Thursday, December 20, 2007

2007-ലെ പൂ‍ക്കള്‍ - കഥയുടെയും ഭാഷയുടെയും പരിണാമം -- നമതു വാഴ്വും കാലം

സാഹിത്യത്തെക്കുറിച്ച് ഗൌരവമുള്ള നിരീക്ഷണങ്ങള്‍ ബ്ലോഗില്‍ അപൂര്‍വതയാണ്. കവിതയുടെ സൌന്ദര്യശാസ്ത്രത്തെക്കൂറിച്ചൊക്കെ ഉള്ളചര്‍ച്ചകള്‍ വൃത്തത്തെയും ഭാഷാശുദ്ധിയെയും സംബന്ധിച്ച ഒബ്സെഷനുകള്‍ക്കപ്പുറം വളരാന്‍ അനുവദിച്ചിട്ടില്ല പാരാമ്പര്യവാദികളും പുരോഗമനവാദികളും (പ്രാദേശിക പരിമിതികളില്‍ നിന്ന് ഏറെയൊന്നും രക്ഷപെടാന്‍ ആകാത്ത പ്രിന്റഡ് മീഡിയപോലും ദശാബ്ദങ്ങള്‍ മുന്‍പ് ചവച്ചുതുപ്പിയതുതന്നെ ആവര്‍ത്തിക്കുകയാണ് ഗോളാന്തരമലയാണ്മയുടെ പതാകവാഹകര്‍ ആകേണ്ട ബ്ലോഗിംഗ് സമൂഹം). കഥയെക്കുറിച്ച് ഗൌരവമുള്ള നിരീക്ഷണങ്ങള്‍ ചില കമന്റുകളില്‍ മാത്രമേ കാണാന്‍ സാധിച്ചിട്ടുള്ളൂ. ജീവിതാനുഭവങ്ങള്‍ വെറുതെ കുറിക്കുന്നതിനുപോലും കഥ എന്ന് ലേബല്‍ ഒട്ടിക്കുന്നതാണ് ശീലമെന്നിരിക്കെ ചുരുക്കമായെങ്കിലും വരുന്ന നല്ല നിരീ‍ക്ഷണങ്ങള്‍ ബുദ്ധിജീവി ജാഡ എന്ന മുന്‍‌വിധിയില്‍ അവഗണിക്കപ്പെടുന്നു.


ഈ സാഹചര്യത്തിലാണ് വളരെ ഹൃസ്വമാണെങ്കിലും -- ഒരുപക്ഷേ വിഷയത്തിന്റെ വലിപ്പം വച്ചുനോക്കുമ്പോള്‍ അപര്യാപ്തതക്കടുത്തുവരുന്ന വിധം ഹൃസ്വം -- ലളിതവും കഥപോലെ ഹൃദ്യവുമായ ശൈലിയില്‍ എഴുതപ്പെട്ട കഥയുടെയും ഭാഷയുടെയും പരിണാമം( ഭാഗം 1; ഭാഗം 2; ഭാഗം 3 : മൂന്നു ഭാഗങ്ങളും ചേര്‍ന്നാലും ഒരു ആവറേജ് ബ്ലോഗ്പോസ്റ്റിനെക്കാള്‍ അധികം ദൈര്‍ഘ്യം ഇല്ല)എന്ന ലേഖനം ശ്രദ്ധേയമാകുന്നത്. കഥയും കാലവും തമ്മിലുള്ളപാരസ്പര്യം ആണ് പ്രതിപാദ്യം.

നമ്മുടെ കാലത്തിന്റെ സവിശേഷതകളിലേക്ക് ലക്ഷ്യഭേദിയായ സൂക്ഷ്മനിരീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമാണ് നമതു വാഴ്വും കാലം എന്ന ബ്ലോഗ്. അവിടെ നിന്ന് ഈ ലേഖനം തന്നെ തെരഞ്ഞെടുക്കുന്നത് ഈ വിഷയത്തിലുള്ള നിരീക്ഷണങ്ങള്‍ ബ്ലോഗില്‍ അപൂര്‍വതയാണെന്ന കാരണം കൊണ്ടുമാത്രമാണ്. ലേഖനത്തിന്റെ സൂക്ഷ്മതയും നിരീക്ഷണങ്ങളുടെ സം‌വാദസാധ്യതയും അര്‍ഹിക്കുന്ന പ്രതികരണം ആ കുറിപ്പുകള്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല.

“കഥ പാടിപ്പതിയുന്ന ഫോക് ലോറിന്‍റെ അല്ലെങ്കില്‍ നാടന്‍പാട്ടിന്‍റെയോ കേട്ടുകേള്‍വികളുടെയോ രൂപം വെടിഞ്ഞ് ഇംഗ്ലീഷ് ഭാഷാ സാഹിത്യ രൂപരേഖയ്ക്കനുസരിച്ച് നിയതമായ സാഹിത്യനിയമങ്ങള്‍ക്ക് വിഷയീഭവിക്കുന്നതിനു മുന്‍പും കഥയുടെ ഒരു സമ്പന്ന പൈതൃകം കൊണ്ട് നമ്മള്‍ ധന്യരായിരുന്നു. പിന്നീടെന്നോ സമാഹരിക്കപ്പെട്ട ഐതിഹ്യമാലയും വടക്കന്‍ പാട്ടുകളും മാപ്പിളശീലുകളും സമാഹരിക്കപ്പെടാതെ പോയ മറ്റനേകം നാടന്‍ ശീലുകളും ഈ പൈതൃകത്തിന്‍റെ സാക്ഷ്യമാണ്. നിയതമായ രൂപമില്ലാത്തതും സൃഷ്ടാവില്ലാത്തതും പറയുന്ന വ്യക്തിയുടെ മനോധര്‍മ്മത്തിനനുസരിച്ച് രൂപമാറ്റം സംഭവിക്കുന്നതുമായിരുന്ന അന്നത്തെ കഥയക്ക് ഇന്നത്തെ കഥയുമായുള്ള അന്തരത്തെ അതിന്‍റെ വികാസത്തിന്‍റെ കാലാനുസൃതമായ വിന്യാസത്തെ മലയാളകഥാ ചരിത്രമെന്ന് വിളിക്കാമെന്നു തോന്നുന്നു. ...”

എന്ന ആമുഖത്തോടെ ആരംഭിക്കുന്ന ഒന്നാം ഭാഗം ഇവിടെ വായിക്കുക.

4 comments:

ബാജി ഓടംവേലി said...

2007 ലെ പൂക്കളൊന്നും ആരും കണ്ടില്ലെന്നു തോന്നുന്നു. തനി മലയാളത്തില്‍ വന്നില്ല..
ഒന്നിച്ച് ഒന്നു കൂടി പ്രസിദ്ധീകരിക്കുന്നത് നല്ലതാണ്..

ഗുപ്തന്‍ said...

ചിന്തയില്‍ വരുന്നുണ്ട് ബാജി. അനിലേട്ടന്റെ ബ്ലോഗിലെ ട്രാക്കര്‍ അനുസരിച്ച് ഇന്നലത്തെ കുറിപ്പിനു സാമാന്യം നല്ല റെസ്പോണ്‍സ് ആണ് കിട്ടിയിരിക്കുന്നത്. എല്ലാ പോസ്റ്റും പുനഃപ്രസിദ്ധീകരിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.

ഗുപ്തന്‍ said...

തനിമലയാളത്തിലും ഗൂഗിളിലും വരുന്നുണ്ട് ബാജി. ബാജിക്ക് നോട്ടപ്പിശക് വന്നതാണ്. ശ്രദ്ധക്ക് നന്ദി

ബാജി ഓടംവേലി said...

ഗുപ്‌താ,
നോട്ടപ്പിശകാണെന്നു വിചാരിച്ച് വീ‍ണ്ടും പോയി നോക്കി. തനിമലയാളത്തില്‍ മരംകൊത്തിയ്‌ക്കു മുന്‍പുള്ളതൊന്നും വന്നിട്ടില്ല.
ബാജി...