര്‍ അഴിക്കോട് ഫാരിസിനെക്കുറിച്ച് പറഞ്ഞത് അയാള്‍ അഹങ്കാരിയാണ്, അതു ശരിയല്ല എന്നാണ്. അഹങ്കാരം എന്ന വികാരത്തെ മലയാളികള്‍ വെറുക്കുന്നു. ഇതുകൊണ്ടുതന്നെ കഴിവുള്ള പല മലയാളികളുടെയും സ്വപ്നങ്ങള്‍ പാതിവഴിയില്‍ കരിയുന്നു.

ആത്മവിശ്വാസക്കുറവിനെക്കാള്‍ അഹങ്കാരത്തെയാണ് എനിക്കിഷ്ടം. അഹങ്കാരം കൊണ്ട് മറ്റുള്ളവര്‍ക്ക് വലിയ ഉപദ്രവം ഉണ്ടാവുന്നില്ല - അല്പം കണ്ണുകടി ഒഴിച്ചാല്‍. ഐ.എ.എസ്. പരീക്ഷയെയും ഇന്റര്‍വ്യൂവിനെയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിച്ചയാളാണ് അല്ഫോണ്‍സ് കണ്ണന്താനം. ഐ.എ.എസ്. പരീക്ഷയുടെ ഫലം വന്നപ്പോള്‍ കണ്ണന്താനം പത്രത്തില്‍ തന്റെ നമ്പരുണ്ടോ എന്ന്‍ നോക്കാന്‍ മെനക്കെടാതെ മൂടിപ്പുതച്ചുകിടന്നുറങ്ങുകയായിരുന്നു. തന്റെ നമ്പര്‍ കാണും എന്ന്‍ കണ്ണന്താനത്തിന് അത്ര ഉറപ്പായിരുന്നു. (പുസ്തകം: ഇന്ത്യ, മാറ്റത്തിന്റെ മണിമുഴക്കം (അല്ഫോണ്‍സ് കണ്ണന്താനത്തിന്റെ ആത്മകഥ - വായനക്കാരനെ പ്രചോദിപ്പിക്കുന്ന ഒരു നല്ല പുസ്തകമാണ്); കറന്റ് ബുക്സ്). എന്നാല്‍ ആത്മവിശ്വാസക്കുറവുകൊണ്ട് ഒരു വ്യക്തി അധോന്മുഖനായിപ്പോവുന്നു. തന്റെ കഴിവില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടുന്നു. സൃഷ്ടികള്‍ വികലമാവുന്നു. സ്വല്പം അഹങ്കാരിയായാലും കുഴപ്പമില്ല. ആത്മവിശ്വാസം ഇല്ലാത്തവനാവരുത്.

ഒരു നല്ല കലാകാരനു ആത്മവിശ്വാസക്കുറവ് എങ്ങനെ തിരിച്ചടിയാവും എന്നതിനു ഉദാഹരണമാണ് ചിത്രകാരന്‍ എന്ന ബ്ലോഗര്‍. ചിത്രകാരന്റെ ബ്ലോഗ് പോസ്റ്റുകള്‍ പലപ്പോഴും ചിന്തിപ്പിക്കുന്നതാണ്, പിടിച്ചിരുത്തുന്നതാണ്. പല പോസ്റ്റുകളോടും ഞാന്‍ വ്യക്തിപരമായി അഭിപ്രായ ഐക്യം പുലര്‍ത്തുന്നില്ലെങ്കിലും അതില്‍ പരാതിയില്ല. രണ്ട് വ്യക്തികള്‍ തമ്മില്‍ ചിന്തകളില്‍‍ ഐക്യം വേണമെന്നില്ല. ചിത്രകാ‍രന്റെ പോസ്റ്റുകള്‍ ബ്ലോഗ് ലോകത്തെ, ഇന്റര്‍നെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനു ഒരു നല്ല ഉദാഹരണവും ആണ്. ഇന്റര്‍നെറ്റ് എന്ന മാദ്ധ്യമം സെന്‍സര്‍ഷിപ്പുകള്‍ തൂലോം കുറവായ, എന്തും വിളിച്ചുപറയാവുന്ന ഒന്നാണ്. എവിടെയാണ് ചിത്രകാരനു പിഴയ്ക്കുന്നത്?

വിമര്‍ശനാത്മകമായി ആരെങ്കിലും ഒരു കമന്റ് ഇട്ടാല്‍, ചിത്രകാരനെ ആക്രമിച്ചാല്‍, ചിത്രകാരന്‍ അതിശക്തമായി തിരിച്ചും ആക്രമിക്കും. ചിലപ്പോള്‍ വേണ്ടത്ര പ്രകോപനമില്ലാതെ (മുന്‍ അനുഭവങ്ങള്‍ കൊണ്ടാവാം) ചിത്രകാരന്‍ കമന്റുകളിലൂടെ പൊട്ടിത്തെറിക്കുന്നതു കാണാം. ചിത്രകാരനു തന്റെ കലയിലും നിലപാടുകളിലും ഉള്ള ആത്മവിശ്വാസക്കുറവായേ എനിക്ക് ഇതിനെ കാണാന്‍ കഴിയുന്നുള്ളൂ. ചിത്രകാരന്‍, താങ്കള്‍ നല്ല കലാകാരനാണ്. താങ്കളുടെ ചിന്തകള്‍ വേറിട്ടുനില്‍ക്കുന്നവയാണ്. താങ്കളുടെ കഴിവിലും വ്യക്തിത്വത്തിലും ചിന്തകളിലും അഭിപ്രായങ്ങളിലും താങ്കള്‍ക്ക് ഉറച്ചവിശ്വാസം വേണം. അത് അല്പം അഹങ്കാരം ആയാലും കുഴപ്പമില്ല. ആ ആത്മവിശ്വാ‍സം ഉണ്ടെങ്കില്‍ താങ്കള്‍ക്ക് എഴുതുന്നതിനെ അളവിലധികം പ്രതിരോധിക്കേണ്ടി വരില്ല. ആത്മവിശ്വാസം ഉണ്ടെങ്കില്‍ അഥവാ ആരെങ്കിലും താങ്കളെ ചീത്തവിളിച്ചാലും താങ്കള്‍ക്ക് ചിരിച്ചുകൊണ്ടു നില്‍ക്കാന്‍ കഴിയും. താങ്കളുടെ കഴിവില്‍ വിശ്വാസം ഉണ്ടെങ്കില്‍ താങ്കള്‍ ഒരിക്കലും ചീത്തവിളിക്കുന്നവരുടെ നിലവാരത്തിലേയ്ക്ക് ഇറങ്ങില്ല. ചിത്രകാരനെ ചീത്തവിളിക്കുന്നവര്‍ നല്ലതോ ചീത്തയോ വിഢികളോ ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല - അഭിപ്രായം ചിത്രകാരനെക്കുറിച്ചാണ്.

ചിത്രകാരനില്‍ നിന്നും ബ്ലോഗ് ലോകം പല സൃഷ്ടികളും ചിന്തകളും ഇനിയും പ്രതീക്ഷിക്കുന്നു. എങ്കിലും ഈ ആത്മവിശ്വാസം കമന്റുകളില്‍ പ്രതിഫലിക്കും എന്ന് വിശ്വസിക്കുന്നു. ചിത്രകാരന് അഭിവാദ്യങ്ങള്‍.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആയ ആര്‍.കെ. ലക്ഷ്മണോട് അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റായ റാനന്‍ ലൂറി ചോദിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റ് ആ‍രാണ്? ഒരു നിമിഷം പോലും ആലോചിക്കാതെ ആര്‍.കെ. ലക്ഷ്മണിന്റെ മറുപടി. “ഞാനാണ്”. തെല്ലൊന്നമ്പരന്ന റാനന്‍ ലൂറി ചോദിച്ചു. “ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും കാര്‍ട്ടൂണിസ്റ്റ് ആരാ‍ണ്?” ആര്‍.കെ. ലക്ഷ്മണിന്റെ മറുപടി: “ഞാനാണ്”. ഇതാണ് ഒരു കലാകാരനു തന്റെ കഴിവില്‍ ഉള്ള വിശ്വാസം. ഇതിനെ അഹങ്കാരം എന്നോ ആത്മവിശ്വാസം എന്നോ എന്തുവേണമെങ്കിലും വിളിക്കാം.

ഈ ആത്മവിശ്വാസത്തിനു ഉദാഹരണമായി ഞാന്‍ കണ്ടിട്ടുള്ള രണ്ടു ബ്ലോഗ് വ്യക്തിത്വങ്ങളാണ് മുടിയനായ പുത്രന്‍‍, വണ്‍ സ്വാലോ എന്നിവര്‍.

മുടിയനായ പുത്രന്‍ - എഴുതുന്ന വിഷയങ്ങളില്‍ ആഴമുണ്ട് മുടിയനായ പുത്രന്. ദൈവശാസ്ത്രത്തില്‍ മുടിയനായ പുത്രന്‍ എഴുതിയ മരിക്കുന്ന ദൈവങ്ങള്‍, ഭരിക്കുന്ന അര്‍ദ്ധദൈവങ്ങള്‍ എന്ന പരമ്പര മികച്ച നിലവാരം പുലര്‍ത്തുന്നു. വളരെ നാളത്തെ സാധനയുടെയും ഗഹനമായ വായനയുടെയും ഫലം മുടിയനായ പുത്രന്റെ പോസ്റ്റുകളില്‍ കാണാന്‍ കഴിയും. തനിക്ക് എതിരായ, അല്ലെങ്കില്‍ തന്റെ അഭിപ്രായങ്ങള്‍ക്ക് എതിരായ, അഭിപ്രായങ്ങള്‍ പോലും ചിരിച്ചുകൊണ്ട് എടുക്കുവാന്‍ മുടിയനായ പുത്രനു കഴിയുന്നു. കമന്റുകള്‍ക്ക് ശാന്തനായി മറുപടി കൊടുക്കുവാന്‍ മുടിയനായ പുത്രനു കഴിയുന്നു. എഴുതുന്ന കാര്യങ്ങളില്‍, സ്വന്തം അറിവില്‍, ഉള്ള ആത്മവിശ്വാസം ആണ് ഇതിനു സഹായിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ വിവാദച്ഛവികൊണ്ട് കാടുകയറിയ കമന്റുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. മുടിയനായ പുത്രന്റെ കഥകളും മികച്ചതാണ് - വായനയുടെയും ചിന്തയുടെയും പരപ്പ് കാണാന്‍ കഴിയുന്ന കഥകള്‍. എന്നാല്‍ കഥകളെക്കാള്‍ ദൈവശാസ്ത്ര ലേഖനങ്ങള്‍ക്കാണ് മുടിയനായ പുത്രന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. മുടിയനായ പുത്രനില്‍ നിന്നും ഇനിയും നല്ല ലേഖനങ്ങളും കഥകളും പ്രതീക്ഷിക്കുന്നു.

വണ്‍ സ്വാലോ - വൈവിധ്യമാര്‍ന്ന, മനോഹരമായ ചിന്തകളാണ് ഈ കുരുവി ബ്ലോഗ് ലോകത്തിനു നല്‍കുന്നത്. ദിവസവും ഒന്നോ രണ്ടോ ചിന്തകള്‍ എന്ന കണക്കിനു നല്ല ചിന്തകള്‍ ബ്ലോഗിലേയ്ക്ക് പ്രവഹിക്കുന്നുണ്ട്. മിക്കവാറും എല്ലാ സൃഷ്ടികളും മികച്ച നിലവാരം പുലര്‍ത്തുന്നു. വണ്‍ സ്വാലോയുടെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പോസ്റ്റ് ആയിരുന്നു ശ്രീശാന്തിന്റെ അമ്മ പൂജിക്കട്ടെ എന്ന പോസ്റ്റ്. ശ്രീശാന്തിന്റെ അമ്മ മീഡിയ സാവി ആണെന്ന ഒരു കമന്റിനു റിപ്ലൈ ആയി വണ്‍ സ്വാലോ പറഞ്ഞത് വളരെ പ്രസക്തമാണ്.

“അവര് മീഡിയാ സാവിത്രി ആയിക്കോട്ടെ. ആവണം. let her tell the mallus how she brought up such a smart son.“

പണ്ട് ആസ്ത്രേലിയക്കാരുടെ ചീത്തവിളികേട്ട് ടെന്‍ഷന്‍ അടിച്ച് ഔട്ടായി പോവുന്ന ദ്രാവിഡിനെയും അസറുദ്ദീനെയും മിയാന്‍‌ദാദ് കങ്കാരുവിനെപ്പോലെ ക്രീസില്‍ കിടന്ന് ചാടിത്തകര്‍ത്തപ്പോള്‍ ഇതികര്‍ത്തവ്യതാമൂഢരായി നിന്ന കിരണ്‍ മോറെയെയും ഇന്ത്യന്‍ ടീമിനെയും ഒക്കെ ഇതുകണ്ടപ്പോള്‍ ഓര്‍ത്തുപോയി. വണ്‍ സ്വാലോയ്ക്ക് അഭിവാദ്യങ്ങള്‍.എഴുതിത്തകര്‍ക്കുക.

സാഹിത്യത്തിലേയ്ക്ക്: ഒരു എഴുത്തുകാരനു ഏറ്റവും ആവശ്യമായ ഒരു ഗുണം സ്വന്തം സൃഷ്ടികളിലുള്ള വിശ്വാസമാണ്. സാഹിത്യകാരന്റെ സൃഷ്ടികളെ വിമര്‍ശിക്കാന്‍ പലരും ഉണ്ടാവും. വിമര്‍ശനം ക്രിയാത്മകമോ നിഷേധാത്മകമോ ആ‍വാം. വിമര്‍ശനം എളുപ്പമാണ്. മരത്തില്‍ കെട്ടിയിട്ടിരിക്കുന്ന കള്ളനെ ആര്‍ക്കും വന്ന് രണ്ട് ഇടി ഇടിച്ചിട്ടുപോവാന്‍ കഴിയും. സാഹിത്യകൃതികള്‍ വിമര്‍ശകരെ സാധാരണയായി തിരിച്ചുകടിക്കാറില്ല. *തന്റെ കൃതികളിലൂടെ വിമര്‍ശകര്‍ക്കു മറുപടികൊടുത്ത ഇബ്സന്‍ ഇതിനു അപവാ‍ദമാണ്).

എന്നാല്‍ വിമര്‍ശനത്തില്‍ നിന്നും നല്ലത് ഉള്‍ക്കൊള്ളാനും ചീത്ത എന്നുതോന്നുന്നത് ചിരിച്ചുകൊണ്ട് തള്ളാനും ആത്മവിശ്വാസം വേണം. സ്വന്തം സൃഷ്ടിയില്‍ വിശ്വാ‍സം വേണം. സ്വന്തം സൃഷ്ടി അദ്ധ്വാനത്തിന്റെ ഫലമാണ്, മഹത്തരമാണ് എന്ന്‍ സ്വയം വിശ്വസിക്കണം. ആത്മവിശ്വാസമില്ലെങ്കില്‍ സാഹിത്യകാരനു പിടിച്ചുനില്‍ക്കാനാവില്ല. വിമര്‍ശകര്‍ പറയുന്നതുകേട്ട് സൃഷ്ടികളെ മൊത്തമായി തിരുത്താന്‍ പോവുമ്പോള്‍ അതും അബദ്ധമാവും. വിമര്‍ശനം കൊണ്ട് ഒരു സാഹിത്യകാരന്‍ ഒരിക്കലും തളരരുത്. വളരുകയേ ആകാവൂ.

മലയാളത്തിലെ പ്രശസ്ത വിമര്‍ശകനായ സഞ്ജയന്റെ വിമര്‍ശനശരങ്ങളേറ്റ് വള്ളത്തോള്‍ തന്റെ “മഗ്ദലനമറിയം” എന്ന കവിത തിരുത്തി എഴുതി. തിരുത്തി എഴുതിയത് ആദ്യത്തേതിലും വളരെ മോശമായി, കൂടുതല്‍ പേര്‍ പുതിയ കാവ്യത്തെ വിമര്‍ശിച്ചു.

(ജാമ്യം: സാഹിത്യ വിമര്‍ശനത്തെക്കാള്‍ ആത്മവിശ്വാസം, ആത്മവിശ്വാസക്കുറവ്, കലാസൃഷ്ടികളില്‍ ഈ രണ്ടു ഭാവങ്ങളുടെ സ്വാധീനം എന്ന വിഷയത്തില്‍ ആണ് ഈ പോസ്റ്റ്. മുടിയനായ പുത്രന്റെ രചനകളെ അപഗ്രഥിക്കുവാനോ വണ്‍ സ്വാലോയുടെ മറ്റു രചനകളെ അപഗ്രഥിക്കുവാനോ ഞാന്‍ ഈ പോസ്റ്റില്‍ ശ്രമിക്കുന്നില്ല. എങ്കിലും മലയാളം ബ്ലോഗുകളിലെ ഏറ്റവും നല്ല വിമര്‍ശകന്‍ ഞാനാണ്.)

35 comments:

Manu said...

ചിത്രകാരന്റെ ചിത്രകലയിലുള്ള പ്രതിഭയെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ബ്ലോഗ് ചിത്രകലയ്ക്കുള്ളതല്ല. ചിത്തഭ്രമത്തിന്റെ സൂചനകള്‍ ആണ് നല്‍കുന്നത്. അന്ധമായ സവര്‍ണവൈരം, ഏതൊക്കെയോ രാഷ്ട്രീയപാര്‍ട്ടികളോടും നേതാക്കാന്മാരോടുമുള്ള വിരോധം, ബ്ലോഗിലെ ചിലപോക്കറ്റുകളോടുള്ള അടങ്ങാത്ത പക, ചെങ്കല്‍ചൂളയില്‍ മാത്രം ഞാന്‍ കേട്ടിട്ടുള്ള പുളിപ്പില്ലാത്ത തെറി... ഇതൊക്കെ ആകുമ്പോള്‍ ഏതുപ്രതിഭയോടും നമുക്ക് അകല്‍ച്ച തോന്നും. അഞ്ചല്‍ക്കാരന്റെ ഈ ആഴ്ചയിലെ ബ്ലോഗ് വിശകലനത്തില്‍ ഇതുണ്ട്.

തെറിവിളിക്കുന്നതില്‍ കലയുണ്ടെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. പുഴയിലെ പി.ശശിധരനും (ഇടയ്ക്ക് അണ്ണന്‍ ഇച്ചെരെ ഓവറാവും, ഷെമി) ഒരു പരിധിവരെ ‘ഒറ്റക്കുരുവിയും’ ഒക്കെ അശ്ലീലം എന്ന് പലരും വിധിക്കുന്നതിനെ ക്രിയാത്മകമായി വിമര്‍ശനത്തിലും രചനയിലും ഉപയോഗിക്കുന്നവരാണ്. (രണ്ടും ഒരാളാണോ ..ഈശ്വരാ‍ാ‍ാ‍ാ)വിഷ്ണുമാഷിന്റെ ചില കവിതകളിലും അങ്ങനെയൊരുനീക്കം ഉണ്ട്. തെറി അല്ലെങ്കിലും.

പക്ഷേ ചിത്രകാരന്റെ പ്രകടനങ്ങളില്‍ കാണുന്നത് അത്തരം ക്രിയാത്മകതയല്ല. വിഷം പുരണ്ട അപകര്‍ഷതാബോധം ആണ്. അതിനെ ആത്മവിശ്വാസക്കുറവ് എന്ന് മാമോദീസാമുക്കിയത് ദുര്യോധനന്റെ സന്മനസ്സ്

Duryodhanan said...

അപകര്‍ഷതാബോധവും ആത്മവിശ്വാസക്കുറവും ഒരേ കാര്യം തന്നെ അല്ലേ? പണ്ട് കേട്ട ഒരു കഥ ഓര്‍മ്മവരുന്നു.

നന്നായി വസ്ത്രം ധരിച്ച ഒരാള്‍ ഒരു ബാറിലിരുന്ന പണക്കാരി എന്ന് തോന്നിച്ച ഒരു കുലീനയായ കുടുംബിനിയുടെ അടുത്തുചെന്നിരുന്നു. “ഞാന്‍ നിങ്ങള്‍ക്ക് പത്തുലക്ഷം ഡോളര്‍ തരാം, ഇന്ന് രാത്രി എന്നോടുകൂടി കിടക്കാമോ? എനിക്ക് നിങ്ങളെ അത്രയ്ക്കും ഇഷ്ടപ്പെട്ടു“ എന്ന് പറഞ്ഞു.

അവര്‍ അല്‍പ്പനേരം ആലോചിച്ചു. പത്തുലക്ഷം ഡോളര്‍ വലിയ ഒരു സംഖ്യയാണ്. ഊരു പുതിയവീടും കാറും ഒക്കെ അതുകൊണ്ട് വാങ്ങാം. അവര്‍ സമ്മതിച്ചു.

അയാള്‍ ഉടനെ തിരിച്ചുചോദിച്ചു. പത്തുലക്ഷം പ്രയാസമാണ്, ഇരുപത് ഡോളര്‍ ആയാലോ?

“നിങ്ങള്‍ എന്നെ എന്തുവിചാരിച്ചു? ഞാന്‍ ഒരു വേശ്യ എന്ന് വിചാരിച്ചോ“ എന്ന് അവര്‍ പൊട്ടിത്തെറിച്ചു.

അയാള്‍ തിരിച്ചുപറഞ്ഞു: “ശാന്തയാവൂ. നമ്മള്‍ ഡീല്‍ ഉറപ്പിച്ചുകഴിഞ്ഞു, പ്രതിഫലത്തുകയുടെ കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ“.

ഇതു തന്നെ - മൂലകാരണം ആത്മവിശ്വാസക്കുറവ് / അപകര്‍ഷതാബോധം ആണെന്നു ഞാന്‍ കരുതുന്നു. അതിന്റെ അളവ് എത്രയുണ്ടെന്ന് ഞാന്‍ തിട്ടപ്പെടുത്താന്‍ തുനിയുന്നില്ല. ഇത്തരം ഒരു ആത്മവിശ്വാസക്കുറവിന്റെ കാര്യമില്ല. പ്രത്യേകിച്ചും ചിത്രകാരന്‍ വരച്ച പല ചിത്രങ്ങളും കാണുമ്പോള്‍. ചിത്രകാരന്റെ അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു.

വെള്ളെഴുത്ത് said...

തമാശയും നുണയും തമ്മിലുള്ള അതിര്‍ത്തിരേഖ വേര്‍തിരിക്കാന്‍ കഴിയാത്തതു പോലെ ആത്മവിശ്വാസവും അഹങ്കാരവും എവിടെ ചേരുന്നു എവിടെ പിരിയുന്നു എന്നറിയാന്‍ കണ്ണിനുള്ളില്‍ (അതോ ശിരസ്സിനുള്ളിലോ?)അതി നൂതന മൈക്രോസ്കോപ്പ് വേണം. എന്നാലും ഇവിടെ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാണെന്നു തോന്നുന്നു. ഉദാഹരണങ്ങള്‍ പറയാനുള്ള കഴിവ് പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. തെറി ആവിഷ്കാരത്തിന്റെ മറ്റൊരു വഴിയാണ്. അതത്ര സാധാരണമല്ലാത്തതിനാല്‍ നമ്മളതിനെ തറയിലിരുത്തുന്നതല്ലേ, അപകര്‍ഷം ആതമവിശ്വാസക്കുറവ് എന്നൊക്കെ പേരിട്ട്?
മഗ്ദലനമറിയം വള്ളത്തോളിന്റെയല്ലേ? ഉള്ളൂരും അതെഴുതിയിട്ടുണ്ടോ? സംശയം ഒന്ന് മാറ്റി തരിക.

Duryodhanan said...

വെള്ളെഴുത്ത്: മഗ്ദലേന മറിയം വള്ളത്തോളിന്റേത് ആണ്. മറ്റെവിടെയോ വായിച്ച കാര്യം ഇങ്ങോട്ടും പകര്‍ത്തി എന്നേ ഉള്ളൂ. എവിടെ ആണ് വായിച്ചതെന്ന്‍ ഓര്‍മ്മകിട്ടുന്നില്ല. തിരുത്തുന്നു. തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.

ചിത്രകാരന്‍chithrakaran said...

പ്രിയ ദുര്യോധനാ,
പ്രിയ മനു,

നിങ്ങളുടെ ആര്‍ജ്ജവമുള്ള അഭിപ്രായങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും തുറന്നെഴുതുന്നതിനെ ചിത്രകാരന്‍ ബഹുമാനിക്കുന്നു.
സാര്‍വ്വലൌകീക സ്നേഹമല്ലാതുള്ള സ്വാര്‍ത്ഥസൌഹൃദങ്ങളെല്ലാം രാഷ്ട്രീയബോധമുള്ള ഒരു കലാകാരന് ബാധ്യതയാണെന്നു കരുതുന്നവനാണ് ഈ ചിത്രകാരന്‍. അതുകോണ്ട് ക്ലിക്കും,കോക്കസ്സുമൊന്നുമില്ലാതെ ആരേയും കൂസാതെ നടക്കുന്നു.
പിന്നെ അത്യാവശ്യം ഏറുപടക്കങ്ങള്‍ കയ്യിലില്ലാതെ പാരംബര്യവാദികളും,കപടമര്യാദക്കാരുമായ ,ദാസന്മാരുമായ ബൂലോകവാസികള്‍ക്കിടയിലൂടെ നടക്കാനാകില്ല.
സര്‍വ്വോപരി , ചിത്രകാരനു ഭ്രാന്തുണ്ടെന്നതു സത്യമാണ്.
കല ഒരു ഭ്രാന്തുതന്നെയാണ്.
ബോധപൂര്‍വ്വമുള്ള ഭ്രാന്ത്.

നിങ്ങള്‍ ഇവിടെ വരച്ചുവെച്ചിരിക്കുന്ന ചിത്രകാരന്റെ ചിത്രം നിങ്ങളുടെ വ്യത്യസ്ത് വീക്ഷണകോണായി ചിത്രകാരന്‍ അംഗീകരിക്കുന്നു. ആ ചിത്രത്തിന്റെ കുറ്റമോ,കുറവോ തിരുത്താനോ മാറ്റിവരക്കാനോ ചിത്രകാരനു ബാധ്യതയില്ല.
അഭിപ്രായങ്ങളുടെ വൈവിധ്യമാണ് ബൂലോകത്തിന്റെ സൌന്ദര്യം !
:)

തറവാടി said...

"മലയാളികള്‍ സ്വതവേ സംസാരത്തിലും പ്രവര്‍ത്തിയിലും വളരെ വിനയം പുലര്‍ത്തുന്നു"

എനിക്കീ വാക്കുകളെ അംഗീകരിക്കനാവുന്നില്ല , യഥാര്‍ത്ഥത്തില്‍ ഏറ്റവും കൂടുതല്‍ വിധേയത്വം കാണിക്കുന്ന ഒരു വര്‍ഗ്ഗമാണ്‌ മലയാളികള്‍.എന്നാല്‍ ഇതിനെ അതല്ലെന്നു കാണിക്കാന്‍ വേണ്ടി അവര്‍ ശ്രമിക്കുന്നതിന്‍റ്റെ ഭാഗമാണ്‌ അവരെ വിനയാന്വിതരയി തെറ്റിദ്ധരിക്കപ്പെടുന്നതെന്നണെന്‍‌റ്റെ മതം.

അവന്‍‌റ്റെ ഈ വിധേയത്ത്വം മറ്റൊരു മലയാളിയുടെ മുന്നിലെടുക്കേണ്ടിവരുമ്പോള്‍ അവന്‍‌ ഏറ്റവും വേദനിക്കുന്നു , ഈ വേദന അവന്‍‌റ്റെയുള്ളീല്‍ നിന്നും പുറത്തുവരുന്നത് ഏറ്റവും അഥമമായ രീതിയിലാകുകയും‌ ചെയ്യുന്നു അതുകൊണ്ടാണ്‌ മലയാളികള്‍ തമ്മില്‍ ഏറ്റവും കൂടുതല്‍ 'ഈഗോ' ക്ലാഷുകളുണ്ടാകുന്നതും.

തറവാടി said...

"എങ്കിലും മലയാളം ബ്ലോഗുകളിലെ ഏറ്റവും നല്ല വിമര്‍ശകന്‍ ഞാനാണ്"

അയ്യോ , ഇതു കണ്ടില്ല ,

താങ്കളുടെ വിശ്വസം താങ്കളെ രക്ഷിക്കട്ടെ!

Duryodhanan said...

പ്രിയപ്പെട്ട ചിത്രകാരാ,

ആരെയെങ്കിലും നന്നാക്കുക, ചീത്തയാക്കുക എന്നത് ഒരു വിമര്‍ശകന്റെ ചുമതല അല്ല. പാകപ്പിഴകള്‍ കാണുമ്പോള്‍ തുറന്നുപറയുക എന്നതാണ് ഒരു വിമര്‍ശകന്റെ ധര്‍മ്മം.

അക്ഷരത്തെറ്റുകളും ശ്രദ്ധിക്കുവാന്‍ താല്പര്യം. ഈയുള്ളവനും അക്ഷരത്തെറ്റ് വരുത്തുന്നുണ്ട്. എങ്കിലും ഒരു ചിത്രം വരയ്ക്കാന്‍ എടുക്കുന്ന അര്‍പ്പണബോധം ബ്ലോഗില്‍ ഇടുന്ന പോസ്റ്റുകളിലും വരട്ടെ.

ബ്ലോഗില്‍ ഉള്ളവര്‍ അഭ്യസ്ഥ / മദ്ധ്യവര്‍ഗ്ഗ മലയാളി സമൂഹത്തിന്റെ ഒരു ഛേദമാണ്. അതുകൊണ്ട് ബ്ലോഗ് ഒന്ന്, സമൂഹം മറ്റൊന്ന് എന്നു കരുതരുത്. ബ്ലോഗിന്റെ മനസാക്ഷി നമ്മുടെ സമൂഹത്തിന്റെ മനസാക്ഷിയും ആവുമല്ലോ. ( ഒരു തിരഞ്ഞെടുപ്പിനു മുന്‍പുള്ള അഭിപ്രായ വോട്ടെടുപ്പുകള്‍ - എക്സിറ്റ് പോള്‍ - ശ്രദ്ധിക്കുക. ഏതെങ്കിലും മൂന്നു നഗരങ്ങളിലെ നൂറോ ഇരുന്നോറോ പേരെ അഭിമുഖം ചെയ്തായിരിക്കും ഒരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പുഫലങ്ങള്‍ പ്രവചിക്കുക. ഏറെക്കുറെ ഇതു ശരിയാവാറും ഉണ്ട്).

ഈ വിമര്‍ശനം ചിത്രകാരനും മറ്റ് കലാകാരന്മാര്‍ക്കും ഗുണകരം ആവും എന്ന് പ്രതീക്ഷിക്കുന്നു.

Duryodhanan said...

തറവാടി: സംശയമെന്താ? ഞാന്‍ രാജാവല്ലേ. ഗദായുദ്ധത്തിലും വിമര്‍ശനത്തിലും എന്നെക്കഴിഞ്ഞേയുള്ളൂ മറ്റെല്ലാവരും.

തേനക്ത്യേന ഭുജിംഥാ. കേട്ടിട്ടില്ലേ?

സ്നേഹത്തോടെ,
ദു.ധ്രി.

കുതിരവട്ടന്‍ :: kuthiravattan said...

കൊള്ളാം ദുര്യോധനാ, പോസ്റ്റ് വായിച്ചപ്പോള്‍ തന്നെ പട്ടുനൂലിനെയും വാഴനാരിനെയും ഏച്ചുകെട്ടുന്നതിന്റെ മനോഹാരിത അനുഭവപ്പെടുന്നു. ബ്ലോഗിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന പോസ്റ്റ്. നന്നായിരിക്കുന്നു. തുടരുക ഈ ശ്രമം.

വേണു venu said...

ജാമ്യം: സാഹിത്യ വിമര്‍ശനത്തെക്കാള്‍ ആത്മവിശ്വാസം, ആത്മവിശ്വാസക്കുറവ്, കലാസൃഷ്ടികളില്‍ ഈ രണ്ടു ഭാവങ്ങളുടെ സ്വാധീനം എന്ന വിഷയത്തില്‍ ആണ് ഈ പോസ്റ്റ്.
ഇനി എന്‍റെ അഭിപ്രായം എഴുതാം, ആത്മവിശ്വാസത്തോടെ.
ആരേയും സപ്പോര്ട്ടു ചെയ്യാന്‍‍ വേണ്ടിയല്ല എന്‍റെ ഈ കമന്‍റു്.
മനു എഴുതിയ, അതെയ് , ആ അന്ധമായ സവര്‍ണവൈരം അദ്ദേഹത്തെ പല സങ്കല്പങ്ങളിലേയ്ക്കും
അവിടെനിന്നും....തെറ്റിധാരണകളിലേയ്ക്കും( ശരിയായ ധാരണയാകാം) നയിച്ചു.
ഞാനാ പോയിന്‍റിലേയ്ക്കു വരുന്നില്ല. അവിടെ ഞാനൊരു കമന്‍റിട്ടതു് , കാക്ക തൂറിയതു പോലെ ആയതും ഓര്‍ക്കാതിരിക്കുന്നില്ല.
ഇവിടെ ദുര്യോധനന്‍‍ പറഞ്ഞ ആത്മ വിശ്വാസവും അഹങ്കാരവും എന്ന നിര്‍വ്വചനം വായിച്ചിട്ടു് ചിത്രകാരന്‍ തനിക്കെതിരേ വരുന്ന കമന്‍റുകളെ കത്തിക്കുന്നു. ചിരിച്ചോണ്ടു നില്‍ക്കണം എന്നൊക്കെ എഴുതിയതില്‍‍ ഒരു വിരോധാഭാസം കാണുന്നു.
ആത്മവിശ്വാസത്തിന്‍റെ അഹങ്കാരമായ കത്തിപ്പായതിനെ വിവക്ഷിക്കരുതോ.?
അപ്പോള്‍‍ അതല്ല ആത്മവിശ്വാസം.
മലയാളി മണ്ടനായതു കൊണ്ടല്ല, പലപ്പോഴും മൌനിയാവുന്നു എന്നു തോന്നുന്നതു്.
ആത്മവിശ്വാസത്തിന്‍റെ അതിപ്രസരത്തില്‍ അവന്‍‍ മറ്റുള്ളവനെ മണ്ടനാക്കുകയാണു്.
കലാസൃഷ്ടികളിലും ഇതു കണ്ടെത്താതെ നിരീക്ഷണം പൂര്‍ണമാവില്ലെന്നു തോന്നുന്നു.
തുടരുക.
ആശംസകള്‍‍.:)

Manu said...

സുയോധനാ.. മന്ത്രങ്ങള്‍ തെറ്റായി ഉച്ചരിക്കരുതുണ്ണീ...ഫലസിദ്ധിയുണ്ടാവില്ല :)

തേനത്യക്തേന ഭൂംജിഥാഃ.. എന്നാണ്
http://www.sacramentoindia.com/docs/prayers.pdf ഈ ഓലയില്‍ ഈശാവാസമിദം സര്‍വം എന്ന മന്ത്രം നോക്കൂ...

October 4, 2007 11:50 AM

Duryodhanan said...

വേണു, ഞാന്‍ വിയോജിക്കുന്നു. സൂക്ഷിച്ചുനോക്കൂ, അത് ആത്മവിശ്വാസത്തിന്റെ അതിപ്രസരമാണോ അതോ ബലക്ഷയമാണോ എന്ന്.

മനു: ഓ.ടോ. ദുര്യോധനന്‍ ചുമ്മാ ഒരു ബലത്തിനു തട്ടിയതല്ലേ :-) എച്ചില്‍ ഭക്ഷിക്കരുത് എന്നോ മറ്റോ അല്ലേ അതിന്റെ അര്‍ത്ഥം?

കുതിരവട്ടന്‍ :: kuthiravattan said...

"തേനക്ത്യേന ഭുജിംഥാ"
എന്നു പറഞ്ഞാല്‍ എന്താ ദു.ധ്രി? ഞാന്‍ തൃശ്ശൂക്കാരനാണേ. തെക്കുള്ള വല്ല പ്രയോഗമായിരിക്കും അല്ലേ. അല്ലെങ്കിലും ഈ മലയാളത്തിന്റെ ഒരു കാര്യം. തെക്ക് ഒരു ഭാഷ, നടുക്ക് വേറൊന്ന്, പിന്നെ വടക്ക് വേറൊരെണ്ണം. ഇതെല്ലാം കൂട്ടിക്കുഴച്ചുള്ള പ്രയോഗങ്ങള്‍ വേറെയും.

എന്റമ്മോ എന്തൊരു ജാഡ, സംസ്‌കൃതം അരച്ചു കലക്കിക്കുടിച്ചേക്കുകയാണല്ലേ...

എന്നു കേട്ടിട്ടുണ്ടാവും അല്ലേ?

Duryodhanan said...

ഓ.ടോ:
ഈ പ്രജകളുടെ ഒരു കാര്യം!. ഞാന്‍ ഹസ്തിനപുരിയിലെ അര്‍ത്ഥം പറഞ്ഞുതരാം. കേരളത്തില്‍ എന്താണ് അര്‍ത്ഥം എന്ന് ദുര്യോധനനു അറിയില്ല. (ബൈ ദ് ബൈ, വേര്‍ ഇസ് ത്രിശ്ശൂര്‍? ഇസ് ഇറ്റ് നിയര്‍ ദ് ഫേമസ് കൊല്ലം ഠൌണ്‍?)

Om Isavasyamidam sarvam yatkiñca jagatyam jagat
tena tyaktena bhuñjitha ma grdhah kasyasvid dhanam 1

idam sarvam = all this (entire universe); Isavasyam = Isasya avasyam = Isasya avasayogyam = pervaded by Isa, the Lord Hari; yat kiñcha = also whatsoever, and whatever there may be; jagatyam = in the primordial nature; jagat = the world;

tena = by Him ; tyaktena = wealth granted, allotted, given; bhuñjitha = do experience, enjoy; ma grdhah = do not crave for, do not seek; kasyasvid = any one else's; dhanam = wealth. \

This entire universe is pervaded by the Lord, for the reason that it is dependent upon primordial nature, which in its turn is also pervaded by Him. He alone is thus independent. For this reason, enjoy whatever is given to you by Him, and do not seek wealth from any other source

Duryodhanan said...

വേണു, കുതിരവട്ടാ, സീരിയസ് ആയി: ആരെയെങ്കിലും നന്നാക്കുക എന്നത് ഈ ബ്ലോഗിന്റെ ഉദ്ദ്യേശം അല്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നിടത്ത് ഒരു വിമര്‍ശകന്റെ കടമ തീരുന്നു. വിമര്‍ശനത്തില്‍ കഴിവതും പ്രാധാന്യമുള്ള കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ ഉദ്യമം പൂര്‍ണ്ണം ഒട്ടല്ലതാനും.

ഇതില്‍ നിന്നും ചിത്രകാരനും, മറ്റുവായനക്കാര്‍ക്കും ഗുണകരമായി എന്തെങ്കിലും കിട്ടിക്കാണണം എന്നുതന്നെയാണ് എന്റെ വിശ്വാസം. കൂടുതലായും എഴുത്തുകാരെ ഉദ്യേശിച്ചാണ്, അവരെ പ്രോത്സാഹിപ്പിക്കാനും എഴുത്തിന്റെ നിലവാരം ഉയര്‍ത്താനും ഉദ്ദ്യേശിച്ചാണ് ഈ ബ്ലോഗ്. എങ്കിലും ഒരു കലാകാരന്‍ എന്ന നിലയില്‍ ചിത്രകാരനെയും പരാമര്‍ശിച്ചു എന്നേ ഉള്ളൂ.

(ഇതുകൊണ്ട് താന്‍‍ വലിയ എഴുത്തുകാരനാണോ എന്ന് ചോദിച്ചാല്‍ കുടുങ്ങും. കൃഷ്ണന്‍ നായര്‍ ഇതിനു മറുപടിപറഞ്ഞിട്ടുണ്ട്. ടോള്‍സ്റ്റോയിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നയാള്‍ ടോള്‍സ്റ്റോയെക്കാളും വലിയ എഴുത്തുകാരന്‍ ആവണം എന്നില്ല എന്ന്).

കുതിരവട്ടാ: പട്ടുനൂലിനോട് വാഴനാര് ഏച്ചുകെട്ടരുത് എന്നാണ് ഭാസനു കിട്ടിയ അശരീരി. (ഐതീഹ്യമാല, കൊട്ടാരത്തില്‍ ശങ്കുണ്ണി). ഇത് ഞാന്‍ ഇതിനു മുന്‍പത്തെ പോസ്റ്റിന്റെ കമന്റായി പറഞ്ഞിട്ടുണ്ട്. നെല്ലും പതിരും വേര്‍തിരിക്കുക എന്നേ ഉദ്യേശിക്കുന്നുള്ളൂ.

Manu said...

ഈ ചെക്കനെകൊണ്ട് ഞാന്‍ തോറ്റു. പുരാണോ തൊറന്നുപിടിച്ച് ഇവന്റെ പുറകെ നടക്കണമല്ലോ ഈശ്വരാ.. ഏച്ചുകെട്ടരുത് എന്ന് അരുളപ്പാട് കിട്ടുന്നത് ഭാസനല്ല.. കാളിദാസന്...

പ്രഭാകരന്‍ ഉണ്ടല്ലോ... ഗുരുവിനോട് ഏതാണ്ട് ചെയ്യാന്‍പോയിട്ട് പശ്ചാത്താപം കൊണ്ട് ഉമിത്തീയില്‍ നിന്ന് തപസ്സ് ചെയ്ത കത്തിപ്പോയ ആ ചേട്ടായി.. അങ്ങേര് തീയില്‍ നിന്ന് ഉച്ചരിച്ചതാണ് കാവ്യം. പൂര്‍ത്തിയാക്കാനാകാതെ പോയ ഒരു ശ്ലോകം പൂര്‍ത്തിയാക്കാന്‍ കാളിദാസന്‍ ശ്രമിച്ചപ്പോഴാണ് അശരീരിയൊണ്ടായത്..

എന്നാലൊന്നു കാണിച്ചിട്ടേയുള്ളുഎന്നും പറഞ്ഞ്കാളിദാസന്‍ മത്സരിച്ചെഴുതിയതാണ് കുമാരസംഭവം. ...

ഉമിത്തീകൊണ്ടും ചില്ലറ ഗുണമുണ്ടാവും എന്ന് ഗുണപാഠം.. അല്ലെങ്കില്‍ ശ്രീപാര്‍വതിയുടെ അനാട്ടമി നമുക്ക് നഷ്ടമായേനേ...

Duryodhanan said...

മനുവേ നന്ദി. ഐതീഹ്യമാല ഒന്‍‌പതാംക്ലാസില്‍ വായിച്ചതാ. എന്നാലും പോയം എങ്കിലും ഞാന്‍ ഓര്‍ത്തിരുന്ന് ബ്ലോഗിന്റെ റ്റൈറ്റില്‍ ആക്കിയല്ലോ :-)

കുതിരവട്ടന്‍ :: kuthiravattan said...

തമാശയായി,
ഭാസനും ദാസനും തമ്മില്‍ ചില്ലറ വ്യത്യാസമല്ലേ ഉള്ളൂ. ഒരക്ഷരം :-) അതും ‘ഭ’ യും ‘ദ’ യും തമ്മില്‍ എന്തോരം വ്യത്യാസം ഉണ്ട്. ആര്‍ക്കായാലും ഏച്ചുകെട്ടരുതെന്ന് അരുളപ്പാട് കിട്ടിയല്ലോ, നന്നായി. ഇന്നത്തെക്കാലത്ത് അങ്ങനത്തെ അശരീരികളൊന്നുമില്ല :-(

മനൂ, പ്രഭാ‍കരന്‍ എഴുതിയ കൃതിയുടെ പേര്‍ എന്താണ്, ഞാന്‍ കുറച്ചു മുമ്പേ ഒരാളോട് ചോദിച്ചതേ ഉള്ളൂ.

കുതിരവട്ടന്‍ :: kuthiravattan said...

പട്ടു നൂലോളം വരില്ലെങ്കിലും സാമാന്യം കൊള്ളാവുന്ന നൂലുകളേയും വാഴനാരു പോയിട്ട് അതിലും വളരെ മോശമായ ഒരു നൂലിനേയും കൂട്ടിക്കെട്ടാന്‍ നോക്കല്ലേ ദുര്യോധനാ, എന്നാണ് ശകുനി മാമന്‍ ഉദ്ദേശിച്ചത്. ഒന്നു വളച്ചു കെട്ടിപ്പറഞ്ഞു നോക്കി എന്നു മാത്രം.

Duryodhanan said...

കുതിരവട്ടാ, പറഞ്ഞത് വിലമതിക്കുന്നു. ബ്ലോഗില്‍ ധാരാളം വിമര്‍ശിക്കപ്പെടുന്ന, ഒരു റിബല്‍ പരിവേഷം ഉള്ള ആളായി ചിത്രകാരന്‍ മാറുന്നു എന്നുതോന്നി. ചിത്രകാരന്റെ ചിത്രങ്ങള്‍ കണ്ടാല്‍ വളരെ മനോഹരം ആണുതാനും. എന്തുകൊണ്ടാണിത്?

രണ്ടുകൈകള്‍ അടിക്കാതെ ശബ്ദം ഉണ്ടാവില്ല. ഇതില്‍ ഏതുകൈ ആണ് ഉച്ചത്തില്‍ അടിച്ചത് എന്ന് തിരക്കാന്‍ വയ്യ. അതില്‍ കാര്യമില്ല. ചിത്രകാരനെ ആളുകള്‍ പ്രകോപിപ്പിച്ചതാവാം, മറിച്ചാവാം. എന്നാല്‍ ഇതിനു എന്താണ് പ്രതിവിധി? സമാധാനപൂര്‍ണ്ണമായ, പരസ്പരബഹുമാനത്തിലൂന്നിയ, സഹവര്‍ത്തിത്വം സാദ്ധ്യമല്ലേ? ചിത്രകാരന്‍ ബാക്കിയുള്ളവരുടെ വികാരങ്ങളെ മനസിലാക്കാത്തതാവാം, ബാക്കിയുള്ളവര്‍ ചിത്രകാരനെ മനസിലാക്കാത്തതാവാം. ബഹുമാനപുരസ്സരം ഇങ്ങനെ ഒരു പരസ്പരം മനസിലാക്കല്‍, അതിനു ഒരു ശ്രമം എന്ന ഗൂഢോദ്ദ്യേശവും ഈ പോസ്റ്റിനുണ്ടായിരുന്നു.

എല്ലാ ശ്രമങ്ങളും വിജയിക്കില്ല എന്നറിയാം. എങ്കിലും ശ്രമിക്കയല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഇല്ലല്ലോ.

സ്നേഹത്തോടെ,
സു.ധ്രി.

വിന്‍സ് said...

oru kavithayum randu cheru kadhayum, randu white washum (painting), okkey ezhuthukayum cheyyukayum cheythal eethu thendikkum aarey kurichu veenelum enthu veenelum parasyamayi parayam enna nilayil aayirikkunnu. Ithinte koodey oru novel koodi ezhuthi theernnaal pinney baakki parayukayum koodi veenda.

aa MT vaasudevaney okkey kandu padiyedey. enthu pakka decent manushyan aanadheham.

ividey blogilum kureey lavanmar irangiyittundu pathu post kazhinjal pinney ivanokkey mattullavarudey moothaappa aanenna vicharam aanu.

chithrakaaran enthu kooppelum kaanikkattu, athinu ningalkkenthu ithra vishamam??

Duryodhanan said...

വിന്‍സ്: അതല്ലേ ജനാധിപത്യം?

വക്കാരിമഷ്‌ടാ said...

ദുരോധനന്റെ പുറകെ പുരാണവും തുറന്ന് പിടിച്ച് നടക്കുന്ന മനുവിനെ ഒന്ന് സങ്കല്‍‌പിച്ചു :)

സ്വാതന്ത്ര്യത്തിന്റെ അങ്ങേ അറ്റത്തെ സ്റ്റോപ്പിന്റെ രണ്ട് സ്റ്റോപ്പ് ഇപ്പുറത്തെ സ്റ്റോപ്പല്ലേ ബ്ലോഗുകവല?

Duryodhanan said...

വക്കാരി, അരസ്റ്റോപ്പേയുള്ളൂ ദൂരം :-) വളരെ ചുരുങ്ങിയ കാര്യങ്ങളേ പ്രശ്നം ആവാറുള്ളൂ.

കിനാവ് said...

സി സി സി സ്യുയോധനാ,

ഞങ്ങടെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. രാഘവന്‍. ആരെയും ഉപദ്രവിക്കില്ല. പക്ഷേ തെറിവിളിക്കും. രാഘവന്റെ തെറികേട്ടാലും ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഭ്രാ‍ന്തനല്ലേ. ഒരു ദിവസം രാഘവന്‍ ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപ്പട്ടരില്‍ നിന്നാണ് തുടങ്ങിയത്. പിന്നെ പുരാണത്തില്‍ നിന്ന് കേട്ടതും കേള്‍ക്കാത്തതുമൊക്കെ കുറച്ച് വിളിച്ചു പറഞ്ഞു. നടു റോഡിലേയ്. പിറ്റേന്ന് രാഘവനെ കണ്ടത് കയ്യില്‍ പ്ലാസ്റ്ററും ദേഹമാസകലം ചതവുകളുമായാണ്. രാഘവന്റെ സ്വാതന്ത്ര്യം അത്രയേ ഉള്ളൂ.

***
‘മലയാളം ബ്ലോഗുകളിലെ ഏറ്റവും നല്ല വിമര്‍ശകന്‍ ഞാനാണ്’ എന്നു പറഞ്ഞ ആത്മവിശ്വാസം നാലഞ്ച് കമന്റു കണ്ടപ്പോള്‍ ‘(ഇതുകൊണ്ട് താന്‍‍ വലിയ എഴുത്തുകാരനാണോ എന്ന് ചോദിച്ചാല്‍ കുടുങ്ങും. കൃഷ്ണന്‍ നായര്‍ ഇതിനു മറുപടിപറഞ്ഞിട്ടുണ്ട്. ടോള്‍സ്റ്റോയിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നയാള്‍ ടോള്‍സ്റ്റോയെക്കാളും വലിയ എഴുത്തുകാരന്‍ ആവണം എന്നില്ല എന്ന്).’ എന്ന നിലയിലേക്കെത്തിയോ?

Duryodhanan said...

കിനാവ് ഹിപ്പോക്രൈറ്റ് എന്നു കേട്ടിട്ടുണ്ടോ?

പറയാനെന്തെളുപ്പം. അതാണ് സംഭവം :-) അതുകൊണ്ടല്ലേ ഞാനിങ്ങനെ ഒക്കെ വിളിച്ചുപറയുന്നത്.

Manu said...

കുതിരവട്ടന്,

ശ്രീകൃഷ്ണവിലാസം ആണ് കൃതി എന്ന് ഓര്‍മപറയുന്നു. അത്ര ഉറപ്പുപോര. പക്ഷെ കഥയിലെ രാഷ്ട്രീയം ഉറപ്പുണ്ട്. ശിവഭക്തകുലശിരോമണി (സാക്ഷാല്‍ രാവണന്‍ കഴിഞ്ഞാല്‍ !) ആയ കാളിദാസന്‍ ശ്രീകൃഷ്ണവിലാസം ബാക്കി എഴുതാന്‍ നോക്കിയാല്‍ കൃഷ്ണനിഷ്ടപ്പെടുമോ? അതു പോട്ടെ ശിവനിഷ്ടപ്പെടുമോ? അശരീരി ഉണ്ടാകാതിരിക്കുമോ? ശൈവരും വൈഷ്ണവരും തമ്മിലുള്ള സാംസ്കാരിക യുദ്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആ പഴക്കത്തിലെവിടെയോ ഒരു വേരുണ്ട് ഈ ഐതിഹ്യത്തിനും :)

ഓഫ്: ബി. ജെ. പി ശിവസേന കൂട്ടുകെട്ട് എത്ര ഏച്ചുകെട്ടിയാലും മുഴച്ചിരിക്കുന്നത് ഇതുകൊണ്ടാണ്. എത്ര പ്രവീണ്‍ തൊഗാഡിയമാരുണ്ടായാലും ഏത് കാട്ടാളന്‍ മോഡിവേഷത്തില്‍ കോണകം കെട്ടിയാലും അമ്മായി മീശവച്ചാല്‍ അമ്മാവനാവൂല്ല !!!

ViswaPrabha വിശ്വപ്രഭ said...

ഹായ്!

മൊത്തത്തില്‍ നല്ല രസമുണ്ടല്ലോ ഈ ബ്ലോഗും ഈ പോസ്റ്റും ഇതിലെ കമന്റുകളും അതിലെ പുരാണം പറച്ചിലും!

:-)

സങ്ങതി തുടരട്ടെ!

Duryodhanan said...

വിശ്വപ്രഭ കഥകള്‍ എഴുതാറുണ്ടോ? കഴിഞ്ഞ രണ്ടുമാസത്തില്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടോ?

എഴുതിയെങ്കില്‍ ഒന്ന് അലക്കാമായിരുന്നു.. സാഡിസം ചൊറിയമ്പുഴുവിനെപ്പോലെ ഇങ്ങനെ തള്ളവിരലിലൂടെ അരിച്ചരിച്ച് മേലോട്ടുവരുന്നു..

തറവാടി said...

ദുര്യോധനോ :) , :) , :)

കുതിരവട്ടന്‍ :: kuthiravattan said...

നന്ദി, മനു.

വിചാരം said...

പ്രിയ ദുര്യോധന
വിനയം മലയാളികളേക്കാള്‍ അധികമായി ഞാന്‍ കണ്ടിട്ടുള്ളത് തമിഴന്മാര്‍ക്കും രാജാസ്ഥാനികള്‍ക്കുമാണ്, എന്റെ അനുഭവത്തില്‍ മലയാളിക്ക് അഹന്തയാണ് കൂടുതല്‍, തറവാടി പറഞ്ഞതു പോലെ വിധേയത്വം അതും ഇത്തിരി കൂടുതലാണ്, എന്തിനാ ഈ വിധേയത്വമെന്നുവെച്ചാല്‍ സ്വന്തം കാര്യപ്രാപ്തിക്കു വേണ്ടി. ഈ കാര്യത്തില്‍ മലയാളികളെ വെല്ലാന്‍ ആരുമുണ്ടാവില്ല ." ആത്മവിശ്വാസക്കുറവ് മലയാളികള്‍ എന്ന സാംസ്കാരിക വിഭാഗത്തിന്റെ ഒരു വലിയ പ്രശ്നമാണ്" ഈ വാചകത്തോട് ഒട്ടും യോജിപ്പില്ല.. ദുര്യോധനന്‍ സ്വയം ആത്മവിശ്വാസം ഇല്ലാത്തൊരാളാണന്ന് പറയാതെ പറയുന്നു എന്നതാണ് സത്യം. ദുര്യോധനന്‍ ഏതു നാട്ടിലാണ് ജീവിക്കുന്നത് എന്നെനിക്കറിയില്ല .ഞാന്‍ അറബികളുടെ നാട്ടിലാണ് കുറെകാലമായി ഇവിടത്തെ അനുഭവം.. ദു-നാ ഏതെങ്കിലും ഒരു മലയാളി ഹോട്ടലില്‍ തൂപ്പുക്കാരനായി ജോലിക്ക് കയറിയാല്‍ പ്രത്യേകിച്ചു മലബാറികള്‍, കേവലം ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ ഹോട്ടലിന്റേതൊ അല്ലെങ്കില്‍ മറ്റനേകം ഹോട്ടലുകളുടെ ഉടമയായി തീരും, ഏതെങ്കിലും ഒരു അച്ചായന്‍ ഒരു ഓഫീസ്സില്‍ ശിപായി ആയി കയറിയാല്‍, ജോലി വാങ്ങികൊടുത്ത ആള്‍ ഒരു നല്ല പോസ്റ്റിലാണെങ്കില്‍ ഒന്നു രണ്ടു മാസത്തിനുള്ളില്‍ അച്ചായന്‍ ഓഫീസറാവും ജോലി വാങ്ങി കൊടുത്തവനെ ആ ഓഫീസിന്റെ പരിസരത്ത് കയറ്റാത്ത വിധത്തില്‍ പണി ഒപ്പിക്കും... ഇതു രണ്ടും (മുതലാളിയാവുന്നതും ഓഫീസരാവുന്നതും) അത്ഥമവിശ്വാസമില്ലാ‍ത്തതോ കൂടുതല്‍ ഉള്ളതോ, നിരൂപക കുഞ്ചകമായ ദുര്യോധനാത്മാവ് പറയുക.
"ആത്മവിശ്വാസക്കുറവിനെക്കാള്‍ അഹങ്കാരത്തെയാണ് എനിക്കിഷ്ടം . അഹങ്കാരം കൊണ്ട് മറ്റുള്ളവര്‍ക്ക് വലിയ ഉപദ്രവം ഉണ്ടാവുന്നില്ല - അല്പം കണ്ണുകടി ഒഴിച്ചാല്‍" ഈ വരിയും മനുവിന്റേറ്റ്യ്ന്‍ താങ്കളുടേയും ചില കമന്റുകളും കോര്‍ത്തിണക്കി.. എനിക്ക് ചിരിക്കാതിരിക്കാനായില്ല .. പ്രത്യേകിച്ച് അഹങ്കാരം കൊണ്ട് മറ്റുള്ളവര്‍ക്ക് വലിയ ഉപദ്രവം ഇല്ലാന്നുള്ള വരി .. ബഹു:താങ്കള്‍ക്ക് അഹങ്കാരമുണ്ടന്ന് ബഹു:താങ്കള്‍ തന്നെ പറയുന്നു .. താങ്കളെ കൊണ്ടു പാവം ചിത്രക്കാരന് ഉപദ്രവമല്ലാതെ ഈ നിരൂപണമെന്ന വ്യക്തിഹത്യകൊണ്ട് എന്തുപകാരമാണുള്ളത് .. മനുവിനും അഹങ്കാരമാണുള്ളത്, ബഹു:താങ്കളേക്കാള്‍ അറിവുണ്ടന്നുള്ള അഹങ്കാരം (അതൊരു സത്യവുമാണ്) അതുകൊണ്ടെന്ത് ഉപദ്രമാണ് ഉള്ളതെന്ന് താങ്കള്‍ ചോദിച്ചാല്‍ ... പല തവണ ചെളിയില്‍ വീണുരുള്ളുന്നത് കണ്ട് ചിരിവന്നു... ( 1)
വെള്ളെഴുത്ത്: മഗ്ദലേന മറിയം വള്ളത്തോളിന്റേത് ആണ്. മറ്റെവിടെയോ വായിച്ച കാര്യം ഇങ്ങോട്ടും പകര്‍ത്തി എന്നേ ഉള്ളൂ. എവിടെ ആണ് വായിച്ചതെന്ന്‍ ഓര്‍മ്മകിട്ടുന്നില്ല . തിരുത്തുന്നു . തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി . 2)മനു: ഓ.ടോ . ദുര്യോധനന്‍ ചുമ്മാ ഒരു ബലത്തിനു തട്ടിയതല്ലേ :-) എച്ചില്‍ ഭക്ഷിക്കരുത് എന്നോ മറ്റോ അല്ലേ അതിന്റെ അര്‍ത്ഥം? 3)

മനുവേ നന്ദി. ഐതീഹ്യമാല ഒന്‍‌പതാംക്ലാസില്‍ വായിച്ചതാ. എന്നാലും പോയം എങ്കിലും ഞാന്‍ ഓര്‍ത്തിരുന്ന് ബ്ലോഗിന്റെ റ്റൈറ്റില്‍ ആക്കിയല്ലോ :- ) ) ഈ മനുവിന് ഞ്ജാനം കൂടുതാലാണന്നുള്ള അഹങ്കാരം പാവം ദുര്യോധന് മാനഹാനി അല്ലാതെ മറ്റെന്താണ്ണ്ടായത് അറിവോ .. എന്റെ ചങ്ങാതി ഈ നിരൂപകന്‍ താങ്കളെ പോലെ ഒമ്പതാം ക്ലാസില്‍ വായിച്ചു നിറുത്തുന്നവനല്ല ... ഞാനൊരു കഥ പറഞ്ഞു തരാം .കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കും പോലെ പറയാം ... പണ്ടു പണ്ടു ... ഒരു മരവെട്ടു കമ്പനിയില്‍ ഒരു മരം വെട്ടുക്കാരനുണ്ടായിരൂന്നു, ആ കമ്പനിയില്‍ പുതുതായി മറ്റൊരു മരം വെട്ടുക്കാരനെ കമ്പനി നിയമിച്ചു.. അയാള്‍ക്ക് ചില മാസങ്ങള്‍ക്കുള്ളില്‍ പ്രമോഷനും മറ്റും നല്‍കി ... പഴയ ആള്‍ക്ക് വര്‍ഷങ്ങളോളമായി പഴയ ശമ്പളം തന്നെയായിരുന്നു... പുതിയ ആള്‍ക്ക് ശമ്പളം കൂട്ടിയപ്പോള്‍, പഴയ ആള്‍ കമ്പനി മേലാധികാരിയെ കണ്ടു തന്റെ സങ്കടം പറഞ്ഞു.. അവരായാള്‍ക്ക് ശമ്പളം കൂട്ടി കൊടുത്തില്ല അതിന് കാരണം ഇങ്ങനെ പറഞ്ഞു... നിങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്രയാണോ മരം വെട്ടിയിരുന്നത് അത്ര തന്നെയാണ് ഇപ്പോഴും വെട്ടുന്നത് എന്നാല്‍ പുതിയ ആള്‍ ദിനേന വെട്ടുന്നതിന്റെ എണ്ണം കൂട്ടി വരുന്നു.... അയാള്‍ നിരാശയോടെ തിരികെ പോയീ .. വെട്ടുന്ന മരങ്ങളുടെ എണ്ണം കൂട്ടാന്‍ ശ്രമിച്ചു അതിനായാള്‍ക്കായില്ല. പുതിയ ആളോട് മരം വെട്ടു കൂട്ടാനുള്ള വിദ്യ എന്തന്നറിയാന്‍ പോയി .. അയാള്‍ ചോദിച്ചു.. താങ്കളുടെ മഴുവിന്റെ മൂര്‍ച്ച കൂട്ടിയിട്ട് എത്ര കാലമായി ... വര്‍ഷങ്ങളോളമായി എന്നായിരുന്നു ഉത്തരം .... പ്രിയ ദുര്യോധന ഇനിയും ഞാനീ കഥ നീട്ടി കൊണ്ടു പോവണോ .. കാര്യം മനസ്സിലായി കാണുമല്ലോ ...മറ്റുള്ള വ്യക്തികളേയും, അവരുടെ രചനകളേയും നിരൂപിക്കുന്നതിന് മുന്‍പ് ഇത്തിരിയെങ്കിലും ഞ്ജാനം എന്ന സാധനം തലയില്‍ കയറ്റുക... എന്നിട്ടു പോരെ ഈ കലാപരിപാടികള്‍ .

ചിത്രക്കാരന് ആത്മവിശ്വാസം ഇല്ലാന്ന് ഏതു പുസ്തകത്തില്ലാ അദ്ദേഹം എഴുതിയത്?. എന്തു മാനദണ്ഡം ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ അളവെടുത്തത്?. ഒന്നു പറഞ്ഞു തന്നാല്‍ വലിയ ഉപകാരമായി, പിന്നെ മനു അദ്ദേഹത്തെ എതിര്‍ക്കും അതിന് കാ‍രണം പാവം മനു ഒരു സവര്‍ണ്ണനായതുകൊണ്ടാണ്. നിരൂപണത്തില്‍ മികവു പുലര്‍ത്തിയ ഒത്തിരി തലതൊട്ടപ്പന്മാരുണ്ടായിരുന്നു നമ്മുക്കിടയില്‍ അവര്‍ തന്റെ സമ്പാദ്യത്തിന്റെ മുക്കാല്‍ ഭാഗവും പുസ്തകങ്ങള്‍ വാങ്ങിക്കാനും മറ്റുമാണ് ഉപയോഗിച്ചത് . ജീവിതത്തിന്റെ മുക്കല്‍ ഭാഗം വായിക്കാനും എങ്കിലേ ചെറിയ രീതിയില്ലെങ്കിലും നല്ലൊരു നിരൂപകനാവാ‍ന്‍ കഴിയൂ അല്ലാത്തോന്‍... കുരുടന്‍ ആനയെ കണ്ടപോലെയിരിക്കും

കുതിരവട്ടന്‍ :: kuthiravattan said...

വിചാരമേ, കമന്റു വായിച്ചു ചിരിച്ചു. പാവം ദു.ധ്രി.

ഒരേ ഒരു കാര്യത്തിലേ വിയോജിപ്പുള്ളു. ആ സവര്‍ണ്ണപ്രയോഗം വേണ്ടായിരുന്നു. അതെടുത്തു പ്രയോഗിക്കുന്നത് ബ്ലോഗിലെ എല്ലാ ---- കളുടെയും ഫാഷനായിരിക്കുന്നു. അത് അവര്‍ക്കായിട്ടു വിട്ടു കൊടുത്തുകൂടെ. അവരതു പ്രയോഗിച്ചിട്ടു നാലു കമന്റ് നേടിക്കോട്ടേന്നേ :-)

Duryodhanan said...

വിചാരമേ,

പറഞ്ഞതില്‍ പലകാര്യങ്ങളും ശരിയാണ്. ആത്മവിശ്വാസക്കുറവ്, അഹങ്കാരം, അഹന്ത, വായനയുടെ കുറവ് തുടങ്ങിയവ എനിക്ക് ഒരു പ്രശ്നം തന്നെയാണ്. താങ്കള്‍ എടുത്തുകാണിച്ച കാര്യങ്ങളിലും അതൊക്കെ പ്രതിഫലിക്കുന്നും ഉണ്ട്.

എന്നാല്‍ “നിങ്ങളില്‍ പാ‍പമില്ലാത്തവന്‍ കല്ലെറിയട്ടെ“ എന്ന തത്വം വിമര്‍ശനത്തിനു പറ്റില്ല. അങ്ങനെ ആണെങ്കില്‍ ആരെയും വിമര്‍ശിക്കാന്‍ പറ്റില്ല. മറ്റൊരാള്‍ക്ക് ആത്മവിശ്വാസം ഇല്ല എന്നുവിളിച്ചുപറയാന്‍ വിമര്‍ശകന്‍ ആത്മവിശ്വാസത്തിന്റെ പ്രതിരൂപം ആവണമെന്നില്ല. ഒരാളുടെ കഥ നല്ലതോ ചീത്തയോ എന്നുപറയാന്‍ വിമര്‍ശകന്‍ ഒരു നല്ല കഥ എഴുതിക്കാണിക്കണം എന്നും ഇല്ല.

ബ്ലോഗ് നിറുത്താന്‍ താങ്കളെപ്പോലെ മറ്റുപലരും അഭിപ്രായപ്പെട്ടു. ബ്ലോഗ് തുടരാനും മറ്റുപലരും അഭിപ്രായപ്പെട്ടു. തല്‍ക്കാലം മറ്റേതെങ്കിലും ഒരു ബ്ലോഗ് സാഹിത്യവിമര്‍ശനത്തിനായി വരട്ടെ. അതുവരെ ഇത് ഇങ്ങനെ പോട്ടെ.

സ്നേഹത്തോടെ,
ദു.ധ്രി.