Saturday, December 29, 2007

2007-ലെ പൂക്കള്‍ - മിന്നൂസും ഹാനയും പിന്നെ...

ബ്ലോഗ് എന്ന മാധ്യമത്തിന്റെ അനിതരസാധാരണമായ സാധ്യതകളില്‍ ഒന്ന് മുഖ്യധാരയില്‍ എളുപ്പത്തില്‍ എഴുത്തിനു വഴങ്ങാത്തതു പലതും ഇവിടെ എഴുത്തിനുവിഷയം ആകും എന്നതാണ് എന്ന് തോന്നിയിട്ടുണ്ട്. കൊച്ചുകൊച്ചു കുടുംബവിശേഷങ്ങള്‍ (അമ്മയുടെ അസുഖത്തെപ്പറ്റിയും അച്ഛന്റെ സ്നേഹത്തെപ്പറ്റിയും ഒക്കെ കുട്ടികള്‍ എഴുതുന്ന ബ്ലോഗുകള്‍ കണ്ടു)എളുപ്പത്തില്‍ ഉള്ള പാചകക്കുറിപ്പുകള്‍ (സൂര്യഗായത്രി ഇഞ്ചിമാങ്ങ മോഡല്‍ അല്ല - അതൊക്കെ മുഖ്യധാരയിലും വരും: ഉണ്ടാപ്രി മോഡല്‍)ചമ്മലുകള്‍ അങ്ങനെ പലതും ഇവിടെ വിഷയമാവുന്നു.

ബ്ലോഗിലെ ആദ്യ സന്ദര്‍ശനത്തിനു ശേഷം വീണ്ടും മടങ്ങിവരാന്‍ എന്നെ പ്രേരിപ്പിച്ച ബ്ലോഗ് ആയിരുന്നു കുട്ട്യേടത്തി ഹാനമോളെക്കുറിച്ച് എഴുതുന്ന വിശേഷങ്ങള്‍. കുറച്ചു കുറിപ്പുകളേ ഉള്ളെങ്കിലും റ്റെന്‍ഷന്‍ ഒക്കെ തോന്നുന്ന സമയങ്ങളില്‍ ഞാന്‍ വീണ്ടും വീണ്ടും ഹാനമോളുടെ വിശേഷങ്ങള്‍ വായിച്ചു. ഒരമ്മക്ക് അവരുടെ കുഞ്ഞിനെക്ക്കുറിച്ച് എഴുതാനാവുന്നതിനെക്കാള്‍ മഹനീയമായ വാക്കുകള്‍ ഒരു സാഹിത്യത്തിലും ഉണ്ടാവില്ല എന്ന് തോന്നി.

പിന്നീടാണ് സുര്യോദയം എന്ന ബ്ലോഗര്‍ മകള്‍ മിന്നൂസിന്റെ വികൃതികളെപ്പറ്റി എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചത്. ചിത്രങ്ങള്‍ പോലെ മുന്നില്‍ തെളിയുന്ന കുഞ്ഞുകുഞ്ഞു കുസൃതികള്‍: അവ പ്രഗത്ഭനായ ഒരു കാര്‍ട്ടൂണിസ്റ്റിന്റെ വര പോലെ നമ്മുടെ അറിവുകളെയും അഹങ്കാരങ്ങളെയും പരിഹസിക്കുന്നു.

ഉദാഹരണത്തിന് (ഉദാഹരണം മാത്രം) വീണ്ടും ചില ചോദ്യങ്ങള്‍ എന്ന പോസ്റ്റ് കാണൂ:

സന്ധ്യാസമയത്ത്‌ ആകാശത്ത്‌ നോക്കിക്കൊണ്ട്‌ മിന്നുവിന്റെ ഒരു ചോദ്യം..

"ആകാശത്തിന്റെ അമ്മയെവിടെ?"

"ആകാശത്തിന്റേ???..." എന്നൊരു അതിശയോക്തികലര്‍ന്ന് ഒരു മറുചോദ്യം ചോദിച്ച്‌ ഞാന്‍ നിശബ്ദനായി.

ഉടനെ അടുത്ത ചോദ്യം.. "അമ്പിളിമാമന്റെ ഒരു കശണം പൊട്ടിപ്പോയോ?? ആ കശണം എവിടെ??"


ഹാനമോള്‍
ചോദിച്ചു ചോദിച്ചു പോകുന്നത് ഇങ്ങനെ


" മോളേ.. ബെഡ്റൂമിള്‍ പോയി നമ്മടെ ഹാരിമോന്റെ ഒരുടുപ്പിങ്ങെടുത്തോണ്ടു വന്നേ .."

" ബെഡ്റൂം ??? വാട്ടീസേ ബെട്റൂം " ? (ബെഡ്‌റൂമെന്നാദ്യമായി കേട്ട മാതിരി )..

" ബെഡ് ഇട്ടിരിക്കണ റൂം അല്ലേടി കള്ളിപ്പെണ്ണേ ബെട്റൂം " ?

" വാട്ടീസേ ബെഡ് "?

" ബെഡ്.......മ്മ്ഹ്. നമ്മളു സ്ലീപ് ചെയ്യണതെവിടെയാ.. അതല്ലേ ബെഡ് "

" വാട്ടീസ് സ്ലീപ് " ?

" സ്ലീപ്പെന്നു പറഞ്ഞാല്‍... നമ്മളു കണ്ണൊക്കെ അടച്ചു റെസ്റ്റ് ചെയ്യുന്നതല്ലേ സ്ലീപ് ?

" റെസ്റ്റ്..? വാട്ട് യൂ റ്റോക്കിങ്ങ് എബൗട്ട് " ?


ബ്ലോഗ് കവികള്‍ എല്ലാം കൂടി കുത്തിവയ്ക്കുന്ന ദുരന്തബോധം അധികമാവുന്നു എന്ന് തോന്നുമ്പോള്‍ ഈ കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ... ലോകത്ത് ഒരുപാട് പ്രകാശം ബാക്കിയുണ്ടെന്ന് മനസ്സിലാവും.

അതിലും ശരിയായില്ലെങ്കില്‍ ബഹുവ്രീഹിയുടെ അമ്മുക്കുട്ടി പാടിയ ഈ പാട്ടു കേള്‍ക്കൂ. ഇനിയും നിങ്ങള്‍ക്ക് ഉത്സാഹം വരുന്നില്ലെങ്കില്‍ sorry, I don't have much hope about you!!

11 comments:

ഗുപ്തന്‍ said...

ബാലതാരങ്ങള്‍ക്ക് സ്റ്റിഫ് കോമ്പറ്റീഷനുമായി ദേവദത്തനും
ഹന്നയും മറ്റുചിലരും (ഷെമി..) വരുന്നുണ്ട്.... ജാഗ്രതൈ!!!

വെള്ളെഴുത്ത് said...

ഇതു ഗംഭീരമാണല്ലോ.. ഈ ഹന്ന.. ഗുപ്താ ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല, ഇനി നോക്കട്ടേ.. നന്ദി ഈ പൂവിനെ കാണിച്ചു തന്നതിന്..

പ്രിയംവദ-priyamvada said...

പാച്ചൂ അഗ്രജനെ മറന്നൊ?

വല്യമ്മായി said...
This comment has been removed by the author.
ദൈവം said...

ഇത് പൂവു തന്നെ, നന്ദി :)

ഗുപ്തന്‍ said...

അഗ്രജനെ മറന്നിട്ടില്ലാട്ടാ.. അതോണ്ടല്ലേ പാച്ചൂ‍നെ മറന്നെ ;)

ഗുപ്തന്‍ said...

വല്യമ്മായിക്ക്... ഇവിടെ പരാമര്‍ശിച്ചത് തീരെ ചെറിയ (വാക്കുകള്‍ ഒക്കെ പഠിച്ചുവരുന്ന പ്രായത്തിലുള്ള) കുഞ്ഞുങ്ങള്‍ ആണെന്ന് ശ്രദ്ധിക്കുമല്ലോ. പരിഭവിക്കരുത്.

വല്യമ്മായി said...
This comment has been removed by the author.
വല്യമ്മായി said...
This comment has been removed by the author.
reshma said...

ഉം. ഈ പൂക്കള്‍ തരുന്നത്ര സന്തോഷം ബ്ലോഗില്‍ വേറെവിടെന്നും എനിക്കും കിട്ടാറില്ല.
ചിന്നൂട്ടനെ കണ്ടില്ലേ?http://chinmaykrishna.blogspot.com/

ഗുപ്തന്‍ said...

താങ്ക്സ് രേഷ്മ: ഞാനീ ലോകമൊക്കെ പരിചയപ്പെട്ടു വരുമ്പോഴേക്കും ചിന്നൂട്ടന്റെ അമ്മ പതുക്കെ നിറുത്തുകയായിരുന്നൂന്ന് തോന്നുന്നു. :)