Tuesday, October 2, 2007

ബാജി ഓടംവലിയുടെ കഥകള്‍ - ഒരു വിമര്‍ശനം.

മലയാളം ബ്ലോഗുകളില്‍ വായിക്കേണ്ട ഒരാളാണ് ബാജി ഓടംവലി. ബാജിയുടെ കഥകളിലെ പ്രമേയം പ്രധാനമായും പ്രവാസികളുടെ പ്രശ്നങ്ങള്‍ ആണ്. എഴുത്തില്‍ തന്റേതായ ശൈലിയും ശക്തമായ വിഷയങ്ങളും തിരഞ്ഞെടുത്ത് നിലനിര്‍ത്താന്‍ ബാജിക്കു കഴിയുന്നു.

ശൈലി വായനക്കാരനോട് ബാജി സ്വന്തം അനുഭവങ്ങള്‍ പറയുന്ന രീതിയിലാണ്. ഒന്നുകില്‍ കഥാപാത്രം ഞാന്‍, എനിക്ക് എന്ന രീതിയില്‍ സംസാരിക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ എന്നുപറഞ്ഞ് ബാജി വായനക്കാരനുമായി നേരിട്ടു സംവദിക്കുന്നു.

ജീവന്റെ വില. എന്ന കഥയില്‍ പറഞ്ഞിരിക്കുന്ന ശൈലി സുന്ദരമാണ്. യഥാര്‍ത്ഥമാണ്. കഥ ഒരു നല്ല വായനാനുഭവവും ആണ്.

കഥയുടെ വിശ്വാസ്യതയില്‍ അവസാനമാണ് വായനക്കാരനു പ്രശ്നങ്ങള്‍ വരുന്നത്. കുട്ടിയെ മറന്നുവെച്ചു - സംഭവിക്കാം. അങ്ങനെ കളഞ്ഞുകിട്ടിയ കുട്ടി സെലിബ്രിറ്റി ആവാം - അതും സംഭവിക്കാം. എന്നാല്‍ കുട്ടിയെ കണ്ടിട്ട് കുട്ടിയുടെ അച്ഛന്റെ വികാരങ്ങള്‍ എന്തായിരിക്കും? വീട്ടില്‍ പോവാന്‍ പുള്ളിക്ക് പറ്റിക്കാണുമോ? ഭാര്യയോട് കള്ളം പറയാന്‍ പറ്റുമോ? കുട്ടിയെ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജറിനെ ഏല്‍പ്പിച്ചിട്ട് പോവാന്‍ പറ്റുമോ? ഇവിടെ സംഭവ്യത കുറയുന്നു.

ഓഫീസില്‍ ഇരിക്കുമ്പോള്‍ വീട്ടിലേയ്ക്ക് കാശയക്കുന്നതെങ്ങനെ എന്ന് കഥാപാത്രം ചിന്തിക്കുന്നോ? എവിടെനിന്നൊക്കെ കടം വാങ്ങും? ഓഫീസ് ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നുണ്ടോ? (കാമുകിയ്ക്ക് അബോര്‍ഷന്‍ നടത്താന്‍ പണമില്ലാതെ വലഞ്ഞ് ഒരു മരണം നടന്ന വീട്ടില്‍ പണം കക്കാന്‍ പോവുന്ന സാര്‍ത്രിന്റെ കഥാപാത്രത്തെയും കഥാപാത്രത്തിന്റെ ചിന്തകളെയും ഓര്‍മ്മവരുന്നു (ഏജ് ഓഫ് റീസണ്‍, പെന്‍‌ഗ്വിന്‍ ബുക്സ്‍).

കുട്ടിയെ അച്ചന്‍ കാണുമ്പോള്‍ കുട്ടിയുടെ വികാരങ്ങള്‍ എന്തോക്കെ? സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് കുട്ടി അച്ചനെ തിരിച്ചറിഞ്ഞോ? അച്ചന്‍ വീണ്ടും മുങ്ങുമ്പോള്‍ കുട്ടി കരഞ്ഞോ? കരഞ്ഞെങ്കില്‍ അച്ചന്‍ ഉരുകിയോ? ഇതൊക്കെ കഥയ്ക്ക് സൂക്ഷ്മത നല്‍കിയേനെ. അതിലും പ്രധാനപ്പെട്ട ഒരു കാര്യം വീട്ടില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും തിരിച്ചെത്തിയ കുട്ടിയെ അച്ചന്‍ എങ്ങനെ അഭിമുഖീകരിച്ചു എന്നാണ്. മൂന്നുമാസം പ്രായമുള്ള കുട്ടി അച്ചനെ കുറ്റപ്പെടുത്തുന്ന രീതിയില്‍ നോക്കുമോ? സാധ്യതയില്ല. കുട്ടി ചിരിച്ചുകളിച്ച് അച്ചനെ സ്നേഹത്തോടെ വീണ്ടും നോക്കി ചിരിക്കുകയേ ഉള്ളൂ. ആ ചിരിയും കളിയും നോട്ടവും താങ്ങുന്നതിനെക്കാള്‍ അച്ചന്‍ ആ നിമിഷം ആഗ്രഹിച്ചുപോവുന്നത് മകന്‍ / മകള്‍ തന്നെ ഒന്നു കുറ്റപ്പെടുത്തി നോക്കിയെങ്കില്‍, വെറുത്തെങ്കില്‍ എന്നാവും. ഇത് വായനക്കാരന്റെ മനസ്സില്‍ വികാരങ്ങള്‍ സൃഷ്ടിച്ചേനെ. ഇവിടെ കുട്ടിയുടെയോ അച്ചന്റെയോ വികാരങ്ങള്‍, പെരുമാറ്റങ്ങള്‍, അച്ചന്റെ മനസ്സില്‍ ഓടിയത്, ഒക്കെ പ്രകടിപ്പിച്ചെങ്കില്‍ കഥയ്ക്ക് സൂക്ഷ്മത വരുമായിരുന്നു.

പലപ്പൊഴും ഒരുപാടു വാക്കുകളെക്കാള്‍ കഥപറയുന്നത് നോട്ടം, മൌനം, തുടങ്ങിയവയാണ്. ജയിലില്‍ മോഷ്ടാവെന്നു മുദ്രകുത്തിയ കൂട്ടുകാരനെ കാണാന്‍ പോവുമ്പോള്‍ കൂട്ടുകാരനുമായി എന്തെങ്കിലും മിണ്ടിയോ? മിണ്ടിയില്ലെങ്കില്‍ ആ മൌനത്തിനു വല്ലാത്ത കനം ഉണ്ടാവും. മിണ്ടിയെങ്കില്‍ എന്തുപറഞ്ഞു? അതിലും പ്രധാനം ഇരുവരും എങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി, നോട്ടം എന്തൊക്കെ പറഞ്ഞു എന്നതാണ്.

മൌനത്തെ മലയാളം കഥകളില്‍ ഏറ്റവും നന്നായി ഉപയോഗിച്ചതായി തോന്നിയിട്ടുള്ളത് ഒ.വി. വിജയന്റെ കടല്‍ത്തീരത്ത് എന്ന ചെറുകഥയില്‍ ആണ്. (കടല്‍ത്തീരത്ത്, ഒ.വി. വിജയന്റെ ചെറുകഥാസമാഹാരം - കറന്റ് ബുക്സ്)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും അറുപതിനായിരത്തിന്റെ ഗിഫ്റ്റ് വൌച്ചര്‍ തരുമ്പോള്‍ ആ ഗിഫ്റ്റ് വൌച്ചര്‍ കൊണ്ട് എങ്ങനെ വീട്ടിലേയ്ക്ക് അറുപതിനായിരം രൂപ അയക്കും എന്നും സംശയം വരുന്നു. ഗിഫ്റ്റ് വൌച്ചര്‍ കാശാക്കി മാറ്റാന്‍ പറ്റാറില്ലല്ലോ.

ചുരുക്കത്തില്‍ ബാജി ശ്രദ്ധിക്കേണ്ട ഒരു കാര്യം സൂക്ഷ്മതയാണ്. ബാജി തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ക്ക് ശക്തിയുണ്ട്. ഭാഷയ്ക്ക് തന്മയത്വം ഉണ്ട്. പക്ഷേ ഒട്ടുമിക്ക കഥകളിലും സൂക്ഷ്മതയില്ല. കഥകള്‍ എല്ലാം ബാജി അയ്യായിരം അടി ഉയരത്തില്‍ നിന്നു കാണുന്നതുപോലെയേ ഉള്ളൂ. ബാജി കഥാപാത്രങ്ങളുടെ വികാരങ്ങളെയും അവതരിപ്പിക്കണം.

ബാജി സ്വന്തം പ്രൊഫൈലില്‍ തന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.

“വെറുതെ ഓരോന്ന് കുത്തിക്കുറിക്കും. ആരെങ്കിലും‌ ഒക്കെ വായിക്കും. നിങ്ങള്‍‌ വളരെ തിരക്കുള്ള ആളാണെന്ന് അറിയാം. എന്നാലും സമയം കിട്ടിയാല്‍ ദയവായി വായിക്കുക. കഴിവതും‌ ചുരുക്കി മാത്രമേ എഴുതുകയുള്ളു.“

- ഇത്രയും വിനയം വേണോ? വേണ്ടവര്‍ വായിച്ചാല്‍ മതി എന്നുവെക്കണം ബാജി. പക്ഷേ അതിലും പ്രധാനം ഒരു ആശയം തോന്നിയാല്‍ വെറുതേ കുത്തിക്കുറിക്കരുത് എന്നതാണ്. കഥയ്ക്ക് ഒരു ജെസ്റ്റേഷന്‍ പിരിയഡ് ഉണ്ട്. ചപ്പാത്തിക്ക് മാവുകുഴയ്ക്കുമ്പോള്‍, അല്ലെങ്കില്‍ ദോശയ്ക്ക് മാവ് ആട്ടിവെയ്ക്കുമ്പോള്‍, ഇത്തരം ഒരു സമയം ആവശ്യമാണ്. കഥയ്ക്കും അത് ആവശ്യമാണ്. (വളരെ കൂടുതല്‍ നേരം മനസ്സിലിട്ടാല്‍ മാവ് പുളിച്ചുപോവും, കഥ മറന്നുപോവും) ആശയം തോന്നുന്ന ഉടനെ കുത്തിക്കുറിക്കുന്നതിനു പകരം പറ്റുമെങ്കില്‍ ഒരു ദിവസം, അല്ലെങ്കില്‍ അഞ്ചാറു മണിക്കൂറുകള്‍, ഈ ആശയത്തെ മനസ്സില്‍ ഇട്ട് ഒന്നു ചവച്ചുനോക്കൂ. കഥാപാത്രങ്ങള്‍ ഒരു സാഹചര്യത്തില്‍ എങ്ങനെ പെരുമാറും എന്ന് നോക്കൂ. കഥയുടെ പശ്ചാത്തലം (സീനറി / ബാക്ക് ഗ്രൌണ്ട്) എങ്ങനെ എന്നുനോക്കൂ. കഥ എങ്ങനെ ഒക്കെ വികസിക്കാം എന്നും നോക്കൂ. ബാജിയുടെ കഥയില്‍ സംഭവിക്കാന്‍ പോവുന്ന രംഗം മനസില്‍ കാണൂ. അതേ രംഗം വായനക്കാരന്റെ മനസ്സില്‍ കൊണ്ടുവരാനും പിന്നീട് പറ്റണം - അതിനു എന്തൊക്കെയാണ് ആവശ്യം. എന്തൊക്കെ വായനക്കാരനെ അവിടെ എത്തിക്കും, എന്തൊക്കെ വേണ്ട, എന്നൊക്കെ ചിന്തിക്കൂ.

ഒരു കഥാകൃത്ത് ഭാവനാലോലുപന്‍ ആവുന്നതുപോലെതന്നെ സൂക്ഷ്മദൃക്കും ആവണം. ബാജിയുടെ കഥകളിലെ ന്യൂനതകള്‍ ബാജിയുടെ വായനയുടെ കുറവ് ആണൊ എന്ന് ഞാന്‍ ആദ്യം ചിന്തിച്ചു. അതല്ല പ്രശ്നം. ബാജി കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നില്ല എന്നുതന്നെയാണ് എനിക്കു കിട്ടിയ ഉത്തരം. ആ നിരീക്ഷണം കൊണ്ടുവന്നാല്‍, അത് കഥയില്‍ മുഴച്ചുനില്‍ക്കാതെ എഴുതിയാല്‍, കഥകള്‍ പതിന്മടങ്ങു നന്നാവും.

ഞാന്‍, അല്ലെങ്കില്‍ നിങ്ങള്‍ എന്നുപറഞ്ഞ് നേരിട്ടു സംവദിക്കുമ്പോള്‍ വായനക്കാരനുമായി പങ്കുവെക്കുന്ന കാര്യങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ട്. പ്രധാന പരിമിതി വീക്ഷണകോണ് ഒതുങ്ങുന്നു എന്നതാണ്. അപരന്റെ മനസ്സില്‍ നടക്കുന്നത് എന്തെന്ന് കഥാകൃത്തിനു മാറിനിന്നു പറയുവാനുള്ള സ്വാതന്ത്ര്യം ഇവിടെ പോവുന്നു. അപരനെ മറ്റൊരുവനായി മാത്രമേ കഥാകൃത്തിനു കാണുവാന്‍ കഴിയൂ. അവരുടെ മനസ്സിലേയ്ക്ക് ഇറങ്ങാന്‍ കഴിയില്ല.

മറ്റൊരു ന്യൂനത കാണുന്നത് കഥാപാത്ര നിര്‍മ്മിതിയില്‍ ആണ്. കഥാപാത്രങ്ങളെ വായനക്കാരന്റെ മനസ്സില്‍ വരയ്ക്കാന്‍ ബാജിക്ക് കഴിയണം. (ഇത് എപ്പോഴും ആവശ്യമുള്ള കാര്യമല്ല). ഒരു വ്യക്തിയെ കാണുമ്പോള്‍ ബാജി എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്? കണ്ണ്? തലമുടി? കവിള്‍? താടി? വസ്ത്രങ്ങള്‍? ബാജി ശ്രദ്ധിക്കുന്നത് എന്താണോ അത് വായനക്കാരനും പറഞ്ഞുകൊടുത്ത് വായനക്കാരന്റെ മനസ്സില്‍ ഈ ചിത്രം വരയ്ക്കാന്‍ ബാജിക്കു കഴിയണം. വ്യക്തികളില്‍ നോട്ട് ചെയ്യുന്ന സ്വഭാവ സവിശേഷതകള്‍ എന്തൊക്കെയാണ്? അതും പറഞ്ഞുകൊടുക്കണം. ഇതെല്ലാം എല്ലാ കഥകളിലും വേണമെന്നല്ല.

ബാജി കഴിവുള്ള കഥാകാരനാണ്. ബാജിയുടെ രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ഇതില്‍ നിന്നും തള്ളേണ്ടത് തള്ളാ‍നും കൊള്ളേണ്ടത് കൊള്ളാ‍നും താല്‍പ്പര്യം. എഴുതിത്തകര്‍ക്കുക!.

(ജാമ്യം: ബാജിയുടെ രണ്ടോ മൂന്നോ കഥകളെ ആസ്പദമാക്കിയാണ് ഇത് എഴുതിയിരിക്കുന്നത്. ഈ ന്യൂനതകള്‍ മറ്റു കഥകളില്‍ പരിഹരിച്ചിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക).

12 comments:

കുഞ്ഞന്‍ said...

മാഷെ നല്ല രീതിയില്‍ എഴുതിയിക്കുന്നു,

ഇതു ബാജിയോടായിട്ടു പറയുമ്പോലെയല്ല എനിക്കു തോന്നിയത്, കഥ,കവിത എഴുതുന്നവര്‍ക്കുള്ള,എല്ലാത്തരം ആളുകള്‍ക്കു വേണ്ടി നല്ലൊരു ക്ലാസ്സെടുക്കുന്നതു പോലെ...

ബാജി ഓടംവേലി said...

ഒരു ബ്ലോഗ്ഗര്‍ ഫോണ്‍ ചെയ്തു പറഞ്ഞ്തിന്‍ പ്രകാരം ഓടിവന്നു വായിച്ചു.
ദുര്യോധനന്‍ ആരാണെന്ന് പലരോടും ചോദിച്ചു.
ആര്‍ക്കും അറിയില്ല, ചില ഊഹങ്ങള്‍ മാത്രം.
എനിക്കുള്ള ഒരു തുറന്ന കത്താണിതെന്ന് മനസ്സിലാക്കുന്നു. എല്ലാ നിര്‍ദ്ദേശങ്ങളും ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. ബ്ലോഗ്ഗ് മലയാളത്തെ സ്‌നേഹിക്കുന്ന എനിക്കു ബ്ലോഗ്ഗ് തുറന്നുതന്നത് ഒരു സ്വര്‍ഗ്ഗമാണ്.
നന്ദി , നന്ദി, ഒരായിരം നന്ദി.
താങ്കള്‍ എഴുതിയിരിക്കുന്നു.
"സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും അറുപതിനായിരത്തിന്റെ ഗിഫ്റ്റ് വൌച്ചര്‍ തരുമ്പോള്‍ ആ ഗിഫ്റ്റ് വൌച്ചര്‍ കൊണ്ട് എങ്ങനെ വീട്ടിലേയ്ക്ക് അറുപതിനായിരം രൂപ അയക്കും എന്നും സംശയം വരുന്നു. ഗിഫ്റ്റ് വൌച്ചര്‍ കാശാക്കി മാറ്റാന്‍ പറ്റാറില്ലല്ലോ."
പക്ഷേ കഥയില്‍ ഇങ്ങനെയാണ്
“സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ എന്നെ കെട്ടിപ്പിടിച്ച്‌ നന്ദി പറഞ്ഞു.
"ഈ ഉപകാരം ഞങ്ങള്‍ ഒരിക്കലും മറക്കില്ല. ഇതിലും വലിയ പരസ്യം ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റിന് കിട്ടാനില്ല. ഇതാ അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക്‌ ഇതു നിങ്ങള്‍ സ്വീകരിക്കണം. ഈ മാസത്തെ പരസ്യത്തിന്റെ ബഡ്‌ജറ്റു തുക മുഴുവന്‍ നിങ്ങള്‍ക്ക്‌ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു. ഇതാ ഈ ഗിഫ്‌റ്റു വൌച്ചര്‍ കാണിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെന്തും ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു ഫ്രീയായി വാങ്ങാം."

വെറും ഒരു തുടക്കാനാണ് ഞാന്‍. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക.മാറ്റം വരുത്താം. വിനയം എത്രയായാലും അധികമാവില്ല.

G.MANU said...

Baajiyude kathakal vayikkarundu.. nalla works.. he deserves such a review..

സജീവ് കടവനാട് said...

സൃഷ്ടികളില്‍ ഇഴചേര്‍ത്തിരിക്കുന്ന പട്ടുനൂലൂം വാഴനാരും വേര്‍തിരിക്കുന്ന സുയോധനന് അഭിനന്ദനങ്ങള്‍. കാരണം വിമര്‍ശനം സാഹിത്യത്തെ മെച്ചപ്പെടുത്തുന്നു എന്നത് തന്നെ. സുയോധനന്‍ എന്ന പേര് ഒരു വസ്ത്രാക്ഷേപത്തിനുള്ള സൂചന തരുന്നു. വസ്ത്രാക്ഷേപത്തേക്കാള്‍ പട്ടുനൂലൂം വാഴനാരും വേര്‍തിരിക്കുന്നതാണ് ബ്ലോഗുസാഹിത്യത്തിന് ഈ ഘട്ടത്തില്‍ ഗുണകരമാകുക എന്ന് തോന്നുന്നു. ബാജിചേട്ടന്റെ കഥകളെകുറിച്ചുള്ള വിലയിരുത്തല്‍ മോശമായില്ല എങ്കിലും ഒന്നുകൂടി ശ്രദ്ധിക്കാമായിരുന്നു എന്നൊരു തോന്നല്‍.

Duryodhanan said...

വസ്ത്രാക്ഷേപം ദുശ്ശാസനന്റെ പണിയാണ്. രാജാവിന്റെ പണിയല്ല.

ഈ ലേഖനത്തില്‍ പ്രോത്സാഹനങ്ങളെക്കാള്‍ വിമര്‍ശനങ്ങളാണ് കൂടുതല്‍ എന്നത് സമ്മതിക്കുന്നു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ബാജിയുടെ വില കുറച്ചു കാണിക്കുന്നതിനല്ല അത്. ബാജി നല്ല കഥാകൃത്താണ്. എന്നാല്‍ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കുന്നതാവും ബാജിക്ക് ഗുണകരം എന്നുകരുതി. പ്രോത്സാഹനങ്ങള്‍ ബാജിയുടെ പോസ്റ്റില്‍ കമന്റായി വായനക്കാര്‍ എഴുതുന്നുണ്ട്. ഒരു വിമര്‍ശകന്റെ കടമ മിക്കപ്പോഴും കുറവുകള്‍ ചൂണ്ടിക്കാണിക്കുക എന്നതാണ്. ഇതുതന്നെ മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടും. അതുകൊണ്ട് ബാജിക്ക് ഒരു കത്തെഴുതുന്നതിനെക്കാള്‍ ബ്ലോഗ് പോസ്റ്റായി ഇടുന്നു. സ്വല്പം ആത്മപ്രശംസയും അഹങ്കാരവും ഉണ്ടെന്നും കൂട്ടിക്കോ.

പട്ടുനൂലിനോട് വാഴനാര് ചേര്‍ത്തുകെട്ടാമോ എന്ന അശരീരി ഐതീഹ്യമാലയില്‍ നിന്നാണ് (കൊട്ടാരത്തില്‍ ശങ്കുണ്ണി). ഗുരുനിന്ദയെത്തുടര്‍ന്ന് ഒരു ശിഷ്യന്‍ ഉമിത്തീയില്‍ ദഹിക്കുന്ന കഥ - ഉമിത്തീയില്‍ ദഹിക്കവേ ഒരു കൃതി രചിച്ച് മുഴുമിക്കാനാവാത്ത കഥ - അതില്‍ നിന്ന്. കഥാപാത്രങ്ങളുടെയോ പൂര്‍ത്തിയാവാത്ത സംസ്കൃത കാവ്യത്തിന്റെ പേര് ഓര്‍മ്മകിട്ടുന്നില്ല.

ഞാന്‍ ഇരിങ്ങല്‍ said...

ബാജിയുടെ കഥകള്‍ക്ക് ഒരു പഠനം എന്ന് ബ്ലോഗേഴ്സ് റോള്‍ നോക്കി കണ്ടപ്പോള്‍ ഞെട്ടി എന്നത് സത്യം.
കഴിഞ്ഞ ദിവസം ബാ‍ജിയെ കണ്ടപ്പോള്‍ ഒരു പഠനത്തിനുള്ള കഥകള്‍ ബാജിയെഴുതിയെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല.

പക്ഷെ തുടക്കകാരനായ ഒരു എഴുത്തുകാരന്‍റെ കഥകള്‍ ദുര്യോധനന്‍ കീറി മുറിക്കേണ്ടതുണ്ടായിരുന്നോ എന്ന് ആലോചിക്കാതിരിക്കാതിരുന്നില്ല. അതും ഒരു പഠനം!!
ബാജിയുടേ കഥകള്‍ക്ക് വായനക്കാരുണ്ടവട്ടേ കൂടുതല്‍. ഒരു പഠനം വായിച്ചല്ല ബാജിയുടെ കഥകള്‍ വായിക്കപ്പെടേണ്ടത് എന്നു തന്നെ ഞാന്‍ കരുതുന്നു.ബാജിയെ കഥകള്‍ എഴുതാന്‍ അനുവദിക്കുക.

ഇനി ദുര്യോധനനോട്:

ആമുഖമായി താങ്കള്‍ “കാഥികന്‍റെ പണിപ്പുര’താങ്കള്‍ ഈയടുത്താണോ വായിച്ചത്?

താങ്കളുടെ ചില ‘പഠന’ങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുകയുണ്ടായി.
ഒരു ചോദ്യം ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു. ഒരു കഥ പഠനം കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്?

ഒരുകഥ പഠനം കൊണ്ട് താങ്കളുടെ സംതൃപ്തിക്ക് പുറമെ വായനക്കാരന് എന്താണ് നല്‍കുന്നത്?

സാര്‍ത്രിനെയൊ, ബര്‍ണാഡ്ഷായെ അതുമല്ലെങ്കില്‍ മാര്‍ക്കേസിനെയൊ എടുത്ത് നിരൂപണ പഠനം നടത്തുമ്പോള്‍ താ‍ങ്കള്‍ ആരോടാണ് നീതി പുലര്‍ത്തുന്നത്?
താങ്കളുടെ എഴുത്തിനോടാണോ? പഠന കൃതിയോടാണോ? അതുമല്ലെങ്കില്‍ നിരൂപണത്തില്‍ താങ്കള്‍ അവലംബിക്കുന്ന മാസ്റ്റര്‍ കൃതികളോടാണോ?


ഒരു കൃതി താങ്കള്‍ പഠനത്തിന് തിരഞ്ഞെടുക്കുമ്പോള്‍ അതിന് താങ്കളേ ചോദിപ്പിക്കുന്ന ഘടകങ്ങള്‍ എന്താണ്?

ദയവായി എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നാലും.
സ്നേഹപൂര്‍വ്വം
സഞ്ജയന്‍ (കാഴ്ചകൊണ്ട് കഥ പറഞ്ഞു കൊടുക്കാന്‍ വിധിക്കപ്പെട്ട ആദ്യത്തെ കമന്‍റേറ്റര്‍)

Duryodhanan said...

സഞ്ജയ, ആട്ടം കാണുവാന്‍ സഞ്ജയന്‍ ഇല്ലല്ലോ എന്ന് ഞാന്‍ തെല്ലൊന്നു ദു:ഖിച്ചു. ഇപ്പോള്‍ സന്തോഷമായി.

മാസ്റ്റര്‍ കൃതികളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക, അവയുടെ രചയിതാക്കളെ അല്പം പരിചയപ്പെടുത്തുക എന്ന ഗൂഢോദ്ദ്യേശം ഇതിനു പിന്നിലുണ്ട്.
മലയാളം വിക്കിപീഡിയയെ പരിചയപ്പെടുത്തുക എന്ന ഉദ്ദ്യേശവും ഉണ്ട്. എല്ലാ വലിയ എഴുത്തുകാരെയും പറയുമ്പോള്‍ വിക്കിപീഡിയയിലേയ്ക്ക് ഉള്ള ലിങ്കുകള്‍ കൊടുക്കുന്നത് ശ്രദ്ധിച്ചുകാണൂമല്ലോ? പുസ്തകങ്ങളുടെ പ്രസാധകരുടെ കാര്യവും കഴിയുമെങ്കില്‍ പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിലേയ്ക്കുള്ള ലിങ്കും കൊടുക്കാന്‍ ശ്രദ്ധിക്കുന്നു. വാന്‍‌ഗോഗിന്റെ ഒരു ചിത്രത്തിലേയ്ക്കുള്ള ലിങ്കും (പെരിങ്ങോടന്റെ കഥകള്‍ എന്ന ലേഖനത്തില്‍) കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.

ഇനി: എന്തിനാണ് ഇത്തരം ലേഖനങ്ങള്‍ എന്നത്:

കഴിവുള്ള കലാകാരന്മാര്‍ ഒരുപാട് ബ്ലോഗില്‍ ഉണ്ട്. എന്നാല്‍ ബ്ലോഗില്‍ മൂടുതാങ്ങല്‍ ആണ് കൂടുതല്‍ എന്നു ശ്രദ്ധിച്ചുകാണുമല്ലോ. സുഹൃത്തിനെ, എഴുത്തുകാരനെ, അലോസരപ്പെടുത്തെണ്ടാ എന്നുവിചാരം കൊണ്ടാവും, ക്രിയാത്മക വിമര്‍ശനങ്ങള്‍ ബ്ലോഗില്‍ കുറവാണ്.

എഴുത്തുകാരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍: പ്രത്യേകിച്ച് ഒരു മാനദണ്ഡവും ഇല്ല. അടുത്തകാലത്ത് ബ്ലോഗില്‍ എഴുതുന്ന കഥാകാരന്മാരെ ആണ് ശ്രദ്ധിക്കുന്നത്. ഇതുകൊണ്ടുതന്നെ നല്ല എഴുത്തുകാരായ ഇബ്രു, കരീം മാഷ്, മറിയം, തുടങ്ങിയവരെക്കുറിച്ച് നിരൂപണങ്ങള്‍ / വിമര്‍ശനങ്ങള്‍ / പഠനങ്ങള്‍ എഴുതുന്നില്ല - ഇവരുടെ പുതിയ സൃഷ്ടികള്‍ ഒന്നും ദുര്യോധനന്‍ അടുത്തകാലത്ത് കണ്ടില്ല.‍ ദുര്യോധനന്‍ അധികം കവിതകള്‍ വായിച്ചിട്ടില്ല. കഥകള്‍ ഒരുപാട് വായിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അതുകൊണ്ട് കഥാകാരന്മാരെ വിമര്‍ശിക്കുന്നു, കവികളെ വെറുതേ വിടുന്നു. (അറിയാത്ത പണിക്ക് പോവരുതെന്ന് അമ്മ ഗാന്ധാരി പറഞ്ഞിട്ടുണ്ട്).

എഴുതിത്തുടങ്ങുന്നവര്‍ എല്ലാവരെയും പിടിച്ച് വിമര്‍ശിക്കണം എന്ന് ഈയുള്ളവനു ഒരു ആഗ്രഹവും ഇല്ല. ബാജിക്ക് ഈ ലേഖനം ഒരു ക്രിയാത്മക പ്രചോദനം ആവും, ഇത് ബാജിയെ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ വളര്‍ത്തുകയേ ഉള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇനി ഒന്നോ രണ്ടോ പേരെക്കൂടെയേ ലേഖനങ്ങളിലൂടെ നിരൂപണം ചെയ്യാന്‍ ശ്രമിക്കാന്‍ പദ്ധതിയുള്ളൂ. അതോടെ നായാട്ട്, യാത്രാവിവരണം, ചിന്തകള്‍, തുടങ്ങിയ മറ്റു ക്രൂരവിനോദങ്ങളിലേയ്ക്ക് ദുര്യോധനന്‍ കടക്കുന്നതായിരിക്കും. എങ്കിലും ഏതെങ്കിലും എഴുത്തുകാരനു ഒരു നിരൂപണം വേണമെങ്കില്‍ ദുര്യോധനനെ എഴുതി അറിയിക്കുക: സന്തോഷത്തോടെ ചെയ്തുതരാം.

പഠനം എന്ന വാക്ക് തെറ്റാണ്: നിരൂപണം / വിമര്‍ശനം എന്നൊക്കെ ആവും കൂടുതല്‍ ശരി.

ഇനിയും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അമ്പുതൊടുക്കുക. മടിച്ചുനില്‍ക്കാതെ എയ്യുക.

Duryodhanan said...

“കാഥികന്റെ പണിപ്പുര“-യിലെ ഒരു അദ്ധ്യായം പത്താം ക്ലാസില്‍ (1994 സിലബസ്) പഠിക്കാന്‍ ഉണ്ടായിരുന്നു എന്നാണ് ഓര്‍മ്മ. അല്ലാതെ പുസ്തകം വായിച്ചിട്ടില്ല.

ഈ ബ്ലോഗിലെ മൂന്നോ നാലോ ലേഖനങ്ങള്‍ വായിച്ചിട്ടും ഒരു വായനക്കാരന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് ഇതില്‍നിന്നും ഒന്നും ലഭിക്കുന്നില്ല എന്ന് തോന്നുന്നെങ്കില്‍ സഞ്ജയ, അതും അറിയിക്കുക.

ഞാന്‍ ഇരിങ്ങല്‍ said...

ദുര്യോധനാ..,
അധികാരമാണ് താങ്കള്‍ക്ക് വേണ്ടതെന്ന് ആദ്യ’പഠന’ത്തില്‍ തന്നെ മനസ്സിലായിരുന്നു.എന്നാല്‍ പ്രജകളില്ലാത്ത രാജ്യത്തിലെ അധികാരം താങ്കള്‍ക്ക് ശോഭയേകുമോ... ആലോചിച്ചു നോക്കൂ..

ഇനി എന്തുകൊണ്ടാ താങ്കളുടെ രാജ്യത്ത് പ്രജകളൊന്നും ഇല്ലാത്തതെന്നും ആലോചിക്കൂ.. അമ്മാവന്‍റെ കുബുദ്ധികളൊന്നും പ്രജകളെ പിടിച്ചു നിര്‍ത്താന്‍ മതിയാകില്ല ദുര്യോധനാ..

ഏത് യുദ്ധം തുടങ്ങുമ്പോഴും അതില്‍ ചില വീരന്മാര്‍ നല്ലതു തന്നെ. എന്നാല്‍ അമ്പു തൊടുക്കും മുമ്പ് ഇവന്‍ വില്ലാളിയാണെന്ന് വിളിച്ചു പറയുമ്പോള്‍ അത് ശരിയാകാതെ വരും. അത്തരം വീ‍മ്പുപറച്ചിലുകള്‍ യുദ്ധം തുടങ്ങും മുമ്പ് എന്തിനാ വമ്പ് പറയുന്നത്. ആദ്യം അമ്പ് തൊടുത്ത് പരിശീലിച്ച് പഠിക്കട്ടെ.. പിന്നെ പക്ഷികളൊന്നില്‍ അമ്പെയ്ത് പഠിക്കട്ടെ. അതു കഴിഞ്ഞു പോരേ പക്ഷികളൊന്നിന്‍റെ ഇടതു കണ്ണില്‍ അം
അമ്പെയ്ത് കൊള്ളിക്കുന്നത്?

വിക്കി പീഡിയേ പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യം എവിടേയും ബോധ്യപ്പെട്ടില്ല. ഇനി അങ്ങിനെ ഉണ്ടെങ്കില്‍ ഇതാണോ അതിനു പറ്റിയ മാര്‍ഗ്ഗം?
എങ്കില്‍ താങ്കള്‍ സഞ്ചരിക്കുന്നത് ഇന്ദ്രപ്രസ്ഥത്തിലെ കൊട്ടാരത്തിനകത്താണ്. അങ്കവസ്ത്രങ്ങളൊക്കെയും പൊക്കിപ്പിടിച്ചോളൂ.. തെറ്റായ വഴികളില്‍ സഞചരിക്കുമ്പോള്‍ ദ്രൌപതി ആ‍നനം പൊത്തിച്ചിരിച്ചാല്‍ വിയര്‍ത്തിട്ട് കാര്യമില്ല ദുര്യോധനാ..

പഠനഗ്രന്ഥങ്ങള്‍, കൃതികള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിരൂപകന് ചില ഉദ്ദേശ്യങ്ങളും അതുപോലെ മാനദണ്ഡങ്ങളും വേണം. അതില്ലാതെ. വെറുതെ.. എന്തിനീ പരാക്രമം?

കാഥികന്‍റെ പണിപ്പുര വായിച്ചില്ലെന്ന് പറഞ്ഞാല്‍ വിശ്വാസം തീരെയില്ല. എങ്കിലും വായിച്ചില്ലെങ്കില്‍ വായിച്ചാല്‍ നല്ലതാ..

വെറുതെ വേലിയിരിക്കുന്ന പാമ്പിനെ എന്തിനാ ദുര്യോധനാ.. വേണ്ടാത്തിടത്ത് വയ്ക്കുന്നത്. പാമ്പ് വേലിയില്‍ തന്നെയിരുന്നോട്ടേ....

അമ്പെയ്യുക സഞ്ചയന്‍റെ പണിയല്ലെന്നെങ്കിലും ദുര്യോധനന്‍ മനസ്സിലാക്കേണ്ടിയിരുന്നു. കണ്ണുപൊട്ടന്മാരായ ഭരണാധികാരികള്‍ക്ക് കമന്‍ററി പറയുക മാത്രമാണ് സഞചയന്‍റെ ജോലി.
പിന്നെ എല്ലാ ആട്ടങ്ങളും സഞ്ചയന്‍ പറയുമെന്നൊന്നും ദുര്യോധനന്‍ കരുതരുത്. പ്രതീക്ഷിക്കുകയുമരുത്.

അപ്പോള്‍ ദുര്യോധനാ.. പ്രജകളില്ലാത്ത രാജ്യത്തിലെ അധികാരം വേണമോ എന്ന് ആലോചിക്കുന്നത് നല്ലതു തന്നെ.

സ്നേഹപൂര്‍വ്വം
സഞ്ചയന്‍

Duryodhanan said...

അപ്പോള്‍ ചതഞ്ഞ സര്‍പ്പത്തെപ്പോലെ യുദ്ധക്കളത്തില്‍ കിടന്ന ദുര്യോധനന്‍ പ്രാണന്‍പോകുന്ന വേദന വകവെയ്ക്കാതെ രണ്ടുകൈകള്‍ കൊണ്ടും ഉരകുത്തി എണീറ്റ് ക്രുദ്ധനായി കൃഷ്ണനെ തുറിച്ചുനോക്കിയും കൊണ്ട് പറഞ്ഞു.

“ഞാന്‍ ക്ഷത്രിയര്‍ക്കൊത്തവണ്ണം രാജ്യം ഭരിച്ചു. രാജാവിന്നൊത്തവണ്ണം ഭോഗങ്ങളെല്ലാം അനുഭവിച്ചു. ദാനധര്‍മ്മങ്ങള്‍ ചെയ്തു. രാജാക്കന്മാര്‍ എനിക്കു സ്തുതിപാടി. പടക്കളത്തില്‍ എന്നെ നേരെ നിന്നു ജയിക്കാന്‍ ഒരാളുണ്ടായില്ല. ചതിവിലാണ് ഞാന്‍ വീണത്. ഞാനിതാ, സഹോദരരും ബന്ധുജനങ്ങളുമൊത്ത് സ്വര്‍ഗ്ഗത്തിലേയ്ക്കു പോവുന്നു. രാജാവേ പറയൂ, എന്നെക്കാള്‍ നല്ല അവസാനം ആര്‍ക്കുണ്ട്?. ആര്‍ക്കുണ്ട്, എന്നെക്കാള്‍ നല്ല അവസാനം.“

ദുര്യോധനന്‍ ഇതു പറഞ്ഞുനിറുത്തിയപ്പോള്‍ ഇന്ദ്രാദിദേവന്മാര്‍ മേഘങ്ങളില്‍ നിരന്ന് ദുര്യോധനന്റെമേല്‍ പുഷ്പവര്‍ഷം നടത്തി. പാണ്ഡവരും കൃഷ്ണനും തലതാഴ്ത്തി പിന്‍‌വാങ്ങി.

(കുട്ടികൃഷ്ണമാരാര്‍, ഭാരതപര്യടനം)

---------
*അങ്കവസ്ത്രം -> അംഗവസ്ത്രം
*സഞ്‌ചയന്‍/ സഞ്ചയന്‍ -> സഞ്ജയന്‍
*വിക്കി പീഡിയ -> വിക്കിപീഡിയ

മറ്റൊന്നും പറയാനില്ല.

യാത്രിക / യാത്രികന്‍ said...

ബാജിയുടെ കഥകള്‍ വളരെ താത്‌പര്യത്തോടെ വായിക്കുന്ന ഒരാളാണ് ഞാന്‍. ദുര്യോധനന്റെ വിമരശനം നന്നായിരിക്കുന്നു. ബാജിയെന്ന കഥാകാരനും മറ്റ് അനേകം തുടക്കക്കാര്‍ക്കും വളരെ പ്രയോജനകരമാണ് ഈ വിമര്‍ശനാത്‌മക വിലയിരുത്തല്‍. ദുര്യോധനന്റെ ശ്രമങ്ങള്‍ക്ക് സര്‍വ്വവിധ ആശംസകളും നേരുന്നു. താങ്കളുടെ ശ്രമങ്ങള്‍ തുടരുക. ചില നീര്‍‌ക്കോലികളെ കണ്ടില്ലെന്നു നടിക്കുക.
ഭാവുകങ്ങള്‍

Sathees Makkoth | Asha Revamma said...

ദുര്യോധനന്‍സാറേ,
ബാജിയുടെ പോസ്റ്റിലെ കമന്റാണ് ആദ്യം കണ്ടത്. അവിടെ മറുപടി ഇട്ടിരുന്നു.
സമയം അനുവദിക്കുമെങ്കില്‍ എന്നെ ഒന്നു കീറി മുറിക്കാന്‍ അപേക്ഷ.