Wednesday, December 19, 2007

2007-ലെ പൂ‍ക്കള്‍ - മരങ്കൊത്തി എന്ന കവിത

അനിലന്‍ എന്ന കവിക്ക് ബ്ലോഗില്‍ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല.
മരിച്ചവരുടെയും അല്ലാത്തവരുടെയും ഭാ‍ഷയില്‍ വിരഹനോവുകള്‍ കുറിക്കുകയും വെയിലുകൊണ്ട് ജനലില്‍ സൌമ്യമായി പീലിയുഴിയുന്ന ദൈവവുമായി പീലിത്തുമ്പിന്റെ സൌമ്യതയോടെ തന്നെ കലഹിക്കുകയും ശലഭജീവിതത്തില്‍ ജീവരഹസ്യത്തിന്റെ താക്കോല്‍ തിരയുകയും ചെയ്ത ഈ കവി ഈ വര്‍ഷം നമ്മെ ഏറ്റവും നോവിച്ചതും വിസ്മയിപ്പിച്ചതും മരങ്കൊത്തി എന്ന രാജശില്പത്തിലൂടെയാണ്**.

“പണിക്കു വരാത്തെതെന്തേ?
എന്റെ മാവിന്‍ പലകകള്‍
വെയിലേറ്റു വളയുന്നു
ഓലവാതില്‍ മാറ്റണം
ഉറക്കം വരുന്നില്ല രാത്രിയില്‍“


എന്ന് രാഘവന്റെ പെണ്ണ് പരിഭവിക്കുന്നതും

പനിമകളേ പനിമതീ
മധുരമുള്ള മരുന്ന്
വാങ്ങിവരാമച്ഛന്‍


എന്ന വാക്കിന്റെ കീറപ്പായില്‍ മകള്‍ തപംകൊണ്ടുകിടക്കുന്നതും മറക്കെ,

പാണന്റെ വിരലും കോലും
ചെണ്ടയില്‍ ചെത്തിപ്പണിതു
മേളഗോപുരങ്ങള്‍


ഉയരുന്ന പൂരപ്പറമ്പില്‍, ഉത്സവമേളത്തിനും ഉന്മാദത്തിനുമിടയ്ക്ക്

‘മരങ്കൊത്തി’യുടെ ജീവിതം പണിതീരാത്ത ഉരുവായി വെളിപ്പെടുന്നത്
ഇവിടെ വായിക്കുക.



******************************

** ഇരിങ്ങലിന്റെ മരങ്കൊത്തി: ഒരു രാജശില്പം എന്ന കുറിപ്പ് വായിക്കുന്നവര്‍ അതിനു താഴെ കവിയും വായനക്കാ‍രും ചേര്‍ന്നു നടത്തിയ സംവാ‍ദം കൂടി വായിക്കാതെ പോകരുത്. പൂരംനാളില്‍ തൃശ്ശൂരൂപോയിട്ട് ശ്രീകോവിലില്‍ തൊഴുതുപോരുന്നതുപോലെ ആയിപ്പോകും. :)

2 comments:

സജീവ് കടവനാട് said...

ആ രാജശില്പത്തിന്റെ ലിങ്കൊന്നു മാറ്റിക്കൊടുക്കേണ്ടിയിരിക്കുന്നു.

ഗുപ്തന്‍ said...

തെറ്റിനു ക്ഷമാപണവും ചൂണ്ടിക്കാട്ടിയതിനു നന്ദിയും കിനാവേ...

പോസ്റ്റ് റ്റൈറ്റിലില്‍ ഇരിങ്ങല്‍ കാണിച്ച ഒരു സര്‍ക്കസ് കൊണ്ടുവന്നപിശകാണ്. പോസ്റ്റ് റ്റൈറ്റിലില്‍ രാപനിയിലേക്കുള്ള ലിങ്ക് എംബെഡ് ചെയ്തിട്ടുണ്ട് ഇരിങ്ങല്‍. ഞാന്‍ പോസ്റ്റ് റ്റൈറ്റില്‍ വലത്തുഞെക്കി ഞെരിഞ്ഞമര്‍ന്ന് ചൂണ്ടിനിറുത്തി കൊണ്ടുവന്ന് തറച്ചപ്പോള്‍ പോസ്റ്റിന്റെ ലിങ്കിനുപകരം കൂടെവന്നത് രാപ്പനി..

എന്തായാലും ഇരിങ്ങലിന്റെ നിരീക്ഷണങ്ങള്‍ വായിക്കുന്നവര്‍ അതിനു വന്ന കമന്റുകള്‍ കൂടെ വായിക്കണം എന്നൊരു അടിക്കുറിപ്പിടാന്‍ കൂടി ആണ് ഞാന്‍ വന്നത്. ആ കര്‍മം കൂടി നിര്‍വഹിക്കുന്നു.