Sunday, October 7, 2007

ഇഞ്ചിപ്പെണ്ണിന്റെ ബ്രേവ് ഗേള്‍സ്, കുറുമാന്‍, വിശാലന്‍ - ഒരു പഠനം

ബൂലോകത്ത് വായിച്ച കഥകളില്‍ ഇഷ്ടപ്പെട്ടവ പലതും ഉണ്ട്. മനസ്സില്‍ തങ്ങിനില്‍ക്കുന്ന കഥകളും ധാ‍രാളം. ഇതില്‍ എടുത്തുപറയാവുന്ന ഒന്നായിരുന്നു ഇഞ്ചിപ്പെണ്ണ് എഴുതിയ ബ്രേവ് ഗേള്‍സ് എന്ന കഥ.

ഒരു കഥ എഴുതുമ്പോള്‍ കഥാകൃത്ത് പല വിചാരങ്ങളോടെ ആവാം എഴുതുന്നത്. മനസ്സില്‍ വിങ്ങിനില്‍ക്കുന്ന ഒരു ആശയത്തെ അനിര്‍ഗ്ഗളമായി കടലാസിലേയ്ക്ക് / ബ്ലോഗിലേയ്ക്കു പകര്‍ത്തുന്നവര്‍ ഉണ്ട്. ആത്മപ്രകാശനം എന്ന രീതിയില്‍ എഴുതുന്നവരുണ്ട്. എഴുത്തിലെ സന്തോഷം അനുഭവിക്കാന്‍ മാത്രം എഴുതുന്നവരുണ്ട്. വായനക്കാരനെ മനസ്സില്‍ കണ്ട് എഴുതുന്നവരുണ്ട്. അയ്യായിരത്തോളം കവിതകള്‍ എഴുതി അവയെല്ലാം സ്വന്തം ഭാര്യയ്ക്കു പോലും വായിക്കാന്‍ കൊടുക്കാതെ പെട്ടിയില്‍ പൂട്ടിവെച്ചിരിക്കുന്ന അമ്മാവനെക്കുറിച്ച് ഒരു സുഹൃത്ത് എന്നോടു പറയുകയുണ്ടായി. തന്റെ കഥകള്‍ ഒന്നും തന്നെ പ്രസിദ്ധീകരിക്കാതെ മരണശേഷം എല്ലാം കത്തിച്ചുകളയണം എന്ന് സുഹൃത്തിന്റെ പറഞ്ഞേല്‍പ്പിച്ചിട്ട് മരിച്ച കാഫ്കയെയും നമുക്കറിയാം. എങ്കിലും എന്തൊക്കെ ലക്ഷ്യങ്ങളായാലും കഥ നടക്കുന്നത് വായനക്കാരന്റെ മനസ്സില്‍ ആണ്. കഥാകൃത്തിന്റെ ലക്ഷ്യം അതായാലും ഇല്ലെങ്കിലും കഥയുടെ കാന്‍‌വാസ് വായനക്കാരന്റെ മനസ്സു തന്നെയാണ്. ഇവിടെ കഥയുടെ വലിപ്പം, ആശയങ്ങളുടെ കാഠിന്യവും മൂര്‍ച്ചയും, ഇതൊക്കെ രണ്ടാമതേ വരുന്നുള്ളൂ.

റോശാക്കുട്ടിയെ കാണാന്‍ അമ്മുകുട്ടിക്ക് പോണം.

ഈ വരിയും തുടര്‍ന്നുള്ള വരികളും വായിക്കുമ്പോള്‍ എന്റെ മനസ്സില്‍ തെളിയുന്ന ചിത്രങ്ങള്‍ നാലോ ആറോ വയസ്സുള്ള രണ്ട് കസിന്‍സ്, രണ്ട് കൊച്ചുകുട്ടികള്‍. അതില്‍ ഒരാള്‍ ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞ് കാണാന്‍ പോണം എന്ന് ചിണുങ്ങുന്ന ഒരു റോശാക്കുട്ടി. (ശ്രദ്ധിക്കുക: റോസാക്കുട്ടിയല്ല, റോശാക്കുട്ടി - കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്ന, അവരുടെ ഭാഷയില്‍ സംസാരിക്കുന്ന ഒരമ്മയെയും അമ്മയുടെ വാത്സല്യത്തെയും വായനക്കാരനു ഈ ഒരു വാക്കില്‍ തന്നെ കാണാം. റോശാക്കുട്ടീ എന്നുവിളിക്കുന്ന അമ്മയുടെ വിളി ഇവിടെ കേള്‍ക്കുക).

വലിയ കണ്ണടയുള്ള ഡോക്ടര്‍ വയറ്റുമ്മേ മുറിച്ചു. എന്നിട്ട് അമ്മേടെ കയ്യിലുള്ളത്തെ തയ്യല്‍മെഷീന്‍ കൊണ്ട് തയ്ച്ചു.: കുഞ്ഞിനു മനസിലാവുന്ന ഭാഷ. ഡോക്ടര്‍ തുന്നിക്കെട്ടിയത് ഒരു ചെറിയ സംഭവമായി കുഞ്ഞിനു ഇതു കേള്‍ക്കുമ്പോള്‍ തോന്നും. പേടിക്കാനൊന്നുമില്ല. അമ്മ ഇടയ്ക്കിടയ്ക്കു തയ്ക്കുന്നതല്ലേ. ഡോക്ടര്‍ ഭയങ്കരനാണ്. ഡോക്ടറെ പേടിക്കണം. വലിയ കണ്ണടയുള്ള ഡോക്ടര്‍. പക്ഷേ ഓപ്പറേഷന്‍ - ഒരു സിമ്പിള്‍ കാര്യം.

റോസാക്കുട്ടിക്ക് എന്തിനാ ഓറഞ്ചസ് കൊടുക്കുന്നതെന്ന് കുഞ്ഞിനു സംശയമുണ്ടാവാം. മോള്‍ക്ക് പണ്ടു റോശാക്കുട്ടിയും കൊണ്ടുത്തന്നതല്ലേ എന്നുചോദിക്കുമ്പോള്‍ കുഞ്ഞിന്റെ സംശയം തീരുന്നു. അതിലളിതമായ ഒരു ഗുണപാഠം കുഞ്ഞിനു അമ്മ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. "കര്‍മ്മണ്യേ വാധികാരസ്തേ, മാ ഭലേഷു കഥാചനാ" എന്നൊക്കെ പറഞ്ഞുകൊടുക്കുന്നതിലും എത്രയോ എളുപ്പമായ കാര്യം :-)

റോശാക്കുട്ടിക്ക് നിറയെ ഉമ്മ കൊടുക്കണം എന്നുപറയുമ്പൊഴും കഥയില്‍ മാതൃവാത്സല്യവും സ്നേഹവും തുളുമ്പുന്നു. കഥാന്ത്യമാണ് ഏറ്റവും നല്ലത്. ഓപ്പറേഷന്‍ വലിയ കാര്യമല്ലെങ്കിലും കുഞ്ഞിനു പേടി - റോശാക്കുട്ടി കരയുവോന്നു. ഇല്ല. റോശാക്കുട്ടി ബ്രേവ് ഗേള്‍ ആണ്. ബ്രേവ് ഗേള്‍സ് കരയില്ല. റോശാക്കുട്ടിക്ക് ഉമ്മകൊടുക്കുമ്പോള്‍ അമ്മുക്കുട്ടിയും കരയില്ല. കാര്യം അമ്മുക്കുട്ടിയും ബ്രേവ് ഗേളാണ്. ഇവിടെ ആരാണ് കരയാന്‍ പോവുന്നത്? ആരു കരയും എന്നാണ് അമ്മയ്ക്കു പേടി? മോളുടെ പേടിമാറ്റുമ്പൊഴും രണ്ടു കൊച്ചുകസിന്‍സിന്റെ സ്നേഹം കണ്ട്, ഇതില്‍ ഒരാള്‍ കരഞ്ഞുപോയാല്‍, കരയുന്നത് അമ്മതന്നെയായിരിക്കും. അമ്മ ബ്രേവ് ആണോ? ഇഞ്ചിപ്പെണ്ണ് കഥയില്‍ ഉത്തരം പറയുന്നില്ല.

എങ്കിലും മകളേ കരയരുത്. മോള്‍ കരയില്ല. മോള്‍ ബ്രേവ് ആണ്. ഇവിടെ കടമ്മനിട്ടയുടെ കോഴി ഓര്‍മ്മവരുന്നു. സുജിത്തിന്റെ കാര്‍ട്ടൂണില്‍ നിന്നാണ് ഞാന്‍ ഈ കവിത വായിച്ചത്. മാത്രമല്ല,ഇനി വരാനുള്ള ഭീകരതകളെ നേരിടാന്‍, ജീവിതത്തിന്റെ വേദനകളെ നേരിടാന്‍, കുഞ്ഞിനെ തയ്യാറാക്കുന്ന അമ്മക്കോഴി. ഇവിടെ ഒരു ലളിതമായ തത്വത്തില്‍ മോളോട് ധൈര്യമായി ഇരിക്കാന്‍ പറയുന്ന അമ്മ. കരയരുത്. നല്ല കുട്ടികള്‍ കരയില്ല. ബ്രേവ് ഗേള്‍സ് കരയില്ല.

കഥയില്‍ ഉടനീളം ഇംഗ്ലീഷ് വാക്കുകളുടെ ഉപയോഗം ശ്രദ്ധിക്കുക. കുഞ്ഞ് ഇംഗ്ലീഷ് മീഡിയം നേഴ്സറിയില്‍ ആവാം പഠിക്കുന്നത്. കുഞ്ഞിന്റെ ഭാഷ അവിടെ കേള്‍ക്കുന്ന ഇംഗ്ലീഷും വീട്ടില്‍ കേള്‍ക്കുന്ന മലയാളവും ടി.വി.യില്‍ കാണുന്ന ഇംഗ്ലീഷും എല്ലാം ഇടകലര്‍ന്ന ഒരു ഭാഷ ആവുന്നത് സാധാരണമാണ്. ഈ കഥ വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടവര്‍ക്ക് എന്തുകൊണ്ടാവാം ഇത് ഇഷ്ടപ്പെട്ടത്? ഓരോരുത്തരും അവരില്‍ ഒരു കുഞ്ഞിനെക്കണ്ടുവോ? ആരാണ്, ഒരു സ്ത്രീയില്‍ നിന്ന് ഒരു അമ്മയെയും സഹോദരിയെയും കാമുകിയെയും ഭാര്യയും കൂട്ടുകാരിയെയും സഹയാത്രികയെയും ചാരിനില്‍ക്കാന്‍ ഉറപ്പുള്ള ഒരു വൃക്ഷത്തെയും ആ വടവൃക്ഷത്തിന്റെ തണലിനെയും പ്രതീക്ഷിക്കാത്തത്?

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ റോട്ടറി ക്ലബ്ബിന്റെ ഏതോ പരിപാടിയില്‍ കേട്ട പ്രസംഗം ഓര്‍മ്മവരുന്നു. കിടപ്പുമുറിയില്‍ രാത്രി എന്തോ ഒച്ചകേട്ട് ഒരു പാമ്പിനെ കണ്ടെന്നു വിചാരിക്കുക. പല ആളുകള്‍ക്കും ഈ കാഴ്ച്ച പല വികാരങ്ങളാവും നല്‍കുക. ചിലര്‍ക്ക് ഇതുകാണുമ്പോള്‍ പേടിച്ച് നിലവിളിക്കാനാവും തോന്നുക. മറ്റുചിലര്‍ക്ക് പാമ്പിനെ കാണുമ്പോള്‍ ഒരു വടിയെടുത്ത് തല്ലിക്കൊല്ലാനാവും തോന്നുക. ഒരു പ്രകൃതിസ്നേഹിക്ക് / ഫോട്ടോഗ്രാഫര്‍ക്ക് പാമ്പിനോടുതോന്നുന്ന വികാരം അതിന്റെ ഒരു ചിത്രം എടുക്കാനാവും. ഒരു ചിത്രകാരനു പാമ്പിനെ കാണുമ്പോള്‍ അതിന്റെ സൌന്ദര്യം ആസ്വദിക്കാനാവും തോന്നുക. ഒരേ കാഴ്ച്ച പലരിലും നല്‍കുന്ന വീക്ഷണകോണുകള്‍ പലതാണ്.

ഇതേ തത്വം ഈ കഥയിലും പ്രാവര്‍ത്തികമാണ്. കഥ നടക്കുന്നത് വായനക്കാരന്റെ മനസ്സില്‍ ആണ്. റോശാക്കുട്ടിയും അമ്മുക്കുട്ടിയും അമ്മയും ഒക്കെ വായനക്കാരന്റെ മനസ്സില്‍ ആണ്.

എനിക്ക് ഇഷ്ടമുള്ള കാര്‍ട്ടൂണുകളില്‍ ഒന്ന് - ഏറ്റവും ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ എന്നുതന്നെ പറയാം - ബില്‍ വാട്ടേഴ്സണ്‍ വരച്ച കാല്‍‌വിന്‍ ആന്റ് ഹോബ്സ് ആണ്. കാല്‍‌വിന്‍ എന്ന കൊച്ചുകുട്ടിയും ഹോബ്ബ്സ് എന്ന കടുവയും ചേര്‍ന്നുള്ള കുട്ടിത്തങ്ങള്‍, വലിയ ചിന്തകള്‍, ചെറിയ സാഹചര്യങ്ങളിലെ സാഹസികതകള്‍. ഇതില്‍ ഹോബ്സ് ബാക്കി എല്ലാവരുടെയും കണ്ണില്‍ പഞ്ഞിനിറച്ച ഒരു പാവയാണ്. മറ്റുള്ളവര്‍ ഹോബ്സിനെ അങ്ങനെയേ കാണുന്നുള്ളൂ. കാല്‍‌വിന്‍ കാണുമ്പോള്‍ മാത്രം ഹോബ്സ് സംസാരിക്കുന്ന, കൂടെ കളിക്കുന്ന, ഒരു ജീവനുള്ള കടുവയാണ്. ഇതിനു ബില്‍ വാട്ടേഴ്സണ്‍ നല്‍കുന്ന വിശദീകരണം ഇതാണ്: ലോകം അങ്ങനെയാണ്. ഒരേ വസ്തുവിനെ രണ്ടുപേര്‍ കാണുന്നത് ഒരിക്കലും ഒരേപോലെ ആയിരിക്കില്ല. ഞാന്‍ ഒരു വസ്തുവിനെ കാണുമ്പോള്‍ ഉള്ള വികാരങ്ങളായിരിക്കില്ല, മറ്റൊരാള്‍ ഇതേ വസ്തുവിനെ കാണുമ്പോള്‍ ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ ഹോബ്സ് മറ്റുള്ളവര്‍ക്ക് ഒരു പാവയും കാല്‍‌വിനു ജീവനുള്ള ഒരു കടുവയും ആവുന്നത് തികച്ചും സ്വാഭാവികമാണ്.

നല്ല കഥ.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ചെറിയ സാഹചര്യങ്ങളില്‍ നിന്നും കഥപറയുന്നതാണ്. ഒരു കഥ രചിക്കണമെങ്കില്‍ വലിയ വിഷയങ്ങള്‍ ആവശ്യമില്ല. ജീവിതത്തിലെ ചെറിയചെറിയ സംഭവങ്ങളില്‍ അല്‍പ്പം ഭാവനകലര്‍ത്തിയാല്‍ തന്നെ, നല്ല വര്‍ണ്ണനകളും കൂടി ചേര്‍ക്കുമ്പൊള്‍ തന്നെ, നല്ല കഥകള്‍ ജനിക്കുകയായി. ചെറിയ അനുഭവങ്ങളില്‍ നിന്നുള്ള കഥ, വലിയ അനുഭവങ്ങളില്‍ നിന്നുള്ള കഥ - എന്നിവയ്ക്ക് ബ്ലോഗിലെ ഏറ്റവും പ്രശസ്തമായ ഉദാഹരണങ്ങളാണ് വിശാലമനസ്കന്റെ ബ്ലോഗും കുറുമാന്റെ യാത്രാവിവരണവും. വിശാലമനസ്കന്‍ - ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ എടുത്ത് മനോഹരമായി പറഞ്ഞിരിക്കുന്നു. കുറുമാന്‍ - ജീവിതത്തിലെ ചില വലിയ സംഭവങ്ങള്‍ എടുത്ത് മനോഹരമായി പറഞ്ഞിരിക്കുന്നു. രണ്ടും മനോഹരമായ രചനകള്‍.

ഇവിടെ എനിക്കു തോന്നുന്നത് - വിശാലമനസ്കനു ഇങ്ങനത്തെ ആയിരം കുറിപ്പുകള്‍ എഴുതാനും ഇനിയും കഴിയും എന്നാണ്. കാര്യം ജീവിതം അങ്ങനെയാണ് - ദിവസവും പുതിയ പുതിയ അനുഭവങ്ങള്‍ തന്നുകൊണ്ടിരിക്കുന്നു. മിക്കപ്പൊഴും ചെറുതായ, നല്ലതോ ചീത്തയോ ആയ, അനുഭവങ്ങളെ ജീവിതം കോരിച്ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. അവയെ കാണാന്‍ ഉള്ള കണ്ണുണ്ടായാല്‍ മതി, കഥ പിറക്കുകയായി.

കുറുമാന്‍ - വലിയ കഥകള്‍ എഴുതി ഫലിപ്പിച്ചതുപോലെ ഇനി ചെറിയ സംഭവങ്ങളെയും എഴുതി ഫലിപ്പിക്കുന്നത് എനിക്കു കാണണം. ഇത് കുറുമാനു ദുര്യോധനന്റെ വക വെല്ലുവിളിയാണ്. ജീവിതത്തില്‍ നിന്നും നിറപ്പകിട്ടാര്‍ന്ന രചനകള്‍ കുറുമാനില്‍ നിന്നും ഇനിയും ഇനിയും വരണം. (കഥയോ കവിതയോ ലേഖനമോ ചിത്രമോ ഒരു ഫോട്ടോയോ ചെണ്ടകൊട്ടോ - അത് ഏതുരൂപത്തിലും ആവട്ടെ)

==കഥയെഴുത്തിലെ പാഠം: നല്ല വര്‍ണ്ണനകള്‍==
നല്ല വര്‍ണ്ണനകള്‍ എല്ലാ കഥയിലും വേണമെന്നില്ല. ബഷീറിന്റെ ശബ്ദങ്ങള്‍ - ബഷീറിന്റെ പുസ്തകങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശബ്ദങ്ങള്‍ ആണ്. അനുരാഗത്തിന്റെ ദിനങ്ങളും ന്റുപ്പുപ്പായ്ക്കൊരാനെണ്ടാരുന്നും ഒക്കെ അതു കഴിഞ്ഞേ വരുന്നുള്ളൂ - ഈ കഥയില്‍ വര്‍ണ്ണനകള്‍ ഒന്നും തന്നെ ഇല്ലെന്നു കാണാം. എങ്കിലും മിക്ക കഥകളിലും വായനക്കാരനെ നടത്തുന്നത് വര്‍ണ്ണനകളാണ്.

ചലച്ചിത്രങ്ങളിലെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമാണ് കഥകളില്‍ വര്‍ണ്ണനകള്‍ കൊണ്ടുണ്ടാവുന്നത്. പശ്ചാത്തലസംഗീതം ഇല്ലെങ്കിലും ചലച്ചിത്രമുണ്ട്. വര്‍ണ്ണനകള്‍ ഇല്ലെങ്കിലും കഥയുണ്ട്. പല അവാര്‍ഡ് ചിത്രങ്ങളിലും പശ്ചാത്തലസംഗീതം ഉണ്ടാവാറില്ല. എങ്കിലും പശ്ചാത്തലസംഗീതം ഉള്ള ചിത്രം തന്നെയാണ് നമ്മളില്‍ പലര്‍ക്കും ഇഷ്ടം.

തന്റെ സുഹൃത്തായിരുന്ന ഫിറ്റ്സ്ഗെറാള്‍ഡിന്റെ കഥകള്‍ മങ്ങുന്നതിനെക്കുറിച്ച് ഹെമിങ്ങ്‌വേ പറഞ്ഞതു ശ്രദ്ധിക്കുക.

"His talent was as natural as the pattern that was made by the dust on a butterfly's wings. At one time he understood it no more than the butterfly did and he did not know when it was brushed or marred. Later he became conscious of his damaged wings and their construction and he learned to think and could not fly any more because the love of flight was gone and he could only remember when it had been effortless"

(ഒരു ചിത്രശലഭം പറക്കുമ്പോള്‍ ത്തിന്റെ ചിറകില്‍ നിന്നുള്ള പൂമ്പൊടി നിര്‍മ്മിക്കുന്ന പാറ്റേണ്‍ പോലെ അനുസ്യൂതമാണ് ഫിറ്റ്സ്ഗെറാള്‍ഡിന്റെ ശൈലി. ഒരു സമയത്ത് ചിത്രശലഭം അതിന്റെ ചിറകുകള്‍ ഉരയുന്നതോ മുറിയുന്നതോ മനസ്സിലാക്കാത്തതുപോലെ ഫിറ്റ്സ്ഗെറാള്‍ഡും തന്റെ രചനയെ മനസിലാക്കിയില്ല. പിന്നീട് അദ്ദേഹം തന്റെ മുറിവേറ്റ ചിറകുകളെയും അവയുടെ രൂപഘടനയെയും മനസിലാക്കി. അദ്ദേഹം ചിന്തിക്കുവാന്‍ പഠിച്ചു. പിന്നെ അദ്ദേഹത്തിനു പറക്കുവാന്‍ കഴിഞ്ഞില്ല, കാരണം പറക്കലിനോടുള്ള പ്രണയം അസ്തമിച്ചിരുന്നു. പറക്കല്‍ എത്ര അനായാസമായിരുന്നു എന്ന് ചിന്തിച്ച് നെടുവീര്‍പ്പിടാന്‍ മാത്രമേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ)

- എങ്കിലും ഇതിനു കുറുക്കുവഴികളില്ല.

കുറുമാനും വിശാലമനസ്കനും ഇഞ്ചിപ്പെണ്ണിനും എല്ലാ ഭാവുകങ്ങളും.

13 comments:

ഗുപ്തന്‍ said...

ദു ധ്രി.,

പൊതുവായി എന്താണഭിപ്രായം എന്നറിയില്ല. എങ്കിലും ഒരു വായനക്കാരന്‍ എന്ന നിലയില്‍ ലളിതമായി ബ്ലോഗെഴുത്തുകളെ പരിചയപ്പെടുത്തിയാല്‍ - ഏകദേശം ഈ കുറിപ്പൂപോലെ - അതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. സനാതനന്റെ വായനക്കുറിപ്പുകള്‍ എനിക്കിഷ്ടമാകുന്നതും അതുകൊണ്ടാണ്.

ഇഞ്ചിപ്പെണ്ണിന്റെ ലിറ്റററി പൊട്ടെന്‍ഷ്യല്‍ നന്നായി പ്രകാശിക്കുന്നുണ്ട് ഈ അടുത്തിടെയായിട്ട്. അതില്‍ സന്തോഷമുണ്ട്.

കുറുമാനെയും വിശാലേട്ടനെയും ഇഞ്ചിയൂടെ കൂടെ കൂട്ടിക്കെട്ടിയത് കോഴിക്കറിക്കും ഹല്‍‌വക്കും ഒരുമിച്ചു റെസിപ്പി എഴുതുന്നതു പോലെയാണ്. ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം ചെറൂതുണ്ടുകള്‍ എന്നൊക്കെയുള്ള കണക്ഷന്‍ആഡംബരമായി തോന്നി. ഇടക്ക് ബ്ലോഗ് പൂട്ടിയും തുറന്നും നടക്കുന്ന ഒരു ചെങ്ങായി ഉണ്ടല്ലോ -സിമി- ആ പയ്യനും അനുഭവവും ചെറുകാഴ്ചകളും എന്ന ലിസ്റ്റിലൊക്കെ വരും :)

ഇതൊക്കെ എന്റെ തോന്നലാണേ.. അതിനു ഗദയും കൊണ്ട് എന്റെ പൊറകേ വരരുത്.. ഏതൊരിന്ത്യന്‍ പൌരനും ബ്ലോഗ് വായിക്കുമ്പോള്‍ ചിലതൊക്കെ തോന്നാനുള്ള അവകാശം ഭരണഘടനയുടെ 878-ആം വകുപ്പിലൊണ്ട് :)

Duryodhanan said...

മനു: ബ്ലോഗിന്റെ ഒരു ഉദ്ദ്യേശലക്ഷ്യവും നല്ല എഴുത്തുകാരെയും നല്ല പുസ്തകങ്ങളെയും കൂടി പരിചയപ്പെടുത്തുക എന്നതായിരുന്നു. ജെ.ഡി. സാലിങ്ങര്‍, വില്യം ഗോള്‍ഡിങ്, ജോര്‍ജ്ജ് ഓര്‍വ്വെല്‍, സാമുവെല്‍ ബെക്കെറ്റ് തുടങ്ങി പല എഴുത്തുകാരും ക്യൂവില്‍ ഉണ്ട്. വിക്കിപീഡിയയില്‍ ഇവരിലേയ്ക്കുള്ള ലേഖനങ്ങളിലേയ്ക്കു ചൂണ്ടുക എന്നതും ഒരു ഉദ്ദ്യേശം ആയിരുന്നു.

എങ്കിലും കൃഷ്ണന്‍ നായര്‍ ശൈലി വിമര്‍ശനത്തിനു ചേരുന്നില്ല എന്നുതന്നെ തോന്നുന്നു. ബാക്കിയുള്ളവരും അഭിപ്രായം അറിയിക്കുക.

ഹല്‍‌വയും കോഴിക്കറിയും നല്ല കോമ്പിനേഷന്‍ അല്ലേ?

ആഡംബരങ്ങള്‍: ദുര്യോധനനും മനുഷ്യനാണ്. തെറ്റുകള്‍ പറ്റും, പക്ഷേ തിരുത്തില്ല.

സിമി: കഥകളൊക്കെ ഡിലീറ്റ് ചെയ്തതുകൊണ്ട് എഴുതാന്‍ പറ്റില്ല. ഈ ബ്ലോഗില്‍ പരാമര്‍ശിക്കപ്പെടുന്നവര്‍ക്കുള്ള സാമാന്യ നിയമം: കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ എന്തെങ്കിലും എഴുതിയിരിക്കണം (ബ്ലോഗില്‍). ഒരുപാടുനാളായി എഴുത്തു നിറുത്തിയവരെ പരാമര്‍ശിക്കുന്നതുകൊണ്ട് എഴുത്തുകാരനു ഗുണം ഉണ്ടാവുമെന്നു തോന്നുന്നില്ല.

ഈ ബ്ലോഗില്‍ ആരെയെങ്കിലും നിരൂപിക്കണം എങ്കില്‍ കഥാകൃത്തുകള്‍ തന്നെ എനിക്കു ഒരു മെയില്‍ അയക്കുക. സന്തോഷത്തോടെ വിമര്‍ശിക്കാം. തല്‍ക്കാലം ഒരാളേ അങ്ങനെ ആവശ്യപ്പെട്ടിട്ടുള്ളൂ. എനിക്കാണെങ്കില്‍ ഇപ്പൊ ഗദായുദ്ധം ഒന്നും ഇല്ലാത്തതിനാല്‍ ധാരാളം സമയവും ഉണ്ട്.

സ്വന്തം:
ദു:ധ്രി.

myexperimentsandme said...

ഇഞ്ചിയുടെ ബ്രേഗ് ഗേള്‍സ് ഇപ്പോള്‍ ശരിക്കും ആസ്വദിക്കാന്‍ പറ്റി :)

ദുര്യു ഈ പരിപാടി നിര്‍ത്തരുതെന്ന് ഒരു വിനീത് ശ്രീനിവാസന്‍ അപേക്ഷ :)

Inji Pennu said...

ഹൊ! എന്റെ ഭഗവാനേ! ഈ ദുര്യ ബാച്ചിയാണോ? കൊച്ച് പിള്ളേര് വര്‍ത്താനം പറേണത് ഇങ്ങ്ന്യായാണേന്നേ. കണ്ടിട്ടില്ലേ ഇതു വരെ. പിള്ളേരെ നിരീക്ഷിച്ചാല്‍ മതി. അതിങ്ങിനെ വിശകലിച്ചു ഇത്രേം ബ്ലോഗ് സ്പേസ് വേസ്റ്റ് ചെയ്യണോ? കഷ്ടമുണ്ട്! അതെഴുത്യേന്റെ രസം തന്ന കളഞ്ഞു...താങ്ക്സ്. ഇത് പെരിങ്ങോടന്‍ എന്ന ബ്ലോഗര്‍ ചക് ദേ ഇന്ത്യ എന്ന ഒരൊന്നാന്തരം ഒരു ഹിന്ദി സിനിമക്ക് കടുകട്ടി മനുഷ്യര്‍ക്ക് മനസ്സിലാവാത്ത ഒരു നിരൂപണം എഴുതിയപോലെ ആയിപ്പോയി. ആ സിനിമ കാണാനേ തോന്നില്ല്യ പിന്നെ :)
അതോര്‍മ്മക്കുറിപ്പുമാണ് കഥയല്ല. റോശാക്കുട്ടിയും അമ്മക്കുട്ടീം കൂടെ ദുര്യോധനനു അങ്കിളിനു രണ്ട് പിച്ചും രണ്ട് മാന്തും തരാ‍ാന്‍ പറഞ്ഞിട്ടുണ്ട് ഇത് എടുത്തേനു!

simy nazareth said...

ഇഞ്ചിപ്പെണ്ണേ, ക്ഷമിക്കൂ. ദു.ധ്രി. ബാച്ചിയാണു. അതിന്റെ കുഴപ്പങ്ങളാ :-)

ഗൂഗ്ല് സര്‍വ്വറില്‍ ധാരാളം സ്ഥലമുണ്ടെന്നേയ് :-) ഇത്തിരി സ്പേസ് പോട്ടെ.

ഏറനാടന്‍ said...

ധുര്യോധനഗുരോ.. എന്താപ്പാ നുറായിരം ബ്ലോഗനമാരുള്ള ഈയുലഗത്തില്‍ ഇത് പോലുള്ള ഒരു കുറിപ്പിന്റെ ഉദ്ധ്യേശം.. അടുത്തതിലെങ്കിലും ഒരു വരി ഞമ്മളെകുറിച്ചാവണേ ഗുരോ.. :)

Duryodhanan said...

ഏറനാടന്‍: ആ‍വാം‌ല്ലോ.. ഞാന്‍ ഏതെങ്കിലും ഒരു കഥയെടുത്ത് നിരൂപിച്ചാല്‍ പോരേ?

സ്വന്തം
ദു:ധ്രി.

സജീവ് കടവനാട് said...

മനുവേ, ആ സിമിക്കിട്ട് ഇവിടെ കൊട്ടിയത് ശരിയായില്ലാ ട്ടോ, പാവം പയ്യന്‍. ഒന്നും അറിയുന്നുണ്ടാ‍വില്ല.

സി സി സിയോധനന്‍ ച്ഛേ, കൃഷ്ണന്നാര് ശൈലി മാറ്റ്യേത് ഷ്ടായി.
‘ ഒരേ വസ്തുവിനെ രണ്ടുപേര്‍ കാണുന്നത് ഒരിക്കലും ഒരേപോലെ ആയിരിക്കില്ല. ഞാന്‍ ഒരു വസ്തുവിനെ കാണുമ്പോള്‍ ഉള്ള വികാരങ്ങളായിരിക്കില്ല, മറ്റൊരാള്‍ ഇതേ വസ്തുവിനെ കാണുമ്പോള്‍ ഉണ്ടാവുന്നത്...’ ഇതിനെക്കുറിച്ച് എഴുതാനിരിക്കയായിരുന്നു. എന്തായാലും ഒരു കൈ നോക്കുന്നുണ്ട്.

പിന്നെ സിമിയുടെ കഥകളൊക്കെ ഞാന്‍ കോപ്പി ചെയ്ത് എടുത്ത് വച്ചിട്ടുണ്ട്. വട്ടുള്ളവരെ ശ്ശി ഷ്ടാണേയ്. ആവശ്യമെങ്കില്‍ ഒരു പുതിയ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് തരാം. ദു. ധ്രിയുടെ നിയമത്തിനുള്ളില്‍ തന്നെ വരും. ഒരുപാട് കാലമായിട്ടില്ല ബ്ലോഗെഴുത്ത് നിറുത്തിയിട്ട്. രണ്ടു മാസത്തിനുള്ളില്‍ എഴുതിയിട്ടുമുണ്ട്. പിന്നെ എഴുത്തുകാരനെ ‘നന്നാക്കാന്‍’ (?) വേണ്ടിയുള്ള നിരൂപണമൊന്നും വേണ്ട. വായനക്കാരന് കൂടുതല്‍ ആസ്വദിക്കാനുള്ള ഒരു വഴിയൊരുക്കി കൊടുത്താല്‍ മതി.
ഒരു പോസിറ്റീവായ മറുപടി പ്രതീക്ഷിച്ചുകൊണ്ട്.

സ്നേഹപൂര്‍വ്വം കാര്‍വര്‍ണ്ണന്‍.

Duryodhanan said...

പണ്ട് ഹിന്ദിയില്‍ കേട്ട ഒരു ശായരി / മുഷൈര ഓര്‍മ്മവരുന്നു.

हाथि के दान्‍त खाने की ओर, दिखाने की ओर.

ആനയ്ക്ക് കൊമ്പ് പനമ്പും പട്ടയും തിന്നാനും ആണ്, ഒരു ആഡംബരത്തിനും ആണെന്ന് (വിവിധോദ്ദ്യേശ പദ്ധതി).

ബ്ലോഗിന്റെ ഉദ്യേശലക്ഷ്യങ്ങള്‍ ഒരു അവിയല്‍ ആയി എന്നു പറയേണ്ടതില്ലല്ലോ.

ഇനിയും രണ്ടുപേര്‍ ഈ ബ്ലോഗില്‍ അവരുടെ കഥകളെ വിമര്‍ശിക്കാമോ എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി പ്പൊ ദുര്യു സര്‍വ്വീസ് ഓണ്‍ ഡിമാന്റ് മോഡിലോട്ട് പോവുകാണ്. ആര്‍ക്കേലും വിമര്‍ശനം വേണേല്‍ പറയൂ, സ്നേഹത്തോടെ കുത്താം.

സ്വന്തം,
ദു.ധ്രി.

കുറുമാന്‍ said...

ദുര്യോധനോ.......

പണ്ട് ഹിന്ദിയില്‍ കേട്ട ഒരു ശായരി / മുഷൈര ഓര്‍മ്മവരുന്നു.

हाथि के दान्‍त खाने की ओर, दिखाने की ओर.

ആനയ്ക്ക് കൊമ്പ് പനമ്പും പട്ടയും തിന്നാനും ആണ്, ഒരു ആഡംബരത്തിനും ആണെന്ന് (വിവിധോദ്ദ്യേശ പദ്ധതി) - ഇത് തന്നേയാണോ ഇതിന്റെ അര്‍ത്ഥം?

ആനക്ക് തിന്നാനുള്ള പല്ല് വേറെ, പുറത്തേക്ക് കാണിക്കുവാനുള്ളത് വേറെ എന്നാണെന്റെ വിശ്വാസം.

Duryodhanan said...

കുറുമാന്‍ പറഞ്ഞതാണ് ശരി.

'Haathi ke danth, dikane kuch aurr; khane ke kuch aurr'

അങ്ങനെ ആയിരുന്നു ശായരി.

പണ്ട് ഹിന്ദിപ്രചാര സഭയുടെ ക്ലാസില്‍ ഇരുന്ന് മലയാളം പഠിച്ചതിന്റെ കുഴപ്പങ്ങള്‍.. ചൂണ്ടിക്കാണിച്ചതിനു നന്ദി കുറുമാനേ.

സ്നേഹത്തോടെ,
ദു.ധ്രി.

oru praja said...

എന്റെ ഒരു സുഹുത്തു ഒരിക്കല്‍ പറഞ്ഞു.ഈ കൃഷ്ണന്‍ നായരെ കൊണ്ടു വയ്യ..എങ്ങാനും ഒരെണ്ണം അച്ചടിച്ചു വന്നാല്‍ അങ്ങേരു വന്നു കുറ്റം പറയും..പിന്നെ തലപൊക്കി നടക്കാന്‍ .വല്ലൊം എഴുതാന്‍ പേടിയാണെന്നു!. അന്നു മുതല്‍ ആണു വാസ്തവത്തില്‍ കൃഷ്ണന്‍ നായര്‍ എത്ര അപകടങ്ങളില്‍ നിന്നൊക്കെ ആണു മ്മളെ രക്ഷിച്ചുകൊണ്ടിരുന്നതു എന്നു മനസ്സിലാകിയതു, അദ്ദേഹതെ കാണുമ്പോള്‍ അത്ഭുതാദരവു മാറ്റി വച്ചു കൃതജ്ഞതാപുരസരം നോക്കാന്‍ തുടങ്ങിയതു അതിനുശേഷമാണു.(എന്തിനാണു ഇങ്ങനെ പാവം പുതു കഥാകൃത്തുക്കളെ വിമര്‍ശിക്കുന്നതെന്ന ചോദ്യത്തിനു ..തിരുവനതപുരത്തു പാഴ്‌ ചെടി പടര്‍ന്നു കയറി നശിച്ച ഒരു ഇരുനില കെട്ടിടത്തിന്റെ , അവസ്ഥയെപറ്റി പറയും ..മലയാള സാഹിത്യ തറവാടു അതു പോലെ നശിക്കാതിരിക്കനാണു പ്രത്യക്ഷത്തില്‍ വൃഥാ എന്നു തോന്നുന്ന കളയെടുപ്പു നടത്തുന്നതെന്നു.)


ഇതിനു ഒരു മറുവശമെന്നൊണം v,j .James കഥ കണ്ടിരുന്നു കൃഷ്ണന്‍ നായര്‍ വിമര്‍ശിക്കാത്തതിനാല്‍ വൈക്ലയ്ബ്യം അനുഭവിക്കുന്ന കഥാകൃത്തിന്റെ..


എനിക്കിതൊക്കെ വെറുതെ ഒാര്‍മ വന്നു ,ദു:ധ്രി..ബ്ലോഗിലും സ്ഥിതി വ്യത്യസ്തം ആവാന്‍ വഴിയേതും കാണുന്നില്ല..രണ്ടു കൂട്ടരും കാണും

നല്ല കഥകള്‍ പോലെ നല്ല നിരൂപണങ്ങളും ഇഷ്ടം..എങ്കിലും വസ്തുതാപരമായ പിശകുകള്‍ ഒഴിവാക്കുക.. സ്ഥലജലഭ്രമം ഒരു പഴംകഥ. വെറും ചിരി ഒരു യുദ്ധത്തിലേക്കെ പോലും വഴി തുറക്കും..പിന്നെ കുരുക്ഷേത്രം ..കബന്ധങ്ങള്‍ ..

എഴുതുകാരനെ നന്നാക്കാന്‍ നോക്കിയിട്ടു കാര്യമില്ല ...ഒരു മടക്കതപാലിന്റെ,ചവറ്റു കൊട്ടയുടെ നോവുകള്‍ അല്ലെങ്കില്‍ സാധ്യതകള്‍ സ്വയംപ്രസാധനത്തിന്റെ സൗകര്യത്തില്‍,ഗൂഗിളിന്റെ സൗമനസ്യത്തില്‍ മറികടക്കുന്ന ഒരു ബ്ലോഗ്‌ എഴുത്തുകാരനോടു അല്‍പം കാരുണ്യം ആവാം ...ഒന്നുമില്ലെങ്കിലും ഒരു പ്രതിഫലവും ഇച്ഛികാതെ ഒരു L.C ഓപ്പെന്‍ ചെയ്യുന്നതിനിടയില്‍ ,ഒരു പ്രോഗ്രാം complile ചെയ്യുന്നതിനിടയില്‍ ,ഒരു മീറ്റിങ്ങിനിടയില്‍ ഒക്കെ പൊട്ടി വീഴുന്ന ആശയങ്ങളെ ബോസ്സ്‌ കാണാതെ താങ്ങി എടുത്തു നമുക്കു തരുന്നതിലെ ത്യാഗമനോഭാവമെങ്കിലും കാണാതിരുന്നുകൂട ..

ദു:ധ്രി On demand ചെയ്യാന്‍ തീരുമാനിച്ചതു നന്നായി..ആരോഗ്യത്തിനു നല്ലതു..പിന്നെ പരാജയപെട്ട എഴുത്തുകാരന്‍ നിരൂപകനാകുന്നു..എന്നൊക്കെ ചിലര്‍ പറയും ..കാര്യമാക്കരുത്‌.


രാജാവെ അങ്ങെഴുതു..വിമര്‍ശകനും എഴുത്തുകാരനുമിടയില്‍ ഒന്നുമല്ലാത്ത ഒരു പാവം വായനക്കാരെന്റെ ദുഖം കാണാന്‍ അങ്ങല്ലാതെ മറ്റാരാണുള്ളതു? .. പ്രജക്ഷേമം കാക്കും എന്നു പ്രത്യാശിക്കുന്നു :):)

annie said...

niroopakan enthu ezhuthumbozhum alpam koodi shradhikkanam .. athu oru comment anel polum.. niroopakane thanne arenkilum vimarshikkendi varika moshamalle..
"hathi ke daanth.. " arthamo thettichezhuthi.. potte.. athine 'shayari' ennu vilichu kooda.. 'kahavath' anu sheri.. 'pazhanjollu'.