Monday, October 1, 2007

പെരിങ്ങോടന്റെ മൂന്നുകഥകള്‍ - ഒരു പഠനം.

പെരിങ്ങോടന്റെ പുതിയ കഥയാ‍യ അവസ്ഥകള്‍ എന്ന കഥ - കഥയുടെ രചന സുന്ദരമാണ്. ഉപയോഗിച്ചിരിക്കുന്ന ഭാഷ സുന്ദരമാണ്. കഥയുടെ നിര്‍മ്മിതിയില്‍ ഉപയോഗിച്ചിരിക്കുന്ന സങ്കേതങ്ങളും സുന്ദരമാണ്. അര്‍ത്ഥങ്ങളുള്ള കഥ. എന്നാല്‍ കഥ വായിച്ചുകഴിഞ്ഞപ്പോള്‍ മനസില്‍ ആദ്യം വന്ന ചോദ്യം ഇതാണ്. ഈ കഥയില്‍ പെരിങ്ങോടന്‍ എവിടെയാണ്?

മ്യൂണിക്കില്‍ പണ്ട് നാലഞ്ചുദിവസം താമസിച്ചിരുന്നു. മറീന്‍ പ്ലാസിലെ അഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള പള്ളി, വാച്ച്-തുണിക്കടകള്‍, ഒളിമ്പിക്ക് സെണ്ട്രം, ദഹൌ കോണ്‍സണ്ട്രേഷന്‍ കാമ്പ്, തുടങ്ങിയ പല കാഴ്ച്ചകളും കണ്ടു. ഏറ്റവും തങ്ങിനിന്നത് ഒരു ദിവസം രാവിലെ മുതല്‍ വൈകിട്ട് മ്യൂസിയം അടയ്ക്കുന്നതു വരെ മുഖത്തോടു മുഖം നോക്കിനില്‍ക്കുന്ന രണ്ട് ചിത്രകലാ മ്യൂസിയങ്ങളില്‍ കറങ്ങിനടന്നതാണ് (ആള്‍ട്ടെ പിനാക്കൊത്തെക്ക് (പഴയ മ്യൂസിയം), നുവേ പിനാക്കൊത്തെക്ക് (പുതിയ മ്യൂസിയം) ) എന്നീ കെട്ടിടങ്ങള്‍. അതിമനോഹരമാ‍യ ചിത്രങ്ങള്‍ - ആയിരത്തോളം വര്‍ഷം പഴക്കമുള്ളവ വരെ. മഗ്ദലേന മറിയവും യേശുവും മുഖത്തോടു മുഖം നോക്കിനില്‍ക്കുന്ന ഒരു ചിത്രമുണ്ട്. (പുരുഷനും സ്ത്രീയും എന്ന നിലയില്‍ രണ്ടുപേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും തൊടാന്‍, പുണരാനുള്ള പരസ്പരാകര്‍ഷണം, ദൈവവും മനുഷ്യനും എന്ന നിലയില്‍ ഉള്ള അടിസ്ഥാനപരമായ ദൂരം കൊണ്ട് സ്പര്‍ശിക്കാനും പറ്റുന്നില്ല. തൊട്ടു തൊട്ടില്ല എന്നനിലയില്‍ കണ്ണില്‍ കണ്ണില്‍ നോക്കിനില്‍ക്കുന്ന ചിത്രം). മറ്റൊരു ഇഷ്ടപ്പെട്ട ചിത്രം വാന്‍‌ഗോഗ് വരച്ച ഒരു ചിത്രമാണ്. (ഇങ്ങനെ ഉള്ള മ്യൂസിയങ്ങള്‍ കാണാന്‍ പോവുമ്പോള്‍ ആഡിയോ റെക്കോര്‍ഡിങ്ങും കിട്ടും. അഞ്ചോ പത്തോ യൂറോ / ഡോളര്‍ കൊടുത്താലും ഇത് മ്യൂസിയത്തില്‍ നിന്നുതന്നെ നിര്‍ബന്ധമായും വാടകയ്ക്ക് എടുക്കണം). ദൂരെ മനോഹരമായ ഒരു ഗ്രാമവും വീടും. മുന്‍പില്‍ നീലനിറത്തില്‍ വേലിപോലെ വളര്‍ന്നുനില്‍ക്കുന്ന രണ്ടോ മൂന്നോ മുള്‍ച്ചെടികള്‍. പടം വരയ്ക്കുന്ന സമയത്ത് വാന്‍‌ഗോഗ് ഭ്രാന്താശുപത്രിയില്‍ ആയിരുന്നു. പുറത്ത് മനോഹരമായ ലോകം, വാന്‍‌ഗോഗിനു അങ്ങോട്ട് പോവണം എന്ന് വളരെ ആഗ്രഹമുണ്ട്. എന്നാല്‍ പറ്റുന്നില്ല. അതാണ് നീലനിറം, വാന്‍‌ഗോഗിനെ തടഞ്ഞുനിറുത്തുന്ന മുള്‍ച്ചെടികള്‍! വാന്‍‌ഗോഗ് ഈ പടം വരച്ചതിനു ഒരു വര്‍ഷം കഴിഞ്ഞ് ആത്മഹത്യചെയ്തു. ആ ചിത്രത്തില്‍ വാന്‍‌ഗോഗ് എന്ന വ്യക്തിയുടെ ചിത്രം വരയ്ക്കുമ്പോള്‍ ഉള്ള ഭാവം നിറഞ്ഞുനില്‍ക്കുന്നു.

എന്റെ ഒരു നല്ല സുഹൃത്തുണ്ട്. ആറാം ക്ലാസുമുതല്‍ ഒരേ സ്കൂളില്‍ പഠിച്ചവര്‍. നല്ല ചിത്രകാരന്‍, നല്ല കാര്‍ട്ടൂണിസ്റ്റ്, നല്ല ശില്‍പ്പി. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാപ്രതിഭ (1994). വീണ്ടും കേരള സര്‍വ്വകലാശാല കലോത്സവത്തില്‍ കലാപ്രതിഭ (1998). കേരള സര്‍വ്വകലാശാല അവനു പാരിതോഷികമായി എഞ്ജിനിയറിങ്ങിനും മെഡിസിനും അഡ്മിഷന്‍ കൊടുത്തു - എന്തു വേണമെങ്കിലും എടുത്തോളൂ എന്ന്. അവന്‍ രണ്ടും എടുക്കാതെ കൊല്ലം ഫാത്തിമാ കോളെജില്‍ നിന്നു ഡിഗ്രി പൂര്‍ത്തിയാക്കി ബാംഗ്ലൂര്‍ NIFT-ല്‍ പഠിക്കാന്‍ പോയി. അവിടെനിന്നും ഒരുവര്‍ഷം കഴിഞ്ഞ് പഠനം പൂര്‍ത്തിയാക്കാതെ ഡ്രോപ്പൌട്ട് ആയി (അവിടെ അവര്‍ ചരിത്രം, തയ്യല്‍ ഒക്കെ പഠിക്കാന്‍ പറഞ്ഞു - അവനെക്കൊണ്ടു വയ്യ). ഇപ്പോള്‍ തിരുവനന്തപുരം ടൂണ്‍സില്‍ ഷോ ഡയറക്ടര്‍ ആയി ജോലിചെയ്യുന്നു.ചില കഥകള്‍ക്ക് ഇല്ലസ്ട്രേഷന്‍സ് വരച്ചുതരാന്‍ ഞാന്‍ അവനെ വിളിച്ചു പറഞ്ഞു. അവന്‍ രണ്ടുമാസം സമയം ചോദിച്ചു. അവനു മൂന്നോ നാലോ ചിത്രങ്ങള്‍ പോറാന്‍ പത്തുമിനിട്ടേ എടുക്കൂ. വരച്ചാല്‍ എന്തും നന്നാവുകയും ചെയ്യും. ചിലര്‍ അങ്ങനെയാണ് - എന്തുചെയ്താലും നന്നാവും. കല രക്തത്തില്‍ ഓടുകയാണ്. പക്ഷേ അവന്‍ പറയുന്നത് കഥയുടെ ഭാവം അവന്റെ മനസ്സില്‍ വന്നാലേ അവനു വരയ്ക്കാന്‍ പറ്റൂ എന്നാണ്. വെറുതേ വരച്ചിട്ടു കാര്യം ഇല്ലന്ന്. കല ചിത്രകാരന്റെ മനസ്സിലും ഹൃദയത്തിലും പ്രതിഫലിക്കണം. അല്ലാതെ എഴുതിയാല്‍ സ്വതസിദ്ധമായ പ്രതിഭകൊണ്ട് നന്നാവും, പക്ഷേ വളരെ നന്നാവില്ല.

ഫ്യോദോര്‍ ദൊസ്ത്യേവ്സ്കി - പാവങ്ങള്‍, കരമസോവ് സഹോദരന്മാര്‍, കുറ്റവും ശിക്ഷയും എന്നീ‍ കൃതികള്‍ ഒക്കെ മഹത്തരമാണ്. കുറ്റവും ശിക്ഷയും എഴുതുമ്പോള്‍ റാസ്കോല്‍നിക്കോവിന്റെ അന്ത:സംഘര്‍ഷങ്ങള്‍ ദൊസ്ത്യേവ്സ്കിയുടെ മനസ്സിലെ സംഘര്‍ഷങ്ങളാണ്. ദൊസ്ത്യേവ്സ്കി അവിടെ കഥാപാത്രത്തിലേയ്ക്ക് തന്നെ ടെലി-പോര്‍ട്ട് ചെയ്യുന്നു. പാവങ്ങള്‍ എന്ന കഥയിലെ വൃദ്ധനായ കഥാപാത്രം സ്വപ്നം കാണുമ്പോള്‍, പരിഭവിക്കുമ്പോള്‍, സ്വപ്നം കാണുന്നതും പരിഭവിക്കുന്നതും ദൊസ്ത്യേവ്സ്കി തന്നെയാണ്. കരമസോവ് സഹോദരന്മാരിലെ കഥയില്‍ ശാന്തതയും സ്നേഹവും തിളങ്ങുന്നെങ്കില്‍ ദൊസ്ത്യേവ്സ്കിയ്ക്കും അതേ ശാന്തതയും പ്രപഞ്ചസ്നേഹവും തിളങ്ങിക്കാണണം. ഇതെഴുതാന്‍ ദൊസ്ത്യേവ്സ്കി കൊലപാതകിയോ സന്യാസിയോ വൃദ്ധനോ ആവേണ്ട കാര്യമില്ല. ദൊസ്ത്യേവ്സ്കി സ്വയം കഥാപാത്രമായി മനസ്സില്‍ കണ്ട് ഒരു മേശയ്ക്കുമുന്നില്‍ ചിന്തിക്കുകയാണ്, ചിന്തകള്‍ മനസില്‍ നിന്ന് പേനയിലേയ്ക്ക് ഒഴുക്കുകയാണ്. ടോള്‍സ്റ്റോയിയുടെ വാര്‍ ആന്റ് പീസ് എന്ന നോവലില്‍ ഒരു പ്രഭുവിന്റെ മരണരംഗത്ത് പ്രഭുവിന്റെ ഷര്‍ട്ടിന്റെ കോളറിലെ ബട്ടണിന്റെ നിറം ടോള്‍സ്റ്റോയി വര്‍ണ്ണിക്കുമ്പോള്‍ അതു കാണുന്നത് ടോള്‍സ്റ്റോയിയും നമ്മളും ഒരുമിച്ചാണ്. ടോള്‍സ്റ്റോയി എഴുതിയ ഒരു പന്തയക്കുതിരയുടെ കഥയുണ്ട്. (ടോള്‍സ്റ്റോയിയുടെ ചെറുകഥകള്‍ - പ്രഭാത് ബുക്ക് ഹൌസ്). ഇതിലും കുതിരയുടെ സ്ഥാനത്ത് തന്നെ പ്രതിഷ്ടിച്ച് ടോള്‍സ്റ്റോയി ചിന്തിക്കുന്നതു കാണാം. അലക്സാണ്ടര്‍ കുപ്രിന്റെ ഗാര്‍നറ്റ് വളയില്‍ (പ്രഭാത് ബുക്ക് ഹൌസ്, റാദുഗ പബ്ലിഷേഴ്സ്) അനശ്വരമായ പ്രേമം കഥാപാത്രത്തിലും കുപ്രിന്റെ മനസ്സിലും ആണ്. അപസ്മാരത്തിലും കോഴിയിറച്ചിയിലും എണ്ണമൈലിയിലും ദിനകരനിലും പെരിങ്ങോടന്‍ എവിടെയാണ്? പെരിങ്ങോടനും കഥയും തമ്മില്‍ വൈകാരികമായ ഒരു ബന്ധവും ഇല്ല, ഒരു ബൌദ്ധിക വ്യായാമം എന്ന നിലയിലേ ഈ കഥ എത്തുന്നുള്ളൂ. വായിക്കുമ്പോള്‍ കൊള്ളാം, സങ്കീര്‍ണ്ണം, സുന്ദരം, എന്നൊക്കെ തോന്നും. അരമണിക്കൂര്‍ പോലും കഴിയുന്നതിനു മുന്‍പേ കഥ മറന്നുപോവുകയും ചെയ്യും. ഇങ്ങനെയുള്ള കഥകള്‍ക്ക് ആയുസ്സ് കുറവാണ്.

ഇത്രയും പറയുമ്പോള്‍ തന്നെ പെരിങ്ങോടന്‍ ഭാവങ്ങള്‍ പകര്‍ന്ന ക്രൂരമായ ഭലിതം എന്ന കഥ, ജിപ്സി എന്ന കഥ ഇവയും വായിക്കുക. ഈ കഥകളില്‍ കഥാകാരനുണ്ട്. നമ്മോടൊപ്പം അലോസരപ്പെടുന്നതും വേദനിക്കുന്നതും ഉരുകുന്നതും പെരിങ്ങോടനും കൂടിയാണ്. ജിപ്സിയുടെ കഥ എന്ന കഥയില്‍ ഒരു അശ്ലീലം കണ്ട് ആദ്യം ചിരിച്ചതിലും പിന്നീട് ആ സ്ത്രീയുടെ അവസ്ഥയിലും അതിനെക്കാളേറെ ആദ്യം അതുകണ്ട് ചിരിച്ചതിലും ഉരുകുന്ന പെരിങ്ങോടന്‍ ഉണ്ട്. നമ്മോടൊപ്പം ചിന്തിക്കുന്നതും നടക്കുന്നതും കഥാകാരനും കൂടിയാണ്. കഥാകാരന്റെ വിജയമാണത്. ഈ കഥകള്‍ നിലനില്‍ക്കും.

പെരിങ്ങോടന്റെ കഥ പറയുന്ന ശൈലി സുന്ദരമാണ്. ആവനാഴിയില്‍ വാക്കുകള്‍ ധാരാളമുണ്ട്. എഴുത്തിനു പക്വത വന്നിട്ടുമുണ്ട്. എന്നാല്‍ പെരിങ്ങോടന്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ശൈലിയുടെ ആവര്‍ത്തന വിരസതയാണ്. ഒരുപാട് കഥകള്‍ ഒരേ ശൈലിയില്‍ ആവുന്നു - ഒറ്റക്കമ്പിനാദം പലര്‍ക്കും ഇഷ്ടപ്പെടുമായിരിക്കും, എങ്കിലും മറ്റുപലര്‍ക്കും ധാരാളം കമ്പികളുള്ള സരോദും സിത്താറും ഒക്കെയാവും ഇഷ്ടം. ഇത് വലിയ ഒരു ന്യൂനതയല്ല. ന്യൂനത സര്‍ഗ്ഗം എന്ന ചിത്രത്തില്‍ പാട്ടിനുമുന്‍പുള്ള ഡയലോഗ് ആണ്.

“നിറുത്തിനിറുത്തി പാടൂ, എന്നാലല്ലേ ഭാ‍വം വരൂ”

(ജാമ്യം: പെരിങ്ങോടന്റെ നാലോ അഞ്ചോ കഥകളേ ഞാന്‍ വായിച്ചിട്ടുള്ളൂ - ഏറ്റവും നല്ലവ അതുകൊണ്ടുതന്നെ വായിച്ചുകാണില്ല. ഈ കുറിപ്പില്‍ പ്രോത്സാഹനത്തെക്കാളേറെ വിമര്‍ശനം ആണെങ്കിലും ക്ഷമിക്കുക. പെരിങ്ങോടനു എല്ലാ ഭാവുകങ്ങളും. ഇനിയും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു).

12 comments:

കണ്ണൂരാന്‍ - KANNURAN said...

നല്ല സംരംഭം.. തുടരുക..

ഗുപ്തന്‍ said...

you remind me of someone.. I should have taken the first post seriously :) I think I got you...


of this post... no comments. I have left a remark there in the story post. 'avasthakal' was one of the most creative attempts at narration here in blogs recently.

of course style-of-writing is something that some one repeats very often. not easy to redeem onself of that. the bigger problem could be that Peringodan's language and style reminds us of some one else (no prize for guessing who), esp., when he tires to recreate epical ambience. the present story has precisely the epical structure, you see.

peringodan has successflly tried a diffent set of language and style in a number of stories. most notable is 'kathha ezhuthaan edukkunna samayam'.

വെള്ളെഴുത്ത് said...

ബ്ലോഗിലെ എഴുത്തുകാരെ കൂടുതല്‍ വായിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗം എന്ന നിലയ്ക്ക് നല്ല ശ്രമം. പക്ഷേ പഠനം എന്നു വിളിക്കുന്നതു കടന്ന കൈയാണ്. പെരിങ്ങോടന്റെ കഥകളിലെ പെരിങ്ങോടന്‍’ എന്ന ഒറ്റ നൂലിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അത് കഥയെക്കുറിച്ചുള്ള പഠനമാവില്ല.‍ ബക്കിയുള്ളത് പൊതു പ്രസ്താവനകളാണ്. ഒരു കഥയെകൂടുതലായി മനസ്സിലാക്കാന്‍ എന്തെങ്കിലും അല്ലെങ്കില്‍ കഥ്കളില്‍ പൊതുവായി കാണുന്ന ചില പ്രവണതകളുടെ അഴിച്ചെടുക്കല്‍.. അങ്ങനെ ചിലതാണ് വേണ്ടത് ...

Glocalindia said...

“എഴുതിയാല്‍ സ്വതസിദ്ധമായ പ്രതിഭകൊണ്ട് നന്നാവും, പക്ഷേ വളരെ നന്നാവില്ല” എന്നെഴുതീത് മനസ്സിലായില്ല.

“കഥ മറന്നുപോവുകയും ചെയ്യും. ഇങ്ങനെയുള്ള കഥകള്‍ക്ക് ആയുസ്സ് കുറവാണ്” എന്നുവച്ചാല്‍ കഥ വായിച്ചാല്‍ നമ്മളത് മറക്കാന്‍ പാടില്ലെന്നാണോ?

ബാജി ഓടംവേലി said...

നല്ല ശ്രമം. തുടരുക

nariman said...

ബൂലോകത്തിനു പുറത്ത് ഈ പെരിങ്ങോടന്മാരെപ്പോലുള്ള ബ്ലോഗുസാഹിത്യകാരന്മാര്‍ക്ക് ലോകത്തൊരിടത്തും ആരും പുല്ലുവിലപോലും കല്പിക്കാത്തതെന്താണ്? ബൂലോകത്തു പരസ്പരം ചൊറിഞ്ഞും ആത്മപ്രശംസ നടത്തിയും കൂപ മണ്ഡൂകങ്ങളായി ഇങ്ങനെ കുറെ പെരിങ്ങോടന്മാര്‍!!

Abdu said...

പെരിങ്ങോടനും അയാളുടെ കഥയും തമ്മിലെ ബന്ധം മാത്രമാണ് ഇതില്‍ പരാമര്‍‌ശിച്ച് കണ്ടത്, (അത് തന്നെയും വളരെ ചെറുതും അപൂര്‌ണ്ണവും)

അതൊരിക്കലും വെള്ളെഴുത്ത് പറഞ്ഞ പോലെ കഥ/കളെ കുറിച്ചുള്ള പഠനം ആകുന്നേയില്ല,

Duryodhanan said...

വെള്ളെഴുത്ത്, ഇടങ്ങള്‍, മനു: വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നു. ഇത് ഒരു പഠനം എന്ന നിലയില്‍ സമ്പൂര്‍ണ്ണം ആവുന്നില്ല. ഞാന്‍ ഒന്നുകൂടി തിരുത്തി എഴുതാം. എങ്കിലും ഇതില്‍ ആര്‍ക്കെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ആവുമെങ്കില്‍ ഒരു കമന്റായി പോസ്റ്റ് ഇടൂ. അല്ലെങ്കില്‍ duryodhanan@gmail.com എന്ന ഐ.ഡി. ഇല്‍ ഒരു മെയില്‍ അയക്കൂ.

ജിലോക്കല്‍ഇന്‍ഡ്യ: മറക്കാനാവാത്ത കഥകളും ധാരാളം ഉണ്ട്. അല്പകാലം എങ്കിലും കഥയുടെ ഇഫക്ട് ഒരു വായനക്കാരനില്‍ നിലനില്‍ക്കണം എന്ന് മിക്ക എഴുത്തുകാരും ആഗ്രഹിക്കുന്നു. good, great എന്നീ വാക്കുകള്‍ തര്‍ജ്ജിമ ചെയ്യാന്‍ നോക്കിയതാണ് താങ്കള്‍ മനസിലായില്ല എന്ന് എഴുതിയ ഭായം. there are good works and there are great works.

നരിമാന്‍: പ്രിന്റ് മീഡിയയില്‍ അച്ചടിക്കുന്നതാണോ ഒരു കഥ / കഥാകൃത്തിന്റെ വിലയിരുത്താന്‍ ഉള്ള മാനദണ്ഡം? കഴിഞ്ഞമാസം നാട്ടില്‍ പോയപ്പോള്‍ മനോരമ വാര്‍ഷികപ്പതിപ്പ് വാങ്ങിച്ചു. മൂലക്കുരുവും ഒരു മദ്ധ്യവയസ്കയുടെ ലൈംഗീക ചോദനകളും ബന്ധപ്പെടുത്തുന്ന ഒരു കഥ. (ഇതില്‍ ഭാഷയും കല്‍പ്പനകളും സുന്ദരമാണ്. പക്ഷേ മൂലക്കുരു സുന്ദരമാണോ? എനിക്കറിയില്ല) ആര്‍ക്കും മനസിലാവാത്ത, ഒരു ആശയവും ഇല്ലാത്ത, വിധവകളെക്കുറിച്ചുള്ള ഒരു അത്യന്താധുനിക കഥ. (അത്യന്താധുനികന്‍ ആയതുകൊണ്ട് വല്ലൊ അര്‍ത്ഥവും ഉണ്ടെന്ന് പത്രാധിപര്‍ നിനച്ചുകാണണം) അമേരിക്കയില്‍ ഫ്ലൈറ്റ് ഇറങ്ങുന്നതും ബാഗേജ് വരാന്‍ വൈകുന്നത് കാത്തുനില്‍ക്കുമ്പോള്‍ ഉള്ള ഫ്രസ്ട്രേഷന്‍സും പിന്നെ മോന്റെ സ്നേഹത്തിനു പകരം വേലക്കാരന്റെ സ്നേഹം കിട്ടുന്നതും ഒക്കെ കലര്‍ത്തി ഒരു കഥ. (ഈ കഥയില്‍ സാധാരണക്കാരനു കേറാന്‍ കഴിയാത്ത എയര്‍പ്പോര്‍ട്ടും ബാഗേജ് ബെല്‍റ്റും ഒക്കെ വരുന്നതുകൊണ്ടാവണം ഇതും പ്രസിദ്ധീകരിച്ചത്). ഇത്രയും വായിച്ചപ്പോള്‍ ഞാന്‍ വാര്‍ഷികപ്പതിപ്പ് അടച്ചുവെച്ചു.

ബ്ലോഗില്‍ വായനക്കാരുടെ എണ്ണം അച്ചടി മാദ്ധ്യമങ്ങളെ അപേക്ഷിച്ച് കുറവായിരിക്കാം. പലപ്പോഴും നീ എന്റെ പുറം ചൊറിയൂ, ഞാന്‍ നിന്റെ പുറം ചൊറിയാം എന്ന മോഡലില്‍ ആയിരിക്കാം വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും ഒക്കെ. എങ്കിലും പ്രതിഭയെ കാണുമ്പോള്‍ അതിനെ വളര്‍ത്തേണ്ടതും വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിക്കേണ്ടതും മറ്റുള്ളവരുടെ കടമയാണ്.

ഓ.ടോ: നരിമാന്‍ എന്തിനാണ് ബ്ലോഗ് നിരൂപണങ്ങള്‍ വായിക്കുന്നത്?

ഗുപ്തന്‍ said...

ഒരു കഥയില്‍ കഥാകാരന്റെ ആത്മാവില്ല അക്ഷരങ്ങളേയുള്ളൂ എന്നു പറയുന്നത് കഥയെക്കുറിച്ചുള്ള പഠനം ആകാതിരിക്കുന്നതെങ്ങനെ എന്ന് മനസ്സിലായില്ല.

കഥയുടെ രൂപത്തില്‍ നടത്തിയ ധൈര്യമുള്ള ഒരു പരീക്ഷണം - ഞാന്‍ ബ്ലോഗില്‍ കണ്ട ഏറ്റവും ക്രിയാത്മകമായ പരീക്ഷണം - എന്നതൊഴിച്ചാല്‍ വായന ദുഷ്കരമായ ഒരു ബൌദ്ധികാഭ്യാസം ആകുന്നു 'അവസ്ഥകള്‍ ' വായിക്കുന്നത്. മഴനൂലുപോലെ നേര്‍ത്തുപോയി ഒരു രൂപരഹിതമായ അനാഥത്വത്തില്‍ അവസാനിക്കുന്ന നരേഷന്റെ ഒടുവില്‍ വായനക്കാര്‍ ശാന്തയോടൊപ്പം ഒറ്റക്കടത്തില്‍ എത്തിനില്ക്കും - അപ്പുറത്തുനിന്ന് എഴുത്തുകാരന്‍ വഞ്ചിയും കൊണ്ടുവരുന്നോ എന്നറിയാന്‍. വായനക്കാരന്റെ ആധികള്‍ക്ക് ന്യായമുണ്ട്.

കഥയുടെ രൂപം പൂര്‍‌ണമായോ (ആ ചോദ്യം പ്രമോദ് അവിടെ ചോദിച്ചിട്ടുണ്ട് ഒരു കമന്റില്‍. പ്രമോദും സിമിയും യോജിക്കും എന്ന് തോന്നുന്നു. കഥയുടെ ഖണ്ഡങ്ങള്‍ പലതായി വായിച്ചവര്‍ ഏറെ. ഒരുമിച്ചൊരു വായന നിര്‍ബന്ധമാണോ എന്ന് കഥാകൃത്തിനോട് തന്നെ ചോദിക്കേണ്ടിവരും. ദലീയുടെ റ്റൈം എന്ന പെയിന്റിങ്ങിനെക്കുറിച്ചാണ് ഞാന്‍ ഓര്‍ത്തത്. കഥ/ജീവിതം ഒരു കൊളാഷ് ആകുന്നു. അവസ്ഥകളുടെ കൊളാഷ്.) എന്നചോദ്യത്തിനപ്പുറം വായന നിനക്കെന്തുനല്‍കി എന്ന ചോദ്യത്തിനുത്തരം പറയാന്‍ ശ്രമിക്കുക. പെരിങ്ങോടന്‍ വിജയിക്കുന്നതവിടെയാണ് എന്നാണ് എന്റെ പക്ഷം.

ഗുപ്തന്‍ said...

'Time' ennalla 'persistence of memory' ennaanu Dalì yude njaan uddheshiccha paintinginte peru. It is also known as persistence of time.

hard (frozen)images melting into softness and the distant vision of a shore and the distant approximation of a human figure in the midst...

രാജ് said...

എമ്പതി (തന്മയീഭവിക്കല്) സാഹിത്യരൂപങ്ങളില് മിക്കതിലും കാണുവാന് കഴിയുന്ന രചനാസങ്കേതമാണ്. എല്ലായ്‌പ്പോഴും കഥാകാരനും വായനക്കാരനും നിരൂപകനും കഥാപാത്രങ്ങളോട് എമ്പതൈസ് ചെയ്തുപോകുന്നത് എന്തുമാത്രം അക്രിയാത്മകമായിരിക്കും(? ഇങ്ങനെ ഒരു വാക്കുണ്ടല്ലോ അല്ലേ ?) എന്നോര്ത്തുനോക്കൂ. ശൈലിയിലൂടെയോ ക്രാഫ്റ്റിലൂടെയോ അല്ലാതെ എഴുത്തുകാരനെ സ്ഥിരമായി ഓര്‍മ്മപ്പെടുത്തുന്നതു ചില കഥകളിലെങ്കിലും മോശം ട്രീറ്റ്മെന്റ് ആകുമെന്ന് തോന്നുന്നു.

ശൈലിയെ കുറിച്ചുള്ള സുയോധനന്റെ നിഗമനങ്ങള്ക്കും മനുവിന്റെ കമന്റിനും ഇടയിലെവിടെയോ ആവണം എന്റെ സ്ഥാനം. ശൈലി നിര്‍വചിക്കുന്നത് പദപ്രയോഗങ്ങളോ, സംഭാഷണശകലങ്ങളിലുള്ള സാമ്യമോ അല്ലെന്ന് തോന്നുന്നു. ഏറെക്കുറെ ഒരേ ഭാഷയിലാണു ഞാന്‍ കഥയെഴുതുവാന്‍ ശ്രമിക്കുന്നതും, ആത്മഭാഷണങ്ങള്‍ എഴുതുന്നതും. സാമാന്യത്തില്‍ അതു തന്നെയാണ് ശൈലിയെന്ന് നിങ്ങള്‍ വിവക്ഷിക്കുന്നതെന്ന് കരുതുന്നു, എങ്കില്‍ ഈ ശൈലി ആവര്ത്തിക്കുന്നുണ്ടെന്നത് മിക്കപ്പോഴും ശരിയാണ്, തല്‍ക്കാലം എനിക്കത്ര മുഷിഞ്ഞിട്ടില്ല ;)

ഗുപ്തന്‍ said...

രാജ്
കമന്റിപ്പൊഴേ കണ്ടുള്ളു..

താങ്കളുടെ ശൈലി മടുത്തു എന്ന് ഞാന്‍ പറഞ്ഞില്ല. ഒരിടത്തും.

പാലക്കാടന്‍ ഗ്രാമഭാഷയുടെ സാന്നിധ്യത്തെക്കുറിച്ചും അതില്‍നിന്നുകൂടി ഉണ്ടാകുന്ന ശൈലിയുടെ വ്യക്തിത്വത്തെക്കുറിച്ചും ‘മറ്റൊരാളുടെ’ സാമീപ്യത്തെപ്പറ്റി സൂചിപ്പിക്കുമ്പൊഴേ ഞാന്‍ ഓര്‍ത്തിരുന്നു. :) താങ്കള്‍ പറഞ്ഞത് നേരാണുതാനും.

ഞാന്‍ പറയാനുദ്ദേശിച്ചത് കൃത്യമായി പറഞ്ഞോ എന്ന് സംശയം. പുരാണങ്ങളുമായി ബന്ധമുള്ള കഥകളും (അവിച്ഛത്രം..)പുരാണത്തിന്റെ ഘടനയിലേക്ക് കടന്നുനില്‍ക്കുന്ന കഥകളും (അവസ്ഥകള്‍) വരുമ്പോള്‍ താങ്കളുടെ ശൈലി -പദാവലിയെക്കാള്‍ ഭാഷയുടെ ഘടന- മറ്റേ പാലക്കാടനെ വല്ലാതെ ഓര്‍മിപ്പിക്കുന്നു. ഇതിഹാസത്തിന്റെ ഘടനയും സിംബോലിക്കല്‍ വാല്യുവും വിജയനോളം ഉള്‍കൊണ്ടമറ്റാരും മലയാളത്തില്‍ ഇല്ലാതെപോയതാവും ഒരു കാരണം (ഒരേ ഒരു വി.കെ.എന്നിന്റെ അപനിര്‍മിതികളെ മനപൂര്‍വം മറന്നതാണ്). അതൊരു ബലഹീനതയാണെന്ന് ഞാന്‍ തീര്‍പ്പുകല്പിച്ചിട്ടില്ല. ആംബിയെന്‍സിന് യോജിക്കുന്ന ഭാഷാഘടന ഉപയോഗിക്കാന്‍ കഴിയുന്നത് ശക്തിയാണ്.
അനുകരണം ആകാത്തിടത്തോളം. (എന്‍.പി മുഹമ്മദും സഖറിയായും സത്യവേദപുസ്തകത്തിലെ ഭാഷാശൈലി വളരെ സമര്‍ത്ഥമായിട്ട് ഉപയോഗിച്ചിട്ടുണ്ട്.)


ഇത്തരം കഥകളുമായി നോക്കുമ്പോള്‍ താങ്കളുടെ മറ്റു കഥകളിലെ ഭാഷാഘടന വ്യത്യസ്ഥമാണ്. അതിനു കൂടുതല്‍ വ്യക്തിത്വമുണ്ട് താനും.

ശൈലിയുടെ തുടര്‍ച്ച എഴുത്തുകാരന്റെ ഏറ്റവും വലിയ ശക്തിയും ദൌര്‍ബല്യവുമാണ്. ലാപ്പുഡ കവിതയിലെ ലാപുഡ സ്റ്റാമ്പ് പോലെ പെരിങ്ങോടന്റെ കഥകള്‍ക്കും അത് ചെടിക്കുന്നിടത്തോളം ആയിട്ടില്ല. (പക്ഷേ ആകരുത്. അതാവണം സുയോധനന്റെ പായിന്റ്. :))

ഒരു രഹസ്യം :) ഞാന്‍ ശ്രദ്ധിച്ച ഒരു ശൈലീദോഷം പറയാം. പുരാണത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ താങ്കള്‍ വല്ലാതെ ‘ഉണ്ടായി‘ എന്ന് അവസാനിക്കുന്ന സംയുക്തങ്ങള്‍ ഉപയോഗിക്കുന്നുണ്ട് . പറയുകയുണ്ടായി.. ചെയ്യുകയുണ്ടായി.. അങ്ങനെ.

‘ആയിരുന്നു‘ എന്ന വാക്കില്ലെങ്കില്‍ മലയാളസാഹിത്യകാരന്മാര്‍ തെണ്ടിപ്പോയേനെ എന്ന് അന്‍‌വര്‍ അബ്ദുള്ള പറഞ്ഞിട്ടുണ്ട്. :)