Wednesday, October 10, 2007

സുജിത്ത്, വിത്സണ്‍, ബ്ലോഗ് - നാലു ചോദ്യങ്ങള്‍.

കുഴൂര്‍ വിത്സണ്‍ പ്രിന്റ് മീഡിയയെക്കാള്‍ ബ്ലോഗ് കൂടുതല്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നു എന്ന് കേട്ടപ്പോള്‍ ആദ്യം സന്തോഷം തോന്നി. അച്ചടി മാദ്ധ്യമങ്ങള്‍ ഗള്‍ഫില്‍ കിട്ടാന്‍ പ്രയാസമായതുകൊണ്ടാവാം, ഇന്റര്‍നെറ്റിനു മുന്‍പില്‍ ഇരുപത്തിനാലു മണിക്കൂറും കലിയുഗത്തില്‍ ഇരിക്കുന്നതുകൊണ്ടാവാം, എനിക്കാ സന്തോഷം തോന്നിയത്. എങ്കിലും ബില്‍ വാട്ടേഴ്സണുമായി വായനക്കാര്‍ കത്തുവഴി നടത്തിയ ഒരു സം‌വാദത്തിലെ വരി ഓര്‍മ്മവന്നു.

Q: Many young cartoonists are using the Internet to display their work instead of, or in concert with, print media because there are few barriers to entry and the medium provides the freedom to experiment with form, content, and color. Given your concerns over the state of newspaper comics, what do you think of this development?

A: To be honest, I don't keep up with this. The Internet may well provide a new outlet for cartoonists, but I imagine it's very hard to stand out from the sea of garbage, attract a large audience, or make money. Newspapers are still the major leagues for comic strips . . . but I wouldn't care to bet how long they'll stay that way.

ഇവിടെ രണ്ടു കാര്യങ്ങളാണ് പ്രസക്തം. ഇന്റര്‍നെറ്റ് - മലയാളം ബ്ലോഗില്‍ ഇന്ന് ഏറിയാല്‍ രണ്ടായിരം വായനക്കാര്‍ വരും. അച്ചടി മാദ്ധ്യമങ്ങള്‍ വായിക്കുന്ന, എന്നാല്‍ അഭിപ്രായം ഒന്നും എഴുതാത്ത, ലക്ഷക്കണക്കിനു വായനക്കാരെക്കാരെ വെച്ചുനോക്കുമ്പോള്‍ ഇതു തൂലോം കുറവാണ്.

1) ഇന്റര്‍നെറ്റ് - കണ്ട അണ്ടനും അടകോടനും ദുര്യോധനനും എല്ലാം തങ്ങള്‍ക്ക് തോന്നുന്നത് ശരി എന്നരീതിയില്‍ ഇന്റര്‍നെറ്റില്‍ പടച്ചുവിടുന്നു. ബ്ലോഗ് അഗ്രഗേറ്ററുകള്‍ ഇതെല്ലാം വാരിയെടുത്ത് വായനക്കാര്‍ക്കു നല്‍കുന്നു. എന്നാല്‍ ഇനി അഥവാ എഴുത്തുകാരുടെ എണ്ണം വളരെ കൂടുമ്പോള്‍ - ബ്ലോഗ് അഗ്രഗേറ്ററുകളുടെ പ്രയോജനം കുറഞ്ഞുവരും. കവിതകള്‍ക്കു മാത്രമായി, അല്ലെങ്കില്‍ മലയാളം ആധുനിക കവിതകള്‍ക്കു മാത്രമായി ഒരു ബ്ലോഗ് അഗ്രഗേറ്റര്‍ ഉണ്ടെന്ന് ഇരിക്കട്ടെ. എങ്കിലും കവിതയുടെ ഗുണം കൊണ്ട് ഈ കൂട്ടത്തില്‍ എങ്ങനെയാണ് ശ്രദ്ധിക്കപ്പെടുക എന്ന് എനിക്കു സംശയം ഉണ്ട്. ഇന്റര്‍നെറ്റ് ഒരു വലിയ കൊടുകാടാണ്. പുലികള്‍ എങ്ങനെ പൂച്ചകളില്‍ നിന്നും വേറിട്ടുനില്‍ക്കും? എത്ര ഉച്ചത്തില്‍ അലറും?

2) ഇതില്‍ നിന്നും എങ്ങനെ പൈസ ഉണ്ടാക്കും എന്ന ചോദ്യം - പ്രതിഫലം മറ്റൊരു ജോലിയും കൂടെ ഉള്ള എഴുത്തുകാര്‍ക്ക് പ്രശ്നം ആവില്ല. വണ്‍ സ്വാലോ ഇതിനെക്കുറിച്ച് കൂടുതല്‍ എഴുതിയിട്ടുണ്ട്. ബ്ലോഗില്‍ ഇടാന്‍ പറ്റുന്ന പരസ്യങ്ങളില്‍ നിന്ന് എത്ര പൈസ ഉണ്ടാക്കും എന്ന് എനിക്ക് അറിയില്ല.

3) ഇനിയാണ് സുജിത്തിനും മറ്റ് കാര്‍ട്ടൂണിസ്റ്റുകള്‍ക്കും കവികള്‍ക്കുമൊക്കെ പ്രസക്തമായ, കൂടുതല്‍ പ്രസക്തമായ ചോദ്യം: medium provides the freedom to experiment with form, content, and color. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് നിങ്ങള്‍ ഇതുവരെ എന്തുചെയ്തു? അച്ചടി മാദ്ധ്യമത്തില്‍ എഴുതാന്‍ സാധിക്കാത്ത, അല്ലെങ്കില്‍ വരയ്ക്കാന്‍ സാധിക്കാത്ത എന്തെങ്കിലും ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് ചെയ്തോ? സ്വതന്ത്രമായ പരീക്ഷണങ്ങള്‍ക്കുള്ള വേദിയാണ് ഇന്റര്‍നെറ്റ് എന്നിരിക്കെ അതിന്റെ സാദ്ധ്യതകള്‍ എത്രമാത്രം പ്രയോജനപ്പെടുത്തുന്നു.

4) സുജിത്ത് വരച്ച് സുജിത്തിനു ഇഷ്ടപ്പെടാതെ, അല്ലെങ്കില്‍ പത്രാധിപര്‍ക്കു ഇഷ്ടപ്പെടാതെ, ചുരുട്ടിക്കൂട്ടി കളഞ്ഞ പല കാര്‍ട്ടൂണുകളും ഉണ്ടാവാം. വായനക്കാര്‍ക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് ആലോചിക്കാതെ ഇവ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാറുണ്ടോ? അതിനെക്കാളേറെ, ഒരു കാര്‍ട്ടൂണിസ്റ്റ് സാധാരണയായി നല്ല ഒരു ചിത്രകാരനും ആയിരിക്കും. സുജിത്തിന്റെ പെയിന്റിങ്ങുകള്‍, പെന്‍സില്‍ സ്കെച്ചുകള്‍, ഒന്നും ഇതുവരെ ബ്ലോഗില്‍ കണ്ടില്ല. അച്ചടി മാദ്ധ്യമം വരയ്ക്കാനുള്ള സ്ഥലത്തിനു പരിമിതികള്‍ നിശ്ചയിക്കുന്നു. വര വരുന്ന ചതുരത്തിന്റെ വലിപ്പം ഏറെക്കുറെ നിശ്ചിതമാണ്. ബ്ലോഗിലാണെങ്കില്‍, നിറപ്പകിട്ടുള്ള കാര്‍ട്ടൂണുകള്‍ വന്നാലും കുഴപ്പമില്ല. 1600 * 1200 പിക്സല്‍ വലിപ്പമുള്ള കാര്‍ട്ടൂണുകല്‍ വരച്ചാലും വായനക്കാര്‍ ഡൌണ്‍ലോഡ് ചെയ്തു കാണും. ആനിമേഷന്‍ കാര്‍ട്ടൂണുകള്‍ വരച്ചാല്‍ വളരെ സന്തോഷം - ഇത് അച്ചടി മാദ്ധ്യമങ്ങളില്‍ വരില്ല. കഥാപാത്രങ്ങള്‍ ഡയലോഗുകള്‍ ചെറിയ വട്ടങ്ങളില്‍ എഴുതുന്നതിനു പകരം അവര്‍ സംസാരിക്കുന്നത് - സുജിത്തിന്റെയോ ഏതെങ്കിലും കൂട്ടുകാരുടെയോ ശബ്ദത്തില്‍ സംസാരിക്കുന്നത് - എന്റെ കമ്പ്യൂട്ടര്‍ സ്പീക്കറില്‍ കൂടി കേള്‍ക്കുന്നത് എങ്ങനെയിരിക്കും? കാര്‍ട്ടൂണ്‍ മൂന്നോ നാലോ ചിത്രങ്ങളുള്ള ഒരു ആനിമേറ്റഡ് ജിഫ് (.gif) ഇമേജ് ആയാല്‍ എങ്ങനെയായിരിക്കും? കാര്‍ട്ടൂണ്‍ പതുക്കെ മറ്റൊരു ചിത്രമായി രൂപാന്തരപ്പെട്ടാല്‍ (transformed ആയാല്‍) എങ്ങനെ ഇരിക്കും? വായനക്കാരന്‍ ക്ലിക്ക് ചെയ്യുന്നതു പോലെ കാര്‍ട്ടൂണ്‍ പലവഴികളിലും നീങ്ങിയാല്‍ എങ്ങനെയിരിക്കും? സുജിത്തിന്റെ പാമ്പും കോണിയും എന്ന കാര്‍ട്ടൂണ്‍ വായനക്കാരനു കളിക്കാന്‍ കഴിയുന്ന ഒരു ഗെയിം ആയാലോ? ഒരു കാര്‍ട്ടൂണ്‍ വീഡിയോ ആയാലോ? കാര്‍ട്ടൂണും റിയല്‍ ലൈഫ് ചിത്രങ്ങളും ആയി ഉള്ള ഒരു കൊളാഷ് ആയാലോ? ഇന്റര്‍നെറ്റിന്റെ ചുരുക്കം സാദ്ധ്യതകള്‍ മാത്രമേ ഞാന്‍ ഇവിടെ പറയുന്നുള്ളൂ - ഇതിലും കൂടുതല്‍ - സംവാദനത്തിനുള്ള ഒരു മാദ്ധ്യമം എന്ന നിലയില്‍ ഇന്റര്‍നെറ്റിനു ചെയ്യാന്‍ കഴിയും.

ഈ പറഞ്ഞതില്‍ എല്ലാം പ്രാവര്‍ത്തികം ആവണമെന്നില്ല. സാങ്കേതിക പരിജ്ഞാനം, ശ്രമം, സമയം, തുടങ്ങിയവ ഒക്കെ ഇതില്‍ പലതിനും വേണ്ടിവരും. എന്നാല്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ സുജിത്തിന്റെയും മറ്റു കാര്‍ട്ടൂണിസ്റ്റുകളുടെയും പെയിന്റിങ്ങുകള്‍, രേഖാചിത്രങ്ങള്‍, മറ്റു പരീക്ഷണങ്ങള്‍ - സാധാരണയായി അച്ചടി മാദ്ധ്യമത്തില്‍ വരാത്തതെന്തും - ഇവയൊക്കെ കാണാന്‍ താല്‍പ്പര്യമുണ്ട്.

വിത്സാ: ധീര പരീക്ഷണങ്ങള്‍ താങ്കളില്‍ നിന്നും ബൂലോകം (ചുരുങ്ങിയപക്ഷം ഞാന്‍) പ്രതീക്ഷിക്കുന്നു. വായനക്കാരനെ ഓര്‍ത്ത് എല്ലാ പരീക്ഷണങ്ങളില്‍ നിന്നും മാറിനില്‍ക്കേണ്ടതില്ല. സര്‍ഗ്ഗാത്മകതയ്ക്ക് അതിര്‍‌വരമ്പുകളില്ല. ബ്ലോഗിനു ഒരു സം‌വേദന മാദ്ധ്യമം എന്നനിലയില്‍ അതിര്‍‌വരമ്പുകളുണ്ട്. പക്ഷേ അവ അച്ചടിമാദ്ധ്യമങ്ങളെക്കാള്‍ വിശാലമാണ്. ആ വേലികളെ എത്രമാത്രം തള്ളി വലുതാക്കാമോ, അത്രയും നല്ലത്.

ഇതേ ചോദ്യങ്ങള്‍ ബ്ലോഗില്‍ എഴുതുന്ന, വരയ്ക്കുന്ന, എല്ലാവര്‍ക്കും ബാധകമാണ്.

ഇന്റര്‍നെറ്റിനെ ഒരു സംവേദന മാദ്ധ്യമം എന്നതുപോലെ ഒരു പരീക്ഷണശാലയായും ഉപയോഗിക്കൂ. ആ പരീക്ഷണങ്ങളില്‍ സൌന്ദര്യശാസ്ത്രം (aesthetics) ഉള്ളിടത്തോളം കാലം വായനക്കാര്‍ നിങ്ങളുടെ കൂടെയുണ്ടാവും.

5 comments:

tk sujith said...

സിമി പറയുന്നത് ശരി.ഈ മാദ്ധ്യമത്തിന്റെ അനന്തമായ സാദ്ധ്യതകള്‍ ഞാന്‍ തിരിച്ചറിയുന്നതേയുള്ളൂ......കൂടുതല്‍ ക്രിയാത്മകമായി ഇടപെടാന്‍ ശ്രമിക്കാം.അത്തരം ഒരു പരീക്ഷണത്തിന്റ്റെ ചര്‍ച്ചകളിലാണിപ്പോള്‍..വിശദവിവരങ്ങള്‍ വഴിയെ അറിയിക്കാം...

Sanal Kumar Sasidharan said...

ഹ! സാധ്യതകളുടേ അനന്ത വാതായനം തുറക്കുന്ന ചിന്തകള്‍.ഇതിങ്ങനെ കരുത്താര്‍ജ്ജിക്കട്ടെ.

കുടുംബംകലക്കി said...

മികച്ച ചിന്ത. അഭിനന്ദനങ്ങള്‍!

un said...

വളരെപ്രസക്തമായ ചോദ്യം.. പ്രിന്റ് മീഡിയയില്‍ ചെയ്യാന്‍ പറ്റാത്ത സാധ്യതകള്‍ ബ്ലോഗില്‍ പരീക്ഷിക്കുന്നവര്‍ വളരെച്ചുരുക്കം.. ബൂലോകത്ത് വരുന്ന കഥയുടെയൊ കവിതയുടെയൊ ലേഖനത്തിന്റെയോ ലേ ഔട്ട് തന്നെ നോക്കൂ. തികച്ചും ഒരു മാസികയിലോ വരികയിലോ കാണുന്നതില്‍ കവിഞ്ഞെന്നുമില്ല, ലിങ്കുകള്‍ ഒഴിച്ചാല്‍.(വാരികകളില്‍ ഒന്നുമില്ലെങ്കിലും ഒരു രേഖാചിത്രമെങ്കിലും കാണും) ബ്ലോഗിങ്ങിന്റെയും ഇന്റെര്‍നെറ്റിന്റെയും അനന്ത സാധ്യതകള്‍ ഉപയോഗിക്കാതെ, ബ്ലോഗെഴുതി അതിനെ ഒടുക്കം പുസ്തകമാക്കിയിറക്കി സംതൃപ്തിയടയുന്നതില്‍ ഒതുങ്ങുന്ന ബൂലോകര്‍ താങ്കളുടെ ഈ ചോദ്യം ഗൌരവമായെടുക്കുമെന്ന് വിശ്വസിക്കുന്നു.

വി. കെ ആദര്‍ശ് said...

good work