Monday, October 8, 2007

സതീഷ് മാക്കോത്തിന്റെ കഥകള്‍ - ഒരു പഠനം

കഥകളില്‍ കട്ടിയുള്ള വിഷയങ്ങളും ലളിതമാ‍യ വിഷയങ്ങളും അവതരിപ്പിക്കുന്നതിന്റെ വ്യത്യാസം ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞു. നവരസങ്ങള്‍ (ശൃംഗാരം, ഹാസ്യം, ബീഭത്സം, രൌദ്രം, ശാന്തം, വീരം, ഭയം, കരുണ, അത്ഭുതം) എല്ലാ കലകളിലും ബാധകമാണ്; ചെറുകഥകളിലും. ചില ഭാവങ്ങള്‍ കഥകളില്‍ അവതരിപ്പിക്കാന്‍ എളുപ്പമാണ്. പ്രത്യേകിച്ചും കഥ വായിക്കുന്ന ആളുകള്‍ മുതിര്‍ന്നവരാണെങ്കില്‍. ബീഭത്സം, രൌദ്രം, ഭയം, ശൃംഗാരം - എന്നിവ പ്രത്യേകിച്ചും എളുപ്പമാണ്. ട്രെയിന്‍ ഇടിച്ച് മരിച്ചുകിടക്കുന്ന ഒരാള്‍. ചോര. അല്ലെങ്കില്‍ ഏതെങ്കിലും ഒരു അപകടം. ലൈംഗീകത. ഇങ്ങനെ ഉള്ള വിഷയങ്ങളെക്കുറിച്ച് പറയാന്‍ വര്‍ണ്ണനകള്‍ ഒന്നും വേണ്ട. അധികം വര്‍ണ്ണനകള്‍ ഇല്ലാതെ കഥകളെ പെട്ടെന്നു ഫലിപ്പിക്കാം. (മനുഷ്യന്റെ മനസ്സില്‍ ചില കാര്യങ്ങള്‍ക്ക് ചുരുങ്ങിയ വാക്കുകളിലൂടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയും. ചില ഭാവങ്ങളുടെ - രസങ്ങളുടെ - വികാരദ്യോതനപാടവം മറ്റുള്ളവയെക്കാള്‍ കൂടിയിരിക്കും. ഇതിന്റെ കാരണങ്ങള്‍ മനശ്ശാസ്ത്രപരമാണ്).

ഇതേ കാര്യം ചലച്ചിത്രങ്ങളിലും കാണാം. തമിഴ് ചലച്ചിത്രങ്ങള്‍, അല്ലെങ്കില്‍ പുതിയ മലയാള ചലച്ചിത്ര രംഗങ്ങള്‍ നോക്കുക. ആട്ടവും പാട്ടും - പ്രണയരംഗങ്ങള്‍ - ലൈംഗീകത (ശൃംഗാരം) എന്ന വികാരം പ്രതിഫലിപ്പിക്കാന്‍ എളുപ്പമായതുകൊണ്ട് എല്ലാ ചലച്ചിത്രങ്ങളിലും വിവിധരീതികളില്‍ അവതരിപ്പിക്കുന്നു. ഈ ചലച്ചിത്രത്തിലെ ഗാന രംഗത്തിന്റെ സംവിധാനം കൊള്ളാം, അല്ലെങ്കില്‍ മറ്റേ ചിത്രത്തിലേതു കൊള്ളില്ല എന്നുപറയാന്‍ പ്രയാസമാണ്. കാരണം ഒരു പ്രണയരംഗം - അതു നല്ലതോ ചീത്തയോ ആവട്ടെ - പ്രേക്ഷകന്റെ മനസ്സില്‍ ഉണ്ടാക്കുന്ന വികാരങ്ങളുടെ ശക്തി തന്നെ. അതുപോലെതന്നെയാണ് രൌദ്രരസവും. സംഘട്ടന രംഗങ്ങളിലും ഇതേ ഇഫക്ട് കാണാം. ഇതിനു അപവാദങ്ങളും ഉണ്ട്. ഭരതന്റെ പ്രയാണം എന്ന ചിത്രത്തില്‍ 60-ഓളം വയസ്സ് പ്രായമുള്ള പൂജാരി (കൊട്ടാരക്കര ശ്രീധരന്‍ നായര്‍) മകളെക്കാള്‍ പ്രായം കുറഞ്ഞ തന്റെ ഭാര്യയെ ഓര്‍ത്ത് ദേവിയെ ചന്ദനം ചാര്‍ത്തുന്ന രംഗം - ഇരുണ്ട ശ്രീകോവിലില്‍ ദേവീവിഗ്രഹത്തിന്റെ വടിവുകളിലൂടെ കൈകള്‍ ചന്ദനം ചാര്‍ത്തി ഇഴയുമ്പോള്‍ ശ്രീകോവില്‍ മണിയറയിലേയ്ക്ക് പരിണാമം ചെയ്യുന്നത്, കൈകള്‍ യുവതിയായ ഭാര്യയുടെ ശരീരത്തിലൂടെ പുളയുന്നത് - ഇതേ ശൃംഗാരത്തെ അതിമനോഹരമായി ചിത്രീകരിക്കുന്നു. (ഞാന്‍ ചിത്രം കണ്ടിട്ടില്ല; കടപ്പാട് - വിക്കിപീഡിയ). പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. താഴ്വാരത്തിലെ അവസാന സംഘട്ടന രംഗം: തോട്ടകള്‍ പൊട്ടുന്നതും ശവം കൊത്തിത്തിന്നാന്‍ കഴുകന്മാര്‍ നിരന്നിരിക്കുന്നതും - സംഘട്ടനത്തിലും വരാനിരിക്കുന്ന മരണത്തെ മനോഹരമായി, ഭീതിദമായി ചിത്രീകരിക്കുന്നു. എങ്കിലും പൊതുവേ ചില വികാരങ്ങളെ എല്ലാ കലാകാരന്മാര്‍ക്കും എടുത്തു പെരുമാറാം. നന്നായില്ലെങ്കിലും മോശം ആവില്ല. ബ്ലോഗില്‍ ആരും വന്ന് കഥ മോശം ആയി എന്ന് കമന്റ് എഴുതില്ല.

സതീഷ് മാക്കോത്തിന്റെ കഥകള്‍: ഒരു കഥാപാത്രത്തിലൂടെ കഥകള്‍ അവതരിപ്പിക്കുക, ആ കഥാപാത്രത്തിന്റെ കണ്ണിലൂടെ കാണുന്ന ലോകത്തെ അവതരിപ്പിക്കുക എന്നത് ചാരുതയാര്‍ന്ന ശൈലിയാണ്. സതീഷ് മാക്കോത്ത് അപ്പുക്കുട്ടന്‍ എന്ന കൊച്ചുകുട്ടിയുടെ കണ്ണിലൂടെ കാണുന്ന ലോകത്തെ ചില കഥകളില്‍ അവതരിപ്പിക്കുന്നു. ചില കഥകള്‍ അപ്പുക്കുട്ടന്‍ പ്രധാന കഥാപാത്രം അല്ല. എങ്കിലും ഞാന്‍ അപ്പുക്കുട്ടന്റെ കഥകളെക്കുറിച്ച് പറഞ്ഞുതുടങ്ങട്ടെ.

കുട്ടികളുടെ കണ്ണിലൂടെ കഥ അവതരിപ്പിക്കുക എന്നത് ഒരു കഴിവുതന്നെയാണ്. ഇത് ശരിയായി ഫലിപ്പിക്കുന്നത് പ്രയാസമുള്ള ഒരു കലയുമാണ്. കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ബില്‍ വാട്ടേഴ്സണെക്കുറിച്ച് പറഞ്ഞു. ഒരു കൊച്ചു കുഞ്ഞിന്റെ ലോകവീക്ഷണം, അല്ലെങ്കില്‍ പതിനാലു വയസ്സില്‍ താഴെയുള്ള ഒരു ശരാശരി ബാലന്റെ ലോകവീക്ഷണം, ഒരു മുതിര്‍ന്ന ആളിന്റെ ലോകവീക്ഷണത്തില്‍ നിന്നും വ്യത്യസ്ഥമാണ്. ലോകത്തിന്റെ നന്മയെയും തിന്മയെയും തെല്ലൊരമ്പരപ്പോടെയായിരിക്കും അവന്‍ / അവള്‍ കാണുക. ഇവിടെ അതിതീവ്രമായ വികാരപ്രകടനങ്ങള്‍ക്ക് അധികം സ്ഥാനമില്ല. കൊച്ചു സന്തോഷങ്ങള്‍, കൊച്ചു ദു:ഖങ്ങള്‍. കൊച്ചുകൊച്ച് അത്ഭുതങ്ങള്‍. ഇതില്‍ പ്രയാസം - കൊച്ചുകുട്ടിക്ക് നവരസങ്ങളില്‍ തോന്നുന്ന വികാരങ്ങളും കൂടുതല്‍ ശാന്തം, അത്ഭുതം, കരുണ, വീരം തുടങ്ങിയ രസങ്ങളാണ്. ഇവിടെയാണ് അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തിലൂടെ സതീഷ് മാക്കോത്ത് വിജയിക്കുന്നത്. അപ്പുക്കുട്ടനെക്കുറിച്ച് എഴുതിയ രണ്ടോ മൂന്നോ കഥകള്‍ വായിച്ചു. എല്ലാം മനോഹരം. കഥകള്‍ വായനക്കാരന്‍ വായിച്ച് അവയുടെ സൌന്ദര്യം കാണുവാന്‍ താല്പര്യപ്പെടുന്നു. എങ്കിലും എന്ത് കൂടുതല്‍ നന്നാക്കാം എന്നുപറഞ്ഞുതുടങ്ങട്ടെ.

ആര്‍.കെ. നാരായണ്‍: സ്വാമി എന്ന കുട്ടിയുടെ കണ്ണുകളിലൂടെ അവന്‍ കണ്ട ലോകം, ആ ലോകത്തിലെ കൊച്ചുകൊച്ച് അനുഭവങ്ങള്‍ - ഹൃദ്യമായി അവതരിപ്പിച്ചു. ഇവിടെ ആര്‍.കെ. നാരായണ്‍ കാണുന്ന ലോകം മുഴുവന്‍ സ്വാമിയുടെ കണ്ണുകളിലൂടെയാണ്. മറ്റ് വലിയ കഥാപാത്രങ്ങള്‍ അവിടെ ചിന്തിക്കുന്നില്ല. അവരുടെ പ്രവര്‍ത്തികളേ സ്വാമി കാണുന്നുള്ളൂ - അവര്‍ എന്ത് ചിന്തിക്കുന്നു എന്ന് സ്വാമി കാണുന്നില്ല. അവരുടെ മുഖത്തെ ഭാവങ്ങളേ കാണുന്നുള്ളൂ - വിചാരങ്ങള്‍ കാണുന്നില്ല. മറ്റൊരു ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ആയി അല്ല ആര്‍.കെ. നാരായണെ ലോകം വീക്ഷിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിലെ തന്നെ ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ എഴുത്തുകാരില്‍ ഒരാളാണ്. പലതവണ അദ്ദേഹത്തിന്റെ പേര് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിനു നിര്‍ദ്ദേശിക്കപ്പെട്ടു. മാല്‍ഗുഡി എന്ന ചെറിയ ലോകത്തെ, അവിടത്തെ ചെറിയ സംഭവങ്ങളെ, തെല്ലൊരല്‍ഭുതത്തോടെ കാണുന്ന, അനുഭവിക്കുന്ന, കുട്ടിയുടെ കഥകള്‍.

ഇവിടെ സതീഷ് മാക്കോത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യം കഥകളില്‍ അപ്പുക്കുട്ടന്റെ കണ്ണിലൂടെ കാര്യങ്ങള്‍ പറയുമ്പോള്‍ അവന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമേ പറയാവൂ എന്നതാണ്. അച്ഛന്‍ എന്തുചിന്തിച്ചു എന്ന് അപ്പുക്കുട്ടന്‍ എഴുതരുത്. അച്ഛന്‍ എന്തുപറഞ്ഞു - അപ്പുക്കുട്ടന്‍ എന്തു കേട്ടു, എന്ന് എഴുതാം. ഇവയില്‍ തന്നെ കട്ടിയുള്ള വാക്കുകള്‍ വരാന്‍ പാടില്ല. അച്ഛനോ ചേച്ചിയോ കട്ടിയുള്ള വാക്കുകള്‍ പറഞ്ഞാലും അപ്പുക്കുട്ടനു അത് ലളിതമായ വാക്കുകളിലൂടെയേ അവതരിപ്പിക്കാന്‍ കഴിയൂ. അതുപോലെതന്നെ അച്ഛനു അതികഠിനമായ വിഷാദം ഉണ്ടെങ്കിലും കുട്ടിക്ക് ആ വിഷാദത്തെ അതേ തീവ്രതയില്‍ തോന്നില്ല. അച്ഛനു വീണ്ടും വയറുവേദന വന്നു എന്നേ തോന്നാവൂ. ചുരുക്കത്തില്‍ കഥയ്ക്ക്, കഥയില്‍ പറയുന്ന കാര്യങ്ങള്‍ക്ക്, കുട്ടിയുടെ കണ്ണുകള്‍ എന്ന ജനാല നിര്‍മ്മിക്കണം. ഈ ജനാലയില്‍ കൂടെ കാണുന്ന കാര്യങ്ങളേ പറയാവൂ. മറ്റുകാര്യങ്ങള്‍ പറയരുത്. (ഇത് വേണ്ടാത്ത ഒരു കാരാഗൃഹമായി തോന്നാം - എന്നാല്‍ മനോഹരമായ ഒരു വേലിയാണ് ഇത്. കുട്ടിയുടെ കണ്ണിലൂടെ പറയുമ്പോള്‍ തന്നെ വായനക്കാരുടെ മനസ്സില്‍ അതിനനുസരിച്ച വികാരങ്ങള്‍ ഓടിയെത്തിക്കൊള്ളും). ഒരു മരണത്തെ, വേദനയെ, പ്രതിപാദിക്കുമ്പോള്‍ പോലും അതിനെ കുട്ടി എങ്ങനെ കാണുന്നു എന്നേ കഥാകൃത്ത് പറയാവൂ.

ദര്‍ശനം എന്ന മൂന്നുഭാഗങ്ങള്‍ ആയി ഉള്ള കഥവായിച്ചു. മനോഹരമായി എഴുതിയിരിക്കുന്നു. അപ്പുക്കുട്ടന്റെ കണ്ണിലൂടെ തന്നെ. എങ്കിലും കഥയുടെ തലക്കെട്ട് ശരിയായില്ല. ഒരു കൊച്ചുകുട്ടി കാണുന്ന കഥയ്ക്ക് ദര്‍ശനം എന്ന് പേരുകൊടുക്കരുത്. കൊച്ചുകുട്ടിക്കും കൂടി പറയാന്‍ പറ്റുന്ന തലക്കെട്ട് ആവണം. അതുപോലെതന്നെ ജ്യോത്സ്യനായ അപ്പൂപ്പനും അമ്പലത്തറയില്‍ ഇരുന്ന് അകത്തേയ്ക്കു വരാത്ത അമ്മൂമ്മയും ഒന്ന് കണ്ടെങ്കില്‍ നന്നായിരുന്നു എന്നും തോന്നി.

മൃദുലവികാരങ്ങള്‍ എന്ന നിയമത്തിനു അപവാദങ്ങളും ഇതിനുണ്ട്. അറബ് ലോകത്തെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന നാജി അല്‍-അലി പലസ്തീന്‍ സംഘര്‍ഷവും അറബ് രാജ്യങ്ങളിലും ലോകരാഷ്ട്രങ്ങളിലും പലസ്തീന്‍ പ്രശ്നത്തോടുള്ള സമീപനവും ഹന്ധാല എന്ന കൊച്ചുകുഞ്ഞിന്റെ കണ്ണുകളിലൂടെ പ്രതിഫലിപ്പിച്ചു. ചെരുപ്പിടാത്ത, കീറവസ്ത്രങ്ങള്‍ ധരിച്ച, മൂകസാക്ഷിയായ ബാലന്‍. ദശാബ്ദങ്ങളായി രണഭൂമിയായി തുടരുന്ന പലസ്തീനിനെ അവതരിപ്പിക്കുന്നതിനു ഇത് ശക്തമായ ഒരു സം‌വേദനമാര്‍ഗ്ഗം ആയിരുന്നു. ഇവിടെ കുട്ടി ഒരു മൂകസാക്ഷിയാണ് - കാഴ്ച്ച വായനക്കാരന്റെ മനസ്സില്‍ ആണ്.

വില്യം ഫോക്നര്‍ - ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കന്‍ നോവലിസ്റ്റ് ത്രയത്തിലെ (ഹെമിങ്ങ്‌വേ, ഫോക്നര്‍, സ്റ്റെയിന്‍ബെക്ക്) ഒരാളായ വില്യം ഫോക്നറുടെ പ്രശസ്തമായ ഒരു കൃതിയാണ് സൌണ്ട് ആന്റ് ദ് ഫ്യൂറി (ശബ്ദവും ക്രോധവും). ഈ കഥമുഴുവന്‍ ബുദ്ധിമാന്ദ്യമുള്ള, ബെഞ്ചി എന്ന കുട്ടിയുടെ (സ്വല്പം മുതിര്‍ന്നയാള്‍, കൊച്ചുകുട്ടിയുടെ മനസ്സ്) കണ്ണിലൂടെ പറഞ്ഞിരിക്കുന്നു. ചിന്തകള്‍ അതേപടി പകര്‍ത്തിയിരിക്കുന്നു. ബോധധാര (സ്ട്രീം ഓഫ് കോണ്‍ഷ്യസ്നെസ്സ്) എന്ന ശൈലി ഉപയോഗിച്ചെഴുതിയ ഈ നോവല്‍ ആദ്യവായനയില്‍ മനസിലാവുകയില്ല. ആര്‍.കെ. നാരായണന്റെ ശൈലിക്ക് നേരെ വിപരീതമാണ് ഇത്.

പഥേര്‍ പാഞ്ചാലി - ബിപൂതിഭൂഷണ്‍ ബന്ദോപാഥ്യയ് എഴുതിയ ഈ കഥയും കൂടുതലും അപ്പു എന്ന ഒരു ബാലന്റെ കണ്ണിലൂടെ പറയുന്നു എങ്കിലും പലപ്പോഴും വീക്ഷണകോണുകള്‍ മാറുന്നതു കാണാം. ഇടയ്ക്ക് കഥാകൃത്ത് കഥപറയുന്നു, ഇടയ്ക്ക് കുട്ടിയുടെ വീക്ഷണം, അങ്ങനെ. ഇതിനുള്ള സ്ഥലം, വിസ്തൃതി, ഒരു നോവലില്‍ ഉണ്ട്. ഒരു നോവല്‍ വാ‍യനക്കാരന്‍ ഒറ്റയിരിപ്പിനു സാധാരണ വായിക്കാറില്ല. എങ്കിലും ഒരു സാമാന്യ നിയമം എന്നനിലയില്‍ ഒരു ചെറുകഥ ഒറ്റയിരിപ്പിനു വായിക്കാന്‍ പറ്റണം. ഇവിടെ വീക്ഷണകോണുകള്‍ (പെഴ്സ്പെക്ടീവ്സ്) മാറ്റുന്നത് വായനക്കാരനെ കുഴക്കും. ഏതെങ്കിലും ഒരാളുടെ - ഒന്നുകില്‍ കഥാപാത്രത്തിന്റെ, അല്ലെങ്കില്‍ കഥാകൃത്തിന്റെ, വീക്ഷണകോണിലൂടെ കഥപറയുന്നതാവും വായനക്കാരനു സാധാരണഗതിയില്‍ സഹായകം (വായനക്കാരന്റെ മനസ്സ് ഒരു വീക്ഷണകോണില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് മാറ്റേണ്ടിവരുന്നില്ല). ഇതിനു അപവാദങ്ങള്‍ ഇല്ലെന്നല്ല - ഇരുമ്പഴികളെപ്പോലെയുള്ള നിയമങ്ങള്‍ ഒന്നും കഥാരചനയില്‍ ഇല്ല - ഇത് ഒരു സാമാന്യ നിയമം മാത്രം.

ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ കഥകളുടെ മേന്മയും ഞാന്‍ മറക്കുന്നില്ല. വായനക്കാരനില്‍ ആര്‍ദ്രവികാരങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുന്ന കഥകളാണ് സതീഷിന്റേത്. രചനാശൈലി ചാരുതയാര്‍ന്നതാണ്. അപ്പുക്കുട്ടന്‍ എന്ന ഒറ്റക്കഥാപാത്രം അല്ല സതീഷിന്റെ കഥകളില്‍ ഉള്ളതെന്നു കാണാം. എനിക്ക് ഇഷ്ടപ്പെട്ട കഥകള്‍ അപ്പുക്കുട്ടന്റെ കഥകളാണ്. എങ്കിലും മാല്‍‌ഗുഡി ഡേയ്സ് എഴുതിയ ആര്‍.കെ. നാരായണന്റെ തന്നെ മുതിര്‍ന്നവര്‍ക്കുള്ള കഥയായ ഗൈഡ് -ഉം എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു പുസ്തകമാണ്.

സതീഷിനു ഭാവുകങ്ങള്‍ - ഇനിയും ഒരുപാട് നല്ല കഥകള്‍ സതീഷില്‍ നിന്നും പ്രതീക്ഷിക്കുന്നു.

-----




- ഹന്ധാല (നാജി അല്‍-അലി ഒരു അജ്ഞാത തോക്കുധാരിയുടെ വെടിയേറ്റ് ബ്രിട്ടണില്‍വെച്ച് കൊല്ലപ്പെട്ടു).



- കാല്‍‌വിന്‍ ആന്റ് ഹോബ്സ് (ബില്‍ വാട്ടേഴ്സണ്‍)

11 comments:

Sanal Kumar Sasidharan said...

വിമര്‍ശന പഠനങ്ങളുടെ അഭാവം ബ്ലോഗില്‍ ഉണ്ടായിരുന്നു.അതു കുറേശെ ഇല്ലാതാവുകയാണ്.
സൃഷ്ടികര്‍ത്താവിനെ ഉപദേശിച്ചു നന്നാക്കാന്‍ നോക്കാതിരിക്കുകയാണു നല്ലത്.
ശക്തി ദൌര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടി മികച്ച മറ്റു സൃഷ്ടികളുമായി താരതമ്യം ചെയ്ത്(ഇതില്‍ ചെയ്തിരിക്കുന്നതുപോലെ)നിരൂപിക്കുകയാവും നല്ലത്.
എന്തു തന്നെയായാലും ഇത്തരം കുറിപ്പുകള്‍ എഴുത്തുകാരനെ ചിന്തിക്കാനും തന്നിലേക്കു തന്നെ ഉറ്റുനോക്കാനും പ്രേരിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.തുടരുക.

ഗുപ്തന്‍ said...

സനാതനന്‍ മാഷ് പറഞ്ഞത് പോയ്യിന്റ്..

പണ്ടെങ്ങോ ജീവിച്ചുമറന്ന നാട്ടുകാഴ്ചകളുടെ നിറവുള്ള ആവര്‍ത്തനമാണ് എനിക്ക് സതീശേട്ടന്റെ പോസ്റ്റുകള്‍.

അപ്പുക്കുട്ടന്‍ ഒരു ‘വലിയകുട്ടി’ (ദുര്യൂ.. ആ റിമാര്‍ക്കിനു പത്ത് മാര്‍ക്ക്) ആണെന്നുള്ളത് കുറിപ്പുകള്‍ക്ക് ഒരു ചിലപ്പോഴൊക്കെ കാര്‍ട്ടൂണ്‍ സ്ട്രിപ്പിന്റെ സ്വഭാവം നല്‍കുന്നു.

സാങ്കേതികമായ ഏകാഗ്രതയില്ലായ്മ കുറിപ്പുകളുടെ ന്യൂനതയാണെന്ന നിരീക്ഷണവും ശരി. (നമ്മളെല്ലാം എഴുത്തുപഠിക്കുകയല്ലേ)

ലളിതമായ കുറിപ്പുകളിലൂടെ നാട്ടിന്‍പുറത്തിന്റെ നന്മയും സൌന്ദര്യവും കുറിപ്പുകളില്‍ നിറയുന്നു. സതീശേട്ടന് എല്ലാ ആശംസകളും.

ഏറനാടന്‍ said...

സതീഷേട്ടന്‌ എല്ലാവിധ ആശംസകളും നേരുന്നു. മുടിനാരിഴകീറിമുറിച്ചുള്ള സാഹിത്യാവലോകനം ബ്ലോഗനയില്‍ ദു ധ്രിജിയുടെ മാത്രമേയുള്ളൂ എന്നത് പച്ചപരമാര്ത്ഥം. ദു ധ്രി..‍ ഞമ്മളെ കാര്യം ഞമ്മളെ ചരിതങ്ങള്‍, കഥകള്‍ സംഗതി മറക്കരുത്‌‌ട്ടാ.. എന്നെ ഇങ്ങള്‍ വിമര്‍ശിച്ച് വധിച്ചാലും ഞാന്‍ ധന്യന്‍ ആയിരിക്കുമെപ്പോഴും. അഭിനന്ദനങ്ങള്‍..

വല്യമ്മായി said...

കുട്ടികളുടെ കണ്ണിലൂടെ കാണുന്ന കഥകളില്‍ അലാഹയുടെ പെണ്മക്കളെ മറന്നതാണോ?

Duryodhanan said...

സത്യം! എഴുതിയപ്പോള്‍ ഓര്‍ത്തില്ല വല്യമ്മായി. അലാഹയുടെ പെണ്മക്കളില്‍ കഥകാണുന്ന പെണ്‍കുട്ടി പതുക്കെ വളരുന്നുമുണ്ടല്ലോ. ഇടയ്ക്ക് കഥാകൃത്തിന്റെ (സാറാ തോമസിന്റെ) കണ്ണിലൂടെയും കഥപറയുന്നു (ആ ഗ്രാ‍മം എങ്ങനെ ഉണ്ടായി, അവിടെ സ്ഥലത്തിന്റെ വില എങ്ങനെ കൂടി, തുടങ്ങിയ വിവരണങ്ങള്‍).

ബോബനും മോളിയും മറ്റൊരു നല്ല ഉദാഹരണമാണല്ലോ. ഉണ്ണിച്ചുട്ടനും :-)

തറവാടി said...

ഇവിടെ സതീഷ് മാക്കോത്ത് ശ്രദ്ധിക്കേണ്ട ..... തുടങ്ങുന്ന ആറാമത്തെ (?) പാരഗ്രാഫ് വളരെ നന്നായിട്ടുണ്ട് , ബൂലോകത്തെഴുതുന്ന പലരിലും കാണുന്ന ഒരു തെറ്റ്(?) ആണിത്.

എന്നാല്‍ താങ്കളുടെ മറ്റു ഭഷാ കൃതികളുമായി താരതമ്യം ചെയ്യുന്നതു കണ്ടപ്പോള്‍ ,

ഏതോ ഒരു സിനിമയിലെ ഡയലോഗോര്‍മ്മവരുന്നു ,

"ഈ കേരളത്തിലെ കൃസ്ത്യാനികള്‍‍ മൊത്തം മരിച്ചതിതിനു ശേഷം പോരെ ഒരു ഹിന്ദു അവളെ കെട്ടുന്നതിനെപറ്റി ചിന്തിക്കുന്നത്"

സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നില്ല ,

എന്തു തന്നെയായാലും തുടരുക , നന്നാവുന്നുണ്ട്.

അപ്പു ആദ്യാക്ഷരി said...

ഞാനാദ്യമായിട്ടാണ് ഈ വഴിക്ക് വരുന്നത്. വളരെ നന്നായിട്ടുണ്ട് ഈ പഠനവും അതില്‍ പറയുന്ന കമന്റുകളും. സതീശന്റെ രചനകള്‍ ഇനിയും നല്ലതാവട്ടെ എന്നാശംസിക്കുന്നു.

സജീവ് കടവനാട് said...

ദുര്യോ,

നിരൂപണം തരക്കേടില്ല. എന്നാലും സതീഷ് മാക്കോത്ത് എന്ന കഥാകാരനിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നിട്ടില്ല നിരൂപകന്‍. ആലാഹയുടെ പെണ്മക്കള്‍ എഴുതിയത് സാറാ തോമസ് അല്ല. സാറാ ജോസഫ് ആണ്. ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകളും, എംടി, സി.രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ കൃതികളും ഒക്കെ ഉദാഹരണത്തിന് എടുക്കാവുന്നതാണ്.

Duryodhanan said...

കിനാവേ,

ഞാന്‍ ലത്തീന്‍ബത്തേരിയിലെ ലുത്തിയാനകള്‍ വായിച്ചിട്ടില്ല.. സാറാ ജോസഫ് എന്ന് തിരുത്തണമെന്നുണ്ട്, കമന്റ് തിരുത്താന്‍ പറ്റില്ല :-). സി. രാധാകൃഷ്ണന്റെ കൃതികള്‍ കൂടുതലും യുവാക്കളുടെ (മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍പിളരും കാലം) ചോരത്തുടിപ്പ്, കേരള രാഷ്ട്രീയം (നഹുഷപുരാ‍ണം) ഒക്കെ അല്ലേ? എം.ടി.യുടെ കാലം, രണ്ടാമൂഴം, അസുരവിത്ത് - ഇതൊക്കെ യൌവനത്തിലുള്ള കഥാപാത്രങ്ങള്‍ അല്ലേ?

എം.ടി.യുടെ പിറന്നാളിന്റെ ഓര്‍മ്മയ്ക്ക് എന്ന കഥയുടെ കമ്പോസിഷന്‍ ഓര്‍മ്മകിട്ടുന്നില്ല. അത് കുട്ടിയുടേ കണ്ണിലൂടെ ആണോ? നിന്റെ ഓര്‍മ്മയ്ക്ക് എന്ന കഥയും പത്താം ക്ലാസില്‍ പഠിക്കാന്‍ ഉണ്ടായിരുന്നു. ഓര്‍മ്മ കിട്ടുന്നില്ല. കൂടുതല്‍ എഴുതൂ.

വല്യമ്മായി said...

ഒരു കമന്റ് കൂടി ദുര്യോധനാ,

നിന്റെ ഓര്‍മ്മയ്ക്ക് എന്ന കഥ കുട്ടിയുടെ കണ്ണിലൂടെ എഴുതാനുണ്ടായ കാരണം എം.ടി കാഥികന്റെ പണിപ്പുര എന്ന പുസ്തകത്തില്‍‍ വിവരിച്ചിട്ടുണ്ട്.ഒരു പിറന്നാളിന്റെ ഓര്‍മ്മയില്‍ മുതിര്‍ന്ന ഒരാള്‍ കുട്ടിക്കലത്തെ പിറന്നാളിനെ കുറിച്ച് ഓര്‍ക്കുന്നതായല്ലേമുഴുവനായും കുട്ടിയുടെ കണ്ണിലൂടെയല്ല.

അലാഹയുടെ പെണ്മക്കളില്‍ അമ്മാമയില്‍ നിന്ന് കേട്ട സ്ഥലപുരാണം കുട്ടിയുടെ വാക്കുകളിലാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് തോന്നുന്നു.

Sathees Makkoth | Asha Revamma said...

പ്രീയപ്പെട്ട ദുര്യോധനന്‍ മാഷ്,
ആദ്യം തന്നെ താങ്കളുടെ പഠനവും പിന്നീട് വന്ന കമന്റുകളും വായിക്കുവാന്‍ കഴിയാതിരുന്നതില്‍ എനിക്കുള്ള ഖേദം അറിയിക്കുന്നു. ജോലി സം‌ബന്ധമായ കാര്യങ്ങള്‍ക്കായി സ്ഥലത്തില്ലാതിരുന്നതിനാലായിരുന്നു അങ്ങനെ സം‌ഭവിച്ചത്.
എനിക്ക് വേണ്ടി കുറച്ച് സമയം മാറ്റി വെച്ച് ഇത്രയും ചെയ്തതിന് വളരെയേറെ നന്ദിയുണ്ട്.
ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പരിഹരിച്ച് ഇനിയെഴുതാന്‍ ശ്രമിക്കാം.
കുറച്ച് നല്ല കൃതികളേയും കഥാകൃത്തുകളേയും പരിചയപ്പെടാന്‍ സാധിച്ചു താങ്കളുടെ ഈ പഠനത്തിലൂടെ.(എനിക്ക് വായന വളരെ കമ്മിയാണ്!)
താങ്കള്‍ക്കും എന്റെ കുറിപ്പുകള്‍ വായിക്കുന്ന എല്ലാവര്‍ക്കും ഒരിക്കല്‍കൂടി എന്റെ ഹൃദയംനിറഞ്ഞ നന്ദി.