Monday, December 31, 2007

2007-ലെ പൂക്കള്‍ - ആഴ്ചക്കുറിപ്പുകളും (അഗ്രജന്‍) ഒരു സൂപ്പര്‍സ്റ്റാറും

ബ്ലോഗെഴുത്തിന്റെ ജനകീയാടിത്തറ എന്ന് പറഞ്ഞുപഴകിയ കാര്യം ആവര്‍ത്തിക്കുന്നില്ല. നിത്യജീവിതത്തിന്റെ സാധാരണകാഴ്ചകളും സാധാരണക്കാരന്റെ കാഴ്ചപ്പാടുകളും ആണ് ബ്ലോഗിന്റെ ജീവധാര എന്ന് പറയണം. (കവികളായിരിക്കണം എണ്ണത്തില്‍ കൂടുതല്‍... അഭിപ്രായം പറയാതിരിക്കുകയാണ് മെച്ചം.) വാര്‍ത്തയല്ലാത്തത് വാക്കുകളാവുന്ന ഇടമാണിത്.

ബ്ലോഗില്‍ സ്വച്ഛമായ ജീവിത നിരിക്ഷണങ്ങള്‍ ഒരുപാടുണ്ട്. പേരെടുത്തുപറഞ്ഞാല്‍ പലരോടും നീതികാണിച്ചില്ല എന്ന് കുറ്റബോധം തോന്നിയേക്കും പിന്നീട്. എഴുത്തിന്റെ നൈരന്തര്യം കൊണ്ടും ലാളിത്യം കൊണ്ടും അവലോകനത്തിന്റെ നിഷ്പക്ഷതകൊണ്ടും ഏറെ ശ്രദ്ധേയമായ അഗ്രജന്റെ ആഴ്ചക്കുറിപ്പുകള്‍ മലയാളം ബ്ലോഗിലെ ഒരു അപൂര്‍വതയാണ്. ജേര്‍ണല്‍ എന്നനിലയില്‍ ബ്ലോഗിന്റ്റെ സാധ്യതകള്‍ ഏറ്റവും നന്നായി ഉപയോഗിച്ചിരികുന്നത് ഇവിടെയാണെന്ന് കരുതുന്നു.

ഡ്രൈവിംഗിനിടയില്‍ കണ്ട ഒരു അനുഭവത്തില്‍ നിന്നും പൊതുവേ കര്‍ക്കശസ്വഭാവിയും എന്നാല്‍ സ്നേഹവാനുമായ സ്വപിതാവിനെക്കുറിച്ചുള്ള ഓര്‍മകളില്‍ നിന്നും ജീവിതപാഠങ്ങള്‍ ഓര്‍ത്തെടുക്കുന്ന ഇരുപത്തിയാറാം കുറിപ്പ് നല്ല ഒരു ഉദാഹരണമാണ്.


പക്ഷെ ആഴ്ചക്കുറിപ്പുകളിലെ സൂപ്പര്‍സ്റ്റാര്‍ അഗ്രജന്‍ എന്ന എഴുത്തുകാരന്‍ അല്ല എന്ന് ബൂ‍ലോഗത്തിനു ബോധ്യപ്പെട്ടു വൈകാതെ. പാച്ചുവിന്റെ ലോകം എന്ന വാലറ്റം ഇല്ലാതെ വന്നകുറിപ്പുകളില്‍ വായനക്കാരുടെ പ്രതികരണം വായിച്ചാല്‍ ഉപ്പായ്ക്ക് പൊന്നു മോളോട് കുശുമ്പ് തോന്നിയാല്‍ പോലും കുറ്റം പറയാനാവില്ല.

മുന്‍പുപറഞ്ഞ ഇരുപത്തിയാറാം കുറിപ്പിലെ പാച്ചുവിന്റെ ലോകം ഇങ്ങനെ:

ഡ്രസ്സില്‍ ഒരല്പം വെള്ളമായാല്‍ ആ ഡ്രസ്സ് എത്രയും പെട്ടെന്ന് മാറ്റിയെങ്കിലെ പാച്ചുവിന് സമാധാനമാവൂ.
രാത്രി ഭക്ഷണം കഴിഞ്ഞ് കൈ കഴുകി വന്നപ്പോഴും പാച്ചുവിന്‍റെ ആവശ്യം അത് തന്നെയായിരുന്നു...
‘ഉമ്മാ പാച്ചൂന് ഡ്രസ്സ് മാറ്റി ത്താ...’
‘മോളെ അതിനിതിലെവിടെ വെള്ളം...’ ഞാനിടപ്പെട്ടു.
‘ഇതാപ്പാ... വെള്ളം...’ പാച്ചു നനഞ്ഞ ഭാഗം കാണിച്ചു തന്നു.
‘എവിടെ ഉപ്പാക്ക് കാണാനില്ല... ഇത് നനഞ്ഞിട്ടൊന്നുമില്ല...’ ചെറിയൊരു നനവ്, ഞാനത് കാണാത്തത് പോലെ തള്ളി വിട്ടു.
പാച്ചു പെട്ടെന്ന് അപ്പുറത്തേക്ക് ഓടിപ്പോയി...
തിരിച്ച് വന്നത് എന്‍റെ കണ്ണടയും കൊണ്ടായിരുന്നു... അതെന്‍റെ മുഖത്ത് വെച്ച് തന്ന് പാച്ചു പറഞ്ഞു...
‘നോക്ക്പ്പാ... വെള്ളം...’
ഞാന്‍ പെട്ടെന്ന് തന്നെ വെള്ളമുണ്ടെന്ന് സമ്മതിച്ചു...
അല്ലെങ്കിലൊരു പക്ഷെ ‘ഉപ്പാ ഈ കണ്ണട മാറ്റ്...’ എന്നുകൂടെ പാച്ചു പറഞ്ഞാലോ!


അഗ്രുവിന്റെയും പാച്ചുവിന്റെയും ലോകം ഇവിടെ വായിക്കുക.

6 comments:

സുല്‍ |Sul said...

അഗ്രു നിനക്കങ്ങനെ തന്നെ വരണം.
-സുല്‍

Ziya said...
This comment has been removed by the author.
Ziya said...

ഓരോ ആഴ്‌ച്ചയിലും താത്‌പര്യപൂര്‍വ്വം വായിക്കാന്‍ കാത്തിരിക്കുന്ന ഒരു പംക്തിയാണ് അഗ്രജന്റെ ആഴ്‌ച്ചക്കുറിപ്പുകള്‍.

അദ്ദേഹത്തിന്റെ നിരീക്ഷണ പാടവം, ചിന്ത, ഭാഷയുടെ ലാളിത്യം, പ്രത്യുത്പന്നമതിത്വം...
ഒറ്റയിരുപ്പിനു മുഴുവനും വായിക്കാന്‍ പാകത്തില്‍ ‍ രസകരവും ചിന്തോദ്ദീപകവുമാണ് അദ്ദേഹത്തിന്റെ കുറിപ്പുകള്‍.

വിചാരം said...

അഗ്രജനെ കുറിച്ചെഴുതാനുള്ള ഈ അവസരം തന്ന ഗുപ്തന് നന്ദി.
അഗ്രജന്റെ എഴുത്തിനേക്കാള്‍ ഞാനിതുവരെ കാണാത്ത അവന്റെ മനസ്സ് ദൂരെ നിന്ന് മനസ്സിലാക്കിയതാണ് ... എഴുത്തും ചില വീഡിയോ ക്ലിപ്പും, ചില പടങ്ങളുമല്ലാതെ ഇതുവരെ അഗ്രജനെ എനിക്ക് കാണാനായിട്ടില്ല പക്ഷെ ഒരു വര്‍ഷം മുന്‍പ് അവന്റെ മനസ്സ് എത്ര നിര്‍മലമാണന്ന് എനിക്ക് മനസ്സില്ലാക്കാന്‍ കഴിഞ്ഞു.. ആ സംഭവം ഇവിടെ പറയാം .... എന്റെ പഴയ ബ്ലോഗില്‍ ഒരു കമന്റ് വന്നു അതില്‍ പേര് വെച്ചിരുന്നില്ല ... അതിലാ വ്യക്തിയുടെ വിശ്വാസത്തെ ഞാന്‍ വ്രണപ്പെടുത്തിയതായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു , അതിനദ്ദേഹം പ്രത്യക്ഷ്യത്തില്ലാതെ ഒരു കമന്റിട്ടു. ... സത്യത്തില്‍ ആ കമന്റ് അത്ര മോശമായതൊന്നും എഴുതിയിട്ടില്ലായിരുന്നു. എന്തോ എനിക്കാ വരികളില്‍ അഗ്രജന്റെ നിഴല്‍ കണ്ടു .. ചാറ്റില്‍ വന്ന ആ പാവത്തിനെ ഞാന്‍ മെല്ലെ പൊരിച്ചു ... അവന്‍ ചെയ്തത് വലിയ തെറ്റായി പോയല്ലോ എന്ന കുറ്റബോധം (സത്യത്തില്‍ അതൊരു കുറ്റമായിരുന്നില്ല ) ശരിക്കും അവനെ കരയിപ്പിച്ചു ... ആ കണ്ണുനീര്‍ എന്റെ ഹൃദയത്തിലേക്കാണ് ഇറ്റിവീണത് എന്നവന്‍ അറിഞ്ഞില്ല... ആ നിമിഷം തൊട്ട് ഈ നീമിഷം വരെ അവനെന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കുന്നു... ഒരുപക്ഷെ ബൂലോകത്തില്‍ നിന്ന് ലഭിച്ച വളരെ അപൂര്‍‌വ്വമായൊരു നല്ലമനസ്സിന്റെ ഉടമയായാണ് ഞാന്‍ അഗ്രജനെ കാണുന്നത് ആ നല്ല സൗഹൃദം എനിക്കും ലഭിച്ചതില്‍ ഞാന്‍ .. അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.

asdfasdf asfdasdf said...

ഒരുപിടി സൌഹൃദക്കാഴ്ചകള്‍ സമ്മാനിച്ച അഗ്രജന്റെ ആഴ്ചക്കുറിപ്പുകളെക്കുറിച്ചുള്ള കുറിപ്പ് വളരെ ചുരുങ്ങിപ്പോയിയെന്ന് വിലയിരുത്തേണ്ടി വരുന്നതില്‍ ഖേദമുണ്ട്.

ഗുപ്തന്‍ said...

കുട്ടന്മേനോന്‍ മാഷേ ഈ സീരീസില്‍ ആരെയുംകുറിച്ച് വിശദമായ വിലയിരുത്തലുകള്‍ നടത്തിയിട്ടില്ല എന്ന് ശ്രദ്ധിക്കുമല്ലോ.