Monday, October 1, 2007

ബര്‍ളി തോമസിന്റെ യക്ഷി - ഒരു പഠനം

മലയാള സാഹിത്യത്തിലെ ഏറ്റവും നല്ല എഴുത്തുകാരന്‍ ആര്, ഏറ്റവും നല്ല കൃതി ഏതാണ് എന്നത് ദശാബ്ദങ്ങളായി വായനക്കാരെ കുഴക്കുന്ന ഒരു ചോദ്യമാണ്. ഖസാക്കിന്റെ ഇതിഹാസം എന്ന് ചിലര്‍. രണ്ടാമൂഴം എന്ന് മറ്റുചിലര്‍. ഇനി ഞാനുറങ്ങട്ടെ ആണ് ഏറ്റവും നല്ല കൃതി എന്നും അഭിപ്രായപ്പെടുന്നവര്‍ ഉണ്ട്. (ഒരു കൂട്ടുകാരി ഇയ്യിടെ ഇനി ഞാനുറങ്ങട്ടെയും രണ്ടാമൂഴവും അടുപ്പിച്ച് വായിച്ചു, രണ്ടാമൂഴത്തെക്കാള്‍ പതിന്മടങ്ങു മികച്ചതാണ് ഇനി ഞാനുറങ്ങട്ടെ എന്ന് അഭിപ്രായപ്പെടുകയുണ്ടായി).

എന്നാല്‍ ഒ.വി. വിജയന്‍, എം.ടി. വാസുദേവന്‍ നായര്‍, പി.കെ. ബാലകൃഷ്ണന്‍, തുടങ്ങിയവരെ ആരാധിക്കുമ്പൊഴും (പാലക്കാട് ജങ്ങ്ഷന്‍ റെയില്‍‌വേ സ്റ്റേഷനില്‍ പോയി ഖസാക്ക് എവിടെയാണ്, എനിക്കു ഖസാക്കില്‍ പോണം, എന്റെ നാട് അതാണ്, എന്ന് ആവശ്യപ്പെട്ട ചെറുപ്പക്കാരന്റെ കഥ മനോരമ സണ്‌ഡേയില്‍ വായിച്ചിട്ടുണ്ട്) നമ്മള്‍ കാണാതെപോവുന്ന, ആദരിക്കാതെ പോവുന്ന ചിലരുണ്ട്. മാത്യു മറ്റം, കോട്ടയം പുഷ്പനാഥ്, സുധാകര്‍ മംഗളോദയം തുടങ്ങിയവര്‍. ഒ.വി. വിജയന്റെ നോവല്‍ വായിക്കുന്ന അത്രയും പേര്‍ തന്നെ കോട്ടയം പുഷ്പനാഥിന്റെ നോവലുകളും വായിച്ചുകാണണം. രണ്ടാമൂഴത്തിലെ ഭീമനെ ഓര്‍ത്ത് ദു:ഖിച്ചവരെക്കാളും, അല്ലെങ്കില്‍ ഇനിഞാനുറങ്ങട്ടെയിലെ കര്‍ണ്ണനുവേണ്ടി തപിച്ചവരെക്കാളും ഉത്കൃഷ്ടരല്ലേ ഒരു വേലിത്തലപ്പിനു അപ്പുറവും ഇപ്പുറവും നിന്ന് “ഗ്രേസീ, മോളിക്കുട്ടിക്ക് എന്തുപറ്റുമെടീ, ജോയിക്കുട്ടന്‍ അവളെ ചതിക്കുമോ? എനിക്ക് ഉറക്കം വരുന്നില്ല” എന്നുപറയുന്ന കേരളത്തിലെ ഒരു വലിയകൂട്ടം ജനങ്ങള്‍? അവരില്‍ വികാരത്തിന്റെ വേലിയേറ്റം ഉണ്ടാക്കാനും “തുടരും” എന്ന ഒരൊറ്റവാക്കുകൊണ്ട് ജനഹൃദയങ്ങളെ ആകാംഷയുടെ മുള്‍മുനയില്‍ നിറുത്താനും കഴിവുള്ളവരാണ് പൈങ്കിളി സാഹിത്യകാരന്മാര്‍ എന്ന് സ്നേഹത്തോടെയും പുച്ഛത്തോടെയും വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ ജനപ്രിയസാഹിത്യകാരന്മാര്‍. ഇവര്‍ക്കുള്ള വായനക്കാരുടെ എണ്ണം നോവല്‍ വാങ്ങി വായിക്കുന്നവരോളമെങ്കിലും വരും. (മനോരമ, മംഗളം തുടങ്ങിയവയുടെ റീഡര്‍ഷിപ്പ് കണക്കുകള്‍ നോക്കുക). ഇവര്‍ക്കായി ഒരവാര്‍ഡിനെയും കുറിച്ച്, ഒരു അംഗീകാരത്തെയും കുറിച്ച് ഞാന്‍ കേട്ടിട്ടില്ല. (ജഗതി ചിത്രങ്ങളില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് തുടങ്ങിയ കഥാപാത്രങ്ങളായി താറടിക്കപ്പെടുന്നത് ഒഴിച്ചാല്‍) - എന്റര്‍ ബെര്‍ളി തോമസ്. മലയാളം ബ്ലോഗിന്റെ നായകന്‍. യുവകോമളന്‍, സുഗുണന്‍, സുന്ദരന്‍, കശ്മലന്‍. കുലപതി, ബ്ലോഗാചാര്യന്‍, ശിങ്കം. ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരന്‍. (സീന്‍ മാറിയതു കണ്ടോ?)

ഈ സ്ഥിതിമാറ്റാന്‍ ബെര്‍ളി സ്വയം ഒരു അവാര്‍ഡ് കൊടുത്തു (അല്ല, മാദ്ധ്യമ പ്രവര്‍ത്തകരാണ് അവാര്‍ഡ് കൊടുത്തതെന്ന് ബര്‍ളി)

യക്ഷിയെപ്രേമിച്ച കപ്യാര്‍ ഷാജുവില്‍ ബര്‍ളി വര്‍ണ്ണിക്കുന്നു.

“സാന്ദ്ര. വെളുത്തു തുടുത്ത് നുണക്കുഴിയുള്ള സാന്ദ്ര. ഹൊ!കടിച്ചു തിന്നാന്‍ തോന്നും... “ ആര്‍ക്കാണ് ഇതു കേള്‍ക്കുമ്പോള്‍ ഒന്ന് കടിക്കാന്‍, ചുരുങ്ങിയപക്ഷം ഒന്നു കുത്തിനോക്കാന്‍ തോന്നാതിരിക്കുക?

“റീന,സ്‍നേഹ,ഷാലി,ലിസി,ടോണിയ.... സുന്ദരിമാരായ പെണ്‍കുട്ടികള്‍ ഉറങ്ങുന്ന വീടുകള്‍ക്കു മുമ്പിലൂടെ ഷാജു അണുബോംബുകള്‍ ഉണങ്ങാന്‍ വച്ചിരിക്കുന്ന മുറികള്‍ക്കു മുമ്പിലൂടെ ബിന്‍ലാദനെന്നപോലെ നടന്നു പോയി.“ - ബര്‍ളിയുടെ അതിനൂതനമായ ഉപമ - മലയാള സാഹിത്യത്തില്‍ ഇത് ആദ്യമാണ്. (പണ്ട് ബിന്‍‌ലാദന്‍ ഇല്ലായിരുന്നു)

“ബോധം തെളിയാന്‍ കുറച്ചധികം സമയം വേണ്ടി വന്നു. യക്ഷിയെ നേരിട്ടു കണ്ടിട്ട് ഒന്നു ബോധം കെട്ടില്ലെങ്കില്‍ നാളെ ഇക്കഥ പറയുമ്പോള്‍ ആളുകള്‍ വിശ്വസിക്കില്ല“ - ഇങ്ങനെ ഉള്ള അത്യന്താധുനിക ഇഫക്ടുകള്‍ കഥയില്‍ വേണ്ടായിരുന്നു. കഥാകൃത്തിന്റെ ഇടപെടല്‍ ഇല്ലാതെതന്നെ ഷാജു ബോധം കെട്ടു എന്നോ ഒന്നു മുള്ളി എന്നോ പറഞ്ഞാലും വായനക്കാര്‍ വിശ്വസിക്കും.

എന്നതാ നിന്റെ പേര് ?

രതി !

ശൊ!

എന്താ നിനക്കൊരു ശൊ ?

ആ പേര് ... ഒരു ഭയങ്കര പേരാണല്ലോ ?

അതെ.. ഞാനൊരു ഭയങ്കരിയാ.. നിനക്കെന്താ എന്നെ പേടിയില്ലാത്തെ

-- ഇതു വായിക്കുമ്പോള്‍ രതിനിര്‍വ്വേദം ഓര്‍ക്കാത്ത എത്രപേരുണ്ട്? യക്ഷിക്ക് ജയഭാരതിയുടെ ലുക്ക് വായനക്കാരന്‍ മനസില്‍ കൊടുത്തുകഴിഞ്ഞു. ബാച്ചികള്‍ സൈക്കിളും തള്ളിക്കൊണ്ട് ഷാജുവായി യക്ഷിയുടെ പിന്നാലെ.. (വിവാഹിതര്‍ക്ക് ഞാന്‍ അല്പം റെസ്പക്ട് തരുന്നു)

“പോസ് ചെയ്തിട്ടെന്ന പോലെ കൈകള്‍ പിന്നിലേക്ക് കുത്തി മെലിഞ്ഞ ശരീരത്തിലെ മാര്‍ദ്ദവങ്ങള്‍ പരമാവധി എക്സ്പോസ് ചെയ്ത് യക്ഷി ഇരുന്നു.“ - ഇത് അജീഷ് ചെറിയാന്‍ കമന്റായി പറഞ്ഞതുപോലെ കാനായിയുടെ മലമ്പുഴ യക്ഷിയെ കഥയിലേയ്ക്ക് ഇറക്കുകയാണ് ബെര്‍ളി.

“ഷാജുവിന് ശരിക്കും സങ്കടം വന്നു. പാവം എന്തൊരു കരച്ചിലാണിത്. യക്ഷിയാണെങ്കിലും അതിനു എന്തു മാത്രം സങ്കടം വന്നു കാണും.... “ , “കണ്ണു ചിമ്മി നോക്കുമ്പോള്‍ യക്ഷി തന്നെ കെട്ടിപ്പിടിച്ചു നിന്ന് കരയുകയാണ്. വിപുലമായ കരച്ചിലാണ്“... “ഇവള് ചില്ലറക്കാരിയല്ല. ഇനി സ്വന്തമായി ബ്ലോഗും കൂടി ഉണ്ടെങ്കില്‍ പൂര്‍ത്തിയായി“ - ബെര്‍ളി തകര്‍ക്കുന്നു.

ബാക്കി രണ്ടുഭാഗങ്ങളില്‍ ഷാജുവിന് അബദ്ധത്തില്‍ ഒരു പ്രണയം വരുന്നതും യക്ഷികഥയുടെ ദുരന്താന്ത്യവും വായനക്കാര്‍ക്കു കാണാം. കഥയുടെ ഇതിവൃത്തത്തെക്കാളും കഥ പറയുന്ന ശൈലി ആണ് വായനക്കാരെ പിടിച്ചിരുത്തുന്നത്, ചിരിപ്പിക്കുന്നത്, മോഹിപ്പിക്കുന്നത്. കഥയ്ക്ക് ഇടയിലൂടെ പള്ളിയിലെ ഏര്‍പ്പാടുകള്‍ക്കും കന്യാസ്ത്രിമാര്‍ക്കും ഒക്കെ ഒരു കുത്തും കൊടുക്കുന്നുണ്ട് ബെര്‍ളി.

ബര്‍ളിയുടേത് ചാരുതയാര്‍ന്ന എഴുത്താണ്. നല്ല ഉപമകള്‍. തനി കോട്ടയം സംസാരശൈലി. ജനപ്രിയ സാഹിത്യം. എവിടെയാണ് ബെര്‍ളിക്കു പിഴയ്ക്കുന്നത്?

അ) പലപ്പൊഴും ബെര്‍ളി അഡള്‍ട്ട്സ് ഒണ്‍ലി ആവുന്നു. സഭ്യതയുടെ അതിര്‍‌വരമ്പ് ഒരു നേര്‍ത്ത നൂല്‍പ്പാലം ആണ്. ഒരു ഉത്തമ പൈങ്കിളിസാഹിത്യകാരന്‍ ഇക്കിളിപ്പെടുത്തുകയേ ആകാവൂ. ആളുകള്‍ അഡള്‍ട്ട്സ് ഒണ്‍ലി എന്നുപറഞ്ഞാല്‍ ചാടിക്കയറി വാ‍യിക്കും. ആദവും ദൈവവും തമ്മിലുള്ള പഴയ സംഭാഷണം ഓര്‍മ്മവരുന്നു (ബൈബിള്‍ ഉല്‍പ്പത്തി പുസ്തകം)

ദൈവം: ഞാന്‍ തിന്നരുതെന്ന് പറഞ്ഞ വിലക്കപ്പെട്ട കനി നീ എന്തിനാണു തിന്നത്?
ആദം: തിന്നരുതെന്ന് പറഞ്ഞില്ലേ, അതുകൊണ്ടാ.

മനോരമ, മംഗളം വാരികകളില്‍ ആ നേര്‍ത്ത അതിര്‍വരമ്പിലൂടെ, നൂല്‍പ്പാലത്തിലൂടെ, വായനക്കാരനെ നോവലിസ്റ്റ് കൈപിടിച്ച് നടത്തുന്നതു കാണാം.

ബെര്‍ളിയുടെ അഡള്‍ട്ട്സ് പ്രയോഗങ്ങള്‍ ഇല്ലെങ്കിലും എഴുത്തിനു ന്യൂനതകള്‍ വരില്ല. ഉല്പ്രേക്ഷ കൂടുതല്‍ ഉപയോഗിച്ചാല്‍ മതിയാവും. (മറ്റൊന്നിന്‍ ധര്‍മ്മയോഗത്താല്‍ അതുതാനല്ലിയോ ഇത് മോളിക്കുട്ടിയേ എന്നുതുടങ്ങുന്ന പദ്യം). ഇംഗ്ലീഷ് പള്‍പ്പ് ഫിക്ഷനിലെ ട്രെന്‍ഡ് തിരിച്ചാണ്. ഒട്ടൊക്കെ ഇക്കിളിക്കുവേണ്ടിയാണ് സിഡ്നി ഷെല്‍ഡണ്‍, ശോഭാ ഡേ തുടങ്ങിയ എഴുത്തുകാരെ വായിക്കുന്നതു തന്നെ.

ആ) മറ്റൊരു പ്രധാന ന്യൂനത തുടരും എന്ന വാക്കിന്റെ അനന്തസാദ്ധ്യതകള്‍ ബെര്‍ളി മനസിലാക്കാത്തത് ആണ്. വായനക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിറുത്താന്‍ കഴിയുന്ന ഒരൊന്നര വാക്കാണ് തുടരും. കാലവര്‍ഷത്തിന്റെ വെളുത്ത മഴ | ജോളിക്കുട്ടി നൈറ്റിയുടെ കുടുക്കുകള്‍ അഴിച്ചു (തുടരും...) - രണ്ടും മലയാളത്തിന്റെ ഭാവനാചാതുരികള്‍. എന്നാല്‍ ഈ കഥയുടെ വിവിധ ഭാഗങ്ങളില്‍ തുടരും എന്ന വാക്കിനു ശക്തി പോരാ. കഥ കൊണ്ടു നിറുത്തുന്ന ഭാഗങ്ങളില്‍ ആകാംഷ തുളുമ്പുന്നില്ല. ബ്ലോഗുബ്ലോഗാന്തരവും ഗൂഗ്ല് റ്റാക്കുവഴിയും ഇനി യക്ഷിക്ക് എന്താവും, ഷാജു ചാവുമോ? തുടങ്ങിയ ചര്‍ച്ചകള്‍ നടത്താന്‍ ഈ വാക്ക് ഉപകരിക്കുന്നില്ല.

ഇ) മറ്റൊരു ന്യൂനതയായി കാണുന്നത് നവരസങ്ങളില്‍ ബെര്‍ളി പ്രതിഭലിപ്പിക്കുന്ന രസങ്ങള്‍ രണ്ടോ മൂന്നോ മാത്രം ആണെന്നാണ്. ഹാസം, ശൃംഗാരം, രൌദ്രം തുടങ്ങിയവ. ബീഭത്സം, കരുണ, വീരം തുടങ്ങിയ ബാക്കി രസങ്ങള്‍ എവിടെ?

ഈ) അതുപോലെതന്നെ ബര്‍ളിയുടെ കഥകളില്‍ സ്ത്രീ കഥാപാത്രങ്ങളെയാണ് ബെര്‍ളി പൊലിപ്പിക്കുന്നത്. പുരുഷന്മാര്‍ക്ക് ബെര്‍ളി വേണ്ടത്ര പ്രാധാന്യം / രൌദ്രത / ഗാംഭീര്യം കൊടുക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. കോട്ടയം പുഷ്പനാഥ് / മാത്യു മറ്റം ഇങ്ങനെ അല്ല. ബാലന്‍ കെ നായരെ അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ബെര്‍ളിയുടെ കഥാപാത്രങ്ങളിലെ പുരുഷന്മാര്‍ കരയുന്നു, നാണം കുണുങ്ങുന്നു. ഇതൊക്കെ കൌമാര കഥാപാത്രങ്ങളാണ്. കൊമ്പന്‍ മീ‍ശയും പിരിച്ചുനടക്കുന്ന പുരുഷന്മാരല്ല. (ബെര്‍ളി: താഴ്വാരം സിനിമ എടുത്തുകാണൂ. അതിലെ വില്ലനെ നോക്കൂ - എഴുതാന്‍ ഒരുപാട് മെറ്റീരിയല്‍ കിട്ടും).

എങ്കിലും ഇങ്ങനെ ഉള്ള പ്രയോഗങ്ങളില്‍ ബര്‍ളിയുടെ കഴിവിനെ, പൊന്‍‌തൂലികയെ (റെയ്നോള്‍ഡ് പെന്‍ എന്ന് ബര്‍ളി) സമ്മതിക്കാതിരിക്കാന്‍ പറ്റില്ല.

“ല്ല.. ഞാന്‍ സമ്മതിക്കില്ല ! -ഷാജുവിന് കരച്ചില്‍ വന്നു. വാശിക്കാരനായ കുട്ടിയെപ്പോലെ ഷാജു യക്ഷിയെ ചേര്‍ത്തു പിടിച്ചിരുന്നു.

അല്‍പനേരം കഴിഞ്ഞപ്പോള്‍ യക്ഷി വീണ്ടും ‍ഞരങ്ങി- നീയെന്നെ ആ പേരൊന്നു വിളിക്കുമോ ?

ഏത് പേര് ?

നീയെന്നെ കല്യാണം കഴിക്കുമ്പോള്‍ ഇടാന്‍ വച്ചിരുന്ന പേര്..

ഷാജുവിന്റെ കണ്ണ് നിറഞ്ഞു. കവിളിലൂടൊലിച്ചറങ്ങിയ കണ്ണുനീര്‍ അവളുടെ ചുണ്ടില്‍ പതിച്ചപ്പോള്‍ അവന്‍ മെല്ലെ വിതുമ്പലോടെ വിലിച്ചു- അ..ല്‍..ഫോ..ന്‍..സ..!“

ബെര്‍ളിയില്‍ നിന്ന് ബ്ലോഗ് ലോകത്തിനു ഇനിയും പല മുത്തുകളെയും രത്നങ്ങളെയും അതിനെക്കാളൊക്കെ വിലയുള്ള മോളിക്കുട്ടിമാരെയും കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ബെര്‍ളിക്ക് എല്ലാ ഭാവുകങ്ങളും.

9 comments:

കുഞ്ഞന്‍ said...

ബെര്‍ലി തോമസിനു വേണ്ടി എന്റൊരു കയ്യൊപ്പ്...

ബ്ലോഗ് ശ്രീമാന്‍ ബെര്‍ലി തോമസ്...

കൊച്ചുത്രേസ്യ said...

സാധാരണായായി കണ്ടുവരുന്ന പദപ്രയോഗങ്ങളും കഥാപാത്രങ്ങളും.. അതുകൊണ്ടുതനെ പെട്ടെന്നു മനസ്സിലാക്കാനും ആസ്വദിക്കാനും പറ്റുന്ന രചനകളാണ്‌ ബെര്‍ളിയുടേത്‌.

ഞാനും ഒപ്പിട്ടു :-)

എതിരന്‍ കതിരവന്‍ said...

ദുര്യോധനന്റെ അഭിപ്രായങ്ങളോട് (പഠനം? നിരൂപണം?) ഒട്ടും യോജിക്കുന്നില്ല.
ബെര്‍ളിയെ ഒതുക്കാന്‍ വേണ്ടി എഴുതിയ പോലെയായിപ്പോയി ഇത്. എഴുത്തിനെ“പൈങ്കിളി സാഹിത്യം‍” (അതിന്റെ നിര്‍വചനം എന്തായാലും) മങളം മനോരജ്യം,കോട്ടയം പുഷ്പനാഥ്, മാത്യു മറ്റം ഇന്നിങ്ങനെ ഒരു വകുപ്പില്‍ തളച്ചിടാനുള്ള ശ്രമം നികൃഷ്ടമാണ്. ആക്ഷേപഹാസ്യം മേമ്പോടി ചേര്‍ത്ത് മലയാളി സമൂഹ അപചയങ്ങളെ ഒന്നാന്തരമായി വിമര്‍ശിക്കുന്നവനാണ് ബെര്‍ളി . ബ്ലോഗില്‍ നടക്കുന്ന നീചമായ താന്‍ പോരിമ പ്രവണതകളേയും പോപുലാരിറ്റിയ്ക്കു വേണ്ടീ പാടുപെടുന്നതിനേയും ആരും ഇത്രമാഥ്രം നിശിതമായി പരിഹസിച്ചിട്ടില്ല. (ബ്ലൊഗ് കുര്‍മ-ഉദാഹരണം)
കഥയില്‍ നവരസങ്ങളില്ലെന്നും ബാക്കി രസങ്ങളൊക്കെ എവിടെ എന്ന ചോദ്യവും തികച്ചും ബാലിശമാണ്. നവരസങ്ങള്‍ കൊണ്ടു വരാന്‍ ഇത് കഥകളി വേദിയാണെന്നു തോന്നുന്നത് ദുര്യോധനന്‍ എന്ന പേര്‍ എടുത്തതിനാലാണോ? ലോകക്ലാസിക്കൊന്നും വായിക്കേണ്ട, മലയാളത്തിലെ തന്നെ ചില പ്രസിദ്ധ കഥകള്‍ വായിച്ചിട്ട് നവരസപ്രകടനം എത്രയുണ്ടെന്ന് ആലോചിക്കുക.

പുരുഷന്മാരെല്ലാം രൌദ്രഭാവക്കാരായിരിക്കണമെന്നും അവര്‍ക്കു കരച്ചില്‍ മുതലായവ അനുവദിച്ചിട്ടില്ലെന്നും തോന്നും വേറൊരു “പഠനവാക്യം” കണ്ടാല്‍. ബാല‍ന്‍ കെ. നായര്‍ ബെര്‍ളിയുടെ കഥകളില്‍ വരുന്നില്ലത്രെ. മീശപിരിക്കുന്നില്ലത്രെ. (രാമായണത്തിന്റെ അവസാനം ശ്രീരാമന്‍ സരയൂ നദിയില്‍ ആത്മഹത്യ ചെയ്യുകയാണ്. എന്തായിത് വാല്‍മീകി? ഇങ്ങനെയാണോ ആണ്‍കഥാപാത്രം?) യക്ഷിക്കഥയിലെ കപ്യാര്‍ ഒന്നാന്തരം ആണത്തമുള്ളവനാണ്. അനുകമ്പ, ആര്‍ദ്രത സ്നേഹം ഇതൊക്കെ തോന്നിയാല്‍ ഗാംഭീര്യം കുറയുമത്രെ. ആദ്യം തന്നെ പൈങ്കിളിജാമ്യം വാങ്ങിച്ചതിനാല്‍ ഇതല്ലെ എഴുതാന്‍ പറ്റൂ.

വാസ്തവത്തില്‍ യക്ഷിയുടേയും ഷാജുവിന്റേയും കഥ ബെര്‍ളിയിലെ കഥകാരന്റെ പുതിയ മുഖമാണ് കാണിക്കുന്നത്. സാര്‍വലൌകികവും ഉദാത്തവുമായ രതിബദ്ധമല്ലാത്ത സ്നേഹം തേടുന്ന രണ്ട് ആത്മാക്കളുടെ കഥയാണത്. അതിനുവേണ്ടിയുള്ള ത്യാഗത്തിലാണ് യക്ഷി മരണത്തെ പുല്‍കുന്നത്. തനിക്കു ആവശ്യമില്ലാത്തതും സ്നേഹരഹിതവുമായ വിവാഹബന്ധത്തില്‍ നിന്നൂം വിടുതല്‍ നേടാന്‍ സര്‍വാത്മനാ കിണഞ്ഞു ശ്രമിക്കുന്നവനാണ്‍ കപ്യര്‍ ഷാജു. അച്ചനോട് നേരെ ചെന്നു പറയുന്നൌണ്ടിക്കാര്യം. യക്ഷിയുമായി ഒരു സാധാരണ വിവാഹജീവിതം പോയിട്ട് ഒരു കല്ലറയില്‍ തന്നെ അടക്കാനുള്ള സാധ്യത പോലുമില്ലെന്ന് അയാള്‍ ചിന്തിക്കുന്നുണ്ട്. അത്രയുമാണ് ആത്മസംഗമത്തിനുള്ള അഭിനിവേശം. യക്ഷിയാണെങ്കില്‍ പ്രതികാരദാഹിയോ കാമമോഹിതയോ അല്ല. സീമാബദ്ധമല്ലാത്ത, അകമഴിഞ്ഞ സ്നെഹം മാത്രം മതി അവള്‍ക്ക്. ഹിന്ദുവായ ഈ സ്നേഹരൂപിയെ അതേപടി നിലനിര്‍ത്തി തന്റേതാക്കുവാന്‍ ‍ അവളെ ക്രിസ്ത്യാനി ആക്കുക എന്ന ഒരു എളുപ്പവഴി നോക്കുന്നത് ഷാജു കപ്യാര്‍ ആയതുകൊണ്ടാമ്ണ്.തന്റെ പ്രിയന്റെ ഇച്ഛയ്ക്കൊത്ത് അവസാനം അയാള്‍ക്കിഷ്ടപ്പെട്ട പേര്‍ സ്വീകരിച്ച് മരിക്കുകയാണവള്‍. (ബെര്‍ളിയുടെ ഈ കഥ വരുമ്പോള്‍ ബ്ലോഗ് പേജില്‍ മറ്റൊരു ഹിന്ദു-മാമോദീസ കല്യാണത്തിന്റെ ചിത്രങ്ങള്‍ വന്നുകൊണ്ടിരുന്നത് തികച്ചും യാദൃശ്ചികമോ? ജഗതി ശ്രീകുമാറിന്റെ മകളുടെ കല്യാണം). പള്ളിയേയും പട്ടക്കാരേയും വിമര്‍ശിക്കുന്ന ബെര്‍ളി യക്ഷിയുമായുള്ള ബന്ധത്തിനു അവരാണ് വിഘാതമാ‍ാകുന്നതെന്ന് ദ്യോതിപ്പിക്കാന്‍ മടിക്കുന്നില്ല.ഇടമറുകിന്റേയും പുലിക്കുന്നേലിന്റേയും സംഘത്തില്‍ ഈ യക്ഷി പെടുന്നോ എന്നൊരു ആഗ്ര്ഹപൂര്‍ണമായ സംശയവും ഷാജുവിനുണ്ട്.

ദുഷ്ടകഥാപാത്രങ്ങളായ ദേവസ്സി, തോമ എവരെയൊന്നും ദുര്യോധനന്റെ ഏകലോചനം കാണുന്നില്ല. മകളുറ്റെ കാപട്യത്തിനു കൂട്ടു നില്‍ക്കുന്നവര്‍.
അവസാനം മമ്മുട്ടി/മോഹന്‍ലാല്‍ ദ്വന്ദമെന്ന തരം താണ വാദം പോലെ സുനീഷിന്റെ പേരും കൊണ്ടു വരുന്നുണ്ട്.
പതിവ് ആഖ്യാനശൈലി എന്ന ചായക്കടയില്‍ പുതിയ പലഹാരങ്ങള്‍ വിളമ്പുകയാണ് ബെര്‍ളി.
---------------------------
ഈ ധൃതരാഷ്ട്രാലിംഗനത്തില്‍ ഞെരിഞ്ഞു പോകാതിരിക്കാനുള്ള വിവേകം ബെര്‍ളിയ്ക്കുണ്ടെന്നാണ് എന്റെ വിശ്വാസം.

സാല്‍ജോҐsaljo said...

എതിരന്‍ മാഷ് പറഞ്ഞതിനൊരൊപ്പ്!


ഓ.ടോ.: പിന്നെ ബാക്കി രസത്തിന് നമ്മക്ക് പച്ചാളത്തെ വിളിച്ചാലോ?!

Duryodhanan said...

സാഹിത്യകാരന്മാരെ താറടിക്കുകയോ തളര്‍ത്തുകയോ ദുര്യോധനന്റെ ലക്ഷ്യം അല്ലെന്നു പറയേണ്ടതില്ലല്ലോ. തെറ്റുകള്‍ എന്നുതോന്നുന്നവ ചൂണ്ടിക്കാണിക്കാനും തിരുത്താനും നോക്കി വളര്‍ത്താന്‍ ശ്രമിക്കുന്നതേ ഉള്ളൂ. ഈ പോസ്റ്റ് ഇട്ടിട്ട് ആദ്യം തന്നെ മെയില്‍ അയച്ചതു ബെര്‍ളിക്കായിരുന്നു. ഏതെങ്കിലും എഴുത്തുകാരനു ഇങ്ങനെയുള്ള പഠന / വിമര്‍ശന / നിരൂപണക്കുറിപ്പുകളില്‍ വിയോജിപ്പ് / വേദന തോന്നുന്നെങ്കില്‍ നിരുപാധികം പോസ്റ്റും കമന്റുകളും കായലില്‍ കല്ലുകെട്ടി മുക്കുന്നതായിരിക്കും.

സുയോധനന്‍ രാജാവാണെങ്കിലും മനുഷ്യനാണ്. തെറ്റുകള്‍ പറ്റും. ചൂണ്ടുക. ചിലത് തിരുത്തും, ചിലത് തിരുത്തില്ല.

സുനീഷുമായുള്ള ദ്വന്ദം ഒഴിവാക്കുന്നു.

ശ്രീ said...

ലേഖനം നന്നായി.
:)

padmanabhan namboodiri said...

kandu ellaam: athisayam

Duryodhanan said...

നമ്പൂതിരി,

വന്നതിനും വായിച്ചതിനും വളരെ നന്ദി..

സ്നേഹത്തോടെ,
ദു.ധ്രി.

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/